TopTop
Begin typing your search above and press return to search.

ഒരു ചെറിയ കാലത്തേക്കെങ്കിലും പികെ ശശിക്ക് വേണ്ടി ലെനിനിസ്റ്റ് സംഘടനാ തത്വം വഴിമാറി നിന്നത് നാണക്കേടാണ് സഖാക്കളെ

ഒരു ചെറിയ കാലത്തേക്കെങ്കിലും പികെ ശശിക്ക് വേണ്ടി ലെനിനിസ്റ്റ് സംഘടനാ തത്വം വഴിമാറി നിന്നത് നാണക്കേടാണ് സഖാക്കളെ
ഒടുവിൽ ലൈംഗിക ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരെ സിപിഎം സംസ്ഥാന സമിതി നടപടി സ്വീകരിച്ചു. ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും ശശി ഇതോടെ പുറത്താകും.ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതിയിലാണ് ശശിക്കെതിരെ നടപടി എടുത്തത്. ഗുരുതരമായ സ്വഭാവമുള്ളതാണ് പരാതിയെന്ന് സംസ്ഥാന സമിതി വിലയിരുത്തി.

പ്രളയം, ശബരിമല, ഫ്രാങ്കോ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരു പോലെ തലവേദന സൃഷ്ട്ടിച്ചതോടെ പലപ്പോഴും പി കെ ശശിക്ക് നേരെ ഉയർന്ന ആരോപണം മുങ്ങിപോവുകയായിരുന്നു. എന്നാൽ പരാതി നൽകിയ പെൺകുട്ടി തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ സി പി എം പ്രതിരോധത്തിലായി.

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ വാര്‍ത്തകള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് പി കെ ശശി പ്രതികരിച്ചെങ്കിലും ദിവസങ്ങൾ കഴിയുംതോറും ശശി കൂടുതൽ ദുർബലമായി.

പി കെ ശശിക്കെതിരായ പരാതിയെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചത് ഇപ്രകാരം ആയിരുന്നു. "പി.കെ.ശശിക്കെതിരെ പരാതി മൂന്നാഴ്ച മുമ്പ് കിട്ടി. പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കും. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. പൊലീസിനെ അറിയിക്കേണ്ട വിഷയമില്ല. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ല."

കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ആണ് പരാതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ട് വന്നതെന്ന് വാദം നിലനിന്നിരുന്നെങ്കിലും സി പി എം സംസ്ഥാന കമ്മിറ്റി ആ വാദം തള്ളി കളഞ്ഞു. ഫലത്തില്‍ കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലും മേല്‍നോട്ടവും ഒഴിവാക്കി സംസ്ഥാന നേതൃത്വം നേരിട്ട് പരാതി കൈകാര്യം ചെയ്യുന്നുവെന്നാണ് കോടിയേരി ആദ്യം മുതലേ വ്യക്തമാക്കാൻ ശ്രമിച്ചത്. വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഡിവൈഎഫ്ഐ നേതാക്കള്‍ എകെജി സെന്‍ററിലെത്തി കോടിയേരിയെ കണ്ടിരുന്നു. തുടർന്നാണ് വിഷയത്തിൽ കോടിയേരി ആദ്യ പ്രതികരണം നടത്തുന്നത്.

കേന്ദ്ര കമ്മിറ്റി മെമ്പർമാരായ എ കെ ബാലനും, പി കെ ശ്രീമതി ടീച്ചറും അടങ്ങുന്ന കമ്മിറ്റി ആണ് പി കെ ശശിക്കെതിരായ അന്വേഷണ കമ്മീഷൻ ആയി പാർട്ടി ചുമതലപ്പെടുത്തിയത്. അതിനിടെ പീഡന ആരോപണം നേരിടുന്ന പി.കെ.ശശി എം.എല്‍.എയും പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗം എ.കെ ബാലനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് ഒരേ വേദി പങ്കിട്ടത് പുതിയ വിവാദങ്ങൾക്ക് ഹേതുവായി.

മണ്ണാര്‍ക്കാട് തച്ചംമ്പാറയില്‍ നടന്ന പൊതുയോഗത്തിലാണ് രണ്ട് പേരും വേദി പങ്കിട്ടത്. ഇതോടെ പീഡനാരോപണ കേസ് ദുര്‍ബലമാകുമെന്ന വാദം പാർട്ടിക്കകത്ത് നിന്നും ഉയരാൻ തുടങ്ങി. പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പി.കെ.ശശി വീണ്ടും പൊതു പരിപാടികളില്‍ സജീവ സാന്നിധ്യമായി. അതിനിടെ എം.എല്‍.എക്കെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കാനുള്ള ശ്രമങ്ങളും നടന്നെന്ന് ആരോപണം ഉയർന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനത്താകെ നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥയുടെ ഷൊർണുർ മണ്ഡലത്തിലെ ക്യാപ്റ്റൻ ആയി പി കെ ശശി പ്രത്യക്ഷപ്പെട്ടതോടെ കേസ് ഒതുക്കി തീർക്കുകയാണെന്ന വാദം ശക്തമായി. കാൽനടപ്രചരണ ജാഥയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനത്തിൽ നിന്നും സിപിഎം സംസ്ഥാന സമിതി അംഗം എം ചന്ദ്രൻ പിൻമാറിയത് ഈ വിഷയത്തിൽ പാർട്ടിക്കകത്ത് തന്നെ ഭിന്നത രൂക്ഷമാണെന്ന് തെളിയിച്ചു. മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയനും ശശിക്കൊപ്പം വേദി പങ്കിട്ടപ്പോൾ പാര്‍ട്ടിക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത വിധം ജില്ലയിലെ അപ്രമാദിയാണ് താനെന്ന് പി കെ ശശി തെളിയിച്ചു.

