TopTop
Begin typing your search above and press return to search.

അയോധ്യയാകും ശബരിമല; സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളമെന്ന ആശയം

അയോധ്യയാകും ശബരിമല; സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളമെന്ന ആശയം

കേരളമെന്ന പേര് ഒരു ഭൂപ്രദേശത്തെ അടയാളപ്പെടുത്തുന്ന പേര് എന്ന അർത്ഥത്തിൽ മാത്രമല്ല നമ്മൾ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയാത്ത തരത്തിലുള്ള സാമൂഹിക സാഹചര്യത്തിന്റെയും ഉയർന്ന വിദ്യാഭ്യാസ നിലവാരത്തിന്റെയും ആരോഗ്യ-സാമൂഹിക സുരക്ഷാ മേഖലകളിലെ ഉജ്ജ്വലമായ നേട്ടത്തിന്റെയും എല്ലാത്തിനുമുപരി അനന്യമായ മതേതര സാമൂഹിക ജീവിതത്തിന്റെയും ഏറ്റവും തിളക്കമാർന്ന ഉദാഹരണമെന്ന നിലയിലും കേരളമെന്ന ആശയം നിലനിൽക്കുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിരന്തര സാന്നിധ്യത്തിലൂടെയും, ഇന്ത്യൻ സാമൂഹിക ക്രമത്തിലെ ഏറ്റവും രൂഢമൂലമായ സാന്നിധ്യങ്ങളിലൊന്നായ ജാതിവ്യവസ്ഥയിൽ നിന്നും പരിമിതമായ തലത്തിലെങ്കിലും കുതറി മാറാനും ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സാമൂഹ്യനീതിയ്ക്കും സമത്വത്തിനും വേണ്ടി ഒരു ജനത നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളുടെ ഫലമാണ് ക്ഷേത്രപ്രവേശന വിളംബരവും, വൈക്കം സത്യാഗ്രഹവും, ഗുരുവായൂർ സത്യാഗ്രഹവുമെല്ലാം.

പ്രാമാണികമെന്നും തിരുത്തപ്പെടാൻ കഴിയാത്തതെന്നും ഒരു കാലം കരുതി ആചരിച്ചുപോന്ന തൊട്ടുകൂടായ്മയും തീണ്ടലും അയിത്തവുമടക്കമുള്ള ദുരാചാരങ്ങളെ ബോധപൂർവ്വം കൈയ്യൊഴിഞ്ഞും മനുഷ്യരെന്ന ഏകതാബോധത്തിനായി പരിശ്രമിച്ചുമാണ് ആധുനിക കേരളം നവോത്ഥാന മൂല്യങ്ങളെ ഉൾച്ചേർത്തതും മുന്നോട്ട് പ്രയാണമാരംഭിച്ചതും. അക്കാലത്തും സാമൂഹ്യ പരിഷ്ക്കരണങ്ങളെ അനുകൂലിച്ചവർ ന്യൂനപക്ഷവും, ആചാരബദ്ധരായി എതിർത്തുനിന്നവർ ഭൂരിപക്ഷവുമായിരുന്നു. മാമൂലുകളെയും ആചാരാനുഷ്ഠാനങ്ങളെയും കൈയ്യൊഴിയാൻ വിസമ്മതിച്ച ആ ഭൂരിപക്ഷത്തിന്റെ സ്ഥാനം ചരിത്രത്തിലെ ചവറ്റുകൂനകൾക്കിടയിലാണെന്നത് ഒട്ടും യാദൃശ്ചികമേ അല്ല.

ജഡമായി മാറിയ ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും തളംകെട്ടി നില്ക്കുന്ന ഒരു അഴുക്കുചാലല്ല സമൂഹവും സംസ്ക്കാരവും. കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട് അതു നിരന്തരം നവീകരിക്കുകയും ഒരു പ്രവാഹമായി മുന്നോട്ട് തന്നെ പോവുകയും ചെയ്യും. എന്നാൽ മേൽപ്പറഞ്ഞ സവിശേഷതകളെല്ലാം പൂർണ്ണമായും ഇല്ലാതാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ശബരിമല വിഷയുമായി ബന്ധപ്പെട്ട് സംഘ പരിവാർ നടത്തുന്ന പ്രക്ഷോഭങ്ങളും നുണപ്രചരണങ്ങളും കേരളത്തിലെ ഇടതുപക്ഷത്തിനെതിരായി മാത്രമുള്ള ഒരു സമരമാണെന്ന നിലയിൽ നിരവധി ആളുകൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് വേണം കരുതാൻ. യഥാർത്ഥത്തിൽ സംഘപരിവാറിന്റെ ലക്ഷ്യം ഇടതുപക്ഷം മാത്രമല്ല, കേരളമെന്ന ആശയവും അതുൾക്കൊള്ളുന്ന നവോത്ഥാന മൂല്യങ്ങളുമാണ്.

