TopTop

വനിതാ മതില്‍ എതിര്‍ക്കപ്പെട്ടത് ഏതൊക്കെ വിധത്തില്‍?

വനിതാ മതില്‍ എതിര്‍ക്കപ്പെട്ടത് ഏതൊക്കെ വിധത്തില്‍?
കേരളം വീണ്ടുമൊരു ഭ്രാന്താലയമാകരുതെന്നും നവോത്ഥാന മുന്നേറ്റങ്ങളുടെ തുടര്‍ച്ച ഇവിടെയുണ്ടാകണമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് വനിതാ മതില്‍ എന്ന മുന്നേറ്റത്തിലേക്ക് കേരളത്തിനെ എത്തിച്ചത്. കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റങ്ങള്‍ നിലനിര്‍ത്തുന്നതിനും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനായാണ് 2019 ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകള്‍ ഒന്നായി അണിനിരന്ന് കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന വനിതാ മതില്‍ പ്രഖ്യാപിച്ചത്. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കോടതി വിധി ഒരു കാരണമായെങ്കിലും കേരളം നവോത്ഥാന മൂല്യങ്ങളില്‍ നിന്നും പിന്നോട്ട് പോകുന്നുവെന്ന ചിന്തയില്‍ നിന്നാണ് വനിതാ മതില്‍ എന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തപ്പോഴാണ് ഈ ആശയം ഉരുത്തിരിയുന്നത്. എന്നാല്‍ അന്ന് മുതല്‍ തന്നെ വനിതാ മതില്‍ വിവാദത്തിന്റെ മതിലുമായി തീര്‍ന്നു.

190 പ്രതിനിധികളെ ക്ഷണിച്ചെങ്കിലും 178 പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ഷണക്കപ്പെട്ട പ്രതിനിധികളെല്ലാം ഹിന്ദു മതത്തില്‍ നിന്നുള്ളവരാണെന്ന് വന്നതോടെ തന്നെ മറ്റ് സമുദായങ്ങള്‍ക്കൊന്നും നവോത്ഥാന മുന്നേറ്റത്തില്‍ പങ്കുണ്ടായിരുന്നില്ലേയെന്ന ചോദ്യവും ഉയര്‍ന്നു. യോഗത്തില്‍ നിന്നും വിട്ടുനിന്ന എന്‍എസ്എസ് ആണ് ആദ്യമേ തന്നെ വനിതാ മതിലിനെതിരെ രംഗത്തെത്തിയത്. മതിലിനെ പിന്തുണച്ചുകൊണ്ടും എന്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടുമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ആദ്യ ദിവസം തന്നെ കയ്യടി നേടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് വനിതാ മതില്‍ അല്ല വര്‍ഗ്ഗീയ മതിലാണെന്ന് പറഞ്ഞത് ബിജെപിയും ഏറ്റെടുത്തു.

സിപി സുഗതനെ ഈ യോഗത്തില്‍ പങ്കെടുപ്പിച്ചതാണ് വിവാദമായ മറ്റൊരു തീരുമാനം. ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച ഹാദിയയെ രണ്ടായി വലിച്ചു കീറണമെന്ന സുഗതന്റെ പഴയ ആഹ്വനമാണ് തിരിച്ചടിയായത്. കൂടാതെ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലെത്തിയ സ്ത്രീകളെ തടയുന്നതിന് ഇയാള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അന്ന് നിലയ്ക്കലില്‍ എത്തിയ എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സ്‌നേഹ കോശിയെ ആക്രമിച്ചത് ഹിന്ദു പാര്‍ലമെന്റ് നേതാവായ സുഗതനായിരുന്നു. ഇയാളെ വനിതാ മതിലിന്റെ ജോയിന്റെ കണ്‍വീനര്‍ ആക്കിയതാണ് വിവാദമായത്. ഇതോടെ വനിതാ മതില്‍ എന്തിനെന്ന ചോദ്യമുയര്‍ന്നു. ഇയാളെ പോലുള്ളവരെ ഉള്‍പ്പെടുത്തിയാണോ നവോത്ഥാന മതില്‍ കെട്ടിപ്പെടുക്കുകയെന്നതായിരുന്നു ചോദ്യം. അതോടൊപ്പം വനിതാ മതില്‍ ശബരിമല യുവതീപ്രവേശനത്തിന് വേണ്ടിയാണെങ്കില്‍ താന്‍ അതില്‍ പങ്കെടുക്കുന്നില്ലെന്ന് സുഗതന്‍ പ്രഖ്യാപിച്ചതോടെ വിവാദം കൊഴുത്തു.

