TopTop
Begin typing your search above and press return to search.

അയ്യോ! ശനിയാഴ്ചയും അമാവാസിയും; കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികള്‍ പരിഭ്രാന്തിയില്‍

കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ തീയതികള്‍ പ്രഖ്യാപിച്ചത് വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. കാരണം, വേറൊന്നുമല്ല, തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് 12 ശനിയാഴ്ചയാണ്. വോട്ടെണ്ണല്‍ ദിവസമായ മേയ് 15 ആകട്ടെ അമാവാസിയും. രണ്ടു ദിവസവും ശുഭമല്ല. ഇതുതന്നെയാണ് കോണ്‍ഗ്രസിലെയും ബിജെപിയിലേയും ജനതാദള്‍ എസ്സിന്റെയുമെല്ലാം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ വിഷമത്തിലാക്കിയിരിക്കുന്നതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത അന്ധവിശ്വാസികളാണ് കര്‍ണാടകയിലെ രാഷ്ട്രീയക്കാരെന്നത് മുന്‍പ് തന്നെ പല വാര്‍ത്തകളിലൂടെ വ്യക്തമായതാണ്. അതുകൊണ്ട് തന്നെ നിയമസഭ തെരഞ്ഞെടുപ്പ് പോലെ ഏറെ നിര്‍ണായകമായൊരു കാര്യത്തില്‍ ശകുനവും ദോഷവും അവരെ ഏറെ ഭയപ്പെടുത്തുകയാണ്. ജനങ്ങളില്‍ ഉള്ളതിനെക്കാള്‍ ജ്യോതിഷത്തിലും ജ്യോത്സന്മാരിലും വിശ്വാസമുള്ളതിനാല്‍ പലരും കവടി നിരത്താനും പരിഹാരക്രിയകള്‍ ചെയ്യാനുമൊക്കെയായി ഓടുകയാണെന്നും പറയുന്നു.

ജ്യോതിഷത്തില്‍ അതീവ വിശ്വാസമുള്ള മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൗഡ തന്റെ കുടുംബ ജ്യോതിഷിയുമായി കൂടിയാലോചന നടത്തുകയും പ്രതിവിധികള്‍ ചെയ്തു തുടങ്ങിയെന്നുമാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. അമാവാസി ദിവസം ദുഷ്ടശക്തികള്‍ പാര്‍ട്ടിയുടെ പ്രതീക്ഷകളെ തകര്‍ക്കുമോ എന്നാണ് ഇന്ത്യ ഭരിച്ച ഒരു പ്രധാനമന്ത്രിയുടെ പേടി. ഗൗഡയുടെ മൂത്ത മകനും വാസ്തുവിലും ജ്യോതിഷത്തിലുമൊക്കെ അച്ഛനെക്കാള്‍ വലിയ വിശ്വാസിയുമായ എച്ച് ഡി രാവണ്ണ, കിട്ടാവുന്നതില്‍വച്ച് ഏറ്റവും മൂല്യം കൂടിയൊരു ജ്യോതിഷിയെ തമിഴ്‌നാട്ടില്‍ പോയി കണ്ടെത്തി തന്റെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസവും പ്രത്യേക ഹോമങ്ങള്‍ നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തങ്ങള്‍ ശരിയായ ഭക്തന്മാരാണെന്നും, കാലങ്ങളായി ദൈവവും ജനങ്ങളും തങ്ങള്‍ക്ക് ഒപ്പമാണെന്നും ആര്‍ക്കും ഞങ്ങളെ തകര്‍ക്കാന്‍ കഴിയില്ല എന്നുമാണ് എച്ച് ഡി രേവണ്ണ ന്യൂസ്18 നോട് പറയുന്നത്.

നിലവിലെ മുഖ്യമന്ത്രിയും വരുന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സിദ്ദരാമയ്യ ജ്യോതിഷത്തില്‍ എത്രത്തോളം വിശ്വാസിയാണെന്ന് അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ പാര്‍വതി സിദ്ദരാമയ്യ കടുത്ത മതവിശ്വാസിയാണെന്നാണ് ന്യൂസ് 18 പറയുന്നത്. ഭര്‍ത്താവിനും മകനും വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും കഴിക്കുന്ന തിരക്കിലാണിപ്പോള്‍ പാര്‍വതി. ചാമുണ്ടേശ്വരി മണ്ഡലത്തില്‍ നിന്ന് സിദ്ദരാമയ്യ ജനവിധി തേടുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ മണ്ഡലമായിരുന്ന വരുണയില്‍ നിന്നാണ് മകന്‍ ജനവിധി തേടുന്നത്.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും കര്‍ണാടകയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി എന്ന ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്ത ബിഎസ് യദ്യൂരപ്പയുടെ ഭക്തിയും വിശ്വാസവും അല്‍പ്പം കടന്നതാണെന്നാണ് മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നത്. ദുര്‍മന്ത്രവാദ പൂജയില്‍ പങ്കെടുത്തെന്ന പേരില്‍ യദ്യൂരപ്പ വാര്‍ത്തകളിലൊക്കെ നിറഞ്ഞു നിന്നിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് യദ്യൂരപ്പയുടെ വീട്ടില്‍ ഒരു നാഗ സന്ന്യാസി വന്നിരുന്നെന്നും അനുഗ്രഹം നേടുന്നതിനായി ബിജെപി നേതാവിന്റെ ക്ഷണപ്രകാരമാണ് സന്ന്യാസി വന്നതെന്നുമാണ് പറയുന്നത്. നാഗസന്ന്യാസിമാരുടെ കാല് തൊട്ട് വന്ദിച്ചാല്‍ രാഷ്ട്രീയവിജയം നേടാമെന്നൊരു വിശ്വാസം തന്നെ ഇവര്‍ക്കിടയില്‍ ഉണ്ടെന്നു പറയുന്നു.

ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നതിലും അമാവാസി ദിവസം വോട്ടെണ്ണല്‍ നടക്കുന്നതിലും തങ്ങള്‍ തീര്‍ത്തും നിരാശരാണെന്ന് സ്ഥനാര്‍ത്ഥികളില്‍ പലരും സമ്മതിക്കുന്നുണ്ട്. മുതിര്‍ന്നൊരു മന്ത്രി ന്യൂസ് 18 നോട് പറയുന്നത് തന്റെ ഭാര്യ ഒരു പ്രത്യേക പൂജ വീട്ടില്‍ തുടങ്ങിയെന്നും വോട്ടെണ്ണല്‍ ദിവസം വരെ അത് തുടരുമെന്നുമാണ്.

ഏതായാലും കര്‍ണാടകയിലെ ജ്യോതിഷികള്‍ എല്ലാം ഇപ്പോള്‍ തങ്ങളുടെ വി ഐ പി ഭക്തന്മാരുടെ തള്ളിക്കയറ്റം മൂലം ഭയങ്കര തിരക്കിലാണ്. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം പ്രതിവിധികളാണ് പറഞ്ഞുകൊടുക്കുന്നതും. ഈ തെരഞ്ഞെടുപ്പ് കൊണ്ട് ജ്യോത്സ്യന്മാരും പൂജാരികളുമൊക്കെയാണ് കോളടിച്ചിരിക്കുന്നത്. വോട്ടവകാശം വിനിയോഗിക്കുന്ന ജനങ്ങള്‍ക്ക് ഈ സ്ഥാനാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുന്നതില്‍ വലിയ പങ്കൊന്നും ഇല്ലാത്തപോലെയാണ് കാര്യങ്ങള്‍...


Next Story

Related Stories