UPDATES

ട്രെന്‍ഡിങ്ങ്

മോഹന്‍ ഭഗവതിന്റെ വാക്കുകളില്‍ തെളിയുന്നത് സമാന്തര സൈന്യമെന്ന ആര്‍എസ്എസിന്റെ രഹസ്യ അജണ്ട: മുഖ്യമന്ത്രി പിണറായി

സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്

മോഹന്‍ ഭഗവതിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് രാജ്യത്തെ സമാന്തര സൈന്യമാകുകയെന്ന ആര്‍എസ്എസിന്റെ രഹസ്യ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐക്യം തച്ചുടയ്ക്കാനും അക്രമങ്ങളും സംഹാരങ്ങളും നടത്താനായാണ് ഇത്തരം സമാന്തര സൈന്യങ്ങള്‍ രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈന്യത്തെ വിലകുറച്ച് സംസാരിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി.

ഇന്ത്യന്‍ സൈന്യം ആറേഴ് മാസം കൊണ്ട് ചെയ്യുന്നത് ആര്‍എസ്എസ് മൂന്ന് ദിവസം കൊണ്ട് ചെയ്യുമെന്നാണ് മോഹന്‍ ഭഗവത് കഴിഞ്ഞ് ദിവസം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈന്യം നടത്തുന്ന തയ്യാറെടുപ്പുകള്‍ക്ക് ആറ് ഏഴ് മാസം വേണം. ഞങ്ങളുടേത് ഒരു സൈനിക സംഘടനയല്ലെങ്കിലും ഞങ്ങള്‍ക്ക് അതിന് മൂന്ന് ദിവസം മതി. അതാണ് ആര്‍എസ്എസിന്റെ കരുത്ത് എന്നായിരുന്നു ഭഗവതിന്റെ വാക്കുകള്‍. ഇതിനെതിരെ പൊതു സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. ഫേസ്ബുക്കില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പിണറായി പോസ്റ്റിട്ടിരിക്കുന്നത്. പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

“ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യും എന്ന മോഹന്‍ ഭാഗവത്തിന്റെ വീമ്പുപറച്ചില്‍ ദുരുപദിഷ്ടവും ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതുമാണ്. രാജ്യത്തിനായി പോരാടുന്നതിനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളില്‍ രൂപീകരിക്കാന്‍ ആര്‍എസ്എസിനു സാധിക്കുമെന്നാണ് ആ സംഘടനയുടെ മേധാവി പറയുന്നത്. അതിനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും സാഹചര്യം വന്നാല്‍ അതിന് മുന്നിട്ടിറങ്ങുമെന്നും ബിഹാറില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഭാഗവത് പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആര്‍എസ്എസ് എന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന പ്രസ്താവനയാണിത്. സമാന്തര സൈന്യം രൂപീകരിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ത്തുതരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നത്. ഹിറ്റ്‌ലറുടെ ജര്‍മ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് മുസ്സോളിനിയില്‍ നിന്ന് സംഘടനാ രീതിയും നാസികളില്‍നിന്ന് ക്രൌര്യവും കടംകൊണ്ട ആര്‍എസ്എസ് ശ്രമിക്കുന്നത്.

സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭാഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നത്. അപകടകരവും അന്പരപ്പിക്കുന്നതുമായ പ്രസ്താവന പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്‍എസ്എസ് തയാറാകണം. ഇന്ത്യന്‍ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് ഗവര്‍മെന്റിന്റെ നിലപാടെന്തന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണം.

ഭാഗവതിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആര്‍എസ്എസ് നല്‍കിയ വിശദീകരണം പോലും ഇന്ത്യന്‍ സേനയെ ഇകഴ്ത്തുന്നതും അതിനേക്കാള്‍ അച്ചടക്കം ആര്‍എസ്എസിനാണ് എന്ന് സ്ഥാപിക്കാന്‍ശ്രമിക്കുന്നതുമാണ്. അതിനെയാണോ പ്രധാനമന്ത്രി അനുകൂലിക്കുന്നത്എന്നറിഞ്ഞാല്‍ കൊള്ളാം”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