ഓഫ് ബീറ്റ്

എന്താണ് സംഘപരിവാറിനെതിരെ ഇന്ന് കേരളത്തിൽ ഉയരേണ്ട ബദൽരാഷ്ട്രീയം?/ ബി രാജീവൻ എഴുതുന്നു

ദളിതരും ആദിവാസികളുമടക്കമുള്ള എല്ലാ കീഴാള ജനാധിപത്യ ശക്തികളേയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി നമ്മുടെ സ്ത്രീ സ്വാതന്ത്ര്യവാദം ഉയരേണ്ടിയിരിക്കുന്നു

ഫാസിസമെന്നത് ദുർബലരേയും അടിമത്തമനുഭവിക്കുന്നവരേയും
അനാഥരേയും കീഴ്‌പ്പെടുത്തി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന ഒരു പദ്ധതിയാണ്. അങ്ങനെയാണ് ഫാസിസം ജനങ്ങളെത്തന്നെ ഒരു ജനാധിപത്യ വിരുദ്ധശക്തിയാക്കി തലകീഴാക്കുന്നത്. അതുകൊണ്ട് ഫാസിസത്തിനെതിരായ സമരം ജനങ്ങളെ രാഷ്ട്രീയവും ധാർമ്മികവുമായി ശക്തിപ്പെടുത്താനും അങ്ങനെ അവരെ അടിമത്തബോധത്തിൽ നിന്ന് മോചിപ്പിക്കാനും ഉള്ള ശ്രമങ്ങളിൽ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.

കേരളത്തിലിപ്പോൾ സംഘപരിവാർ അഴിച്ചുവിട്ടിരിക്കുന്ന സമരത്തിലൂടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിൻറെ പ്രധാന ഇരയായിക്കൊണ്ടിരിക്കുന്നത് സ്ത്രീ സമൂഹമാണ്. വിശ്വാസത്തിൽ അഭയം പ്രാപിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വീട്ടടിമകളായിരിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തെ രക്ഷിക്കാനുള്ള രക്ഷകരുടെ വേഷമാണ് ഇന്ന് സംഘപരിവാറിനുള്ളത്. നമ്മുടെ ഇടത്- ലിബറൽ കുടുംബങ്ങളിലും പൗരസമൂഹത്തിലും പണ്ടേ രണ്ടാംതരം പൗരികളായി പിന്നിലേക്ക് മാറ്റിനിർത്തപ്പെട്ട സ്ത്രീകൾക്ക് മതവിശ്വാസത്തിൻറെ മണ്ഡലത്തിൽ ഒന്നാം തരം പൗരത്വവും മുൻനിരയുമാണ് സംഘപരിവാർ വച്ചുനീട്ടുന്നത്. വീട്ടുവാതിലുകൾ തുറന്ന് അയ്യപ്പനാമജപവുമായി മുൻനിരയിലേക്ക് വരാനാണ് അവർ സ്ത്രീകളെ വിളിക്കുന്നത്. അത് ചെവിക്കൊള്ളുന്ന സ്ത്രീകളുടെ ഉത്സാഹമാണ് തെരുവിൽ അണിനിരക്കുന്ന സ്ത്രീകളുടെ നാവിൽ നിന്നുയരുന്ന അയ്യപ്പനാമജപത്തിൻറെ ഒച്ചയിൽ തെളിയുന്നത്. യഥാർത്ഥത്തിൽ ഈ ഉയരുന്ന നാമജപം കേരളീയ സ്ത്രീസമൂഹത്തിൻറെ അടിമത്തത്തിൽ നിന്നുയരുന്ന ഒരു കൂട്ടക്കരച്ചിലാണ്.അത് കേൾക്കാൻ നമുക്ക് കാതുണ്ടാകണം.

എന്നാൽ കഴിഞ്ഞ എഴുപതുകൊല്ലമായി നാം പറഞ്ഞുകൊണ്ടിരിക്കുന്ന വർഗ്ഗീയതക്കും ഫാസിസത്തിനും എതിരായ യാന്ത്രിക യുക്തികൾ ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കാനാണ് ഭാവമെങ്കിൽ നമുക്കത് കേൾക്കാനാവില്ല. സംഘപരിവാറിന് വളരാൻ വഴിയൊരുക്കിക്കൊടുത്ത ആ തോറ്റ വാദങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് സ്ത്രീകളടക്കമുള്ള, അടിമത്തമനുഭവിക്കുന്ന കീഴാള (( subaltern) ജനതയുടെ നിലവിളി ഇനിയെങ്കിലും നാം കേട്ടേ മതിയാവൂ. കാരണം നേരത്തെ പറഞ്ഞതുപോലെ നിരാലംബരായ എല്ലാ തരം കീഴാള ജനവിഭാഗങ്ങളുടേയും അടിമത്തമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ മുതൽക്കൂട്ട്. അതിനാൽ സ്ത്രീകളടക്കമുള്ള കീഴാളജനത അടിമത്തത്തിൽ നിന്ന് അവരുടെ സ്വച്ഛന്ദമായ രാഷ്ട്രീയ സ്വാധികാരത്തിലേക്ക് ഉയരാൻ തുടങ്ങുന്ന നിമിഷം ഫാസിസ്റ്റ് ഭൂതം അപ്രത്യക്ഷമാവും.

