TopTop
Begin typing your search above and press return to search.

നടി ആക്രമിക്കപ്പെട്ട കേസ്; ഇപ്പോള്‍ പ്രശ്നം പൊലീസിന്റെ ഈഗോയോ അതോ പബ്ലിസിറ്റി സ്റ്റണ്ടോ?

നടി ആക്രമിക്കപ്പെട്ട കേസ്; ഇപ്പോള്‍ പ്രശ്നം പൊലീസിന്റെ ഈഗോയോ അതോ പബ്ലിസിറ്റി സ്റ്റണ്ടോ?

ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലാതാക്കി നടി ആക്രമിക്കപ്പെട്ട കേസ് മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയില്‍ നിന്നു തുടങ്ങി പള്‍സറില്‍ തന്നെ വന്നു നില്‍ക്കാന്‍ സാധ്യത. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പള്‍സറിനെതിരെ മാത്രമാണുള്ളത്. സുനി പറയുന്നതല്ലാതെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നോ അതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നോ തെളിയ്ക്കാന്‍ തക്ക ഒന്നും പൊലീസിന്റെ പക്കല്‍ ഇല്ല. സംശയമുനകള്‍ നീണ്ടവരെല്ലാം ഏതെങ്കിലും തരത്തില്‍ കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നു സ്ഥാപിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുവെന്നു പറയാന്‍ മാത്രമാണ് അവര്‍ക്കിപ്പോള്‍ കഴിയുന്നത്. പുതിയതായി ഏതെങ്കിലും തെളിവോ മൊഴിയോ ഈ കേസില്‍ ഉണ്ടാകനുള്ള സാധ്യതയും വിദൂരമാണ് എന്നാണ് സൂചനകള്‍. സുനി ഇനി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനും സാധ്യതയില്ല. പരമാവധി ശിക്ഷ കുറച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ അയാള്‍ക്കിനി നടത്താം. അതിനുള്ള സഹായങ്ങള്‍ പുറത്തു നിന്നുകിട്ടുമോ എന്നത് മാത്രം ശ്രദ്ധിക്കാം.

സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ പറയുന്നതും നിലവില്‍ പള്‍സര്‍ സുനിക്കെതിരെ മാത്രമാണ് തെളിവുകള്‍ ഉള്ളതെന്നാണ്. അയാള്‍ മുമ്പും ഇതേ രീതിയില്‍ നടികളെ ആക്രമിച്ചിട്ടുള്ളതാണെന്നു കൂടി പൊലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ പറയുന്നു. അതായത് സുനി ഒരു ക്രിമിനല്‍ കുറ്റവാളിയാണ്. പണത്തിനോ മറ്റെന്തെങ്കിലോ ആവശ്യത്തിനായി സ്വന്തം പ്ലാന്‍ അനുസരിച്ച് നടത്തിയ ആക്രമണത്തിന്റെ ഇരയായിരുന്നു നടി. ദിലീപിനെ കേസിലേക്ക് വലിച്ചിട്ടത് സുനിയുടെ ഗൂഢാലോചനയാകാം; മറിച്ചു തെളിയിക്കാന്‍ പൊലീസ് കഴിഞ്ഞിട്ടില്ല.

പിന്നീട് തള്ളിയെങ്കിലും അഭിമുഖത്തില്‍ സെന്‍കുമാര്‍ പറയുന്നതും ദിലീപിനെതിരേ ഒരു തെളിവും ഇല്ലെന്നാണ്. ഏതെങ്കിലുമൊരു തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നില്ല 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനെ ചോദ്യം ചെയ്തതെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തിയിരുന്നു. അങ്ങനെയാണെങ്കില്‍ ഒരു ക്രിമനല്‍ പ്രതിയുടെ വാക്കുമാത്രം വിശ്വസിച്ച് ദിലീപിനെപോലെ ഒരു പ്രമുഖനെ 13 മണിക്കൂറോളം ചോദ്യം ചെയ്തത് മറ്റെന്തിന്റെ അടിസ്ഥാനത്തിലായിരിക്കാം? ദിലീപിനെ വിളിച്ചിട്ടില്ലെന്നും നാദിര്‍ഷായേയും അപ്പുണ്ണിയേുമാണ് വിളിച്ചതെന്നും സുനി പറയുന്നു. ഫോണ്‍കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചതില്‍ സുനി ദിലീപിനേയോ ദിലീപ് തിരിച്ചു സുനിയേയോ വിളിച്ചതായി തെളിവില്ല. ഈ കേസില്‍ ആകെ ദിലീപിനെ ബന്ധപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ മാനേജരായ അപ്പുണ്ണിയേയും സുഹൃത്തായ നാദിര്‍ഷായേയും സുനി പറഞ്ഞതിന്‍പ്രകാരം വിളിച്ച് കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ചതും സുനിയുടെ പേരില്‍ എഴുതിയ കത്തുമാണ്. ഇതും രണ്ടും നടന്നത് തന്നെ ബ്ലാക് മെയില്‍ ചെയ്യുന്നതിന്റെ ഭാഗമായാണെന്നു ദിലീപ് പരാതിയും നല്‍കിയിട്ടുണ്ടായിരുന്നു. പ്രസ്തുത നടിയും ദിലീപും തമ്മില്‍ ഉണ്ടെന്നു പറയുന്ന സ്വരച്ചേര്‍ച്ചയും കൂടി കൂട്ടിവച്ചാല്‍ പൊലീസിന് ദിലീപിനെ ചോദ്യം ചെയ്യാന്‍ സാഹചര്യമുണ്ട്. പക്ഷേ 13 മണിക്കൂറോളം ചോദ്യം ചെയ്യാന്‍ മാത്രം അത്ര സങ്കീര്‍ണമായിരുന്നോ? ആയിരുന്നെങ്കില്‍ ഐജി ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കി കൊണ്ട് അതിനെന്തിനു മുതിര്‍ന്നു? അവിടെയാണ് സെന്‍കുമാറിന്റെ ചോദ്യങ്ങളും പ്രസക്തമാകുന്നത്.

