Top

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത് കേരളത്തെ ട്രാപ് ചെയ്തതിന്റെ യാഥാര്‍ഥ്യം

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത് കേരളത്തെ ട്രാപ് ചെയ്തതിന്റെ യാഥാര്‍ഥ്യം
ബാബരി മസ്ജിദ് പ്രശ്നം മുതൽ ശബരിമല സ്ത്രീ പ്രവേശനം വരെയുള്ള വിഷയങ്ങളിൽ ബി ജെ പിയുടെ താൽപ്പര്യങ്ങൾ വിശ്വാസ സംരക്ഷണം ആണെന്ന് ധരിക്കുന്നവരുടെ പൊളിറ്റിക്കൽ സെന്‍സിറ്റിവിക്കു കാര്യമായ തകരാറുണ്ടെന്ന് വേണം അനുമാനിക്കാൻ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധി വരുന്നതിന് ദിവസങ്ങൾക്ക് മുൻപേ ആർ എസ് എസ് മുതൽ ബി ജെ പി യുടെ മുതിർന്ന നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ളവർ സ്ത്രീകൾ പ്രവേശിക്കണം എന്ന നിലപാട് എടുത്തവർ ആയിരുന്നു. എന്നാൽ പരമോന്നത കോടതി വിധിയിൽ ഒരു വർഗീയ കാർഡിനും അത് വഴി പാർലമെന്ററി പൊളിറ്റിക്‌സിൽ നേട്ടങ്ങൾക്കും സ്കോപ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ബി ജെ പി കുബുദ്ധികൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത് ഒരു നാടിനെയാകെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമങ്ങളാണ്.

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. ഇപ്പോൾ തന്ത്രിയുടെ ഈ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കയാണ്. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഒരു യോഗത്തിൽ വെളിപ്പെടുത്തിയതിന്റെ വോയിസ് ക്ലിപ്പുകൾ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ആണ് പുറത്തു വിട്ടത്.

നടയടയ്ക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ചയുടെ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറയുന്നു. നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജണ്ടയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപിയുടെ നീക്കമാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള ആവർത്തിക്കുന്നു.

'തന്ത്രി'ക്കു ആചാരപരമായ വിഷയങ്ങളില്‍ ആശങ്ക ഉണ്ടാകുമ്പോള്‍ എടുക്കുന്ന തീരുമാനത്തെ കുറിച്ച് അറിയിക്കേണ്ടത് ദേവസ്വം ബോർഡിനെയാണ്. ശ്രീധരൻ പിള്ള ദേവസ്വം ബോർഡ് മെമ്പർ ആണോ? ഒരു എക്സ്പെർട്ട്‌ ഒപ്പീനിയൻ സ്വീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് തന്ത്രി വിളിച്ചതെങ്കില്‍, ശ്രീധരന്‍ പിള്ള ഹിന്ദു പണ്ഡിതൻ ആണോ?

"ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ തീരുമാന പ്രകാരം നടക്കുന്ന സംഗതികൾ അല്ല. ശബരിമല തന്ത്രിയുടെ സ്വത്തല്ല. ഇത് മനസ്സിലാക്കിയാൽ തന്ത്രിക്ക് നല്ലത്. തന്ത്രി പൂട്ടി പോയാൽ അമ്പലം അടഞ്ഞു കിടക്കില്ല അങ്ങനെ ധരിക്കരുത്." മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഈ വാക്കുകൾ മാത്രമേ തന്ത്രിയോടും, തന്ത്രി കുടുംബത്തോടും പറയാനുള്ളു.

ശ്രീധരൻ പിള്ള ബി ജെ പി യുടെ സംസഥാന അധ്യക്ഷനായി അവരോധിക്കപ്പെട്ടപ്പോൾ കടുത്ത ബി ജെ പി വിരുദ്ധർ വരെ അദ്ദേഹത്തിന് പിന്തുണ നൽകി കൊണ്ട് പറഞ്ഞത് 'സൗമ്യനാണ്, നിയമ പണ്ഡിതനാണ്, പുരോഗമനവാദി ആണ്' തുടങ്ങിയ വിശേഷങ്ങളാണ്. ശ്രീധരൻ പിള്ള എന്ന നീല കുറുക്കന്റെ ഓരിയിടൽ കേരളം കണ്ടത് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലാണ്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പത്ര സമ്മേളനങ്ങളിൽ ആവർത്തിക്കുന്ന നട്ടാൽ കുരുക്കാത്ത നുണകൾ മുതൽ സാധു ലോട്ടറി ജീവനക്കാരന്റെ മരണം അയ്യപ്പ സംരക്ഷണത്തിനിടെ കൊല്ലപ്പെട്ട ബലിദാനിയുടെ കഥയാക്കി മാറ്റി ഹർത്താൽ നടത്താൻ നേതൃത്വം നൽകിയത് വരെ എത്തിനിൽക്കുന്നു ശ്രീധരൻ പിള്ളയുടെ 'പുരോഗമന പ്രവർത്തികൾ'.

