UPDATES

ട്രെന്‍ഡിങ്ങ്

യെദിയൂരപ്പയെ ചതിച്ചു ‘ചൊവ്വ’യും ‘ശനി’യും

യെദിയൂരപ്പയുടെ ‘രാഷ്ട്രീയധാര്‍മ്മികത’ ചെങ്ങന്നൂരില്‍ ബിജെപിയെ വിജയിപ്പിക്കുമെന്ന് കുമ്മിയടി

കെ എ ആന്റണി

കെ എ ആന്റണി

ഒരു പഴയ ഗോപീകൃഷ്ണൻ കാർട്ടൂണിലേതു പോലെ തന്നെ കർണാടകത്തിൽ ബി എസ് യെദിയൂരപ്പ വീണ്ടും വടിയൂരിയപ്പ ആയി. ചൊവ്വ മുതൽ ശനി വരെ നീണ്ട കർണാടക രാഷ്ട്രീയ നാടകത്തിൽ യെദിയൂരപ്പയെ ചതിച്ചതു ചൊവ്വയോ അതോ ശനിയോ എന്ന് ആർക്കറിയാം. കവടി നിരത്തലുകാർക്കു ചൊവ്വയുടെ ദോഷത്തെക്കുറിച്ചും ശനിയുടെ അപഹാരത്തെക്കുറിച്ചും ഒരുപാട് പറയാനുണ്ടാകും. കർണാടകത്തിൽ മാത്രമല്ല നൂറു ശതമാനം സാക്ഷരതയെന്നും അന്ധവിശ്വാസത്തെ പടിക്കു പുറത്താക്കി എന്നൊക്കെ വീമ്പിളക്കുന്ന നമ്മുടെ കേരളത്തിലും അതൊക്കെ വിഴുങ്ങാൻ ആളിന് പഞ്ഞമുണ്ടാവില്ല, തീർച്ച.

ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന വാദവുമായാണ് യെദിയൂരപ്പ കർണാടകത്തിൽ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സഭയുടെ വിശ്വാസം നേടാൻ ഗവർണർ വാജുവായി വാല അനുവദിച്ച 15 ദിവസത്തെ ഇടവേള സുപ്രീം കോടതി വെട്ടിച്ചുരുക്കിയപ്പോഴും ആശ കൈവിടാതെ കാത്ത യെദിയൂരപ്പ വിശ്വാസ വോട്ടിനു കാത്തു നിൽക്കാതെ തടിയെടുത്തത് കുതിരക്കച്ചവടം നടക്കില്ലെന്നു മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ് എന്നറിയാൻ കവിടിയൊന്നും നിരത്തേണ്ടതില്ല. എങ്കിലും ഒരിക്കൽ പാർട്ടി വിട്ടു കർണാടക ജനപക്ഷ എന്ന പുതിയ പാർട്ടി രൂപീകരിച്ചു കന്നഡ മണ്ണിൽ ബി ജെ പിക്കു വലിയ വെല്ലുവിളി ഉയർത്തിയ യെദിയൂരപ്പയോടു കേന്ദ്ര നേതൃത്വത്തിന് വലിയ താല്പര്യം ഇല്ലെന്ന സൂചനകൾ നേരത്തെ തന്നെ ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ യെദിയൂരപ്പയുടെ മകന്റെ പേര് വെട്ടിയതടക്കമുള്ള ചില കാര്യങ്ങളാണ് ഇവരൊക്കെ ചൂണ്ടിക്കാണിച്ചതെങ്കിലും ഇത്തരം വിലയിരുത്തലുകൾക്കു തല്ക്കാലം ഇവിടെ വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും മുൻകൂട്ടി തീരുമാനിച്ച റാലിയുടെ എണ്ണം വർധിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകത്തിൽ നിറഞ്ഞാടിയതും പാർട്ടി അധ്യക്ഷൻ അമിത്ഷാ മുഴുവൻ സമയ പ്രവർത്തനം കർണാടകത്തിലേക്ക് കേന്ദ്രീകരിച്ചതും വെച്ച് നോക്കുമ്പോൾ. തിരെഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം മോദിയും അമിത്ഷായുമൊക്കെ അത് ആഘോഷമാക്കിയെന്നതും നേരത്തെ പരാമർശിച്ച രാഷ്ട്രീയ നിരീക്ഷണത്തെ അത്രകണ്ട് സാധൂകരിക്കുന്നില്ല.

