TopTop
Begin typing your search above and press return to search.

ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് നഷ്ടപ്പെടുത്തി: ലിഗയുടെ സഹോദരി

ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് നഷ്ടപ്പെടുത്തി: ലിഗയുടെ സഹോദരി

കോവളത്ത് കാണാതായി പിന്നീട് തിരുവല്ലത്തിനടുത്ത് കണ്ടല്‍ക്കാട്ടില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗയുടെ അന്വേഷണത്തില്‍ കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സഹോദരി ഇലീസ് സ്‌ക്രോമേന്‍ വീണ്ടും. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലും കേരള പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആവര്‍ത്തിക്കുകയായിരുന്നു അവര്‍.

കാണാതായ ഒരാളെ കുറിച്ചുള്ള അന്വേഷണത്തില്‍ ആദ്യത്തെ 24 മണിക്കൂര്‍ നിര്‍ണ്ണായകമാണ്‌. എന്നാല്‍ ഇവിടുത്തെ സിസ്റ്റം അതനുസരിച്ചല്ല പ്രവര്‍ത്തിച്ചത്. ലിഗയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാതെ ഞങ്ങളെ പല പോലീസ് സ്‌റ്റേഷനുകളിലേക്കും ഓടിക്കുകയാണ് അവര്‍ ചെയ്തത്. പത്ത് ദിവസത്തിന് ശേഷമാണ് നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറായത്. കൂടാതെ ലിഗയുടേത് ആത്മഹത്യയാണെന്ന പോലീസ് നിഗമനത്തിലും ഇലീസ് സംശയം പ്രകടിപ്പിച്ചു. മൃതദേഹം കിടന്ന സ്ഥലത്ത് ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് എത്തിച്ചേരാനാകില്ല. കൂടാതെ മൃതദേഹത്തോടൊപ്പം ലഭിച്ച ജാക്കറ്റും ഷൂസും ലിഗയുടേതല്ലെന്നും സഹോദരി ചൂണ്ടിക്കാട്ടുന്നു. മറ്റാരുടെയോ വസ്ത്രങ്ങളാണ് അതെന്നാണ് അവരുടെ വാദം. കൂടാതെ വിഷം കഴിച്ചതാണെന്ന പോലീസിന്റെ കണ്ടെത്തലിനെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. വിഷം കഴിച്ച ഒരാളുടെ രീതിയിലല്ല മൃതദേഹം കിടന്നതെന്നാണ് ഇലീസ് പറയുന്നത്. കൂടാതെ ആത്മഹത്യ ചെയ്യാന്‍ ലിഗയ്ക്ക് കേരളത്തിലേക്ക് വരേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും വിശദമായ അന്വേഷണം നടത്തുമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര പറയുന്നത്. ഇതിനായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരിക്കും വിശദമായ അന്വേഷണം. ലിഗയുടെ കുടുംബാംഗങ്ങളുടെ സംശയം പരിഗണിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസിന്റെ അന്വേഷണം കേരള പോലീസിന് ഒരു വെല്ലുവിളിയാണെന്നും ഒറ്റദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാകില്ലെന്നും ബഹ്ര കൂട്ടിച്ചേര്‍ത്തു. മുന്‍വിധിയോട് കൂടി പ്രതികരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം കേസ് പോലീസിന്റെ അഭിമാന പ്രശ്‌നമാണെന്നും വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധന നടത്തും. എത്ര സമയമെടുത്താലും സത്യം പുറത്തുകൊണ്ടുവരും. അതേസമയം അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥരോട് പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. വിദഗ്ധസംഘത്തിന്റെ അഭിപ്രായം കൂടി തേടി മാത്രമേ അന്തിമ നിഗമനത്തില്‍ എത്തിച്ചേരൂ.

വിദേശ വനിതയുടെ മരണം കൊലപാതകമാണെന്ന വാര്‍ത്ത പരന്നത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഒന്നടങ്കം നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് പരസ്യ വാചകവുമായി വിദേശികളെ ആകര്‍ശിക്കുന്ന കേരള സര്‍ക്കാര്‍ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ആരോപണം. അതേസമയം ഒന്നോ രണ്ടോ സംഭവം കൊണ്ട് കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ സുരക്ഷിതരല്ലെന്ന് പറയാനാകില്ലെന്ന് കേരള ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. ആലപ്പുഴയില്‍ മദ്യപസംഘം വിദേശ വനിതയെ ആക്രമിച്ചതും ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലവും ഇന്ന് വരാനിരിക്കുകയാണ്. അഴുകിയ അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് സഹോദരിയും ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഡിഎന്‍എ പരിശോധനയുടെ ഫലം ലഭിച്ച ശേഷം മാത്രമേ മരിച്ചത് ലിഗ തന്നെയാണെന്ന് ഉറപ്പിക്കാനാകൂവെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. ഇന്ന് വരാനിരിക്കുന്ന പരിശോധന ഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമാണ് മരണകാരണം വ്യക്തമാകുകയുള്ളൂ. അതോടൊപ്പം കോവളത്തോ മൃതദേഹം കണ്ട പ്രദേശത്തോ ലിഗയെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നതും ദുരൂഹതയുയര്‍ത്തുന്നു. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് ലിഗ എങ്ങനെ എത്തിച്ചേര്‍ന്നു എന്ന് കണ്ടെത്തിയാല്‍ തന്നെ മരണത്തിന് പിന്നിലെ ചുരുളഴിക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.

http://www.azhimukham.com/trending-mysterious-death-of-liga-skroman/


Next Story

Related Stories