Top

പിഎന്‍ബി തട്ടിപ്പ്; ആരാണ് വിപുല്‍ അംബാനി? ഏറെ വിശേഷപ്പെട്ട ഒരു ധനിക ബന്ധത്തിന് നിരവ് മോദിക്ക് അയാള്‍ സഹായകമായോ?

പിഎന്‍ബി തട്ടിപ്പ്;  ആരാണ് വിപുല്‍ അംബാനി? ഏറെ വിശേഷപ്പെട്ട ഒരു ധനിക ബന്ധത്തിന് നിരവ് മോദിക്ക് അയാള്‍ സഹായകമായോ?
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതിയായ വജ്രവ്യാപാരി നീരവ് മോദിക്ക് അംബാനി കുടുംബവുമായുള്ള ബന്ധം ഇപ്പോള്‍ പുതിയ ചോദ്യങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഈവര്‍ഷം ജനുവരി 23ന് ദാവോസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം നിന്ന് ചിത്രമെടുക്കാന്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ വ്യാപാരികളുടെ കൂട്ടത്തില്‍ നീരവ് മോദിയുമുണ്ടായിരുന്നു. അതിയാള്‍ ഇന്ത്യ വിട്ടശേഷം നടന്നതായിരുന്നു. തങ്ങളെ കബളിപ്പിച്ച നിരവിനെതിരേ പിഎന്‍ബി സിബിഐക്ക് പരാതി നല്‍കിയതിനും മുന്നേ തന്നെ അയാള്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഇത്രവലിയൊരു തട്ടിപ്പുകാരന് പ്രധാനമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കഴിഞ്ഞതിനു പിന്നിലെ ചോദ്യങ്ങളുമായി കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വരികയും തട്ടിപ്പുകാരനായ ഒരു രത്‌നവ്യാപാരിയും പ്രധാനമന്ത്രിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവായി ഈ ചിത്രം അവര്‍ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പ്രധാനമന്ത്രി മോദിയോട ഏറെ അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന അംബാനി കുടുംബത്തിനും നിരവ് മോദിയുമായി ബിസിനസ് ബന്ധങ്ങളുണ്ടോ എന്നതാണ് വിപുല്‍ അംബാനിയുടെ അറസ്റ്റിലൂടെ മറ്റൊരു വഴിയില്‍ ഉയര്‍ന്നിരിക്കുന്ന ചര്‍ച്ച. രാജ്യത്തെ വലിയ സമ്പന്നന്മാരായ അംബാനി കുടുംബം ഏതൊക്കെ വന്‍കിട വ്യാപാരികള്‍ അഴിമതിയിലോ ക്രമക്കേടുകളിലോ കുടുങ്ങിയാലും അതില്‍ നിന്നൊക്കെ ഒഴിഞ്ഞു നില്‍ക്കുന്നതാണ് ഇക്കാലമത്രയും കണ്ടു വന്നിരുന്നത്. എന്നാല്‍ വിപുലിന്റെ അറസ്റ്റിലൂടെ നീരവ് മോദിയും അംബാനി കുടുംബവും തമ്മിലുള്ള ബന്ധവും ചര്‍ച്ചയാകുമ്പോള്‍, അതിനൊരു മാറ്റം വരികയാണ്.

നീരവ് മോദിയുടെ ഇളയ സഹോദരനും ബിസിനസ് പാര്‍ട്ണര്‍മാരില്‍ ഒരാളുമായ നിശാല്‍ മോദി വിവാഹം കഴിച്ചിരിക്കുന്നത് മുകേഷ് അംബാനിയുടെ മരുമകള്‍ ഇഷെത സാല്‍ഗോക്കറെയാണ്. വധൂവരന്മാര്‍ക്കായി മുകേഷ് 2016ല്‍ തന്റെ ബഹുനില കൊട്ടാരമായ ആന്റില്ലിയയില്‍ വമ്പന്‍ വിരുന്നൊരുക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച അറസ്റ്റിലായ വിപുല്‍ റിലയന്‍സ് സ്ഥാപകനും മുകേഷിന്റെ പിതാവുമായ ധീരൂഭായ് അംബാനിയുടെ സഹോദരന്‍ നാഥൂഭായ് അംബാനിയുടെ മകനാണ്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയില്‍ നിന്നും കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ വിപുല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊജക്റ്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് ഗ്രൂപ്പില്‍ ആണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയില്‍ നിന്നും റിയല്‍സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായി ഉയരുകയും 1993 വരെ ആ പദവിയില്‍ തുടരുകയും ചെയ്തു. പിന്നീടയാള്‍ മറ്റു ചില സ്ഥാപനങ്ങളിലായി ജോലി ചെയ്തു. 2009 വരെ ടവര്‍ ക്യാപിറ്റല്‍ ആന്‍ഡ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച വിപുല്‍ അവിടെ നിന്നും കരോക്‌സ് ടെക്‌നോളജി ലിമിറ്റിഡില്‍ എത്തി ഡയറക്ടര്‍ പദവി സ്വീകരിച്ചു. 2012 ഒക്ട്‌ബോര്‍ ഒന്നിന് കോണ്‍ടാംഗോ ട്രേഡിംഗ് ആന്‍ഡ് കമ്മോഡിറ്റി പ്രൈവറ്റ് ലിമിറ്റഡില്‍ ചേര്‍ന്ന വിപുല്‍ രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് നിരവ് മോദിയുടെ കൈകകളില്‍ എത്തുന്നത്.

