Top

കവിത നിങ്ങള്‍ക്ക് മോഷ്ടിക്കാന്‍ കഴിഞ്ഞേക്കാം; രണ്ടു പതിറ്റാണ്ടായി എസ്. കലേഷ്‌ എന്ന കവി ഇവിടെയുണ്ട്...

കവിത നിങ്ങള്‍ക്ക് മോഷ്ടിക്കാന്‍ കഴിഞ്ഞേക്കാം; രണ്ടു പതിറ്റാണ്ടായി എസ്. കലേഷ്‌ എന്ന കവി ഇവിടെയുണ്ട്...
എസ് കലേഷ് എന്ന കവി കേരളത്തില്‍ അടയാളപ്പെട്ടിട്ട് രണ്ട് പതിറ്റാണ്ടോളം ആകുന്നു. സമകാലികരായ മറ്റ് കവികളില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലൂടെ എഴുത്തില്‍ തന്റേതായ ഐഡന്റിറ്റി രേഖപ്പെടുത്തിയ കവിയാണ് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ കലേഷ്. പത്തനംതിട്ടയിലെ മല്ലപ്പള്ളിക്കടുത്ത് കുന്നന്താനം സ്വദേശിയാണ് കലേഷ്. കുന്നന്താനം എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പ്രീഡിഗ്രിയും ഡിഗ്രിയും തിരുവല്ല മാര്‍ത്തോമ കോളേജിലും പിജി മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ്‌ അപ്ലൈഡ് സയന്‍സിലുമായിരുന്നു. എറണാകുളം പ്രസ് അക്കാദമിയില്‍ നിന്ന് ജേര്‍ണലിസം പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരള കൗമുദിയില്‍ സബ് എഡിറ്ററായി. പിന്നീട് സ്മാര്‍ട്ട് ഫാമിലി എന്ന മാസികയുടെ എഡിറ്ററായും ജോലി ചെയ്തു. ഇപ്പോള്‍ സമകാലിക മലയാളം വാരികയുടെ സീനിയര്‍ കറസ്‌പോണ്ടന്റ് ആണ്.

2000-ത്തിന്റെ തുടക്കം മുതല്‍ കവിതയില്‍ സജീവമാണ് ഇദ്ദേഹം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശ്രദ്ധേയ കവികളിലൊരാള്‍. 2010-ല്‍ ഫാബിയന്‍ ബുക്‌സ് പുറത്തിറക്കിയ ഹെയര്‍പിന്‍ ബെന്‍ഡും 2016-ല്‍ ഡിസി ബുക്‌സ് പുറത്തിറക്കിയ ശബ്ദമഹാസമുദ്രവുമാണ് കവിതാ സമാഹാരങ്ങള്‍. 2004-ല്‍ കാലടിയില്‍ നടന്ന എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ കവിതാ രചനയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. മാധ്യമം ദിനപത്രത്തിന്റെ വെളിച്ചം സാഹിത്യ പുരസ്‌കാരം, കൈരളി ടിവി അറ്റ്‌ലസ് അവാര്‍ഡ്, വിടി കുമാരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും കലേഷിന് ലഭിച്ചിട്ടുണ്ട്. ഹെയര്‍പിന്‍ ബെന്‍ഡ് എന്ന കവിതാ സമാഹാരത്തിന് അവതാരികയെഴുതിയത് സച്ചിദാനന്ദന്‍ ആണ്. 'ഈ തീവണ്ടിയിലെ യാത്രക്കാരേ' എന്ന കലേഷിന്റെ കവിത എംജി സര്‍വകലാശാല ഡിഗ്രി തലത്തിലും സ്വയംഭരണ അധികാരമുള്ള ചെങ്ങനാശേരി എസ് ബി കോളേജിലും പാഠ്യവിഷയമാണ്.