കവടിക്കാരെയും നിരീക്ഷണ പടുക്കളേയും മാറ്റിനിറുത്തി ചിന്തിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം കർണാടകത്തിൽ കോൺഗ്രസ്സും ജെ ഡി എസും അവസരത്തിനൊത്തു ഉണർന്നു പ്രവർത്തിച്ചുവെന്നതും സുപ്രീം കോടതി അവർക്കൊപ്പം നിന്നുവെന്നതുമാണ്. കീരിയും പാമ്പും എന്നൊക്കെ അമിത് ഷാ വിശേഷിപ്പിച്ച ബി ജെ പി വിരുദ്ധ കക്ഷികൾ ഗോവയിലും ബിഹാറിലും മണിപ്പുരിലും മേഘാലയിലുമൊക്കെ ഒറ്റക്കക്ഷി ഭൂരിപക്ഷ സിദ്ധാന്തവുമായി മുന്നോട്ടു വന്നതും മോദിയെയും സംഘത്തെയും തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്നതും കാണാതെ പോകാൻ ആവില്ല. എന്തൊക്കെയായാലും രാത്രി പകലാക്കി ജനാധിപത്യത്തെ കാത്തു സൂക്ഷിക്കാൻ ഉന്നത നീതിപീഠം കാണിച്ച സന്മനസ്സിനെ എത്രകണ്ട് പ്രശംസിച്ചാലും അധികമാകില്ല.

വിശ്വാസ വോട്ടിനു കാത്തുനിൽക്കാതെ തടിയൂരിയ യെദിയൂരപ്പക്ക് മാത്രമല്ല മുന്നോട്ടു വെച്ച കാൽ പിന്നോട്ട് എടുക്കില്ലെന്നു ശാഠ്യം പിടിക്കുന്ന മോദിക്കും അമിത്ഷായ്ക്കും കൂടിയുള്ള തിരിച്ചടി തന്നെയാണ് ഇന്ന് കർണാടകത്തിൽ ഉണ്ടായത്. അങ്ങിനെ പറയുമ്പോഴും ജനാധിപത്യത്തെ വിലക്കെടുക്കുകയും കശാപ്പു ചെയ്യുകയും ചെയ്യുന്ന ബി ജെ പി വരും ദിനങ്ങളിൽ കർണാടകത്തിൽ വെറുതെ ഇരിക്കുമെന്ന് കരുതുന്നത് വെറുതെയാണെന്നു തോന്നുന്നു. നാഴികക്ക് നാല്പതു വട്ടം കാലു മാറാൻ സന്നദ്ധരായ ജനപ്രതിനിധികൾ ഉള്ളിടത്തോളം കാലം യെദിയൂരപ്പക്കും ബി ജെ പിക്കുമൊക്കെ ഇനിയും സാധ്യതകൾ ഏറെയാണ്.

ഏറെ രസകരം കർണാടകം വീണു ഇനിയിപ്പോൾ കേരളം എപ്പോൾ വീണുവെന്ന് ചോദിച്ചാൽ പോരേയെന്നു വീരവാദം മുഴക്കിയ കേരളത്തിലെ കുമ്മനാദികളുടെ പുതിയ ന്യായവാദമാണ്. ഇക്കണ്ട ദിവസമത്രയും ചാനലായ ചാനലുകളിൽ കയറി ഇരുന്നു കർണാടക ഗവർണറുടെ തീരുമാനത്തെ ന്യായീകരിച്ച ശിഷ്യഗണത്തെ കേൾക്കാഞ്ഞിട്ടാണോ ഇന്ന് സാക്ഷാൽ കുമ്മനം രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചാണ് യെദിയൂരപ്പ രാജിവെച്ചതെന്നു പറഞ്ഞതെന്ന് അറിയില്ല. എങ്കിലും ചാകുന്നതിനു മുൻപ് കേരളത്തിൽ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന കുമ്മനം ഒരു കാര്യം കൂടി പറഞ്ഞു; കർണാടകത്തിൽ യെദിയൂരപ്പ കാണിച്ച രാഷ്ട്രീയ ധാർമികത ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്. ഏതു അർഥത്തിലാണാവോ അദ്ദേഹം ഇത് പറഞ്ഞതെന്ന് അദ്ദേഹം തന്നെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം വിശദമാക്കുമെന്നു പ്രതീക്ഷിക്കാം. അപ്പോഴും ഒരു ചോദ്യത്തിനു കൂടി കേരളത്തിലെ കുമ്മിയടി സംഘം മറുപടി പറയേണ്ടതുണ്ട്. എന്തുകൊണ്ടാണ് ദേശീയ ഗാനാലാപനത്തിനിടയിൽ യെദിയൂരപ്പയും അനുയായികളും വിധാൻ സഭ വിട്ടിറങ്ങിയതെന്ന്. ദേശീയ ഗാനത്തിന്റെ കാര്യത്തിൽ സംഘികൾക്ക് പ്രത്യേക ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ടോയെന്നു അറിയാനാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്‌സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

കര്‍ണാടകം: ജനവിധികളുടെ മോഷണകല-ഹരീഷ് ഖരെ എഴുതുന്നു

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