TopTop
Begin typing your search above and press return to search.

ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ കണ്ടത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിനു കാരണമെന്ന് വിദ്യാര്‍ഥി; പിതാവ് സദാചാര പോലീസ് കളിച്ചതാണെന്ന് എസ്ഐ

ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ കണ്ടത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിനു കാരണമെന്ന് വിദ്യാര്‍ഥി; പിതാവ് സദാചാര പോലീസ് കളിച്ചതാണെന്ന് എസ്ഐ

കോഴിക്കോട്, കോളേജ് വിദ്യാര്‍ത്ഥിയെ പൊലിസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. എന്നാല്‍ തനിക്കെതിരെ വ്യാജപരാതിയാണ് നല്‍കിയതെന്നും സദാചാര പൊലിസ് ചമഞ്ഞ് തന്നെ അക്രമിക്കുകയായിരുന്നുവെന്നും എസ് ഐ പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് എരിഞ്ഞിപ്പാലം സ്വദേശിയും കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ഥിയുമായ അജയ് ടി വിക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കുന്നത്. മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയും മൂന്ന് പൊലീസുകാരുമാണു തന്നെ മര്‍ദ്ദിച്ചതെന്നാണ് അജയ് പറയുന്നത്. രാത്രി പത്തുമണി കഴിഞ്ഞ് ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ എസ്.ഐ യെ കാണാനിടയായപ്പോള്‍ തന്റെ പിതാവ് കാര്യം തിരക്കിയതാണ് സംഭവത്തിന്റെ തുടക്കം. കാര്യം അന്വേഷിച്ചറിയാന്‍ ശ്രമിച്ച പിതാവിനെ എസ് ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അജയ് അഴിമുഖത്തോട് പറഞ്ഞു. ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജയ് സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നതിങ്ങനെ:

''എന്റെ വീടിന്റെ തൊട്ടടുത്താണ് എരഞ്ഞിപ്പാലം കെയര്‍വെല്‍ ലേഡീസ് ഹോസ്റ്റല്‍. രാത്രി പത്തു-പത്തരയോടെ ഹോസ്റ്റലിന്റെ ഗേറ്റിനടുത്തു നിന്ന് പോലീസ് യൂണിഫോമില്‍ ഉള്ള ഒരാള്‍ അവിടുത്തെ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് അച്ഛനാണ് കണ്ടത്. അസമയത്ത് ലേഡീസ് ഹോസ്റ്റലിനു മുന്‍പില്‍ ഒരു പോലീസുകാരനെ കണ്ടപ്പോള്‍ എന്താ കാര്യം എന്ന് അന്വേഷിക്കുക മാത്രമേ അച്ഛന്‍ ചെയ്തുള്ളൂ. പോലീസിനെ ചോദ്യം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നോ എന്നും ചോദിച്ചുകൊണ്ട് അയാള്‍ അച്ഛനെ ഉച്ചത്തില്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. അതുകേട്ടാണ് ഞാനും അമ്മയും വീടിനു പുറത്തേക്ക് വന്നത്. അയാളെക്കാള്‍ ഒരുപാട് പ്രായത്തിന് മുതിര്‍ന്ന എന്റെ അച്ഛനോട് ഇത്രയും മോശം ഭാഷയില്‍ സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ 'സാറിട്ട ഈ കാക്കിയുടെ നിലവാരമെങ്കിലും വാക്കുകളില്‍ കാണിക്കണം' എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും അയാള്‍ വിളിച്ചു വരുത്തിയ ഒരു പോലീസ് ജീപ്പ് അവിടേക്ക് വന്നിരുന്നു. പൊലീസുകാരെ മര്യാദ പഠിപ്പിക്കാന്‍ മാത്രം 'നീ വളര്‍ന്നോ ഊളേ' എന്നും ചോദിച്ചു കൊണ്ട് ജീപ്പില്‍ വന്നിറങ്ങിയ മൂന്ന് പൊലീസുകാര്‍ എന്റെ കൈ രണ്ടും പിന്നിലേക്ക് പിടിച്ച് കെട്ടി. എസ്.ഐ. കൈമുട്ട് മടക്കി, നിര്‍ത്താതെ എന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. കൈകള്‍ രണ്ടും കൂട്ടികെട്ടിയതിനാല്‍ എനിക്കൊന്ന് അനങ്ങാനോ തിരിയാനോ കഴിഞ്ഞില്ല. കരയാന്‍ മാത്രമേ കഴിഞ്ഞുള്ളു. പിന്നെ അവര്‍ എന്നെ ജീപ്പിനകത്തേക്ക് എടുത്തെറിഞ്ഞു. എന്റെ കഴുത്ത് കുത്തിപ്പിടിച്ച് മുകളിലേക്കുയര്‍ത്തി. എല്ലാവരും ചേര്‍ന്ന് കഴുത്തിന്റെ പിന്‍ഭാഗം കമ്പിയില്‍ അമര്‍ത്തിപ്പിടിച്ചു. ഇതു കണ്ട് എന്റെ അമ്മയും ചേച്ചിയും ഉറക്കെ നിലവിളിച്ചു. എന്നെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച അവരെ രണ്ടുപേരെയും മോശം വാക്കുകള്‍ വിളിച്ചാണ് അവര്‍ തടഞ്ഞത്. സ്ത്രീകള്‍ ആണെന്ന് പോലും വിചാരിക്കാതെ ഒട്ടും സഭ്യമല്ലാത്ത വാക്കുകളാണ് പൊലീസുകാര്‍ ഉപയോഗിച്ചത്. എന്റെ ശരീരത്തിനുണ്ടാക്കിയ വേദനയേക്കാളും എന്നെ വേദനിപ്പിച്ചത് അമ്മയേയും പെങ്ങളേയും അപമാനിച്ചതാണ്''