കുന്നന്താനത്തെ ഗ്രാമീണ ജീവിതത്തിന്റെ അടയാളങ്ങള്‍ കലേഷിന്റെ കവിതകളില്‍ കാണാം. മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച 'ഇരുട്ടില്‍' എന്ന കവിതയിലും 'പ്ലാവിന്റെ കഥ' എന്ന കവിതയിലും ഇത് കാണാം. ഗ്രാമവും വയലുകളും തവളയെ പിടിക്കാന്‍ പോകുന്നതുമെല്ലാം കലേഷിന്റെ കവിതകളില്‍ നിറയുന്നത് ഈ ഗ്രാമീണ സ്വാധീനം കൊണ്ടാണ്. ഗ്രാമത്തിലെ ജനങ്ങളുടെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതങ്ങളാണ് അതില്‍ കാണാനാകുന്നത്. ഉപജീവനത്തിനായി നഗരങ്ങളിലേക്കും ഗ്രാമങ്ങള്‍ക്ക് അകത്തുമുള്ള അലഞ്ഞുതിരിയലുകളാണ് ഗ്രാമീണരുടെ ജീവിതം. അതിനാല്‍ തന്നെ നഗര കേന്ദ്രീകൃതമായ ഗ്രാമീണ ജീവിതങ്ങളെയും ഈ കവിതകളില്‍ കാണാനാകും. മനുഷ്യന്റെ അവസ്ഥ എന്നതിനൊപ്പം തന്നെ പാര്‍ശ്വവത്കൃതരായവരുടെ അനുഭവങ്ങളും അടങ്ങിയ കാവ്യഭാവുകത്വമാണ് കലേഷ് തന്റെ കവിതകളില്‍ ആവിഷ്‌കരിക്കുന്നത്. അത് ഒരേസമയം ഗ്രാമത്തിലും നഗരത്തിലുമുള്ള പുറമ്പോക്കിലെ മനുഷ്യരെക്കുറിച്ചാണ്. സാമൂഹികമായി അടിത്തട്ടില്‍ കഴിയുന്ന മനുഷ്യരുടെ പ്രണയവും രതിയും ജീവിതവും സാമൂഹികമായ പോരാട്ടങ്ങളുമെല്ലാം ഇവിടെ നിറയുന്നു. ഇപ്പോള്‍ വിവാദമായ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ' എന്ന കവിതയില്‍ തന്നെ സാമൂഹികമായ അന്തരമാണ് അഡ്രസ് ചെയ്യുന്നത്. അതില്‍ ജാതി വരുന്നുണ്ട്, മതം വരുന്നുണ്ട്, നിറം വരുന്നുണ്ട്, സാമൂഹികമായ ജീവിത വ്യത്യാസങ്ങള്‍ വരുന്നുണ്ട്. സാമൂഹ്യ നീതിക്ക് വേണ്ടിയും നവജനാധിപത്യത്തിന് വേണ്ടിയുമുള്ള തീവ്രമായ ആഗ്രഹം ആ കവിതയിലുണ്ട്. മനുഷ്യന്റെ തുല്യനീതിക്ക് വേണ്ടിയും ജനാധിപത്യ ഇടത്തിന് വേണ്ടിയുമുള്ള ആഗ്രഹങ്ങളാണ് അത്.

രണ്ടാമത്തെ പുസ്തകമായ ശബ്ദമഹാസമുദ്രത്തിന്റെ അവതാരികയെഴുതിയത് കെ.ജി ശങ്കരപ്പിള്ളയാണ്. ലതീഷ് മോഹന്‍ ഈ സമാഹാരത്തില്‍ പഠനക്കുറിപ്പ് എഴുതിയിരിക്കുന്നു. ഒരു ജനതയപ്പാടെ ഈ കവിതകളില്‍ പ്രകാശിക്കപ്പെടുന്നുവെന്നാണ് ലതീഷ് എഴുതിയ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. അത് ഒരേസമയം സവര്‍ണതയ്ക്കും മലയാള കവിത പിന്‍പറ്റിയ ഫ്യൂഡല്‍ പാരമ്പര്യത്തിനും എതിരായുള്ളതാണ്. അതൊരിക്കലും ജനാധിപത്യ വിരുദ്ധമായ ഒരു ഇടത്തിന് വേണ്ടിയല്ല നിലകൊണ്ടിട്ടുള്ളത്.