ഇതിനിടയില്‍ മറ്റ് മത സംഘടനകളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചെങ്കിലും അപ്പോഴേക്കും കത്തോലിക്ക സഭയും മുസ്ലിം സംഘടനകളുമെല്ലാം അതിനെതിരായിരുന്നു. അവരും ചെന്നിത്തലയുടെ വര്‍ഗ്ഗീയ മതിലെന്ന പ്രയോഗം തന്നെയാണ് ഉപയോഗിച്ചത്. ഇതിനിടയില്‍ വനിതാ മതില്‍ കോടതി കയറി. സര്‍ക്കാര്‍ ജീവനക്കാരെയും വിദ്യാര്‍ത്ഥിനികളെയും നിര്‍ബന്ധിച്ച് ഇതില്‍ പങ്കെടുപ്പിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. മതിലില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് കോടതി വിധിക്കുകയും ചെയ്തു. ഇതിനിടെയിലും വനിതാ മതിലിന് ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന ചോദ്യവും ഉയര്‍ന്നു.

സ്ത്രീകളുടെ സുരക്ഷയ്ക്കായി ബജറ്റില്‍ വകയിരുത്തിയ 50 കോടി രൂപയില്‍ നിന്നും വനിതാ മതിലിനുള്ള പണം കണ്ടെത്തുമെന്ന സത്യവാങ്മൂലം വിവാദത്തിലാകുകയും ചെയ്തു. എന്നാല്‍ ഖജനാവില്‍ നിന്നും ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പിന്നീട് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തി. നടി മഞ്ജു വാര്യര്‍ ആദ്യം മതിലിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റിടുകയും പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് അവര്‍ ആ വീഡിയോ പിന്‍വലിച്ച് വനിതാ മതിലില്‍ രാഷ്ട്രീയമുണ്ടെന്ന് വിമര്‍ശിക്കുകയും ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ആ ദിവസത്തെ തൊഴില്‍ നിഷേധിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു. ശബരിമലയില്‍ പ്രവേശിക്കാനെത്തിയ യുവതികളെ പോലീസ് മടക്കിയയ്ക്കുന്നത് വനിതാ മലിതിന്റെ നിറം കെടുത്തി. ശബരിമല യുവതീ പ്രവേശനം സര്‍ക്കാരിന്റെ നിലപാടല്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും യുവതികള്‍ വരരുതെന്ന ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെയും പ്രസ്താവനകള്‍ വിവാദമായി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിന് ശേഷം വനിതാമതില്‍ കെട്ടാമെന്നായിരുന്നു പിന്നീടുയര്‍ന്ന വിമര്‍ശനം.

ഇതിനിടെ വനിതാ മതിലിന്റെ പണപ്പിരിവിനെ ചൊല്ലിയും വിവാദമുയര്‍ന്നു. വ്യാജ കൂപ്പണ്‍ പിരിവും നിര്‍ബന്ധിത പിരിവുമാണ് വിവാദമായത്. ക്ഷേമ പെന്‍ഷനുകളില്‍ നിന്നുപോലും പിരിവ് നടത്തിയെന്നും ആരോപണമുയര്‍ന്നു. എത്രയേറെ ആരോപണങ്ങളുണ്ടായാലും വന്‍വിജയമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സംഘാടകര്‍. മതിലിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും എസ്എന്‍ഡിപിയും കെപിഎംഎസും തന്നെയാണ് ഈ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നത്. എസ്എന്‍ഡിപി ആറ് ലക്ഷം പേരെയും കെപിഎംഎസ് അഞ്ച് ലക്ഷം പേരെയും മതിലില്‍ പങ്കെടുപ്പിക്കുമെന്നാണ് പറയുന്നത്.

Next Story

Related Stories