അജയ് തുടരുന്നു; ''ഞങ്ങളുടേത് ഒരു കൂട്ടു കുടുംബമാണ്. അച്ഛന്റെ സഹോദരന്റെ കുടുംബവും ഒപ്പമുണ്ട്. എല്ലാവരുടെയെല്ലാം മുന്നില്‍ വെച്ചാണ് എന്നെ മര്‍ദ്ദിച്ചത്. എന്റെ ഏട്ടന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഏട്ടനെ വിളിക്കാന്‍ അച്ഛന്‍ പോയ സമയത്താണ് എന്നെ മര്‍ദ്ദിച്ചത്. എന്നെ ജീപ്പിലിട്ടു കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ അമ്മ പൊലീസ് ജീപ്പിനു മുന്നില്‍ പോയി കിടന്നു. അതിനവര്‍ അമ്മയെ അസഭ്യം പറഞ്ഞു. ഈ സമയം ചേട്ടനും നാട്ടുകാരും അവിടെയെത്തി. ഇതോടെ ജീപ്പില്‍ നിന്നും എന്നെ തള്ളി താഴെയിട്ടിട്ട് പൊലീസ് കടന്നു കളയുകയായിരുന്നു. സാരമായി മര്‍ദ്ദനമേറ്റ എന്നെ അന്ന് രാത്രി തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഞാന്‍ ചെയ്ത തെറ്റെന്താണ്? എന്റെ അമ്മയെയും പെങ്ങളേയും ചീത്ത വാക്കുകള്‍ വിളിക്കാന്‍ ഒരു പോലീസുകാരന് എങ്ങനെ ധൈര്യം വന്നു? ഇത്ര മാത്രമേ എനിക്ക് ചോദിക്കാനുള്ളു" - അജയ് ചോദിക്കുന്നു.

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിപ്പെട്ട അജയുടെ ജ്യേഷ്ഠനോട് പരാതി സ്വീകരിക്കാന്‍ പ്രത്യേക അനുമതി വേണമെന്നും അല്ലാത്തപക്ഷം സ്വീകരിക്കാന്‍ കഴിയില്ല എന്നുമാണ് നടക്കാവ് പോലീസ് പറഞ്ഞത്. പ്രശ്നത്തില്‍ എസ് ഐ ഉള്‍പെട്ടതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നതര്‍ ശ്രമങ്ങള്‍ ഉണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം വാര്‍ത്തയായതോടെ നടക്കാവ് പോലീസ് മൊഴിയെടുക്കാന്‍ പിന്നീട് വന്നതായും ബന്ധുക്കള്‍ അഴിമുഖം പ്രതിനിധിയോട് പറഞ്ഞു. ചൈല്‍ഡ് ലൈനിലും അജയ് പരാതിപെട്ടിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

അതെസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വാസ്തവമല്ലെന്നാണ് മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ള പറയുന്നത്.

''ഇതു തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമാണ്. ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റലാണ് കെയര്‍ വെല്‍. അവളെ കാണാനാണ് ഡ്യൂട്ടി കഴിഞ്ഞ് അതുവഴി പോയത്. ഗേറ്റിനു പുറത്ത് നിന്ന് അവളോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. അപ്പോള്‍ ഈ പയ്യന്റെ (അജയ്) അച്ഛന്‍ എന്നെ വന്ന് ചോദ്യം ചെയ്തു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യാസക്തിയില്‍ അയാള്‍ സദാചാര പൊലീസ് ചമയുകയാണുണ്ടായത്. ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ രാത്രി ഒരു പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി പരമാവധി അയാളെ ഒഴിവാക്കാന്‍ നോക്കിയതാണ്. പക്ഷേ അയാള്‍ വിടാതെ ചോദ്യം ചെയ്യാന്‍ വരുകയായിരുന്നു.

ഈ കുടുംബത്തിന് എന്നോടൊരു മുന്‍വൈരാഗ്യം ഉള്ളതാണ്. അജയുടെ സഹോദരനെ ഒരിക്കല്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി മാര്‍ച്ചിനിടെ എനിക്ക് അറസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഒരവസരം കിട്ടിയപ്പോള്‍ അവര്‍ വ്യക്തി വിദ്വേഷം കാണിക്കുകയാണ്. ഞാന്‍ ആ പയ്യനെ മര്‍ദ്ദിച്ചിട്ടില്ല. ഇത് തീര്‍ത്തും വ്യാജമായ വാര്‍ത്തയാണ്. ആ പയ്യന്റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ സാരമായി ഒന്നും പറ്റിയിട്ടില്ലെന്ന് മനസിലാക്കാം"- ഹബീബുള്ള അഴിമുഖം പ്രതിനിധിയോട് പറഞ്ഞു.


Next Story

Related Stories