തന്റെ വാക്കുകള്‍ വാരിക തെറ്റായി വ്യാഖ്യാനിച്ചാണ് പ്രസിദ്ധീകരിച്ചതെന്നും ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നും സെന്‍കുമാര്‍ വിശദീകരിക്കുമ്പോഴും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ ദിലീപിനെതിരെ തെളിവുകളൊന്നും ഇല്ലായിരുന്നെന്ന കാര്യം സെന്‍കുമാര്‍ നിഷേധിക്കുന്നില്ല. സെന്‍കുമാറിനെ എങ്ങനെ വായിച്ചാലും ഒരു കാര്യം അദ്ദേഹം പറഞ്ഞത് വാസ്തവമായിരിക്കണം; ആലുവയില്‍ അന്നു നടന്ന മാരത്തോണ്‍ ചോദ്യം ചെയ്യല്‍ കേസിന് ഗുണമൊന്നും ഉണ്ടാക്കിയിട്ടില്ല.

എഡിജിപി ബി സന്ധ്യയും സെന്‍കുമാറും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഈ പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ ഉണ്ടെന്നു സംശയിക്കാമെങ്കിലും സന്ധ്യയുടെ ഇടപെടലിനെക്കുറിച്ച് ഡിജിപിയായിരുന്ന സെന്‍കുമാറിന് പ്രസ്തുത കേസിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊലീസുകാരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്ന കാര്യം തീര്‍ച്ച. ഒരു എസ് പി തന്നെ ഇക്കാര്യം തനിക്കു കിട്ടിയ വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പങ്കുവച്ചിരുന്നു. സെന്‍കുമാറിന്റെ വാക്കുകളും അതു ശരിവയ്ക്കുന്നുണ്ട്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ മൊഴികള്‍ എഡിജിപി ബി സന്ധ്യക്കെതിരേ തിരിഞ്ഞിരുന്നു. ചി സ്വാര്‍ത്ഥതാത്പര്യങ്ങള്‍ കേസില്‍ സന്ധ്യക്ക് ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകളും ശക്തമായിരുന്നു. ജനനേന്ദ്രിയം മുറിച്ച കേസ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് മാറാന്‍ തുടങ്ങുമ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വിവാദങ്ങളിലേക്ക് വീഴുന്നത്. അതോടെ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിഞ്ഞു.

എന്നാല്‍ സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ തള്ളി അദ്ദേഹത്തിന്റെ പിന്‍ഗാമി ലോക്‌നാഥ് ബെഹ്‌റ സന്ധ്യയെ പ്രശംസിക്കുകയും കേസ് അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും പറഞ്ഞ് രംഗത്തു വന്നു. ഇവിടെയിപ്പോള്‍ ആരു പറയുന്നതാണ് ശരിയെന്ന സംശയമാണ്. ദിലീപോ നാദിര്‍ഷായോ എന്നു വ്യക്തമാക്കാതെ രണ്ടുപേരില്‍ ആരോ അന്നത്തെ ചോദ്യം ചെയ്യലിനുശേഷം എഡിജിപി സന്ധ്യയുമായി കൂടിക്കാഴ്ച നടത്തിയെന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടി സെന്‍കുമാര്‍ നടത്തിയതോടെ സംശയം പൊലീസിനുമേല്‍ വര്‍ദ്ധിക്കുകയാണ്.


Next Story

Related Stories