മതേതര കേരളമെന്ന ആശയത്തെ ഇല്ലാതാക്കുക വഴി അതിന്റെ ഭാഗമായ ഇടതുപക്ഷമടക്കമുള്ള മുഴുവൻ മതേതര ജനാധിപത്യ ഇടങ്ങളെയും ഇല്ലാതാക്കാമെന്ന കുരുട്ടുബുദ്ധിയാണ് സംഘപരിവാർ നീക്കങ്ങളുടെ അടിസ്ഥാനം. ഇതു മനസ്സിലാക്കാതെ ഇടതുപക്ഷത്തിനോടുള്ള പരമ്പരാഗതമായ എതിർപ്പിന്റെ പേരിൽ സംഘപരിവാറിനോട് മൃദു സമീപനം സ്വീകരിയ്ക്കുകയോ നിശ്ശബ്ദത പാലിക്കുകയോ ചെയ്യുന്നത് ഈ നാടിന്റെ സൗഹാർദ്ദപൂർണ്ണമായ ജീവിത ബന്ധങ്ങളെയും സമാധാന പൂർണ്ണമായ ജീവിതത്തെയും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ശബരിമലയിലെ യുവതീപ്രവേശനത്തിനുള്ള വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന സമരകോലാഹലങ്ങളെ, ഇടതുപക്ഷ സർക്കാരിനെതിരെ വിശ്വാസികൾ നടത്തുന്ന പ്രക്ഷോഭമെന്ന രീതിയിലാണ് വലിയൊരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളും പ്രക്ഷോഭകർ തന്നെയും വിശേഷിപ്പിക്കുന്നത്.

വിശ്വാസ സംരക്ഷണത്തിനായി വിശ്വാസികളും അവിശ്വാസികളും തമ്മിൽ നടത്തുന്ന പോരാട്ടമെന്ന നിലയിൽ നടത്തുന്ന ഈ നുണപ്രചരണങ്ങളാണ് ചെറിയൊരു വിഭാഗം വിശ്വാസികളെയെങ്കിലും ഈ സമരത്തിലേക്ക് ആകർഷിച്ച ഘടകം. ഭരണഘടനാ തത്വങ്ങൾ പിന്തുടരുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് നടപ്പിലാക്കുകയെന്ന ഉത്തരവാദിത്വം മാത്രണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന അടിസ്ഥാന സത്യം പൂർണ്ണമായും വിസ്മരിക്കപ്പെടുകയോ തിരസ്ക്കരിക്കപ്പെടുകയോ ചെയ്യുന്നു.

ശബരിമല ക്ഷേത്രത്തെ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇടതുപക്ഷ സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണ് ശബരിമലയിലേതെന്നതടക്കമുള്ള പെരുംനുണകൾ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങൾ പോലും നടത്തുന്നു. ഇടതുപക്ഷ വിരോധത്തിന്റെ പേരിൽ ഈ സമരാഭാസങ്ങളെ പിന്തുണയ്ക്കുന്ന കേരളത്തിലെ കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിശ്വാസങ്ങളുടെ സംരക്ഷണത്തിന്റെ പേരു പറഞ്ഞ് ഹിന്ദുത്വ ശക്തികളുടെ കുഴലൂത്തുകാരാവുന്ന സാമുദായിക സംഘടനകളും, ബിജെപിയുടെയും സംഘപരിവാറിന്റെയും ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാതെ പോവുകയും ഫലത്തിൽ അവരുടെ പണി എളുപ്പമാക്കുകയും ചെയ്യുന്നു.

മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതിനെതിരായി സവർണ്ണഹിന്ദുത്വം നടത്തിയ സമരങ്ങളും പിന്നീട് ബാബ്റി മസ്ജിദ് തകർത്ത് അയോധ്യയിൽ ക്ഷേത്ര നിർമ്മാണം നടത്തുന്നതിനായി സംഘപരിവാർ നടത്തിയ പ്രവർത്തനങ്ങളുമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ശക്തികൾക്ക് വേരോട്ടം നൽകിയത്.

മുംബൈയും ഗോധ്രയും അടക്കം എണ്ണമറ്റ വർഗ്ഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ട നിരപരാധികളായ ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ ചോരയിൽ ഉറപ്പിച്ചെടുത്തതാണ് ബിജെപിയുടെ അധികാര കസേരകളും രാഷ്ട്രീയ അപ്രമാദിത്വവും. ജാതിയും മതവും ദൈവവിശ്വാസവുമെല്ലാം ഓരോരോ കാലത്തും, സാമൂഹ്യ വിഭജനത്തിനായി തരാതരം പോലെ ഉപയോഗിക്കപ്പെട്ടു. പക്ഷേ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഈ ഏഴു പതിറ്റാണ്ടുകളിലും ഹിന്ദുത്വ ശക്തികളുടെ വിഭജന യുക്തികളെ നിഷ്ക്കരുണം കൈയ്യൊഴിഞ്ഞു എന്നതാണ് കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമാക്കുന്നതും സംഘപരിവാറിന്റെ കണ്ണിലെ കരടാക്കി മാറ്റുന്നതും.

കേരളത്തിലെ ഈശ്വരവിശ്വാസികളായ നാനാജാതി മതസ്ഥരുടെയിടയിൽ ആഴത്തിൽ വേരോട്ടമുള്ള അയ്യപ്പഭക്തിയെയും ശബരിമല എന്ന തീർത്ഥാടന കേന്ദ്രത്തെയും ഉപയോഗിച്ച് മതേതരകേരളമെന്ന തങ്ങളുടെ ശത്രുവിനെതിരായ പ്രഖ്യാപിത യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാർ നടത്തുന്ന നിർല്ലജ്ജമായ നുണപ്രചരണങ്ങൾ, ശബരിമലയിൽ ഹിന്ദുക്കളല്ലാത്ത അന്യമതസ്ഥരെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ബൗദ്ധിക വിഭാഗത്തിന്റെ കൺവീനർ ഹൈക്കോടതിയിൽ നല്കിയ ഹർജി, സ്ത്രീ പ്രവേശനമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നല്കിയ അഞ്ചംഗ സംഘത്തിന്റെ സംഘപരിവാറുമായുള്ള ഉന്നതതല ബന്ധങ്ങൾ, അപകടമരണം സംഭവിച്ച ശബരിമല തീർത്ഥാടകനെ ബലിദാനിയാക്കാൻ നടത്തിയ ശ്രമങ്ങളും വ്യാജ പ്രചരണങ്ങളും ഹർത്താലും, ക്ഷേത്രത്തിൽ രക്തംവീഴ്ത്തി കലാപഭൂമിയാക്കി മാറ്റാനായി തന്ത്രി കുടുംബാംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചന,ഏറ്റവുമൊടുവിലായി ശബരിമല സമരം തങ്ങൾ ആസൂത്രണം ചെയ്തതാണെന്നും സമരത്തിന് പിന്തുണയുമായി എത്തിയ ബാക്കി മുഴുവൻ പ്രസ്ഥാനങ്ങളും തങ്ങളൊരുക്കിയ ഗൂഢപ്രവർത്തനങ്ങളിലെ പങ്കാളികളായി മാറിയെന്നതടക്കമുള്ള ബിജെപി അദ്ധ്യക്ഷന്റെ ഏറ്റു പറച്ചിലുമടക്കം സംഘപരിവാർ ഒരുക്കിയ നിഗൂഢ പദ്ധതിയുടെ ചുരുളുകൾ ഒന്നൊന്നായി പുറത്തായി കഴിഞ്ഞു. ഇവയൊന്നും തന്നെ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിയ്ക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളല്ല, നേരെ മറിച്ച് മതേതര കേരളമെന്ന ആശയത്തിന് സംഘപരിവാർ ഒരുക്കിയ ശവക്കച്ചയുടെ ഊടുംപാവുമാണ്.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് കൊണ്ട് അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ കാപട്യങ്ങൾ, റാഫേൽ അഴിമതിയായും ശതകോടികൾ വെട്ടിച്ച് നാടുവിട്ട മോദി ഭക്തരായ വ്യവസായികളുടെയും രൂപത്തിൽ രാജ്യത്തിനു മുമ്പിൽ വെളിപ്പെട്ടു കഴിഞ്ഞു. കർഷകരെയും യുവജനങ്ങളെയും നിരാധാരമാക്കിയ വികസന വായാടിത്തങ്ങൾ പൊള്ളയാണെന്ന് പൊതുജനം അനുദിനം തിരിച്ചറിയുന്നു.

ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഹിന്ദുത്വ ഭീകരതയാണ് ദളിത്-ന്യൂനപക്ഷ- പാർശ്വവല്കൃത വിഭാഗങ്ങളുടെ ജീവനു പോലും ഭീഷണിയാകുന്നതെന്ന് ഒാരോ സംഭവങ്ങളും തെളിയിക്കുന്നു. വികസന വാചാടോപങ്ങളിലൂടെ അധികാരത്തിലേക്കെത്താൻ ഇനിയുമൊരിക്കൽ അവസരമുണ്ടാകില്ലെന്ന തിരിച്ചറിവ് തീവ്രവർഗ്ഗീയയെന്ന പയറ്റിത്തെളിഞ്ഞ ആയുധത്തിലേക്ക് സംഘപരിവാറിനെ ഒരിക്കൽക്കൂടി നയിക്കുന്നതിന്റെ ആരവങ്ങളാണ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കെതിരായും ന്യായാധിപന്മാർക്കെതിരായും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് കേട്ട ആക്രോശങ്ങൾ. ചോരയുടെ ഗന്ധമുള്ള, ഭൂരിപക്ഷ വർഗ്ഗീയതയുടെ ആയുധങ്ങളുമായി സംഘപരിവാർ കളത്തിലേക്കിറങ്ങി കഴിഞ്ഞു.

കേരളത്തിലെ അയോധ്യയാകും ശബരിമലയെന്ന മുന്നറിയിപ്പുകൾ വർഗ്ഗീയതയുടെ നാവുകൾ നിരന്തരം ഉരുവിടുന്നു. സർവ്വനാശം വിതയ്ക്കുന്ന വർഗ്ഗീയതയുടെ ശക്തികൾക്കായി മതേതര കേരളത്തെ കുരുതി കൊടുക്കാനായി നമ്മുടെ സമൂഹം തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നു. കേരളത്തിന്റെ ചരിത്രവും വർത്തമാനവുമറിയുന്നവർ പറയുന്ന ഉത്തരം ഇല്ല എന്നു തന്നെയാണ്. ഒരു കാലത്ത് ഭ്രാന്താലയമെന്ന വിളിപ്പേര് കേട്ട കേരളം, അത് തിരുത്തിക്കൊണ്ട് മുന്നോട്ടു നടന്ന ചുവടുകളൊന്നും പാഴാവില്ല. വിദ്വേഷപ്രചരണത്തിന്റെയും നുണകളുടെയും ഈ മഹാപ്രളയത്തെയും നാം അതിജീവിയ്ക്കുകയും നവകേരളം പടുത്തുയർത്തുകയും ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-villuvandi-protest-to-restore-tribals-custom-rights-in-sabarimala/

https://www.azhimukham.com/news-update-bjp-state-president-ps-sreedharan-pillai-against-pinarayi-vijayan-in-radhayatha-inagration/

https://www.azhimukham.com/offbeat-bjp-state-chief-ps-sreedharan-pillai-use-kerala-rerormation-leaders-for-his-radhayatha/

https://www.azhimukham.com/kerala-gandhi-killers-can-easily-kill-me-sunil-p-ilayidam-interview-by-arun-t-vijayan/

https://www.azhimukham.com/kerala-k-the-different-words-of-sudhakaran-and-congress-about-blocking-young-women-from-entering-sabarimala/


Next Story

Related Stories