TopTop
Begin typing your search above and press return to search.

ദിലീപിന്റെ കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്

ദിലീപിന്റെ കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകുകയും 85 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്ത നടന്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന പരാതി ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ എക്‌സ്പ്രസ് കേരളയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം അസാധാരണമായ ഈ നടപടി ദിലീപിനെതിരെ കുറ്റപത്രം നല്‍കാനൊരുങ്ങുന്ന അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുകയാണ്. എഡിജിപി ബി സന്ധ്യ, മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കേസില്‍ അകപ്പെടാന്‍ കാരണമെന്നാണ് ദിലീപിന്റെ പ്രധാന ആരോപണം. യാതൊരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ അടച്ചിതിനെതിരെ നീതി ആവശ്യപ്പെട്ട് ദിലീപിന് വേണ്ടി ഫെഫ്ക ഭാരവാഹിയായ സലീമാണ് പ്രധാനമന്ത്രിയെ സമീപിച്ചത്. ഈ പരാതിയിലാണ് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ ഇടപെടല്‍ കേരള സര്‍ക്കാരിനെയും ഞെട്ടിക്കുന്നതാണെന്നും എക്‌സ്പ്രസ് കേരള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ദിലീപ് ആരോപിച്ചിരുന്നു. ഏപ്രില്‍ പത്തിന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ നാദിര്‍ഷയെ വിഷ്ണു എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ പള്‍സര്‍ സുനി പറഞ്ഞിട്ടാണെന്ന് പറഞ്ഞ് വിളിച്ചെന്നാണ് ലോക്‌നാഥ് ബഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കേസില്‍ ദിലീപിന്റെ പേര് പറയാന്‍ സിനിമ രംഗത്തെ ചിലര്‍ സുനിയെ നിര്‍ബന്ധിക്കുന്നുണ്ടെന്നാണ് വിഷ്ണു പറഞ്ഞത്. രണ്ട് നടന്മാരുടെയും ഒരു നടിയുടെയും ഒരു സംവിധായകന്റെയും പേര് പറഞ്ഞു. ഇത് റെക്കോര്‍ഡ് ചെയ്ത് നാദിര്‍ഷ തനിക്ക് അയച്ചു തന്നു. ഡിജിപി ലോക്‌നാഥ് ബഹ്‌റയെ അന്നുതന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചതാണ്. കൂടാതെ വോയിസ് ക്ലിപ്പ് വാട്‌സ് ആപ്പിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു.

പിന്നീട് ഷൂട്ടിംഗ് തിരക്കിനിടയിലും അപ്പുണ്ണിയ്ക്ക് വന്നത് അടക്കമുള്ള ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ഏപ്രില്‍ 18, 20, 21 തിയതികളില്‍ ഡിജിപിയെ വിളിച്ച് അറിയിച്ചതാണ്. വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെയും നല്‍കി. ഏപ്രില്‍ 16ന് പ്രൊഫ. ഡിങ്കന്‍ എന്ന ചിത്രത്തിന്റെ പൂജാചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡിജിപിയോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പരാതി നല്‍കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഏപ്രില്‍ 20ന് സഹോദരീ ഭര്‍ത്താവ് സൂരജ് മുഖേന ഇമെയില്‍ വഴിയും ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്ത് മുഖേന രേഖാമൂലമുള്ള പരാതിയും നല്‍കി. എന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി തയ്യാറായില്ലെന്നാണ് പരാതി.

തന്നെ ചോദ്യം ചെയ്തപ്പോള്‍ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനും താനും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞെന്നും എന്നാല്‍ ആ സമയത്ത് പോലീസ് ക്യാമറ ഓഫ് ആക്കുകയായിരുന്നുവെന്നും ദിലീപ് പറയുന്നു. ആദ്യ ഭാര്യ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഈ സമയം സംശയം ഉന്നയിച്ചിരുന്നു. അത്രയും നേരം ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നെങ്കിലും ഈ ഘട്ടത്തില്‍ ക്യാമറ ഓഫ് ചെയ്യുകയായിരുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ള ശ്രീകുമാറും തിയറ്റര്‍ ഉടമകളുടെ സമരം പരാജയപ്പെട്ടതോടെ ലിബര്‍ട്ടി ബഷീറും തനിക്കെതിരെ തിരിഞ്ഞതിനെക്കുറിച്ചും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

കൂടാതെ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പറഞ്ഞ മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ദിലീപ് പറയുന്നുണ്ട്. മഞ്ജുവിന് തന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സന്ധ്യ സഹായിക്കുകയായിരുന്നെന്നാണ് പരാതി. തനിക്കെതിരായ അന്വേഷണ നടപടികളെക്കുറിച്ച് അന്വേഷണസംഘ തലവന്‍ ദിനേന്ദ്ര കശ്യപിന് അറിവില്ലായിരുന്നുവെന്നും ദിലീപ് ആരോപിക്കുന്നു.

ദിലീപിന്റെ ഈ ആരോപണങ്ങളെല്ലാമാണ് ഫെഫ്ക ഭാരവാഹി സലീം പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ പരാതിയിലാണ് തുടര്‍നടപടി ഉണ്ടായിരിക്കുന്നത്.


Next Story

Related Stories