TopTop

രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധിയാണ് നേതാവെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരിക; കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ്-എന്‍ പ്രഭാകരന്‍

രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധിയാണ് നേതാവെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരിക; കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ്-എന്‍ പ്രഭാകരന്‍
കക്ഷിരാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയരുത് എന്നൊരു നിർദ്ദേശം രണ്ട് വർഷം മുമ്പ് ഞാൻ എനിക്കു തന്നെ നൽകിയിരുന്നു. ഇപ്പോഴും ആ നിർദ്ദേശത്തെ അപ്പാടെ അവഗണിക്കാൻ തീരുമാനിച്ചിട്ടില്ല.പക്ഷേ,ഒരു കേവല സാഹിത്യമാന്യനായി ജീവിക്കുന്നതിൽ മുമ്പെന്ന പോലെ ഇപ്പോഴും എനിക്ക് താൽപര്യമില്ല.

ശുദ്ധസാഹിത്യം ഓക്കാനമുണ്ടാക്കുന്ന ഒരു സാധനം തന്നെയാണ്. അങ്ങനെ മറ്റൊരാൾക്ക് തോന്നിയേക്കാവുന്ന കൃതികളെയും ഞാൻ ചരിത്രവുമായും സാമൂഹ്യാനുഭവങ്ങളുമായും മനുഷ്യപ്രജ്ഞയുടെ പല നേട്ടങ്ങളുമായും ചേർത്തുവെച്ചു തന്നെയാണ് വായിക്കാറുള്ളത്. ഓ,ഞാൻ സാഹിത്യം പറയാനല്ല രാഷ്ട്രീയം പറയാൻ തന്നെയാണ് പുറപ്പെട്ടത്.

കേരളത്തിലെ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ് എത്തിയിരിക്കുന്നത്. രാഹുൽ ഈശ്വർ അല്ല രാഹുൽഗാന്ധിയാണ് കോൺഗ്രസ്സിന്റെ നേതാവെന്ന് ഒരു കോൺഗ്രസ് എം.എൽ.എക്ക് തന്നെ സ്വന്തം പാർട്ടിക്കാരെ ഓർമിപ്പിക്കേണ്ടി വന്നത് മറ്റൊന്നുമല്ല തെളിയിക്കുന്നത്.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിക്കെതിരെയാണ് രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ അതിന്റെ അണികളെ ഇറക്കിവിട്ടുകൊണ്ടിരിക്കുന്നത്. ഈ വസ്തുത ശരാശരി ബുദ്ധിയുള്ള ആർക്കും വളരെ എളുപ്പത്തിൽ തിരിച്ചറിയാവുന്നതേയുള്ളൂ. ഇത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും മനസ്സിലാവുന്നുണ്ടാവുമെന്നതിൽ സംശയിക്കാനേയില്ല. അവരാരും മന്ദബുദ്ധികളല്ലെന്ന കാര്യം അറിയാത്തവരല്ലല്ലോ നമ്മളാരും. പക്ഷേ, ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അവരിൽ പലരും നടത്തുന്ന പ്രസ്താവനകൾ കേൾക്കേ ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികളായ മുഴുനാളുകളും അമ്പരക്കുകയും ലജ്ജിച്ചു തലതാഴ്ത്തിപ്പോവുകയും ചെയ്യുന്നുണ്ട്.

സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമം തകർത്ത സംഭവത്തെ കുറിച്ചുള്ള പ്രതികരണത്തിൽ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്റലിജനസ് ഏജൻസിയുടെ പരാജയത്തെപ്പറ്റി പറഞ്ഞ് സംസ്ഥാന ഗവൺമെന്റിനെ കുറ്റപ്പെടുത്താനാണ് വെമ്പൽ കൊണ്ടത്. അതിനിടയിൽ ആ അക്രമസംഭവത്തെ അപലപിക്കാൻ പോലും അദ്ദേഹം മറന്നുപോയി. ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് സംസ്ഥാനത്ത് സമാധാനം തകർക്കുന്നു എന്ന് മറ്റു ചില കോൺഗ്രസ് നേതാക്കൾ പ്രസംഗിക്കുന്നതും കേട്ടു. യാതൊരു സംശയത്തിനും ഇട നൽകാത്ത വിധം സുപ്രീം കോടതിവിധിക്കെതിരെ നിലപാടെടുത്ത് പരസ്യമായി അക്രമപ്രവർത്തനത്തിനിറങ്ങിയ ബി.ജെ.പിയെ രക്ഷിച്ചെടുക്കാൻ വേണ്ടി മാത്രമാണല്ലോ ഈ സന്ദർഭത്തിൽ ഇങ്ങനെ പ്രസംഗിക്കുന്നത്. ദൈനംദിന രാഷ്ട്രീയത്തിൽ പലപ്പോഴും ഇങ്ങനെ യഥാർത്ഥ വസ്തുതയെ പുറകിലേക്ക് തള്ളി തങ്ങളുടെ എതിരാളികളെ കല്ലെറിയാൻ പറ്റുന്ന സംഗതികൾ തിരഞ്ഞുപിടിക്കുന്ന തന്ത്രം കോൺഗ്രസ് മാത്രമല്ല മറ്റ് രാഷ്ട്രീയപ്പാർട്ടികളും മുമ്പ് പലപ്പോഴും പ്രയോഗിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തേത് പക്ഷേ അത്യന്തം അപകടകരമായ ഒരസാധാരണ സാഹചര്യമാണ്.

എല്ലാ നീതിബോധവും കൈവിട്ട് ജനജീവിതത്തെ നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് വലിക്കാനും ജാതി വ്യവസ്ഥയുടെ നെറികേടുകളെല്ലാം അതേ പടി തിരിയെ കൊണ്ടുവരാനും രാജ്യത്തെ വർഗീയമായി വിഭജിക്കാനും ബി.ജെ.പി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കാണ്. ഈ ഘട്ടത്തിൽ പോലും പഴയ അടവുരാഷ്ട്രീയം തന്നെ പയറ്റാൻ ശ്രമിക്കുന്നത് ഹീനമാണ്. പല കുറ്റാരോപണങ്ങളും സാധ്യമാണെങ്കിലും ഒരു മതേതര ജനാധിപത്യപ്പാർട്ടിയായി ഇത്രയും കാലം നിലനിന്ന പാർട്ടിയാണ് കോൺഗ്രസ്. പക്ഷേ, ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന പ്രവർത്തനശൈലിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞ കോൺഗ്രസ്സിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് അതിശക്തമാവാൻ ഏറെ താമസമൊന്നുമുണ്ടാവില്ല. ആ ഒഴുക്കിലേക്ക് വേരറ്റു വീഴാൻ കാത്തുനിൽക്കുന്ന വന്മരങ്ങൾ പാർട്ടിയിൽ ഒന്നും രണ്ടുമല്ലെന്ന അറിവ് പല സാധാരണ കോൺഗ്രസ്സുകാരുടെയും ഉറക്കം കെടുത്തുന്നുണ്ടാവും.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/opinion-sabarimala-protest-congress-bjp-and-modern-kerala-an-analysis-by-vishak/

https://www.azhimukham.com/newswrap-why-bjp-leaders-not-meet-governor-psathasivam-to-demand-dismissal-of-pinarayivijayan-government-writes-saju/

Next Story

Related Stories