Top

'വേണമെങ്കിൽ നിലത്ത് വരാന്തയിൽ കിടത്ത്, ഇല്ലെങ്കിൽ മുട്ടുകാലു തല്ലിയൊടിക്കും'

(ദളിത് ചിത്രകാരന്‍ അശാന്തന്റെ ഭൌതിക ശരീരം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു വെക്കുന്നത് തടഞ്ഞ സവര്‍ണ്ണ ജാതിക്കോമരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സവർണ സമുദായക്കാര്‍ ഭീഷണി മുഴക്കിയത്. മുൻവശം തൂക്കിയിരുന്ന ആശാന്തന്‍റെ ചിത്രത്തിന്റെ ഫ്ലക്സും സംഘം വലിച്ചു കീറുകയുണ്ടായി. ലളിതാ കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. ഗവേഷക വിനീത വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്)


അശാന്തൻ മാഷ് വിടവാങ്ങി..

മരണാനന്തരവും ദലിതനായിത്തന്നെ.. വരയും വർണ്ണങ്ങളും നിറഞ്ഞൊഴുകിയ വിരൽത്തുമ്പുകൾ അശാന്തമായിത്തന്നെ വിറകൊള്ളുന്നുണ്ട്... എന്നറിയുന്നു...

നിസ്സഹായരായിപ്പോവുന്ന ഞങ്ങളുടെ കുറ്റകരമായ മൗനങ്ങൾക്കു മുന്നിൽ...

മാഷിന്റെ നൂറു കണക്കിന് ചിത്രപ്രദർശനങ്ങൾ നടന്ന ലളിതകലാ അക്കാദമിയുടെ ഡർബ്ബാർ ഹാൾ മുറ്റത്ത് പൊതുദർശനത്തിനു വയ്ക്കാൻ പോലും അനുവദിക്കാത്ത, ആദരാഞ്ജലി പോസ്റ്ററുകൾ പോലും വലിച്ചു കീറിയ,കെട്ടിയുയർത്തിയ പന്തലിലല്ല, വേണമെങ്കിൽ നിലത്ത് വരാന്തയിൽ കിടത്ത്, ഇല്ലെങ്കിൽ മുട്ടുകാലു തല്ലിയൊടിക്കും എന്നാക്രോശിച്ച മത തീവ്രവാദികളുടേതാണ് ജാതിയില്ലാ കേരളത്തിന്റെ പുരോഗമന സാംസ്കാരിക മുഖം..

അനുശോചന പ്രസംഗത്തിൽ പോലും അദ്ദേഹത്തെ അധിക്ഷേപിച്ച യു.കലാധരന്റെ ''സൗഹാർദ്ദ''വും
ഹിന്ദു ജാതി വെറിയന്മാരുടെ തെമ്മാടിത്തത്തിനുമുന്നിൽ മുട്ടിടിച്ചു പോയ പോലീസുകാരുടെ ''ദൃഢചിത്ത''വും അക്കാദമി അധികൃതരുടെ ''മൃദുഭാവ''വും ഒക്കെ കൂടിച്ചേർന്നതാണ് നവോത്ഥാന കേരളത്തിന്റെ കലാ സ്നേഹം !!

അക്കാദമീ... ഹൈന്ദവ ജാതിക്കോമരങ്ങളേ..രാഷ്ട്രീയപ്പിണിയാളുകളേ...ഖദറും കാവിയും ചുവപ്പും നിറങ്ങളെത്ര മാറിയാലും മാറാത്ത നിങ്ങളുടെയൊക്കെ പുഴുത്തസവർണ്ണ ജാതി ചിന്തയുടെ കൈയ്യൊപ്പിട്ട് നിങ്ങൾ അശാന്തൻ മാഷിന് കൊടുക്കുന്ന അവജ്ഞയുടെ മരണാനന്തര ബഹുമതിയുണ്ടല്ലോ.. അത് മനസ്സിൽ കോരിയിടുന്നത് അപരവത്കരണത്തിന്റെ കനലുകളാണ്...

ഒന്നറിയുന്നൂ...
ചാവേറായി പൊട്ടിച്ചിതറാനും ദേശദ്രോഹികളായറിയപ്പെടാനും ദലിതന് നെഞ്ചൂക്ക് വരുന്നതിങ്ങനെയാണെന്ന്. ഞങ്ങളെച്ചത്താലും ചവിട്ടുന്ന ഈ നാടിനെ പിന്നെയും പിന്നെയും എന്റെ നാടെന്ന് പറയേണ്ടി വരുന്ന ദുര്യോഗം ഞങ്ങളുടേതു മാത്രമാണെന്ന്..

http://www.azhimukham.com/keralam-caste-descrimination-against-dalit-painter-asanthans-deadbody/

അല്ലെങ്കിൽ പറയൂ,
എത്രയോ കലാകാരന്മാരുടെ മൃതദേഹങ്ങൾ ഇതിനു മുമ്പും അക്കാദമി മുറ്റത്തു പൊതുദർശനത്തിനു വെച്ചിട്ടുണ്ട്! അപ്പോഴൊന്നും ഇല്ലാത്ത അയിത്തമുള്ള അപ്പൻമാരിപ്പോളെവിടെ നിന്നാണ് വന്നത്?

രണ്ടു തവണ അക്കാദമി അവാർഡു നേടിയ അശാന്തൻ ദലിതനാണ്..
ദലിതനായതിനാൽ തന്നെ അശാന്തനാണ്..
മരണശേഷവും...
അശാന്തികവാടത്തിലാണ് അവസാന ഉറക്കവും..

മാഷേ,മരിക്കും വരെ അങ്ങായിരുന്നു അശാന്തൻ.. ഇപ്പോൾ
മേൽപ്പറഞ്ഞവരുടെ മാത്രം ദൈവങ്ങളുടെ നേരേ നിന്ന്, ഞങ്ങളീ രാജ്യത്തെ തന്നെ മനുഷ്യരാണ് എന്നുറക്കെ വിളിച്ചു പറയാൻ പറ്റാതെ തൊണ്ടയിൽ കുടുങ്ങുന്ന ഒച്ചകളോടെ ഊർന്നിരുന്നു പോവുകയാണ്... അശാന്തിയുടെ ആൾരൂപങ്ങളായി.. ഞങ്ങളോരോരുത്തരും....

വിട!
അത്ര മാത്രം...


Next Story

Related Stories