TopTop

സി.പി സുഗതനും വല്‍സന്‍ തില്ലങ്കേരിയുമൊക്കെ എന്നു മുതലാണ് പിണറായിക്ക് നവോത്ഥാന നായകരായത്? പിടി തോമസ്‌/അഭിമുഖം

സി.പി സുഗതനും വല്‍സന്‍ തില്ലങ്കേരിയുമൊക്കെ എന്നു മുതലാണ് പിണറായിക്ക് നവോത്ഥാന നായകരായത്? പിടി തോമസ്‌/അഭിമുഖം
മുഖ്യമന്ത്രി പിണറായി വിജയന്‍ യഥാര്‍ത്ഥത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണെന്നും പുരോഗമന മേലങ്കിയണിഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ടി തോമസ്. പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരിക്കുന്ന വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെക്കുറിച്ച് അഴിമുഖം പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇഎംഎസ് മുതല്‍ വിഎസ് അച്യുതാനന്ദന്‍ വരെയുള്ളവരെ നോക്കിയാല്‍ ഒരു മുഖ്യമന്ത്രിമാരും ജാതി അടിസ്ഥാനത്തില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല. അത്തരത്തിലൊരു യോഗമാണ് പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്തത്. നവോത്ഥാന സംഘടനകളുടെ യോഗമെന്നാണ് പിണറായി പറയുന്നത്. എന്നാല്‍ ഇതെങ്ങനെയാണ് നവോത്ഥാന സംഘടനകളുടെ യോഗമാകുന്നത്? വെള്ളാപ്പള്ളി നടേശനെ ആ യോഗത്തില്‍ പങ്കെടുപ്പിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ സംഘടനയുടെ പ്രതിനിധിയായാണ്. വെള്ളാപ്പള്ളിയുടെ പുതിയ നിലപാടിനെയല്ല, പകരം നാരായണഗുരുവിന്റെ പാരമ്പര്യത്തെ വച്ചിട്ടായിരുന്നു ആ ക്ഷണം. അതേസമയം സിപി സുഗതനെ പോലുള്ളവരെ വിളിച്ചിരിക്കുന്നത് പഴയ ചെയ്തികളെ വച്ചിട്ടല്ല, പകരം ഇപ്പോഴുണ്ടായ മാനസാന്തരത്തിന്റെ പേരിലാണ്. ഹാദിയയെ വലിച്ചുകീറണമെന്ന് പറയുകയും ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ പോയി നില്‍ക്കുകയും ചെയ്ത സുഗതന്‍ ആ നിലപാട് മാറ്റിയെന്ന പേരിലാണ് പിണറായി അദ്ദേഹത്തെ അംഗീകരിക്കുന്നത്. പഴയകാലത്ത് കേരള സമൂഹത്തോട് വളരെ ക്രൂരമായി പെരുമാറിയിട്ടുള്ളയാളാണ്. അപ്പോഴെങ്ങനെ ഇത് നവോത്ഥാന യോഗമാകും.

കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ ജാതി അടിസ്ഥാനത്തിലല്ല ആരും അതിന്റെ ഭാഗമായതെന്ന് മനസിലാക്കാം. ഈഴവ സമുദായത്തില്‍ നിന്നു വന്നയാളാണെങ്കിലും ശ്രീനാരായണഗുരു നവോത്ഥാനം നടത്തിയത് ഈഴവര്‍ക്ക് വേണ്ടിയായിരുന്നില്ല. ഈഴവന്‍ ആയതുകൊണ്ടുമായിരുന്നില്ല. വിടി ഭട്ടതിരിപ്പാടാണെങ്കിലും കേളപ്പനാണെങ്കിലും കോണ്‍ഗ്രസിന്റെ നിലപാട് നടപ്പിലാക്കുകയായിരുന്നു. വൈക്കം അബ്ദുള്‍ഖാദര്‍ മൗലവിയോ, കേരളത്തിലാദ്യമായി പള്ളിക്കൂടം സ്ഥാപിച്ച ചാവറയച്ചന്‍ ആണെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പേരിലല്ല നവോത്ഥാനത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ ഇവിടെ നടന്നത് ഒരു ജാതീയമായ മീറ്റിംഗ് മാത്രമാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ജാതി അടിസ്ഥാനത്തില്‍ യോഗം വിളിക്കാമോ ഇല്ലയോ എന്നതാണ് ചോദ്യം. തെറ്റുപറ്റിയെന്ന രീതിയില്‍ പുള്ളി തന്നെ സമ്മതിക്കുന്നുണ്ട് ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയുമൊക്കെ പിന്നീട് വിളിക്കുമെന്ന്. എന്തിനാണ് അങ്ങനെ വിളിക്കുന്നത്?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ ഉണ്ടാകാന്‍ പാടില്ലാത്തത്ര നീചമായ ഒരു കൂട്ടായ്മയ്ക്കാണ് പിണറായി വിജയന്‍ നേതൃത്വം കൊടുത്തത്. അതിനാല്‍ തന്നെ ഇതിനെ വര്‍ഗ്ഗീയ മതില്‍ എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. എന്തിനാണ് ഈ മതില്‍ പണിയുന്നത്? യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണല്ലോ? ആരാ യുവതികളെ പ്രവേശിപ്പിക്കേണ്ടത്? നിരോധനാജ്ഞ നിലനില്‍ക്കുന്ന ഈ സമയത്ത് ഏതാനും സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കാമല്ലോ?

സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് പിണറായി വിജയന്റെ താല്‍പര്യമെങ്കില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ ഇത്ര ധൃതി കാണിക്കേണ്ടതില്ലായിരുന്നു. ഭൂമി ഇല്ലാത്ത മുഴുവന്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഭൂമി കൊടുക്കണമെന്ന സുപ്രിം കോടതി ഉത്തരവ് ഇതുവരെ നടന്നിട്ടില്ല. പുരോഗമനവാദിയാണെന്ന് പുറമെ കാണിക്കുകയും വേണം എന്നാല്‍ ഒരിക്കലും അവിടെ സ്ത്രീകള്‍ പ്രവേശിക്കുകയും ചെയ്യരുത് എന്ന് ആഗ്രഹിക്കുന്ന ആളുകളില്‍ മുന്‍പന്തിയിലാണ് പിണറായി വിജയന്‍. വ്യക്തിപരമായി യുവതികള്‍ ശബരിമലയില്‍ കയറണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. പിണറായി വിജയനും അതാണ് ആഗ്രഹമെങ്കില്‍ അമ്പത് വയസ്സില്‍ താഴെയുള്ള വനിതാ പോലീസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാമല്ലോ? നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന പിണറായി എന്ത് വഴിയും കൊടുത്ത് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കാത്തതെന്താണ്? പുള്ളിക്ക് അപ്പോള്‍ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ല. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് പിണറായിക്ക് താത്പര്യമില്ല. നവോത്ഥാന നായകനാകാനുള്ള ശ്രമം മാത്രമാണ് പിണറായി കാണിക്കുന്നത്.

സുപ്രിം കോടതിയുടെ ഭരണഘടനാപരമായ വിധി നടപ്പാക്കാനുള്ള പ്രായോഗികമായ ഒരു സമീപനം പുള്ളിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഒരു ഭരണാധികാരിയെന്ന നിലയില്‍ പ്രത്യേക ആചാരങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണ് ശബരിമലയെന്നും തന്ത്രിമാരും ഹൈന്ദവ പുരോഹിതരുമായി ആശയവിനിമയം നടത്തി വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനെന്നും കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു പിണറായി വിജയന്‍ ചെയ്യേണ്ടിയിരുന്നത്. പുരോഗമന മേലങ്കിയണിഞ്ഞുകൊണ്ട് തന്നെ അതിനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ് പിണറായി.

അല്ലെങ്കില്‍ ആരോ ചോദിച്ചല്ലോ പിണറായിയുടെ വീട്ടില്‍ നിന്നുള്ള യുവതികളെ ആരെയെങ്കിലും ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാണോയെന്ന്. അതിന് പിണറായി മറുപടി പറയാത്തത് ഈ ഇരട്ട നിലപാടുകൊണ്ടാണ്. കേരളത്തില്‍ ആരെങ്കിലും നവോത്ഥാന സംഘടനകളുടെ പേരില്‍ ജാതി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടോ? കേരളത്തിലെ നവോത്ഥാനം നടന്നിട്ടുള്ളത് എഐസിസിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ള സമരമെല്ലാം അത്തരത്തില്‍ ഉണ്ടായതാണ്.

