TopTop

നിങ്ങളുടെ വാക്കുകള്‍ ഞങ്ങളെ വേദനിപ്പിച്ചു; പ്രിയങ്കയോട് വൈകാരികമായി പ്രതികരിച്ച് ബൂട്ടിയ

നിങ്ങളുടെ വാക്കുകള്‍ ഞങ്ങളെ വേദനിപ്പിച്ചു; പ്രിയങ്കയോട് വൈകാരികമായി പ്രതികരിച്ച് ബൂട്ടിയ


ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍വച്ച് നല്‍കിയ അഭിമുഖത്തില്‍ സിക്കിം കലാപബാധിത സംസ്ഥാനമാണെന്ന പ്രസ്താവന നടത്തി വന്‍വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മാപ്പ് പറഞ്ഞെങ്കിലും പ്രിയങ്കയുടെ സിക്കിം വിരുദ്ധ പരാമര്‍ശത്തിന്റെ രോഷം അടങ്ങിയിട്ടില്ല സോഷ്യല്‍ മീഡിയയില്‍. വിവരദോഷിയെന്നും തലച്ചോറില്ലാത്തവളെന്നുമൊക്കെയുള്ള ആക്ഷേപവുമായി ദേശീയ അവാര്‍ഡ് ജേതാവായ നടിക്കെതിരേ കലി തുള്ളി നില്‍ക്കുകയാണ് പലരും.

ഇതിനിടയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകനും സിക്കിം സ്വദേശിയുമായ ബൈചിംഗ് ബൂട്ടിയ വൈകാരികമായി പ്രിയങ്കയുടെ പ്രതികരണത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പ്രിയങ്കയോട് സിക്കിമിനെ കുറിച്ച് പറഞ്ഞുകൊടുക്കുകയാണ് ബൂട്ടിയ. അയഥാര്‍ത്ഥ്യമായതും ഞെട്ടിപ്പിക്കുന്നതുമാണ് പ്രിയങ്കയുടെ പരാമര്‍ശമെന്ന് ബൂട്ടിയ പറയുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചിരിക്കുന്നു. ബോളിവുഡില്‍ ബൗദ്ധിക നിലവാരം പുലര്‍ത്തുന്ന അഭിനേതാക്കളില്‍ ഒരാളാണ് പ്രിയങ്ക, പക്വതയോടെയാണവര്‍ എപ്പോഴും സംസാരിച്ചു കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ ഈ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തുകയാണുണ്ടായതെന്നും ബൂട്ടിയ കുറിക്കുന്നു. ഒരുപക്ഷേ സിക്കിമിനെ കുറിച്ച് അവര്‍ക്ക് കിട്ടിയ തെറ്റായ വിവരങ്ങളായിരിക്കാം അതിനു കാരണം.

ഈ രാജ്യത്ത് രാഷ്ട്രീയമായി ഏറ്റവും സമാധാനപരമായി മുന്നോട്ടുപോകുന്ന ഒരു സംസ്ഥാനമാണ് സിക്കിം. ഇവിടുത്തെ ജനങ്ങള്‍ക്കാണ് അതിന്റെ ബഹുമതി നല്‍കേണ്ടത്. 1975 ല്‍ ആണ് സിക്കിം ഇന്ത്യയുടെ ഭാഗമാകുന്നത്. എന്റെ പിതാവ് അതിനു മുമ്പേ ജനിച്ചൊരാളാണ്. അദ്ദേഹത്തിന്റെ തലമുറ വളരെ വൈകാരിതകയോടെയാണ് സിക്കിം ഇന്ത്യയില്‍ ലയിക്കുന്നത് നോക്കിക്കണ്ടത്. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ സംഭവിച്ചതുപോലെ ഈ കൂട്ടിച്ചേര്‍ക്കല്‍ ഒരു വൈരാഗ്യ രാഷ്ട്രീയപ്രശ്‌നമായി മാറാതിരുന്നതിന് എന്റെ പിതാവിന്റെ തലമുറയെ അഭിനന്ദിക്കണം. ഇപ്പോള്‍ ഹോങ്കോങ്ങില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഒന്നു കാണുക; ബൂട്ടിയ പ്രിയങ്കയോടായി പറയുന്നു.

ഞാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതൊരു വലിയ ബഹുമതിയായാണ് കണ്ടത്. ഇന്ന് ഓരോ സിക്കിംകാരനും ആത്മാര്‍ത്ഥമായി അവരെല്ലാം ഇന്ത്യക്കാരാണെന്ന് അഭിമാനം കൊള്ളുന്നവരാണ്. രാഷ്ട്രീയപരമായ സമാധാനം എന്നതുമാത്രമല്ല, ഇന്ത്യയിലെ ഏറ്റവും ഹരിതാഭമാര്‍ന്ന സംസ്ഥാനമെന്ന നിലയിലും അതിരുകളില്ലാത്തവിധം ആതിഥേയ മര്യാദ കാണിക്കുന്ന ഇവിടുത്തെ ജനങ്ങളുടെ പേരിലും സിക്കിമിനെ അറിയണം; ബൂട്ടിയ പറയുന്നു.

ശരിയാണ്, വടക്ക്-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കലാപങ്ങള്‍ നടക്കുന്നുണ്ട്. എന്നാലത് ഇവിടുത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ല. ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത് ഈ സംസ്ഥാനങ്ങളെക്കുറിച്ച് പുറത്തുള്ളവര്‍ കൂടുതല്‍ മനസിലാക്കത്തതുകൊണ്ടാണ്. ഇപ്പോള്‍ ഇവിടെ നിന്നും അനവധി ചെറുപ്പക്കാര്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ പഠനത്തിനും ജോലിക്കുമായി പോകുന്നു. വിവിധദേശങ്ങളിലുള്ള ആളുകളുമായി ഇടപഴകുന്നു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു വരികയാണ്; ബൈച്ചിംഗ് ബൂട്ടിയ വ്യക്തമാക്കുന്നു.

പ്രിയങ്കയുടെ നിര്‍മാണ കമ്പനിയായ പര്‍പ്പിള്‍ പെബല്‍ സിക്കിം ടൂറിസം മന്ത്രാലയവുമായി ചേര്‍ന്ന് നിര്‍മിച്ച സിക്കിം ചിത്രമായ പഹൂനയുടെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ടൊറന്റോ ഫെസ്റ്റിവലില്‍ എത്തിയത്. ഇവിടെ വച്ച് നല്‍കിയ അഭിമുഖത്തിലാണ് സിക്കിം കലാപബാധിത സംസ്ഥാനമാണെന്ന പരാമര്‍ശം ഉണ്ടായത്. ഇതു വന്‍വിവാദമായി. സിക്കിം സര്‍ക്കാര്‍ തന്നെ പ്രിയങ്കയ്‌ക്കെതിരേ രംഗത്തു വന്നു. ഒരു അന്താരാഷ്ട്ര വ്യക്തിത്വം എന്ന നിലയില്‍ നില്‍ക്കുന്ന പ്രിയങ്കയില്‍ നിന്നുണ്ടായ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും തങ്ങളെയിത് നിരാശപ്പെടുത്തുന്നുവെന്നുമാണ് സിക്കിം ടൂറിസം വകുപ്പ് മന്ത്രി യൂജിന്‍ ഗ്യാറ്റ്‌സോ പ്രതികരിച്ചത്. പിന്നീട് ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക ഇമെയില്‍ സന്ദേശം അയച്ചിരുന്നതായും മന്ത്രി അറിയിച്ചു. പ്രിങ്കയുടെ പരാമര്‍ശത്തില്‍ അവരുടെ മാതാവ് മധു ചോപ്രോയും പഹൂനയുടെ സംവിധായകന്‍ പാക്കി എ ടയ്‌റേവാലയും ഖേദപ്രകടനവുമായി രംഗത്തു വന്നിരുന്നു. പ്രിയങ്കയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന പഹൂനയില്‍ ബൈച്ചിംഗ് ബൂട്ടിയയും അഭിനയിക്കുന്നുണ്ട്.

Next Story

Related Stories