TopTop

എത്ര വിമർശിച്ചാലും കുഴപ്പമില്ല, അഗതി മന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കില്ല, എനിക്കതിന് എന്റേതായ കാരണങ്ങളുണ്ട്; ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിക്കുന്നു

എത്ര വിമർശിച്ചാലും കുഴപ്പമില്ല, അഗതി മന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കില്ല, എനിക്കതിന് എന്റേതായ കാരണങ്ങളുണ്ട്; ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിക്കുന്നു
കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ സഹോദരന്‍ അവശനിലയില്‍ തെരുവില്‍. പറവൂര്‍ ചുള്ളിക്കാട്ട് ചന്ദ്രനെയാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കടത്തിണ്ണയില്‍ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍, വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുകയായിരുന്നു ഇദ്ദേഹം. കാന്‍സര്‍ രോഗിയാണ് ജയചന്ദ്രന്‍.

പറവൂര്‍ പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് അഗതി മന്ദിരത്തിലെത്തിച്ച ഇദ്ദേഹത്തെ കാണാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരണമെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ സന്ദീപ് പോത്താനി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. സന്ദീപ്, സല്‍മ സജിന്‍ എന്നീ സാമൂഹ്യപ്രവര്‍ത്തകരാണ് പറവൂര്‍ നഗരസഭാ ചെയര്‍മാര്‍ രമേഷ് കുറുപ്പിന്‍റെ അഭ്യര്‍ത്ഥനപ്രകാരം ഇദ്ദേഹത്തെ അഗതിമന്ദിരത്തിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചതിന് ശേഷം നടന്‍ സലീം കുമാര്‍ വഴി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ബന്ധപ്പെട്ടുവെന്നും ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചതെന്നും സന്ദീപിന്‍റെ കുറിപ്പില്‍ പറയുന്നു.

അന്തരിച്ച എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ സഹോദരനോട് വികാരക്ഷോഭത്താല്‍ പൊട്ടിത്തെറിച്ച അത്രയും മനുഷ്യത്യപരമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയിട്ടുള്ള, ആഴത്തില്‍ കവിതകള്‍ കുറിക്കുന്ന കവിക്ക് സഹോദരന്‍റെ വിഷമത്തില്‍ ഉള്ള് നോവാതിരിക്കില്ലെന്ന് ഉറപ്പാണെന്നും, താങ്കള്‍ അങ്ങനെ പറയില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ക്കുന്നു.  കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതിമന്ദിരത്തിലാണ് ജയചന്ദ്രന്‍ ഇപ്പോഴുള്ളത്.

സഹോദരന്‍ തെരുവിലെത്തിയതും ഈ അവസ്ഥയിലായതും ഇന്നലെയാണ് താന്‍ അറിയുന്നതെന്നും വര്‍ഷങ്ങളായി കുടുംബാംഗങ്ങളുമായി ബന്ധമില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് അഴിമുഖത്തോട് പറഞ്ഞു. സലീം കുമാര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അഷിതയോട് കുട്ടിക്കാലം മുതലേ അഗാധമായ മാനസിക ബന്ധമുണ്ട്. കുടുംബാംഗങ്ങളുമായി അങ്ങനെയല്ല. വര്‍ഷങ്ങളായി യാതൊരു ബന്ധവും അവരോടില്ല. അഗതിമന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കുമോ എന്ന ചോദ്യത്തോട് വ്യക്തിപരമായി സഹോദരനില്‍ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, വിമര്‍ശനങ്ങള്‍ ഉണ്ടാകാമെങ്കില്‍ തന്നെയും താനതിന് തയ്യാറല്ലെന്നും ചുള്ളിക്കാട് പ്രതികരിച്ചു.

