TopTop
Begin typing your search above and press return to search.

തള്ളരുത് പി.സി, ആളറിയാം

തള്ളരുത് പി.സി, ആളറിയാം

പൂഞ്ഞാര്‍ എംഎല്‍എ പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് വല്ലാത്തൊരു അവസ്ഥയിലാണിപ്പോള്‍. നില്‍ക്കണോ ഓടണോ എന്ന് തിരിയാത്ത അവസ്ഥ. കൈയ്യിലിരുപ്പും ആ വലിയ നാവും തന്നെയാണ് നമ്മുടെ പുപ്പുലിയെ ഇങ്ങനെ ഒരവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. വീരവാദങ്ങള്‍ മുഴക്കിയും കയ്യടി കിട്ടാന്‍ വേണ്ടി എന്തും വിളിച്ചുപറഞ്ഞും ഭൂമി കുലുക്കി മദിച്ചു നടന്നിരുന്ന ഈ കൊലകൊമ്പന്‍ വെട്ടിലായത് നടന്‍ ദിലീപിനെ പിന്തുണയ്ക്കാനുള്ള തത്രപ്പാടിനിടയില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ ആഭാസം ചൊരിഞ്ഞതിനെ തുടര്‍ന്നാണ്. തൊടുപുഴയില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു പി.സി യുടെ ഈ ആഭാസ ഭാഷണം.

സംഗതി കുഴപ്പമായെന്നായപ്പോള്‍ പി.സി വിശദീകരണവുമായി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഈ വിശദീകരണം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെയായി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ഗായിക സയനോര ഫിലിപ്പിനും ഉള്ള മറുപടി എന്ന മട്ടില്‍ പി.സി ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ തന്റെ കുടുംബ മാഹാത്മ്യവും തോക്കിനോട് കുട്ടിക്കാലം മുതല്‍ക്കേ കമ്പം തോന്നാനുണ്ടായ കാരണവും ഒക്കെ വിശദമായി തന്നെ കുറിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ചാരക്കേസില്‍ കുടുക്കപ്പെട്ട ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി കോടതി വിധിച്ച തുകയുടെ ആദ്യ ഗഡു താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്നും കൈയ്യോടെ വാങ്ങി നമ്പി നാരായണന് നേരിട്ട് നല്‍കിയെന്ന അവകാശവാദവും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊരു തള്ള് മാത്രമാണെന്ന് നമ്പി നാരായണന്റെ നിഷേധ പ്രസ്താവനയിലൂടെ ഇന്നലെ വ്യക്തമായി. ഇന്നലെ ഏഷ്യാനെറ്റ് ചര്‍ച്ചക്കിടയിലാണ് നമ്പി നാരായണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നമ്പി നാരായണന്‍ തന്റെ വാദം നിഷേധിച്ചിട്ടും ഉരുണ്ടു കളിക്കുന്ന പി.സിയെയാണ് ചര്‍ച്ചയിലുടനീളം കണ്ടത്.

നടിക്കെതിരെ നടത്തിയ ആഭാസ ഭാഷണത്തെ ന്യായീകരിക്കാനുള്ള ശ്രമവും പൊളിഞ്ഞതോടെ ശുദ്ധഗതിക്കാരനായ തന്നെ എല്ലാവരും ചേര്‍ന്ന് ക്രൂശിക്കാന്‍ ശ്രമിക്കുകയാണെന്ന വാദവും ഉയര്‍ത്താന്‍ മറന്നില്ല പുപ്പുലി. താന്‍ ഒരു സത്യക്രിസ്ത്യാനിയാണെന്നു ഫേസ്ബുക്കില്‍ കുറിച്ച ആള്‍ പിന്നെന്തിനാണ്, കുറ്റക്കാരനല്ലെന്നു താന്‍ തന്നെ ആണയിടുന്ന ജോസ് തെറ്റയിലിനെ കുടുക്കാന്‍ ശ്രമിച്ച യുവതിക്ക് മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ നിന്നും കൈക്കൂലി പണം വാങ്ങി കൊടുത്തത് എന്ന ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ല പി.സിക്ക്. ഇനിയിപ്പോള്‍ ഈ പണവും പി.സി ഇടപെട്ടാണോ നല്‍കിയതെന്ന് അറിയണമെങ്കില്‍ ആ യുവതി പ്രതികരിക്കണം. ഒരു പക്ഷെ അതും ഉടനെ ഉണ്ടായിക്കൂടായ്കയില്ല.

എങ്കിലും എന്റെ പി.സി തള്ള് കുറച്ചു കൂടുന്നുണ്ട്. കരുണ, ചെറുവള്ളി എസ്‌റ്റേറ്റ് ഉടമകള്‍ക്കും സ്ത്രീ പീഡകര്‍ക്കുമൊക്കെ വേണ്ടിയുള്ള വാദം നിറുത്തി എംഎല്‍എ പണിയെങ്കിലും വൃത്തിയായി ചെയ്‌താല്‍ മതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories