UPDATES

ട്രെന്‍ഡിങ്ങ്

മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ വച്ച് ഇവരെ സൂക്ഷിക്കുകയെന്ന് സന്ദേശം: സംഘപരിവാര്‍ പേജുകളിലെ നുണപ്രചരണങ്ങള്‍ തുടരുന്നു

ശബരിമല സമരത്തെ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ നടക്കുന്നത്

ശബരിമലയിലെ സമരം കലാപമായി മാറുമ്പോള്‍ സംഘപരിവാര്‍ പേജുകളില്‍ അതിന് ഊര്‍ജ്ജം പകരുന്ന വ്യാജ പ്രചരണങ്ങളും ശക്തിപ്രാപിക്കുന്നു. ഏഷ്യാനെറ്റിലെ സി പി അജിതയെ പോലുള്ള വനിതാ മാധ്യമപ്രവര്‍ത്തകരുടെയും ശബരിമല സമരം സജീവമായി റിപ്പോര്‍ട്ട് മറ്റ് മാധ്യമപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ തയ്യാറാക്കി ഇവരെ സൂക്ഷിക്കുക എന്ന സന്ദേശവും പ്രചരിക്കുന്നുണ്ട്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഈ മാധ്യമപ്രവര്‍ത്തകരാണെന്നും ഇവരെ സൂക്ഷിക്കണമെന്നുമാണ് സന്ദേശങ്ങള്‍. ഇവര്‍ക്കെതിരെ ആക്രമണം നടത്തണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട് ചിലര്‍.

മാധ്യമങ്ങളില്‍ ഏഷ്യാനെറ്റിനെ പ്രത്യേകം ടാര്‍ജറ്റ് ചെയ്തുള്ള നീക്കം ഇതിനകം ശബരമലയിലും പരിസര പ്രദേശത്തും ആരംഭിച്ചിട്ടുണ്ട്. കെ ജി കമലേഷിനെയും അജിത്ത് കുമാറിനെയും വളഞ്ഞു വച്ച അക്രമികള്‍ തങ്ങള്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ന്യൂസ് 18 ചാനലിലെ ലല്ലു, സനീഷ് തുടങ്ങിയവരുടെ ചിത്രങ്ങളും ഇത്തരത്തില്‍ സംഘപരിവാര്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ നിലയ്ക്കല്‍ നിന്നും വടശേരിക്കരയിലേക്ക് പോകുന്ന വഴിയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞ് ഏഷ്യാനെറ്റിലെ ആരെങ്കിലും അതിലുണ്ടോയെന്നറിയാനുള്ള പരിശോധന ആരംഭിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ആരെങ്കിലും ഉണ്ടോയെന്ന് എടുത്ത് ചോദിച്ചാണ് വാഹന പരിശോധന. ശബരിമലയില്‍ ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍മാരെ കാണുന്നിടത്ത് വച്ച് തല്ലി നടുവൊടിക്കണമെന്നാണ് മറ്റൊരു ഫ്രീ തിങ്കേഴ്‌സ് എന്ന പേജില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ശബരിമലയില്‍ ഏഷ്യാനെറ്റ് കലാപമുണ്ടാക്കുന്നുവെന്നാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പടച്ചുവിടുകയാണെന്നും ഫേസ്ബുക്കും ജനം ടി വിയുമാണ് സത്യം തങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ഫ്രീതിങ്കേഴ്‌സില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആരോപിക്കുന്നു. പോലീസുകാര്‍ ഭക്തരെ തല്ലുന്നതും ഹെല്‍മറ്റ് എടുത്തുകൊണ്ട് പോകുന്നതുമെല്ലാം തങ്ങള്‍ അറിഞ്ഞത് ഫേസ്ബുക്കിലൂടെയും ജനം ചാനലിലൂടെയുമാണെന്ന് ഇയാള്‍ പറയുന്നു. മറ്റ് മാധ്യമങ്ങള്‍ ആര്‍എസ്എസ് ആണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പറയുന്നുവെന്നും ഭക്തരെ അക്രമികളായി ചിത്രീകരിക്കുകയാണെന്നുമാണ് ഇയാള്‍ കണ്ടെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ്, ന്യൂസ് 18, കൈരളി, 24 ന്യൂസ്, റിപ്പോര്‍ട്ടര്‍, മാതൃഭൂമി എന്നീ മാധ്യമങ്ങളെ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുണ്ട്. ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ശബരിമലയിലും പരിസരപ്രദേശത്തുമുണ്ടായ ഗുണ്ടാ ആക്രമണങ്ങള്‍ ഈ പേജുകളില്‍ നിന്നുമുള്ള ആഹ്വാനങ്ങളില്‍ നിന്നും ഉണ്ടായതാണ്. ദ പാട്രിയോട്ട്, കാവിപ്പോരാളി, കേരള ഹിന്ദു കമ്മ്യൂണിക്കേഷന്‍, ഫ്രീ തിങ്കേഴ്‌സ്, കാവിക്കൂട്ടുകാര്‍ എന്നീ ഗ്രൂപ്പുകളും വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, അഭിലാഷ് വിജയന്‍ തുടങ്ങിയ വ്യക്തികളുമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ദ പാട്രിയോട്ട് പോലുള്ള പേജുകളിലുടെയും വ്യക്തികളുടെ പേജുകളിലൂടെയുമാണ് ഈ പ്രചരണങ്ങള്‍. ശബരിമലയിലെ അയ്യപ്പഭക്തന്മാരെ ഹിന്ദു വിരുദ്ധനും ക്രിസ്ത്യാനിയുമായ ഐജി മനോജ് എബ്രഹാമാണ് അടിച്ചോടിച്ചത് എന്നതാണ് പ്രചരിക്കുന്ന മറ്റൊരു സന്ദേശം. വിശ്വാസികളെ നേരിടാന്‍ പോപ്പുലര്‍ ഫ്രണ്ടുകാരെയും ഇറക്കിയെന്ന വ്യാജ വാര്‍ത്തയും ഇറങ്ങിയിട്ടുണ്ട്. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ കാമ്പെയ്‌നിംഗാണ് പിന്നെയുള്ളത്.

എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെയുള്ള പ്രചരണങ്ങളും ഈ പേജുകളില്‍ നടക്കുന്നുണ്ട്. സംഘപരിവാര്‍ നിലയ്ക്കലില്‍ അന്വേഷിക്കുന്നത് രാജ്യം കത്തിക്കാനുള്ള ചൂട്ടുകറ്റയാണെന്ന ഹരിഷിന്റെ പ്രസ്താവനയാണ് സംഘപരിവാര്‍ അനുകൂലികളെ പ്രകോപിതരാക്കിയിരിക്കുന്നത്. കൂടാതെ റിവ്യൂ ഹര്‍ജിയുടെ കാര്യം പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറ്റിക്കുകയാണെന്നും ആ ഹര്‍ജി കോടതി തള്ളുമെന്നും അതുകൊണ്ട് തന്നെ ജനരോഷം തണുക്കരുതെന്നുമാണ് മറ്റൊരു പ്രചരണം. തൃപ്തി ദേശായി വന്നതായി അറിയുന്നുവെന്നും ഇന്ന് രാത്രിയില്‍ ശബരിമലയിലെത്തുമെന്നും കരുതിയിരിക്കണമെന്നുമാണ് മറ്റൊരു സന്ദേശം.

ജനശദാബ്ദി എക്‌സ്പ്രസില്‍ പതിവിലും അധികം സ്ത്രീകള്‍ കയറിയിട്ടുണ്ടെന്നും ഇവര്‍ ശബരിമലയിലേയ്ക്കുള്ളവരാണെന്നും ഒരു സന്ദേശത്തില്‍ പറയുന്നു. ഇവരെ കോട്ടയത്ത് തടയണമെന്നും ആഹ്വാനമുണ്ട്. ശബരിമല സമരത്തെ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ നടക്കുന്നത്. സമരം കലാപാന്തരീക്ഷത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആളുകള്‍ കൂടുതല്‍ പ്രകോപിതരാകുമെന്ന് ഉറപ്പ്.

“ഞാന്‍ മതം പറയുകയല്ല, ക്രിസ്ത്യാനിയായ ഒരു പൊലീസുകാരനാണ് അയ്യപ്പന്മാരെ തല്ലിയത്”: ശ്രീധരന്‍ പിള്ള

സണ്ണി എം കപിക്കാട് പറയുന്നു; ഭരണഘടന സംരക്ഷിക്കുക എന്നു പറയുന്നതുപോലും ഇക്കാലത്ത് വിപ്ലവമാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