പ്രതികരണത്തിന്‍റെ പൂര്‍ണ്ണരൂപം

'വളരെ ചെറുപ്പത്തിലേ വീട് വിട്ടു പോന്ന ആളാണു ഞാന്‍. എനിക്ക് കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ല. യാതൊരു തരത്തിലുള്ള മാനസിക അടുപ്പവുമില്ല. ഈ പറയുന്ന വ്യക്തിയെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായി. ഞാനനുഭവിച്ചത് അറിയാത്ത ലോകമല്ലേ എന്നെ വിമര്‍ശിക്കുന്നത്. എത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും കുഴപ്പമില്ല. ഈ സഹോദരന്‍ എന്ന് പറയുന്ന ആളുള്‍പ്പെടെ എന്നോട് ചെയ്തത് എനിക്ക് മാത്രമല്ലേ അറിയൂ. സഹോദരന്‍റെ കാര്യത്തില്‍ ഞാന്‍ ഇടപെടുന്നില്ല, ഏറ്റെടുക്കുന്നില്ല എന്ന വിമര്‍ശനമുണ്ടെങ്കില്‍ അത് ശരിയാണ്. സത്യവും അസത്യവുമായ എന്ത് വിമര്‍ശനവും എനിക്കെതിരെയാകാം. ഞാനൊരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ആളല്ല. പണിയെടുത്താണ് ജീവിക്കുന്നത്. ഇയാളില്‍ നിന്നുള്‍പ്പെടെ എനിക്കുണ്ടായ അനുഭവങ്ങള്‍ ലോകത്തിനറിയില്ല. ഇയാള്‍ ഇന്ന് ഈ അവസ്ഥയിലെത്താന്‍ ഉണ്ടായ കാരണവും എനിക്കറിയില്ല. ഞങ്ങള്‍ രണ്ടു പേരുടെ ഭാഗത്ത് നിന്നും കോണ്‍ടാക്ട് ചെയ്യല്‍ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കണ്ടിട്ട് തന്നെ അനേകം വര്‍ഷങ്ങളായി.


പുറത്ത് നിന്ന് നോക്കുന്ന ഒരാള്‍ക്ക് സഹോദരന്‍ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ഞാന്‍ ഏറ്റെടുക്കേണ്ടതാണ്, നോക്കേണ്ടതാണ് എന്ന് തോന്നാം. പക്ഷേ ഞാനത് ചെയ്യില്ല, എനിക്കതിന് എന്‍റേതായ കാരണങ്ങളുണ്ട്", ചുള്ളിക്കാട് അഴിമുഖത്തോട് പ്രതികരിച്ചു.

ദിവസങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന ജയചന്ദ്രന്‍റെ ആരോഗ്യനില, പരിചരണവും ഭക്ഷണവും കിട്ടിയതിനെ തുടര്‍ന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനാല്‍ അഗതി മന്ദിരം തന്നെ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്.

ചുള്ളിക്കാട്ട് ജയചന്ദ്രനെ അഗതി മന്ദിരത്തില്‍ എത്തിച്ച ശേഷം സന്ദീപ് പോത്താനി  പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളക്കാടിന്,

താങ്കളുടെ സ്വന്തം അനിയൻ എന്നവകാശപ്പെടുന്ന പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് അമീപത്തെ ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി അറിഞ്ഞിരുന്നോ ?

ഭക്ഷണം കഴിക്കാതെ അവശനിലയില്‍ വിസർജ്ജങ്ങളിൽ കിടന്നിരുന്ന അദ്ദേഹത്തെ പറവൂർ പോലീസും ജീവകാരുണ്യ പ്രവർകത്തകരും ചേർന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനിമാ നടനായ സലിം കുമാറിനെ കൊണ്ട് താങ്കളെ വിളിപ്പിച്ചിരുന്നു.

ഇദ്ദേഹത്തെ ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് താങ്കൾ പറഞ്ഞതായാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾക്കറിയാം താങ്കൾക്കങ്ങിനെ പറയാനാവില്ലെന്ന്. കാരണം അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് താങ്കൾ വികാരക്ഷോഭത്താൽ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്വപരമായ നിരവധി സാമൂഹിക ഇടപെടലുകളും ആഴത്തിൽ കവിതകൾ കുറിക്കുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്.

അങ്ങിനെയുള്ള കവിക്ക് തന്റെ സഹോദരന്റെ സങ്കടത്തിൽ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ആരോരുമില്ലാത്ത ആ മിണ്ടാപ്രാണിയെ ഞങ്ങൾ ഏറ്റെടുത്ത് കൊടുങ്ങലൂരിലെ വെളിച്ചം അഗതി മന്ദിരത്തിൽ എത്തിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തിൽ ഇതുവരെ ഈ സഹോദരൻ ഒരുപകാരവും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും കഴിയുമെങ്കിൽ വന്നു കാണണം. പറ്റുമെങ്കിൽ അല്പനേരം അടുത്തിരിക്കണം. കാൻസർ അടക്കമുള്ള മാരക രോഗങ്ങളാൽ വലയുന്ന അദ്ദേഹത്തിനത് ഒരു ആശ്വാസമാകും. ഉറപ്പായും വരണം.

സ്നേഹത്തോടെ സന്ദീപ് പോത്താനി
ഫോൺ : 9745043009, 9061161555Explainer: ക്രൂരപീഡനങ്ങളേറ്റ് കൊല്ലപ്പെട്ടത് നാലായിരത്തിലധികം തദ്ദേശീയ സ്ത്രീകൾ: ലോകം ഉറ്റുനോക്കിയ കനേഡിയൻ വംശഹത്യയുടെ കുറ്റപത്രം

Next Story

Related Stories