TopTop
Begin typing your search above and press return to search.

കറുത്തമ്മയല്ല രേഖ എന്ന മത്സ്യത്തൊഴിലാളി

കറുത്തമ്മയല്ല രേഖ എന്ന മത്സ്യത്തൊഴിലാളി

കടലിനോടും മൽസ്യബന്ധനത്തിനോടും ചേർത്ത് സ്ത്രീകൾക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന ഒരേ ഒരു സ്ഥാനം അവളുടെ ശരീരവും ആയി ബന്ധപ്പെടുത്തിയാണ്. മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങൾ എന്ന മട്ടിൽ പറഞ്ഞു പരന്ന സ്ത്രീവിരുദ്ധമായ അന്ധവിശ്വാസങ്ങൾ ചെമ്മീൻ പോലെയുള്ള നോവലുകളും സിനിമകളും പറഞ്ഞുറപ്പിച്ചു. മത്സ്യത്തൊഴിലാളികളെ അധകൃത വർഗ്ഗം എന്ന് കണക്കാക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ അവരിലെ സ്ത്രീകൾ അതിലും അധകൃതർ ആവുകയാണല്ലൊ സ്വാഭാവികനീതി? കടലിൽ പോയ പുരുഷന്റെ മാനം കാക്കാൻ കരയിൽ പാതിവ്രത്യം കാത്തു സൂക്ഷിക്കേണ്ട ബാധ്യത. സ്ത്രീകൾ തുറയുടെ മുറകൾ തെറ്റിച്ചത് മൂലം കടലമ്മ കൊണ്ടുപോയ പുരുഷൻമാർ. അബദ്ധജടിലമായ കഥകൾ എമ്പാടും ഉണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളെ ചുറ്റിപ്പറ്റി.

ഇത്തരം ഒരു സാമൂഹിക പശ്ചാത്തലത്തിൽ നിന്നുമാണ്, അസംഘടിതവും, അപകടകരവും ആയ മത്സ്യ ബന്ധനം എന്ന തൊഴിൽ മേഖലയിലേക്ക് രേഖ എന്ന സ്ത്രീ സധൈര്യം കടന്നുവന്നിരിക്കുന്നത്. കേരളമെമ്പാടും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വീട്ടിലുള്ള പുരുഷന്മാരുടെ ഷർട്ടും മുണ്ടും ഉടുത്ത് സ്ത്രീകൾ റോഡ് വെട്ടാനും കിണർ കുഴിക്കാനും പറമ്പ് വൃത്തിയാക്കാനും ഇറങ്ങിയപ്പോൾ നടന്ന ഗ്രാമീണ സാംസ്കാരിക മുന്നേറ്റം ചെറുതല്ല. സ്വന്തമായി ബാങ്ക് അക്കൗണ്ടും വരുമാനവും ഉണ്ടായ ആ സ്ത്രീകൾ കുടുംബത്തിനകത്ത് സാധ്യമാക്കുന്ന മാറ്റങ്ങളോട് ചേർത്തുവച്ചു വേണം രേഖ എന്ന ചാവക്കാട്ടുകാരി ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിനുള്ള ലൈസൻസ് കരസ്ഥമാക്കിയ വാർത്തയെ വായിക്കുവാൻ.

കുടുംബശ്രീകളും, തൊഴിലുറപ്പ് പദ്ധതികളും തുടക്കമിട്ട മാറ്റം പരമ്പരാഗത തൊഴിൽ മേഖലയിലേക്ക് രേഖയിലൂടെ വ്യാപിക്കേണ്ടതുണ്ട്. പുരുഷന്റെ മാത്രം വിഹാരകേന്ദ്രമായിരുന്ന, നിഗൂഢവും, വന്യവുമായ പുറം കടലിലേക്ക് രേഖ മൽസ്യബന്ധനത്തിന് പോവുന്ന ചിത്രങ്ങൾ അതിമനോഹരമായ ഒരു സ്ത്രീ മുന്നേറ്റത്തിന്റെ കൂടി ചിത്രമാണ്.

രേഖ ഈ തൊഴിൽ ചെയ്തു തുടങ്ങിയത് പത്തുവർഷങ്ങൾക്ക് മുമ്പാണ്. തൃശൂർ സ്വദേശി ആയ രേഖക്ക് കടലുമായി യാതൊരു ബന്ധവും വിവാഹം വരെ ഉണ്ടായിരുന്നില്ല. പിന്നീട് ജീവിതസാഹചര്യങ്ങളുടെ ഞെരുക്കത്തിൽ സ്വയം പ്രതിരോധിക്കാനുള്ള മാർഗമെന്ന നിലക്കാണ് രേഖ മത്സ്യ ബന്ധനത്തിനായി ആഴക്കടലിലേക്ക് പോയിത്തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണ് ലൈസൻസിനു വേണ്ടി രേഖ അപേക്ഷ നൽകുന്നത്. അന്നേവരെ പുരുഷൻമാർ മാത്രം അപേക്ഷിച്ചിട്ടുള്ള ഈ ലൈസൻസിന് അപേക്ഷിക്കുന്ന ആദ്യ സ്ത്രീ ആയിരുന്നു രേഖ. പക്ഷെ, അനുബന്ധ മത്സ്യത്തൊഴിലാളി ലൈസൻസ് മാത്രമേ നൽകാൻ കഴിയൂ എന്ന് പറഞ്ഞു അന്ന് അധികാരികൾ മടക്കിയക്കുക ആണുണ്ടായത്. പിന്നീട് രേഖയുടെ അദ്ധ്വാനത്തിന്റെ വിലയറിഞ്ഞ ചിലർ വഴി കേന്ദ്രമന്ത്രിയുടെ അനുമോദനം രേഖക്ക് ലഭിക്കുകയും, ശേഷം മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇടപെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി ലൈസൻസ് ലഭ്യമാക്കുകയും ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ആണ് രേഖ ലൈസൻസ് സ്വന്തമാക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടും രേഖയെ ഈ വേറിട്ട പ്രവർത്തനത്തിന് അനുമോദിക്കുകയുണ്ടായി.

ആദ്യഘട്ടങ്ങളിൽ നാട്ടുകാരിൽ നിന്നും ഉണ്ടായ എതിർപ്പ് കയ്യടികൾ ആയി മാറുന്നതിനെകുറിച്ചും, മറ്റ് മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ കടലിൽ വരാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതിനെ കുറിച്ചും, അവരുടെ ഭയത്തെ കുറിച്ചും ഒക്കെ വ്യക്തമായ കാഴ്ചപ്പാടുകൾ രേഖക്ക് ഉണ്ട്. തന്നെ തുടർന്ന് ഇനിയും സ്ത്രീകൾ മുന്നോട്ട് വരും എന്ന് രേഖ പ്രതീക്ഷിക്കുന്നുണ്ട്. പരമ്പരാഗത തൊഴിൽ മേഖലയിൽ നിന്നും അകറ്റിനിർത്തപ്പെടുന്ന എല്ലാ സ്ത്രീകളും ഏറ്റുപിടിക്കേണ്ട ഒന്നാണ് ഈ പ്രതീക്ഷ.

ശാരീരിക ക്ഷമത ധരാളം വേണ്ടതും, ജോലിക്ക് നിശ്ചിത സമയപരിധിയില്ലാത്തതും ആയ പല തൊഴിലിടങ്ങളിലും, ഇന്നും സ്ത്രീ സാനിധ്യം വ്യാപകമായിട്ടില്ല. ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ്, യുദ്ധ മുഖങ്ങൾ, യുദ്ധവിമാന പൈലറ്റ്, ആരാച്ചാർ, അറവു ശാലകൾ, സെക്യൂരിറ്റി, ഫോറസ്ററ് ഡിപ്പാർട്മെന്റ്, ആംബുലൻസ്, ഹെവി ലൈസെൻസ് വേണ്ടുന്ന ഡ്രൈവർ ജോലികൾ.....എന്നിങ്ങനെ സ്ത്രീ സാനിധ്യം വ്യപകമല്ലാത്ത ധാരാളം തൊഴിലിടങ്ങൾ ഉണ്ട്. വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ എന്നിവയോട് ഒക്കെ ബന്ധപ്പെടുത്തി സ്ത്രീകളുടെ തൊഴിൽ തിരഞ്ഞെടുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇവിടെയാണ് രേഖ ചെയ്യുന്ന ജോലിയുടെ പ്രസക്‌തി.

