TopTop

രാഹുൽ ഗാന്ധിയിലെ സ്വപ്നവ്യാപാരി മോദിയെക്കാൾ ഒട്ടും മോശമല്ല

രാഹുൽ ഗാന്ധിയിലെ സ്വപ്നവ്യാപാരി മോദിയെക്കാൾ ഒട്ടും മോശമല്ല
ആസന്നമായ ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരളത്തിലേക്കുള്ള തന്റെ രണ്ടാം വരവിലും പ്രധാന മന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയം ആളിക്കത്തിച്ചു മലയാളക്കരയിലും താമര വിരിയിക്കാനുള്ള ശ്രമമാണ് നടത്തിയതെങ്കില്‍ ഇന്നലെ കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശബരിമല വിഷയത്തില്‍ എവിടെയും തൊടാത്ത സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ സ്വപനങ്ങള്‍ വില്‍ക്കുന്ന കാര്യത്തില്‍ താന്‍ മോദിക്ക് ഒട്ടും പിന്നിലല്ലെന്നു വ്യക്തമാക്കുന്നതായിരുന്നു രാഹുലിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നും ഈ വരുമാനം രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവന്റെയും ബാങ്ക് അക്കൗണ്ടിലേക്കു എത്തിക്കുമെന്നും എന്നുമുള്ള രാഹുലിന്റെ വാഗ്ദാനം വിദേശത്തേക്ക് കടത്തിയ മുഴുവന്‍ കള്ളപ്പണവും രാജ്യത്തു തിരികെ കൊണ്ടുവരുമെന്നും എന്നിട്ടു ആ പണം രാജ്യത്തെ പാവപ്പെട്ടവന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും മറ്റുമുള്ള മോദിയുടെ വാക്കുകളാവണം പലരും ഓര്‍ത്തിത്തുണ്ടാവുക.

രാഹുലിന്റെ സ്വപ്‌ന വിപണനം അവിടംകൊണ്ടും അവസാനിച്ചില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറഞ്ഞ രാഹുല്‍ 'മേക്ക് ഇന്‍ ഇന്ത്യ' എന്ന് പറഞ്ഞു മോദി ഇന്ത്യയെ ചൈനീസ് ഉല്പന്നങ്ങളുടെ വിപണന കേന്ദ്രം ആക്കി മാറ്റിയെന്നും എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ചൈനാക്കാര്‍ സെല്‍ഫി എടുക്കുന്നതുപോലും ഇന്ത്യയിലെ യുവാക്കള്‍ ഇനി നിര്‍മിക്കാന്‍ പോകുന്ന മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചായിരിക്കും എന്നും കൂടി പറഞ്ഞു കളഞ്ഞു. സ്വപനം കാണുന്നത് കുറ്റകരമൊന്നുമല്ല. സ്വപനം കാണാന്‍ കഴിവുള്ളവരായിരിക്കണമെന്ന് കുട്ടികളെ ഉപദേശിച്ച ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സന്തതി പരമ്പരയില്‍ പെട്ട ആള്‍കൂടിയാവുമ്പോള്‍ രാഹുല്‍ സ്വപ്ങ്ങള്‍ നെയ്യുകയും അവ വില്‍ക്കുകയും ചെയ്തില്ലെങ്കിലേ അത്ഭുതത്തിനു വകയുള്ളു. എങ്കിലും മോദിയെ ഉദ്ദേശിച്ചിട്ടാണെങ്കില്‍ പോലും ബി ജെ പി മുന്‍ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്ഗരി പറഞ്ഞതുപോലെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന കാര്യങ്ങളെ വാഗ്ദാനം ചെയ്യാവൂ.

എന്തായാലും വാഗ്ദാന പെരുമഴയുടെ കാര്യത്തില്‍ മാത്രമല്ല വാഗ് ചാതുര്യത്തിലും മോദിയോട് പിടിച്ചു നില്‍ക്കാന്‍ മാത്രം താന്‍ വളര്‍ന്നു കഴിഞ്ഞുവെന്ന് തെളിയിക്കാന്‍ പോന്ന പ്രകടനമാണ് അടുത്തകാലത്തായി രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് സമ്മതിക്കാതെ തരമില്ല. ഇത് ഇന്നലെ കൊച്ചി മറൈന്‍ ഡ്രൈവിലെ പ്രസംഗത്തിലും ദ്രശ്യമായിരുന്നു. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെ (ജി എസ ടി) ഗബ്ബാര്‍ സിംഗ് ടാക്‌സ് എന്ന് വിളിച്ചു വീണ്ടും പരിഹസിച്ച രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അത് പൊളിച്ചെഴുതും എന്ന് പ്രഖ്യാപിക്കാന്‍ മറന്നില്ല. അഞ്ചു കൊല്ലം കൊണ്ട് മോദി രാജ്യത്തെ നശിപ്പിച്ചു, കര്‍ഷകരെ ദ്രോഹിക്കുന്ന നയമാണ് മോദിയുടേത്, മോദി രാജ്യത്തെ പണക്കാര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. പണക്കാരായ സുഹൃത്തുക്കള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കി. എന്നിങ്ങനെ പോയി രാഹുലിന്റെ മോദി വിമര്‍ശനം.

'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യമുയര്‍ത്തി കൊച്ചിയില്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതി ഇന്നലെ സംഘടിപ്പിച്ച ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും സംയുക്ത സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ചടങ്ങാണ് മറൈന്‍ ഡ്രൈവില്‍ അരങ്ങേറിയത്. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടു ഒരു പാട് വര്‍ഷമായെങ്കിലും താഴെ തട്ടിലുള്ള ബൂത്ത് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഒത്തുചേര്‍ത്തുകൊണ്ടുള്ള ഒരു സമ്മേളനം ഇത് ആദ്യമായാണെന്നും കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും കേരളം ഭരിക്കുന്ന എല്‍ ഡി എഫിനും എതിരായ ജനവികാരം മാത്രം പോരാ അടിത്തട്ടില്‍ സംഘടന കൂടിയുണ്ടായാലേ തിരെഞ്ഞെടുപ്പില്‍ വിജയം വരിക്കാനാവൂ എന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയായ എ കെ ആന്റണി പറഞ്ഞതില്‍ നിന്നും ഉത്തേജനം ഉള്‍കൊണ്ടുകൂടിയാവണം കേരളത്തില്‍ കോണ്‍ഗ്രസ് അതിന്റെ അടിത്തറ ശക്തമാക്കണം എന്ന് ആഹ്വാനം ചെയ്തത്. വരുന്ന തിരെഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നു പറഞ്ഞ രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും പ്രഖ്യാപിച്ചു. അതെ സമയം വേദിയിലെ സ്ത്രീ സാന്നിധ്യത്തിലെ കുറവ് രാഹുലിനെ അസ്വസ്ഥനാക്കുക മാത്രമല്ല ഒരു പക്ഷെ കേരളത്തില്‍ തന്റെ പാര്‍ട്ടി അനുവര്‍ത്തിച്ചു വരുന്ന നയത്തെക്കുറിച്ചു ബോധവാനാക്കുക കൂടി ചെയ്തിട്ടുണ്ടാവണം.

Next Story

Related Stories