നവംബർ 23 നു നടക്കുന്ന സി പി എം സംസ്ഥാന കമ്മിറ്റിയിൽ ശശിക്കെതിരെ നടപടി ഉണ്ടാവും എന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ലൈംഗിക ആരോപണ വിധേയനായ ഒരാളുടെ നേതൃത്വത്തിൽ നവോത്ഥാന യാത്ര നടത്തുന്നതിനേക്കാളും അശ്ലീലം വേറെ ഇല്ലെന്നു സോഷ്യൽ മീഡിയയിൽ അടക്കം അഭിപ്രായങ്ങളുയർന്നു.

ഒടുവിൽ വി എസ് അച്യുതാനന്ദൻ രംഗത്തിറങ്ങി. പികെ ശശിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വിഎസ് അച്യുതാനന്ദന്റെ കത്ത് നൽകി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പാര്‍ട്ടി ഇരട്ടത്താപ്പ് കാട്ടരുതെന്ന് വിഎസ് കത്തില്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.

ഇത്തരം ആരോപണങ്ങളിലും പരാതികളിലും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ വിട്ടുവീഴ്ച ചെയ്താല്‍ അത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ അവമതിപ്പുണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കത്തില്‍ വിഎസ് പറയുന്നു. പികെ ശശിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ആണ് വിഎസ് കത്ത് നല്‍കിയത്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗികമായി പി കെ ശശിയെ 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത വിവരം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞതിപ്രകാരം " സി.പി.ഐ (എം) പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും, എം.എല്‍.എയുമായ സ:പി.കെ.ശശി ഒരു പാര്‍ടി പ്രവര്‍ത്തകയോട്‌ പാര്‍ടി നേതാവിന്‌ യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പാര്‍ടി സംസ്ഥാന കമ്മിറ്റി സ:പി.കെ.ശശി യെ 6 മാസത്തേയ്‌ക്ക്‌ പാര്‍ടി അംഗത്വത്തില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‌ വിധേയമായി നടപ്പാക്കുന്നതാണ്‌."

സി.പി.എമ്മിന്‍റെ സംഘടനാ രീതികള്‍ വെച്ചും ഭരണഘടന പ്രകാരവും ഏറ്റവും ശക്തമായ രണ്ടാമത്തെ അച്ചടക്ക നടപടിയാണ് സസ്പെന്‍ഷന്‍. പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ്ണമായും പുറന്തള്ളുന്നതിന് (expel) മുന്നോടിയോ തൊട്ടുതാഴെയോ ഉള്ള നടപടിയാണിതെന്നും, മാതൃകാപരമായ നടപടി ആണെന്നും സി പി എം അനുകൂലികൾ അവകാശപ്പെടുന്നു. വി എസ് ന്റെ ഇടപെടൽ ആണ് നിർണായകമായതെന്ന് ചില മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നുണ്ട്. കേന്ദ്ര നേതൃത്വം ആണ് പെൺകുട്ടിക്ക് നീതി കൊടുത്തത് എന്ന് വാദിക്കുന്നവരും ഉണ്ട്.

ശശിക്കെതിരായ നടപടിയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും തുടര്‍ നടപടികള്‍ക്കോ പരസ്യ പ്രതികരണത്തിനോ താനില്ലെന്നും എംഎല്‍എ പി കെ ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവായ പെണ്‍കുട്ടി പ്രതികരിച്ചിട്ടുമുണ്ട്.

അപ്പൊ ഇനി ബാക്കിയാവുന്ന ചോദ്യം സി പി എം നേതൃത്വത്തോടാണ് സമത്വത്തിനും, സ്ത്രീ സുരക്ഷക്കും വേണ്ടി നിങ്ങൾ അഹോരാത്രം വാദിക്കുന്ന ഈ വർത്തമാനകാലത്ത് ഇത്രയും സെൻസിറ്റിവ് ആയ കേസിൽ എന്തിനായിരുന്നു ദുരൂഹമായ ഒരു മലക്കം മറിച്ചിൽ ? ആരോപണ വിധേയനെ മിനിമം അന്വേഷണ കാലത്ത് പാർട്ടി പൊതു പരിപാടിയിൽ നിന്ന് മാറ്റി നിർത്താൻ ഭയപ്പെട്ടതിനെന്തിനായിരുന്നു ? ലെനിനിസ്റ്റ് സംഘടനാ തത്വം പി കെ ശശിക്ക് മുന്നിൽ ഒരു ചെറിയ കാലത്തേക്കെങ്കിലും വഴി മാറിയത് നാണക്കേട് ആണ് സഖാക്കളെ!

https://www.azhimukham.com/trending-facebook-diary-cpim-must-tke-action-against-accused-mla-on-sexual-harassment-by-dyfi-leader-kj-jacob-writes/

https://www.azhimukham.com/newswrap-pk-sasi-leads-cpm-campaign-in-sabarimala-women-entry-writes-saju/

https://www.azhimukham.com/updates-satisfied-on-action-against-pk-sasi-says-complainant/

ഗിരീഷ്‌ പി നായര്‍

ഗിരീഷ്‌ പി നായര്‍

ഖത്തറില്‍ ജോലി ചെയ്യുന്നു

Next Story

Related Stories