ഇന്ന് പുറത്തു വന്ന ശ്രീധരൻ പിള്ളയുടെ ശബ്ദരേഖയിലെ വാചകങ്ങൾ ശ്രദ്ധിക്കുക "നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജണ്ടയില്‍ എല്ലാവരും വീണു, കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്". ശബരിമലയിൽ രക്തം ചിന്തി വരെ പ്രതിഷേധിക്കുമെന്നു സമരാനുകൂലികളുടെ നേതാവ് തന്നെ പറഞ്ഞത് കൊണ്ട് പ്രതിഷേധക്കാരുടെ മാർഗം ഏതെന്നു നേരത്തെ വ്യക്തമായതാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ 'വിജയകരമായി' നടത്തിപ്പോരുന്ന കലാപങ്ങളുടെ ഒരു രീതിയാണോ കേരളത്തിലും ശ്രമിക്കുന്നതെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കണം. കൃത്യമായി പറഞ്ഞാൽ ആവേശത്തോടെ പറയുന്ന 'നമ്മുടെ അജണ്ടയിൽ എല്ലാവരും വീണു' എന്നതിലെ നിങ്ങളുടെ അജണ്ട എന്തായിരുന്നുവെന്ന്?

ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള അതേ യോഗത്തിൽ യുവമോർച്ചക്കാരോട് ഉപദേശം നൽകുന്നുണ്ട്.

ഒരു അഭിമുഖത്തിൽ പെട്രോള്‍ വില 50 രൂപയാക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നു ചോദിച്ച ആളാണ് താങ്കൾ. താങ്കളുടെ ആ സത്യസന്ധതയെ മാനിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ, ഈ വർഗീയതയെ കൊടിയടയാളമായി സ്വീകരിച്ചു പോരുന്ന ഒരു പ്രസ്ഥാനം ആണ് ബി ജെ പി എന്ന് ഇടതു വലതു പാർട്ടികളുടെ ആരോപണം ശരി വെക്കുകയല്ലേ താങ്കൾ ചെയ്യുന്നത് ?

അത്യന്തം സെന്‍സിറ്റിവ് ആയ ഒരു കോടതി വിധി തികച്ചും സമാധാനാന്തരീക്ഷത്തിൽ മുന്നോട്ടു പോകുന്ന ഒരു സംസ്ഥാനത്ത് നടപ്പിലാക്കാൻ ആ സർക്കാർ ശ്രമിക്കുമ്പോൾ അവരോട് വിയോജിക്കുന്നത് മനസ്സിലാക്കാം, പക്ഷെ അതിൽ മതം ചേർത്ത് വിശ്വാസികളെ ഇളക്കി വിട്ടു യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് മനുഷ്യരെ ഇറക്കി വിടാൻ പ്രേരിപ്പിക്കുന്നതിന്റെ പേര് എന്തായാലും രാഷ്ട്രീയം എന്നല്ല.

യുവമോർച്ചയുടെ യോഗത്തിൽ ശ്രീധരൻ പിള്ള നടത്തിയ സംഭാഷണത്തിൽ നിന്ന് രണ്ടു കാര്യങ്ങൾ വ്യക്തം ഒന്ന് ശബരിമല അയ്യപ്പനോ, വിശ്വാസി സംരക്ഷണമോ ബി ജെ പി യുടെ അജണ്ടയിലില്ല. രണ്ടു വർഗീയ ധ്രുവീകരണവും, കലാപങ്ങളും ഇല്ലാതെ അധികാരം നേടാനുള്ള ശേഷി രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഇപ്പോഴും കേരളത്തിൽ ഇല്ല.

https://www.azhimukham.com/kerala-high-police-security-in-sabarimala-women-entry/

https://www.azhimukham.com/news-update-sabarimala-thanthi-called-me-before-temple-close-announcement-bjp-state-president-ps-sreedharan-pillai/

https://www.azhimukham.com/newswrap-sreedharanpilla-repeats-fake-propaganda-news-about-shivadasans-mysterious-death-near-sabarimala-writes-saju/

https://www.azhimukham.com/kerala-sabarimala-women-entry-police-security-devotees-nilaykkal-pamba/

https://www.azhimukham.com/newsupdate-pratheesh-vishwanath-warning-sabarimala-women-entry-issues/

Next Story

Related Stories