പി കൃഷ്ണപിള്ള ഗുരുവായൂര്‍ സത്യഗ്രഹത്തിന് തൊട്ടുമുമ്പ് 1934 ജൂലൈ 11ന് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെയാണ് പറയുന്നത്. 'ദേശീയ സമരത്തിന് ആവശ്യമായ തരത്തില്‍ പാവങ്ങളെ സംഘടിപ്പിക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ ഉദ്ദേശവും പ്രേരണയും എത്രയുണ്ടായിരുന്നാലും ബഹുജനങ്ങള്‍ ആത്മാര്‍ത്ഥതയോടെ സംഘടിക്കാന്‍ തുടങ്ങിയില്ലെങ്കില്‍ സമരം ഫലപ്രദമാകില്ലെന്ന് തെളിഞ്ഞ് കഴിഞ്ഞു. അതിനാല്‍ സമുദായ പരിഷ്‌കാരപരമായ കാര്യങ്ങള്‍ അതില്‍ ശ്രദ്ധയും ഉത്സാഹവുമുള്ള സമുദായപ്രവര്‍ത്തകരില്‍ സമര്‍പ്പിച്ച് കോണ്‍ഗ്രസും ദേശീയ പ്രവര്‍ത്തകന്മാരും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങേണ്ടിയിരിക്കുന്നു'.

ശബരിമല യുവതീ പ്രവേശനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടുള്ള ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ കാണും. കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസുകാരും കര്‍ണാടകത്തിലെ കോണ്‍ഗ്രസുകാരും പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസുകാരും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ചില കാര്യങ്ങള്‍ അപ്പോള്‍ അങ്ങനെയേ എടുക്കാന്‍ സാധിക്കൂ. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടും കെപിസിസിയുടെ നിലപാടും രണ്ടും രണ്ടായത്. പക്ഷെ പിണറായി ചെയ്യുന്നത് വര്‍ഗീയ പ്രീണനമാണ്.

ബിജെപിയുടെ ബി ടീം ആണ് കോണ്‍ഗ്രസ് എന്നാണ് സിപിഎമ്മിന്റെ ആരോപണം. അപ്പോള്‍ എ ടീം ബിജെപി തന്നെയാണെന്ന് അവര്‍ അംഗീകരിക്കുന്നുണ്ടല്ലോ? ഒരു ആര്‍എസ്എസ് സൈദ്ധാന്തികന്‍ നയിക്കുന്ന സമാധാന സംഘം രൂപീകരിക്കുകയെന്നത് പിണറായിയെന്ന ഭരണാധികാരിയുടെ വീഴ്ചയാണ്. വല്‍സന്‍ തില്ലങ്കേരിക്ക് മൈക്ക് കൊടുക്കുകയാണ് പിണറായി ചെയ്തത്. സിപി സുഗതനെയും തില്ലങ്കേരിയെയും പിണറായി കൂട്ടുപിടിച്ചിരിക്കുന്നത് എത്ര മ്ലേച്ഛമാണ്. ഒരു പെണ്‍കുട്ടിയെ രണ്ട് കാലിലും പിടിച്ച് വലിച്ചു കീറണമെന്ന് പറഞ്ഞയാളാണ് പിണറായിയുടെ നവോത്ഥാന നായകനെന്ന് വന്നാല്‍ പിന്നെ നമ്മള്‍ എന്താണ് പറയേണ്ടത്? നേരെ തിരിച്ച് ഇവരോട് ആരോടെങ്കിലും ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കാന്‍ പോയാല്‍ ഇവര്‍ എന്തൊക്കെ പറയും. പിന്നെ പിണറായിക്ക് നവോത്ഥാനത്തെ പറ്റി പറയാന്‍ എന്ത് യോഗ്യതയാണുള്ളത്? മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ലംഘിക്കുന്നവര്‍ എങ്ങനെയാണ് നവോത്ഥാനം കൊണ്ടുവരുന്നത്?

https://www.azhimukham.com/kerala-cp-sugathan-of-hindu-parliament-speaking-on-sabarimala-and-other-issues-to-kr-dhanya/

https://www.azhimukham.com/trending-cp-sugathan-hindu-parliament-leader-not-fit-for-a-progressive-movement-like-women-wall-gireesh-writes/

https://www.azhimukham.com/newswrap-pinarayi-vijayan-a-devil-converts-sugathan-debate-on-women-wall-continues-saju/

https://www.azhimukham.com/kerala-sabarimala-women-entry-vellappally-speaking/

Next Story

Related Stories