UPDATES

പ്രാചീന ഭാരതത്തില്‍ കണാദ മഹര്‍ഷി ആണവപരീക്ഷണം നടത്തിയെന്ന് പറഞ്ഞയാളാണ് ഇനി ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി

ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ ആദ്യ ലിസ്റ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചില വകുപ്പുകളില്‍ ഒഴികെ മറ്റെല്ലാ വകുപ്പുകളിലും മന്ത്രിമാരെ മാറ്റിയാണ് ഇക്കുറി പ്രധാനമന്ത്രിയുടെ പരീക്ഷണം. രമേശ് പൊഖ്രിയാല്‍ ആണ് ഇനി രാജ്യത്തിന്റെ വിദ്യാഭ്യാസമന്ത്രി.

ഇദ്ദേഹത്തിന്റെ ചില പൂര്‍വകാല നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ശാസ്ത്രത്തെക്കുറിച്ചും ജ്യോതിഷത്തെക്കുറിച്ചുമുള്ള നിരീക്ഷണങ്ങള്‍. സകല ശാസ്ത്ര ശാഖകളും ജ്യോതിഷവുമായി താരതമ്യപ്പെടുത്തിയാല്‍ തുലോം ചെറുതാണ് എന്നാണ് 2014 ഡിസംബറില്‍ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍കിടെക്ചര്‍ ബില്‍ ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് ശാസ്ത്രത്തിന് പ്രചാരം നല്‍കേണ്ടതുണ്ടോയെന്നും ഇദ്ദേഹം ചര്‍ച്ചയ്ക്കിടെ ചോദിച്ചു. ജ്യോതിഷമാണ് ലോകത്തിലെ ഒന്നാമത്തെ ശാസ്ത്രമെന്നും ഇദ്ദേഹം പറയുന്നു.

ആണവ പരീക്ഷണത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് മറ്റൊന്ന്. ‘നമ്മളിന്ന് ആണവ പരീക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാചീന ഭാരതത്തില്‍ കണാദ മഹര്‍ഷി ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്’ എന്നായിരുന്നു പൊഖ്രിയാല്‍ പറഞ്ഞത്.

ഗണപതിയ്ക്ക് ശസ്ത്രക്രിയ നടത്തിയതിനെപ്പറ്റി നരേന്ദ്ര മോദി പറഞ്ഞതിനെ ഇദ്ദേഹം ന്യായീകരിക്കുന്നുമുണ്ട്. അതൊരു ശസ്ത്രക്രിയ തന്നെയായിരുന്നു. നമ്മുടെ ശാസ്ത്രം ലോകത്തൊരിടത്തും ഇല്ലായിരുന്നു. ശിരസ് മാറ്റിവയ്ക്കുന്ന വിദ്യ പ്രാചീന ഭാരതത്തില്‍ ഉണ്ടായിരുന്നു എന്നാണ് പൊഖ്രിയാല്‍ പറഞ്ഞത്.

കേന്ദ്രമന്ത്രി സഭയില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മാനവവിഭവ ശേഷി വകുപ്പിന്റെ ചുമതലയാണ് ഇദ്ദേഹത്തിന്. ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു. 90കളില്‍ കൊളംബോയിലെ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് ഡി-ലിറ്റ് ലഭിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഏതാനും വര്‍ഷം മുമ്പ് ഇതേ സര്‍വകലാശാല ശാസ്ത്രത്തിലെ സംഭാവനകള്‍ പരിഗണിച്ച് മറ്റൊരു ഡി-ലിറ്റ് കൂടി നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ സര്‍വകലാശാല ഒരു വിദേശ സര്‍വകലാശാലയായോ ആഭ്യന്തര സര്‍വകലാശാലയായോ ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ശ്രീലങ്കയിലെ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മിഷന്‍ സ്ഥിരീകരിച്ചു.

ആര്‍എസ്എസിന്റെ കീഴിലുള്ള സരസ്വതി ശിശു മന്ദിറില്‍ അധ്യാപകനായാണ് പൊഖ്രിയാല്‍ തന്റെ കരിയര്‍ ആരംഭിച്ചത്. നമ്മുടെ പാഠപുസ്തകങ്ങളില്‍ ശാസ്ത്രം ഉള്‍പ്പെടുത്തരുതെന്നാണ് ഇദ്ദേഹം പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത്. 2009 മുതല്‍ 2011 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന പൊഖ്രിയാല്‍ മന്ത്രിസഭയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് സ്ഥാനമൊഴിയേണ്ടി വന്നത്. അതിന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തെങ്കിലും ഏതാണ്ട് രാഷ്ട്രീയ വനവാസത്തിലായിരുന്നു പൊഖ്രിയാല്‍. തന്റെ സംസ്ഥാനത്തോ കേന്ദ്രസര്‍ക്കാരിലോ ഒരു മന്ത്രിസ്ഥാനം നേടാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. ഹിന്ദി എഴുത്തുകാരന്‍ കൂടിയായ പൊഖ്രിയാലിന്‍ 36 കൃതികള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പത്തെണ്ണം മറ്റ് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡിയും നേടിയിട്ടുണ്ട് ഇദ്ദേഹം.

സാമ്പത്തിക വളര്‍ച്ച പിന്നോട്ട്, തൊഴിലില്ലായ്മ കുതിക്കുന്നു, നിര്‍മ്മല സീതാരാമനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