ട്രെന്‍ഡിങ്ങ്

പൊന്‍ രാധാകൃഷ്ണനെയും നളിന്‍ കുമാര്‍ കട്ടീലിനെയും ശബരിമലയിലെത്തിക്കുന്ന ബിജെപിയുടെ ദക്ഷിണേന്ത്യ പ്ലാന്‍

ശബരിമലയെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്ന എല്ലാ പദ്ധതികള്‍ക്കും പിന്നില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്ന് മനസിലാക്കാം

കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് മന്ത്രിയുടെ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മന്ത്രിയെ തടഞ്ഞില്ലെന്നതിന്റെ തെളിവ് പുറത്തു വന്നിട്ടും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഹര്‍ത്താല്‍ നടത്തുന്ന ബിജെപിയുടെ മറ്റൊരു തന്ത്രമാണ് ഇത്. മന്ത്രി കടന്നു പോയി പത്ത് മിനിറ്റിന് ശേഷം കടന്നുപോയ മറ്റൊരു കാറാണ് തടഞ്ഞതെന്നാണ് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ശബരിമല കേരളത്തിന്റേത് മാത്രമല്ലെന്നാണ് ഇന്നലെ മന്ത്രി ശബരിമലയില്‍ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.

പൊന്‍ രാധാകൃഷ്ണനെ പോലെ ഒരു നേതാവിനെ ശബരിമലയില്‍ എത്തിച്ചത് തന്നെ ബിജെപി അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരവും കാസര്‍ഗോഡുമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. തിരുവനന്തപുരത്തോട് ചേര്‍ന്നു കിടക്കുന്ന കന്യാകുമാരിയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയെ ശബരിമലയില്‍ എത്തിച്ചതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. തമിഴ്‌നാട്ടില്‍ ബിജെപിയുടെ ഏക ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് കന്യാകുമാരി. കന്യാകുമാരിയില്‍ ബിജെപിക്ക് അഡ്രസ് ഉണ്ടാക്കി കൊടുത്ത നേതാവാണ് പൊന്‍ രാധാകൃഷ്ണന്‍.

ദക്ഷിണ കന്നഡയില്‍ നിന്നുള്ള എംപി നളിന്‍ കുമാര്‍ കട്ടീല്‍ ആണ് പൊന്‍ രാധാകൃഷ്ണന് മുമ്പ് ശബരിമലയിലെത്തിയത്. ബിജെപി എംപി വി മുരളീധരന്റെ കൂടെയാണ് കട്ടീലെത്തിയത്. അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന യോഗത്തിലും കട്ടീല്‍ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്‍പ് സംഘപരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയം പരീക്ഷിക്കപ്പെട്ട മേഖലയായിരുന്നു ദക്ഷിണ കന്നഡ. ടിപ്പു വിഷയമടക്കം ഉയര്‍ത്തിക്കാട്ടി ചെറുതും വലുതുമായ നിരവധി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് ഹൊനാവറിലും പരിസര പ്രദേശങ്ങളിലും ബിജെപി സൃഷ്ടിച്ചത്.

ദക്ഷിണ കന്നഡയിലെ എട്ട് അസംബ്ലി സീറ്റുകളില്‍ ഏഴും ഇത്തവണ ബിജെപി നേടി എന്നതാണ് ആ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഫലം. 2013ല്‍ കോണ്‍ഗ്രസ്സായിരുന്നു 7 സീറ്റ് നേടിയത് എന്നോര്‍ക്കണം. ആ ഒരു തന്ത്രം സ്വീകരിച്ചുകൊണ്ട് വോട്ടര്‍മാരുടെ മനസിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ബിജെപി കേരളത്തിലും നടത്തുക. കാസര്‍ഗോഡിനോട് ചേര്‍ന്ന് കിടക്കുന്ന ബിജെപി ശക്തികേന്ദ്രമാണ് ദക്ഷിണ കന്നഡ മേഖല. അവിടെ നിന്നുള്ള ഒരു കരുത്തനായ നേതാവിനെ മുന്‍നിര്‍ത്തി തന്ത്രങ്ങള്‍ മെനഞ്ഞാല്‍ കാസര്‍ഗോഡ് തങ്ങള്‍ക്ക് പിടിക്കാമെന്നതാണ് ഇവിടുത്തെ തന്ത്രം.

ചുരുക്കത്തില്‍ ശബരിമലയെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്ന എല്ലാ പദ്ധതികള്‍ക്കും പിന്നില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്ന് മനസിലാക്കാം. ബാബറി മസ്ജിദ് വിഷയത്തില്‍ ബിജെപി നടത്തിയ വര്‍ഗ്ഗീയ ധ്രുവീകരണമാണ് അവരെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ അധികാരത്തിലെത്തിച്ചത്. കേരളത്തില്‍ ബിജെപി ഇതിന്റെ സാധ്യതകള്‍ കാണുന്നത് ശബരിമലയിലാണ്. വിശ്വാസത്തിന്റെ പേരില്‍ സംശയാലുക്കളായിരിക്കുന്ന കേരള ജനതയെ തങ്ങള്‍ക്കൊപ്പമെത്തിക്കുന്നതിന്റെ ആദ്യ പടികളാണ് പൊന്‍ രാധാകൃഷ്ണന്റെയും കട്ടീലിന്റെയും ശബരിമല സന്ദര്‍ശനങ്ങള്‍ എന്ന് സംശയിക്കുന്നത് ഇതിനാലാണ്.

എന്തുകൊണ്ട് ആറ്റുകാല്‍, ചെങ്ങന്നൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ പൂജാരിണികളെ നിയമിക്കണം: മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ സംസാരിക്കുന്നു

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

‘പിണറായിയുടെ പേര് വീട്ടിലെ പട്ടിക്കിടും’, ‘ചെങ്കൊടി കത്തിക്കും’, ‘യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണം’: എ എന്‍ രാധാകൃഷ്ണന്റെ ‘മൊഴിമുത്തുകള്‍’ ഇങ്ങനെ

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ കാത്തിരിക്കുന്നത് ഗുജറാത്തോ?

അയോധ്യയാകും ശബരിമല; സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളമെന്ന ആശയം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