രേഖയെക്കുറിച്ച് ദ ഹിന്ദുവിൽ വന്ന വാർത്തയിലെ ആദ്യ വാചകത്തിൽ അവരെ 'നാലു കുട്ടികളുടെ അമ്മയായ സ്ത്രീ'എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീ തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഗാർഹിക ഉത്തരവാദിത്തങ്ങളിൽ നിന്നും പുറത്തു വരുന്നു എന്നുകൂടിയാണ് പത്തു തൊട്ട് നാലു വരെ എന്ന സമയക്രമത്തിൽ ഒതുങ്ങാത്ത ജോലികളിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവ് സൂചിപ്പിക്കുന്നത്. അവരുമായി നടത്തിയ ഇന്റർവ്യൂകളിൽ എല്ലാം കേൾക്കാം രേഖ രാവിലെ കടലിൽ പോയാൽ കുട്ടികളെ സ്കൂളിലേക്ക് ഒരുക്കി വിടുന്നത് ആര് എന്ന മട്ടിലുള്ള ചോദ്യങ്ങൾ. രേഖ അതിനു നൽകുന്ന ഉത്തരം മനോഹരമാണ്. അവർ പരസ്പരം സഹായിക്കും, ഒരുങ്ങി തനിയെ സ്കൂളിൽ പോവും!

സ്ത്രീകൾക്ക് ധരാളം ശാരീരിക പരിമിതികൾ ഉണ്ടെന്ന വ്യാജ സാമൂഹിക ബോധം ആണ് ചില തൊഴിലുകളിലേക്ക് മാത്രമായി സ്ത്രീ പങ്കാളിത്തം ചുരുങ്ങിപോവുന്നതിന്റെ മറ്റൊരു കാരണം. വിദ്യാഭ്യാസം പൂർത്തീകരിക്കാൻ ആവാത്തവരെയും, വിദ്യാസമ്പന്നരെയും ഒരുപോലെ കുരുക്കിയിടുന്ന ഈ കയറാണ് രേഖ പൊട്ടിച്ചുകളയുന്നത്. 'പെൺകുട്ടികൾക്ക് ചേരുന്ന തൊഴിലുകൾ 'എന്ന തലക്കെട്ടിന് പുറത്തേക്ക് കടന്നു തുടങ്ങുമ്പോൾ കടലും ആകാശവും വരുതിയിൽ വരും എന്ന് തന്നെയാണ് രേഖ സമൂഹത്തിന് നൽകുന്ന പാടം.

അതിസാഹസികവും അപകടകരവും ആയ ഒരു ജോലി ആണ് രേഖ കഴിഞ്ഞ പത്തുവർഷമായി ചെയ്തു കൊണ്ടിരിക്കുന്നത്. രേഖ ഉണ്ടാക്കുന്ന സാമൂഹിക മാറ്റം വലുതാണ്. ഭയം ജനിപ്പിക്കുന്ന, അപകടകരമായ സന്ദർഭങ്ങളോട്, അവസരങ്ങളോട് ഒക്കെ സ്ത്രീയെ ചേർത്തുവെക്കാൻ പൊതുസമൂഹത്തിന് എന്നും മടിയാണ്. മറിച്ച് സഹായമഭ്യർത്ഥിക്കുന്ന, തോറ്റുപോകുന്ന, കൈത്താങ്ങ് ആവശ്യമുള്ള സന്ദർഭങ്ങളിലേക്ക് സ്ത്രീകളെ പെട്ടെന്ന് ബന്ധപ്പെടുത്തുകയും ചെയ്യും.മത്സ്യത്തൊഴിലാളിയായ ജൈസൽ പ്രളയകാലത്ത് താരമായത് ഓർക്കുക. എന്നും പുരുഷന്റെ ശാരീരിക ബലത്തിന്റെ ഗുണഭോക്താവ് ആയി സ്ത്രീകളെ നിലനിർത്തുക എന്നത് പുരുഷ പൊതു ബോധത്തിന്റെ ആവിശ്യം ആണ്. ഇത്തരം സ്ത്രീവിരുദ്ധ സാമൂഹ്യനിർമിതികളാണ് രേഖമാരിലൂടെ പൊളിച്ചടുക്കപ്പെടുന്നത്.

https://www.azhimukham.com/womens-day-special-the-life-of-rekha-the-fishing-woman-by-anu-chandra/

https://www.azhimukham.com/trending-wcc-create-history-in-film-industry-cultural-space-kerala-raseena-writes/

https://www.azhimukham.com/trending-social-media-awareness-short-film-kerala-police-criticism-raseena-writes/

https://www.azhimukham.com/opinion-dyfi-women-leader-abused-by-pksasi-cpim-enquiry-not-genuine-raseena-kk-writes/

https://www.azhimukham.com/trending-prasanth-nair-ias-nunprotest-franco-anti-women-troll-criticism-raseena-writes/


Next Story

Related Stories