TopTop
Begin typing your search above and press return to search.

വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും യുവതികള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോലും തയ്യാറാണെന്നുമാണ് ഇന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ പറഞ്ഞിരിക്കുന്നത്. അയ്യപ്പന്‍ തങ്ങളുടെ കുടുംബാംഗമാണ് അംഗത്തിന് ദുരന്തം വന്നാല്‍ അതില്‍ നിന്നും രക്ഷിക്കാനും സംരക്ഷിക്കാനും ഏതറ്റം വരെ പോകാനും വേണ്ടിവന്നാല്‍ ജീവത്യാഗം ചെയ്യാനും തങ്ങള്‍ തയ്യാറാണെന്നാണ് ഇന്ന് നടന്ന അയ്യപ്പമഹാസംഗമത്തില്‍ ശശികുമാര വര്‍മ്മ പറഞ്ഞത്.

താന്‍ തയ്യാറാണെന്നല്ല തങ്ങള്‍ എന്നാണ് അദ്ദേഹം ഇവിടെ പറഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മറ്റ് രാജകുടുംബാംഗങ്ങളെ മാത്രമാണോ അതോ എല്ലാ അയ്യപ്പ ഭക്തന്മാരെയും ഉദ്ദേശിച്ചാണോ ഇങ്ങനെ പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിന്റെ അറസ്റ്റില്‍ കലാശിച്ചതും സമാനമായ ഒരു വെളിപ്പെടുത്തലായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിക്കാതെ വന്നാല്‍ തങ്ങള്‍ക്കൊരു പ്ലാന്‍ ബി ഉണ്ടായിരുന്നെന്നും ഇരുപതോളം പേരാണ് സന്നിധാനത്ത് കൈ മുറിച്ച് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ തയ്യാറെടുത്തിരുന്നതെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. രക്തമോ മൂത്രമോ വീഴ്ത്തുന്നതോടെ ക്ഷേത്രം അശുദ്ധമാകുകയും അടച്ചിട്ട് ശുദ്ധികലശം നടത്തേണ്ടി വരുമെന്നുമുള്ളതായിരുന്നു പദ്ധതിയുടെ അടിസ്ഥാനം. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ നടത്തിയ ഈ വെളിപ്പെടുത്തലില്‍ ആ സമയത്ത് താനവിടെയുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. അതായത് ഭക്തരായ ഇരുപതോളം പേരാണ് പ്ലാന്‍ ബി നടപ്പാക്കാന്‍ അവിടെ തയ്യാറായി നിന്നിരുന്നത്. തന്ത്രിമാരുടെ കൂട്ടത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം ശബരിമല ധര്‍മ്മ സേന എന്ന സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഇയാളുടെ ആ പത്രസമ്മേളനം കാണുന്ന ആര്‍ക്കും മനസില്‍ തോന്നുന്ന ചോദ്യം ഇയാളെന്ത് മണ്ടനാണെന്നത് മാത്രമാണ്. രാഹുല്‍ ഈശ്വറിനോ തന്ത്രി കുടുംബത്തിനോ രാജകുടുംബത്തിനോ യാതൊരു മുടക്കുമില്ലാതെ വല്ലവരുടെയും കൈ മുറിച്ച് കാര്യം സാധിക്കുകയായിരുന്നു ഈ പ്ലാന്‍. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ഭക്തരുടെ വികാരം ആളിക്കത്തിച്ചുകൊണ്ടിരുന്ന രാഹുല്‍ ഈശ്വര്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയതോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇതിനിടെ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപാ രാഹുല്‍ നാളെ പത്രസമ്മേളനം നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. രാഹുലിന് ആദ്യം ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോള്‍ രാഹുല്‍ എന്ത് തെറ്റാണ് ചെയ്തത് ട്രാക്ടറില്‍ ടാര്‍പ്പോളിന്‍ കൊണ്ട് മൂടി കൊണ്ടുപോകേണ്ട കാര്യമെന്താണെന്നൊക്കെ ചോദിച്ച് ദീപ ഫേസ്ബുക്കില്‍ ലൈവ് വന്നിരുന്നു. കണ്ണീരോടെയുള്ള ഈ ചോദ്യങ്ങള്‍ക്ക് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പോലീസ് പിന്നെന്ത് ചെയ്യുമെന്ന് അന്ന് പലരും ചോദിച്ചതാണ്. രാഹുലിന്റെ രണ്ട് അറസ്റ്റിന് പിന്നിലുമുള്ള കാരണങ്ങള്‍ അന്വേഷിച്ച് ഇയാള്‍ ചര്‍ച്ചയ്ക്ക് പോയ ചാനല്‍ പരിപാടികളുടെ വീഡിയോ മാത്രം പരിശോധിച്ചാല്‍ മതി. ഓരോന്നിലും എന്തുമാത്രം കലാപാഹ്വാനങ്ങളാണ് ഉള്ളത്. ദീപയും മോശമല്ല. ഒരു ചര്‍ച്ചയ്ക്കിടെ ദീപയുടെയും രാഹുലിന്റെയും വിവാഹം ആചാര പ്രകാരമാണോയെന്ന് സന്ദീപാനന്ദഗിരി ചോദിച്ചിരുന്നു. ഒരു ബ്രാഹ്മണന്‍ നായര്‍ സ്ത്രീയെ വിവാഹം കഴിച്ചാല്‍ ആചാരപ്രകാരം അത് വിവാഹമല്ലെന്നും സംബന്ധമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചപ്പോള്‍ സന്ദീപാനന്ദഗിരിയെ താനൊരു സന്യാസിയായി അംഗീകരിക്കുന്നില്ലെന്നും പി കെ ഷിബുവെന്നേ വിളിക്കൂ എന്നാണ് ദീപ മറുപടി നല്‍കിയത്. പിന്നീട് പല ചര്‍ച്ചകളിലും സന്ദീപാനന്ദഗിരി ഷിബുവെന്ന് വിളിച്ച് ആക്ഷേപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ച സംഭവത്തിന് ശേഷം പുറത്ത് വച്ച റീത്തില്‍ പി കെ ഷിബുവെന്നാണ് എഴുതിയിരുന്നത്.

ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കേണ്ടത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി വിശ്വാസികളെ ഇളക്കിവിട്ട് കലാപമുണ്ടാക്കുകയാണ് രാഹുല്‍ ഈശ്വറും ശശികുമാര വര്‍മ്മയും ചെയ്തത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ശബരിമലയുടെ ആചാരത്തിന്റെ പേര് പറഞ്ഞ് ഭക്തരെ ഇറക്കുകയായിരുന്നു അവര്‍. ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന സര്‍ക്കാരിനോട് ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നാണ് അന്ന് ശശികുമാര വര്‍മ്മ പറഞ്ഞത്. 'സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ 1949ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനുള്ള അവകാശമുണ്ട്. ആവശ്യമെങ്കില്‍ അത് സ്വീകരിക്കാന്‍ കൊട്ടാരം മടിക്കില്ല' എന്നൊക്കെയാണ് ശശികുമാര വര്‍മ്മ അന്ന് പറഞ്ഞത്. എന്നാല്‍ കവനന്റ് പന്തളം രാജകുടുംബവുമായിട്ടല്ല, പകരം തിരുവിതാംകൂര്‍ രാജകുടുംബവുമായിട്ടാണെന്ന വസ്തുത മറന്നിട്ടാണ് ഇത്തരത്തില്‍ ഭക്തരെ ഇളക്കിവിടാന്‍ രാജഭരണത്തിന്റെ ഗതകാലസ്മൃതികളില്‍ ജീവിക്കുന്ന ഇദ്ദേഹം ഇറങ്ങിത്തിരിച്ചത്.

സവര്‍ണ-അവര്‍ണ വേര്‍തിരിവുണ്ടാക്കി ആളുകളെ തമ്മിലടിപ്പിക്കാനാണ് ശ്രമമെന്നും ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞിരുന്നു. രാജാവില്ലാത്തിടത്ത് എന്തിനാണ് മന്ത്രിയെന്നായിരുന്നു ശശികുമാര വര്‍മ്മയുടെ മറ്റൊരു ചോദ്യം. രാജകുടുംബത്തിന് ക്ഷേത്രം അടച്ചിടാനുള്ള അധികാരമുണ്ടെന്ന ശശികുമാര വര്‍മ്മയുടെ വീരവാദം കേട്ടപ്പോള്‍ പല മന്ത്രിമാരും അദ്ദേഹത്തെ ഇത് രാജഭരണമല്ല ജനാധിപത്യ ഭരണമാണെന്ന് ഓര്‍മ്മിപ്പിക്കുകയുണ്ടായി. എന്നാല്‍ രാജകുടുംബത്തെ അധിക്ഷേപിക്കുന്ന നിലപാടാണ് നേതാക്കന്മാര്‍ക്കെന്നും തങ്ങള്‍ മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ടില്ലെന്നുമാണ് ശശികുമാര വര്‍മ്മ മറുപടി പറഞ്ഞത്. അപ്പോഴും തങ്ങള്‍ ഇവിടുത്തെ മറ്റേതൊരു പൗരനെയും പോലെ വോട്ടവകാശമുള്ള ഒരു പ്രജ മാത്രമാണെന്ന് അദ്ദേഹം സമ്മതിക്കാന്‍ തയ്യാറല്ല.

നവംബറില്‍ നട തുറക്കുമ്പോള്‍ വിശ്വാസികള്‍ ആത്മഹത്യ ചെയ്തിട്ടായാലും ശബരിമലയിലേക്ക് യുവതികള്‍ കയറുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയും നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മനസിലായി ആര് ആത്മഹത്യ ചെയ്യുമെന്നാണ് ശശി രാജാവും ഉദ്ദേശിക്കുന്നതെന്ന്. ജനങ്ങളെ ഭക്തിയുടെ പേര് പറഞ്ഞ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഇവര്‍ക്കെതിരെയും എത്രയും വേഗം കേസെടുക്കുകയാണ് ഈഘട്ടത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്.

https://www.azhimukham.com/offbeat-sabarimala-women-entry-pandalam-royal-family-documents-proves-their-claims-are-false-on-the-right-on-temple-writes-amal-c-rajan/

https://www.azhimukham.com/kerala-nilakkal-sabarimala-ayyappan-and-tribal-malampandaram-relation-and-women-entry-controversy-report-krishna/

https://www.azhimukham.com/offbeat-thazhamon-matom-and-kerala-brahmin-history-when-rahul-easwar-makes-noise-on-sabarimala/

https://www.azhimukham.com/offbeat-history-of-padalam-royal-family-writes-ttsreekumar/

https://www.azhimukham.com/newsupdate-malayaraya-tribals-approach-supremecourt-claiming-ownership-sabarimala-temple/

Next Story

Related Stories