ട്രെന്‍ഡിങ്ങ്

അപര്‍ണ ശിവകാമിയുടെ വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ്; പ്രതിപ്പട്ടികയില്‍ അപര്‍ണയും

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്ത സമ്മേളനം നടത്തിയതിന്റെ പേരില്‍ അപര്‍ണയുടെ വീട് ആക്രമിച്ച കേസില്‍ ഇതുവരെ പ്രതികളെ പിടികൂട്ടിയില്ല

ശ്രീഷ്മ

ശ്രീഷ്മ

അപര്‍ണ ശിവകാമിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയതിനെത്തുടര്‍ന്നായിരുന്നു അപര്‍ണയുടെ കോഴിക്കോട്ടെ വീടിനു നേരെ ആക്രമണമുണ്ടായത്. ഇതില്‍ പ്രതിഷേധമറിയിക്കാനായി കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒന്‍പതു പേരെ പ്രതിയാക്കിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്. ആക്രമണം നേരിട്ട അപര്‍ണയും പ്രതിഷേധം നടത്തിയ കേസില്‍ പ്രതിയാണ്.

നവംബര്‍ 22 പുലര്‍ച്ചെയാണ് അപര്‍ണയുടെ വീടിനു നേരെ ആക്രമണമുണ്ടാകുന്നത്. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും അപര്‍ണയുടെ മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നവംബര്‍ 23നാണ് ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തുന്നത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നിന്നുമാരംഭിച്ച് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലേക്ക് ജാഥ നടത്തുകയും കൂടിയിരുന്ന് പ്രതിഷേധമറിയിക്കുകയുമായിരുന്നു സംഘം.

വീടിനെതിരെ ആക്രമണമുണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസ് പ്രതികളെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പ്രതിഷേധം നടത്തിയെന്ന കുറ്റത്തിന് അപര്‍ണയെയടക്കം പ്രതിചേര്‍ത്ത് കേസെടുത്ത നടപടിക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. പ്രതിഷേധപരിപാടിക്ക് പൊലീസിന്റെ അനുമതിയില്ലായിരുന്നോ എന്ന് സംശയമുണ്ടെന്നും, എന്നാല്‍ ജാഥയില്‍ പങ്കെടുക്കാത്ത താനടക്കമുള്ളവരെ പ്രതിചേര്‍ത്തിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും അപര്‍ണ ശിവകാമി പറയുന്നു.

കൃത്യനിര്‍വഹണത്തിനു തടസം വരുത്തിയെന്ന കാരണത്തിനാണ് കോഴിക്കോട് പൊലീസ് കേസെടുത്തിട്ടുള്ളതെന്നാണ് അറിഞ്ഞത്. അന്ന് നടന്ന മാര്‍ച്ച് സമാധാനപരമായിരുന്നു. മറ്റു പ്രശ്‌നങ്ങളൊന്നും തന്നെയില്ലായിരുന്നെങ്കിലും പ്രതിഷേധത്തിന് പൊലീസിന്റെ അനുമതിയുണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അങ്ങനെയാണെങ്കില്‍ത്തന്നെ പൊതുവഴിയിലൂടെ ജാഥ നടത്തുന്നതിനല്ലേ അനുമതി വേണ്ടതുള്ളൂ. അതില്‍ പങ്കെടുത്തവര്‍ക്കെതിരെയല്ലേ അങ്ങിനെയെങ്കില്‍ കേസ് വരാന്‍ പാടുള്ളൂ. ഇതിപ്പോള്‍ ജാഥയിലൊന്നും പങ്കെടുക്കാത്തവരുടെ പേരടക്കം പ്രതിചേര്‍ത്തിട്ടുണ്ട്. നടക്കാന്‍ വയ്യാത്തതിനാല്‍ ഞാന്‍ അന്ന് ജാഥയില്‍ ചേരാതെ നേരെ ബസ് സ്റ്റാന്റില്‍ എത്തുകയാണുണ്ടായത്. എന്നിട്ടും എനിക്കെതിരെ കേസെടുത്തിട്ടുണ്ട്.’

പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന സുല്‍ഫത്ത്, അംബിക, വിജി, ജസീല എം.കെ., പി.ടി ഹരിദാസ്, ശ്രീകുമാര്‍, രജീഷ് കൊല്ലക്കണ്ടി, കരുണാകരന്‍ എം.വി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുള്ളതായി അപര്‍ണ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. അതേസമയം, അപര്‍ണയ്‌ക്കെതിരായ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ‘വീടാക്രമിച്ച വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്. മറ്റ് പുരോഗതിയൊന്നുമായിട്ടില്ല. ഒന്നു രണ്ടു വട്ടം വിളിച്ചപ്പോഴും അന്വേഷണം നടക്കുന്നുണ്ട് എന്നുമാത്രമേ അവര്‍ പറഞ്ഞുള്ളൂ. പ്രതികളെ കണ്ടെത്താനായിട്ടില്ല.’ അപര്‍ണ പറയുന്നു.

നേരത്തേ ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച രേഷ്മാ നിഷാന്ത് അടക്കമുള്ളവര്‍ വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ നേതൃസ്ഥാനത്ത് അപര്‍ണയുണ്ടായിരുന്നു. അപ്പോഴും പ്രസ്‌ക്ലബിനു പുറത്ത് നാമജപപ്രതിഷേധക്കാരുടെ സംഘര്‍ഷമുണ്ടായിരുന്നു. അതിനു തുടര്‍ച്ചയായായിരുന്നു അപര്‍ണയുടെ വീടിനു നേരെയുണ്ടായ ആക്രമണവും.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