ഭൂതാവിഷ്ടര്‍ എന്ന സങ്കല്‍പ്പമാണ് കലേഷ് കവിതകളുടെ മറ്റൊരു പ്രത്യേകത. മരിച്ചവരുടെ ലോകം പല കവിതകളിലും വന്ന് പോകുന്നുണ്ട്. 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ' എന്ന കവിതയില്‍ അത് കാണാനാകും. പ്ലാവിന്റെ കഥയിലും മരിച്ച ആളുകള്‍ ധാരാളമായി കടന്നുവരുന്നുണ്ട്. സാമൂഹികമായ മനുഷ്യന്റെ അന്തരം പ്രേതലോകത്തില്‍ ഇല്ലാതാകുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നതെന്ന് കലേഷ് തന്നെ പറയുന്നു. മരണത്തിന് ശേഷം മാത്രമാണ് നാം ജീവിക്കുന്ന ലോകത്തില്‍ സാമൂഹികമായ യാതൊരു അന്തരവുമില്ലാതെ വരുന്നത്. ഗദ്യ രൂപത്തിലാണെങ്കില്‍ തന്നെയും അതില്‍ താളങ്ങള്‍ ഉപയോഗിക്കുന്നതാണ് കലേഷിന്റെ കവിതകളുടെ മറ്റൊരു പ്രത്യേകത. ഗ്രാമീണവും നാടനുമായ താളങ്ങളാണ് അവ. മാധ്യമം വാരിക പ്രസിദ്ധീകരിച്ച 'കോഴികൃഷി' എന്ന കലേഷിന്റെ കവിതയില്‍ ഇത് വ്യക്തമായി കാണാനാകും. വൃത്തമല്ല ഇവിടെ ഉപയോഗിക്കപ്പെടുന്നത്. പകരം നാടന്‍ പാട്ടിന്റെയും വായ്‌മൊഴിപ്പാട്ടുകളുടെയും താളങ്ങളാണ് ഇവിടെ വരുന്നത്. മലയാള കവിതയിലെ ഫ്യൂഡല്‍ പാരമ്പര്യത്തെ അപ്പാടെ തള്ളിക്കളയുന്നതാണ് ഈ രീതി.

ഇരുപതാം നൂറ്റാണ്ടില്‍ എഴുതി തുടങ്ങുകയും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആ ശബ്ദത്തിന്റെ തുടര്‍ച്ച കേള്‍പ്പിക്കുകയും ചെയ്ത ഒരുകൂട്ടം കവികള്‍ മലയാളത്തിലുണ്ട്. നാല് വര്‍ഷം മുമ്പ് കവികളായ അജീഷ് ദാസനും കലേഷും ചേര്‍ന്ന് കൊച്ചിയില്‍ പോയട്രി ഇന്‍സ്റ്റല്ലേഷന്‍ ചെയ്തതിരുന്നു. ഫാസിസത്തിനെതിരായ ഒരു മുന്നേറ്റമെന്ന നിലയിലാണ് ഈ പോയട്രി ഇന്‍സ്റ്റല്ലേഷന്‍ നടത്തിയത്. ശില്‍പ്പവും ശബ്ദവും കവിതയും എന്നതാണ് അതിന്റെ സങ്കല്‍പ്പം. വായിക്കപ്പെടുന്നതിനപ്പുറം ശില്‍പ്പമായി കാണാനും കേള്‍ക്കാനും സാധിക്കുന്നുവെന്നതാണ് ഇവിടെ കവിതയുടെ പ്രത്യേകത. മലയാളത്തില്‍ കവിതയുടെ ഇല്ലസ്‌ട്രേഷന്‍ ആദ്യമായിരുന്നു. കവിത എഴുതുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതല്ല കലേഷ് ഉള്‍പ്പെടെയുള്ള 21-ാം നൂറ്റാണ്ട് കവികളുടെ രീതി. ഇത്തരത്തില്‍ ഇന്‍സ്റ്റല്ലേഷനായും പെര്‍ഫോമന്‍സുകളായും പല കലകളുടെയും രൂപത്തില്‍ ഉപയോഗിക്കുക എന്നതാണ് ഇവര്‍ പിന്തുടരുന്ന രീതി. മാതൃഭൂമി പ്രസിദ്ധീകരിച്ച കലേഷിന്റെ 'ആട്ടക്കഥ' എന്ന കവിത ഇത്തരത്തില്‍ പെര്‍ഫോമിംഗ് സാധ്യതകള്‍ ഏറെയുള്ളതാണ്.