സംഘപരിവാറിനെ തുരത്താൻ കേരളത്തിൽ അത്തരമൊരു ഉയർത്തെഴുന്നേൽപ്പിനുള്ള സാധ്യത ഇപ്പോൾ തന്നെ തുറന്നു കിടക്കുകയാണ്.ഇപ്പോൾ സംഘപരിവാർ പിടികൂടിയിരിക്കുന്ന പ്രധാന കീഴാള വിഭാഗം സ്ത്രീ സമൂഹമായിരിക്കുന്നതുകൊണ്ടു തന്നെ അവരിൽ നിന്നുതന്നെയാണ് ഇവിടെ ഒരു ഫാസിസ്റ്റ് വിരുദ്ധപ്രക്ഷോഭം ഉയരേണ്ടിയിരിക്കുന്നത്.

വീടുകൾക്കുള്ളിലും പാർട്ടികൾക്കുള്ളിലും പോഷകസംഘടനകൾക്കുള്ളിലും തളഞ്ഞുകിടക്കുന്ന സ്ത്രീകളുടെ കീഴാളത്തം ആ പരിമിതികൾ വലിച്ചെറിഞ്ഞു ഒരു പുതു സ്വാതന്ത്ര്യ ശക്തിയെന്ന നിലയിൽ സംഘടിച്ചു പുറത്തേക്കു വരേണ്ടിയിരിക്കുന്നു. ശബരിമലയിൽ കയറാൻ കൂട്ടം കൂടുന്നതിനുമുൻപേ സംഘപരിവാറിനെ ആദ്യം സ്ത്രീസമൂഹം രാഷ്ട്രീയമായി നേരിടണം. കുടത്തിൽ നിന്ന് പുറത്തുവന്ന ഭൂതത്തെ, തെരുവിലിറങ്ങിക്കഴിഞ്ഞ സംഘപരിവാറിനെ, അടക്കാൻ സ്ത്രീകളുടെ കീഴാള (( subaltern) ജനാധിപത്യത്തിൻറെ മാന്ത്രിക ശക്തി പ്രയോഗിക്കാനുള്ള സമയം ആസന്നമായിരിക്കുന്നു.

ഇന്ന് കേരളത്തിൽ സാമാന്യം ശക്തമായ ഒരു സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനമുണ്ട്.അതിൽ മിക്ക ഗ്രൂപ്പുകളും ലിബറൽ സ്ത്രീസ്വാതന്ത്ര്യ വാദത്തിൽ നിന്ന് ഇനിയും പുറത്തുകടന്നിട്ടില്ലാത്തവയാണ്. പുതിയൊരു രാഷ്ട്രീയശക്തിയായി വികസിക്കാനുള്ള ശ്രമത്തിൽ നിശ്ചയമായും അവർക്ക് ആ പരിമിതികളെ ഭേദിക്കാൻ കഴിയും.

അതുകൊണ്ട് സ്ത്രീകളുടെ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ സംഘപരിവാറിന്റെ പിടിയിൽ നിന്നുള്ള ജനങ്ങളുടെ തന്നെ സ്വാതന്ത്ര്യമാണെന്ന തിരിച്ചറിവോടെ കേരളത്തിലെ എല്ലാ സ്ത്രീസ്വാതന്ത്ര്യ വാദികളും സംഘടനകളും പുതിയ സാഹചര്യത്തിൻറെ ഗൗരവം കണക്കിലെടുത്ത് ഐക്യപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ ദളിതരും ആദിവാസികളുമടക്കമുള്ള എല്ലാ കീഴാള ജനാധിപത്യ ശക്തികളേയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി നമ്മുടെ സ്ത്രീ സ്വാതന്ത്ര്യവാദം ഉയരേണ്ടിയിരിക്കുന്നു ; സ്ത്രീ ഒരു കീഴാള ജനാധിപത്യ ജനസഞ്ചയത്തിൻറെ രാഷ്ട്രീയമുഖമായി മാറേണ്ടിയിരിക്കുന്നു.

അജിതയും സാറാജോസഫും ജെ ദേവികയും ഏലിയാമ്മ വിജയനും പി ഗീതയും സജിത മഠത്തിലും പാർവ്വതീ ദേവിയും തുടങ്ങി മിനി സുകുമാർ, ദീദി ദാമോദരൻ, സി എസ് ചന്ദ്രിക, ശാരദക്കുട്ടി വരെയുള്ള കേരളത്തിലെ സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാന നേതാക്കളോടുള്ള ഒരു രാഷ്ട്രീയ അഭ്യർത്ഥനകൂടിയായി ഈ കുറിപ്പ് പരിഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം

‘മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക’; തന്റെ വാക്കുകളല്ലെന്ന് സുനില്‍ പി ഇളയിടം

‘കേരളത്തിലെ ഹിന്ദു ഭവനങ്ങൾ ഏറിയ പങ്കും ഭീകരമായി വർഗീയവൽക്കരിക്കപ്പെട്ട് കഴിഞ്ഞു’: എസ് ശാരദക്കുട്ടി

ശശികലയോടാണ്,ആ എട്ടും പൊട്ടും തിരിയാത്ത കൈക്കുഞ്ഞിനെ ഹ്യൂമൻ ഷീൽഡാക്കി ഉപയോഗിക്കരുത്

ശബരിമല LIVE: നിരോധനാജ്ഞ സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി; കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ സന്നിധാനത്തേക്ക്

ബി രാജീവന്‍

ബി രാജീവന്‍

എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