http://www.azhimukham.com/india-nirav-modi-and-indian-plutocracy-pnb-scam/

അംബാനി കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് നീരവ് തന്റെ വജ്രാഭരണ കമ്പനിയായ ഫയര്‍സ്റ്റാറിന്റെ ഫിനാന്‍സ് വിഭാഗം പ്രസിഡന്റായി വിപുല്‍ അംബാനിയെ നിയമിച്ചതെന്നാണ് പറയുന്നത്. ഇത്തരം ധനിക ബന്ധങ്ങളും, കണക്കില്ലാത്ത രാഷ്ട്രീയ സംഭാവനകളും ആയപ്പോള്‍ നീരവ് മോദി ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ കയ്യിലെ കളിപ്പാവകളായ നിയമപാലന ഏജന്‍സികള്‍ക്ക് തൊടാന്‍ പറ്റാത്ത ഉയരങ്ങളിലെത്തി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേക്കും പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങള്‍ ചതിക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. ബാങ്ക് തന്നെ സമ്മതിക്കുന്ന പോലെ, അവരുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചതിനുശേഷം, നീരവ് മോദിയും അയാളുടെ അമ്മാവന്‍ മെഹുല്‍ ചോസ്‌കിയും നിയന്ത്രിച്ചിരുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ പണം ലഭിക്കുന്നതിന് വേണ്ടി, പുതിയ Letter of Undertaking നായി (വിദേശ ബാങ്കുകളില്‍ നിന്നുമുള്ള വായ്പക്കായി ബാങ്ക് നല്‍കുന്ന ജാമ്യച്ചീട്ട്) ബാങ്കിനെ വീണ്ടും സമീപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ പല കാരണങ്ങളാലും ബാങ്ക് മടിച്ചു. കാരണം അപ്പോഴേക്കും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവാന്‍ തുടങ്ങിയിരുന്നു. 11,500 കോടി രൂപയുടെ തട്ടിപ്പ് നാലാളറിയാതെ കൊണ്ടുനടക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് കഴിയാതെ വന്നുതുടങ്ങി. അതോടെ മോദി കുടുംബം മുഴുവനും ഇന്ത്യ വിട്ടു. മുകേഷ് അംബാനിയുടെ മരുമകള്‍ ഇഷെത സാല്‍ഗോക്കറെ കല്യാണം കഴിച്ച തന്റെ സഹോദരന്‍ നിശാല്‍ മോദിയുമൊത്ത് നീരവ് മോദി 2018 ജനുവരി ഒന്നിന് ഇന്ത്യ വിട്ടു.

http://www.azhimukham.com/trending-can-t-pay-you-now-look-for-other-jobs-nirav-modi-writes-to-employees/

2018 ജനുവരി 4ന് അയാളുടെ അമ്മാവന്‍ മെഹില്‍ ചോംസ്‌കിയും ഇന്ത്യയില്‍ നിന്നും പറന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍, യുഎസ് പൗരയായ നീരവിന്റെ ഭാര്യ അമിയും ഇന്ത്യയില്‍ നിന്നും കടന്നു. ഇപ്പോഴിതാ, ചൊവ്വാഴ്ച വൈകുന്നേരത്തോടെ സിബിഐ വിപുല്‍ അംബാനിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് ത്ട്ടിപ്പില്‍ പ്രതികളോ കൂട്ടാളികളോ ആയ ആരെയും വെറുതെ വിടില്ലെന്ന സര്‍ക്കാര്‍ നിലപാടായി വിപുല്‍ അംബാനിയുടെ അറസ്റ്റിനെ ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ, രാജ്യം അറിയേണ്ട ചില ബിസിനസ് ബന്ധങ്ങളെയും ഈ അറസ്റ്റ് ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്.


Next Story

Related Stories