എസ് കലേഷിന്റെ കവിത കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപ നിശാന്ത്‌ അധ്യാപക സംഘടനയായ എകെപിസിടിഎയുടെ മാസികയില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിന്റെ വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. കവിത മോഷ്ടിച്ചത് ദീപയല്ലെന്നും ഇടതു ലിബറല്‍ ചിന്തകനായ എം.ജെ ശ്രീചിത്രനാണെന്നും പുറത്തു വന്നതോടെ വിഷയത്തെ സംഘപരിവാര്‍ സംഘടനകളും ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഒരു വര്‍ഷം മുമ്പ് തന്റേതെന്ന പേരില്‍ ശ്രീചിത്രന്‍ ദീപയ്ക്ക് അയച്ചുകൊടുത്ത കവിത ദീപ പിന്നീട് ചെറിയ മാറ്റങ്ങള്‍ വരുത്തി തന്റേതെന്ന പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഒരാളുടെ സൃഷ്ടി സ്വന്തം പേരില്‍ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുക മാത്രമല്ല ശ്രീചിത്രന്‍ ചെയ്തത് എന്നും സുഹൃത്തെന്ന പേരില്‍ തന്നെ വിശ്വസിക്കുന്ന ഒരു സ്ത്രീയെ വഞ്ചിക്കുക കൂടിയാണ് അയാള്‍ ചെയ്തിരിക്കുന്നത് എന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരോപണം ഉയര്‍ന്നപ്പോഴും കലേഷ് കവിത മോഷ്ടിച്ചതായിരിക്കാമെന്ന് അവര്‍ പറയുന്നത് ശ്രീചിത്രനോടുള്ള വിശ്വാസം കൊണ്ടാണ് എന്നതും പുറത്തു വന്നിരുന്നു. കലേഷ് മാത്രമല്ല, ശ്രീജിത്ത് അരിയല്ലൂരും തന്റെ കവിത മോഷ്ടിച്ചുവെന്ന് ശ്രീചിത്രന്‍ ആരോപിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദീപ നിശാന്ത് തന്നെ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ തന്റെ സ്വന്തം കവിതയുടെ പേരില്‍ ഒരു മോഷ്ടാവിനെ പോലെ സമൂഹത്തിന് മുന്നില്‍ നില്‍ക്കേണ്ട അവസ്ഥയാണ് കലേഷിനുണ്ടായത്. കലേഷിനെ അടുത്തറിയാവുന്നവര്‍ക്ക് കലേഷിന്റെ എഴുത്തില്‍ യാതൊരു സംശയവുമുണ്ടാകില്ലെന്നത് വേറെ കാര്യം. എന്നാല്‍ ആരാണ് കലേഷ് എന്നും എന്താണ് അയാളുടെ എഴുത്തിന്റെ രാഷ്ട്രീയമെന്നുമെല്ലാം കേരള ജനത മനസിലാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇടതുപക്ഷത്തെ എതിര്‍ക്കാനായെങ്കിലും കലേഷിനെയും അയാളുടെ കവിതകളെയും സംഘപരിവാര്‍ സംഘടനകള്‍ ദുരുപയോഗം ചെയ്‌തേക്കും.

വളരെ മാനസിക പിരിമുറുക്കം അനുഭവിച്ച് എഴുതി തീര്‍ത്ത കവിതയുടെ അവകാശം സ്ഥാപിച്ച് കിട്ടാനായി കലേഷിന് ഈ സമൂഹത്തിന് മുന്നില്‍ ഒരു മോഷ്ടാവിനെ പോലെയാണ് നില്‍ക്കേണ്ടി വന്നത്. ഒരിക്കലും ആഗ്രഹിക്കാത്ത വിവാദങ്ങളിലേക്ക് തന്നെയും തന്റെ കവിതയെയും വലിച്ചിഴച്ചതിലെ മനോവേദനയിലാണ് ഈ എഴുത്തുകാരന്‍ ഇന്ന്. കാരണം 200 ശതമാനം സത്യസന്ധനായിരിക്കുകയെന്നതാണ് ഇയാളുടെ നിലപാട്.

https://www.azhimukham.com/kerala-s-kalesh-poem-and-deepa-nishanth-theft-sreechithrans-role-on-it/

https://www.azhimukham.com/trending-facebook-diary-poem-plagiarism-allegation-against-sreechithran-mj-criticism-rafiq-writes/

https://www.azhimukham.com/newsupdates-critic-viju-nayarangadi-opens-up-against-mj-sreechithran/

Next Story

Related Stories