TopTop

കോര്‍പ്പറേറ്റ് ഗുണ്ടകള്‍ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച രാകേഷ് സിംഗ ഹിമാചലിന്റെ ജനകീയ സഖാവ്

കോര്‍പ്പറേറ്റ് ഗുണ്ടകള്‍ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച രാകേഷ് സിംഗ ഹിമാചലിന്റെ ജനകീയ സഖാവ്
ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സിപിഎമ്മിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാചല്‍ നിയമസഭയില്‍ ഒരു അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിംഗയിലൂടെ അവര്‍ക്ക് സാധിച്ചിരിക്കുന്നു. ഷിംലയുടെ അതിര്‍ത്തിയിലുള്ള ചെറിയ മണ്ഡലമായ തിയോഗിലാണ് രാകേഷ് സിംഗയുടെ വിജയം. കോണ്‍ഗ്രസിന് ഹിമാചലിലെ അധികാരം നഷ്ടമായ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ സഭയില്‍ ഇടതുപക്ഷ ശബ്ദമുയരുമെന്നത് ബിജെപിയെ സംബന്ധിച്ച് ആശാവഹമായ ഒരു കാര്യമല്ല. പ്രത്യേകിച്ചും രാകേഷ് സിംഗയെ പോലെയൊരാള്‍. സുപ്രിംകോടതി അഭിഭാഷകനായ
സുഭാഷ് ചന്ദ്രന്‍
രാകേഷ് സിംഗയെക്കുറിച്ചും തിയോഗ് മണ്ഡലത്തേക്കുറിച്ചും അഴിമുഖത്തോട് സംസാരിക്കുന്നു.

കിസാന്‍ സഭയാണ് രാകേഷ് സിംഗയുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം. 2014 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. മൂന്ന് തവണ സെക്രട്ടറിയായവര്‍ അതില്‍ നിന്നും മാറിനില്‍ക്കണമെന്ന വ്യവസ്ഥ വന്നതോടെയാണ് അദ്ദേഹം തല്‍സ്ഥാനത്തു നിന്നും മാറിയത്. 1993ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഷിംലയില്‍ നിന്നും രാകേഷ് സിംഗ തന്നെ നേടിയ വിജയിച്ചിരുന്നു. 80കളില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഒരു കള്ളക്കേസുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഈ കേസ് കുത്തിപ്പൊക്കിയെടുക്കുകയും കേസില്‍ ആറ് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. അതോടെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കപ്പെട്ടു.

ജയില്‍ മോചിതനായ ശേഷവും സജീവമായി പാര്‍ട്ടി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന അദ്ദേഹം 2004ലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളിലൂടെയാണ് രാകേഷ് സിംഗ ഹിമാചലില്‍ പ്രത്യേകിച്ചും ഷിംലയിലും തിയോഗിലും ജനകീയനായി തീര്‍ന്നത്. വന്‍കിട കമ്പനികള്‍ നടത്തുന്ന നിരവധി ഊര്‍ജ്ജ പദ്ധതികളാണ് ഹിമാചലിലുള്ളത്. സിഐടിയുവാണ് ഇത്തരം കമ്പനികളിലെ പ്രധാന തൊഴിലാളി യൂണിയന്‍. സിഐടിയുവിനെ അത്തരത്തില്‍ ശക്തിപ്പെടുത്തുന്നതില്‍ രാകേഷ് സിംഗ വലിയ പങ്കാണ് വഹിച്ചത്. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നിരവധി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വന്‍കിട മുതലാളിമാരില്‍ നിന്നും തുടര്‍ച്ചയായി ഭീഷണിയും വധശ്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഒരു സമ്മേളനം കഴിഞ്ഞ് പോകുമ്പോള്‍ ഒരു ഊര്‍ജ്ജ പദ്ധതി കമ്പനിയുടമയുടെ ഗുണ്ടകള്‍ അദ്ദേഹത്തെ ജീപ്പ് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതാണ് ഏറ്റവും അവസാനമുണ്ടായ സംഭവം. 2015 മാര്‍ച്ചിലായിരുന്നു ഈ സംഭവം. ഹിമാചലിലെ കിന്നാവൂരില്‍ ജെയ്പീ കമ്പനി നിര്‍മ്മിച്ച വംഗ്തൂ കര്‍ച്ചം ജലവൈദ്യുത പദ്ധതിയിലെ ജീവനക്കാരുടെ സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കുന്ന കാലമായിരുന്നു അത്. കമ്പനിയുടെ വാഹനം അദ്ദേഹത്തിന് നേരെ അമിത വേഗതയില്‍ പാഞ്ഞുവരുകയും ഗുരുതരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. തൊഴിലാളികളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ആസൂത്രിതമായ അക്രമമായിരുന്നു ഇത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരും ബിജെപിയുമാണ് ഈ കമ്പനിയ്ക്ക് വേണ്ടി കുഴലൂത്ത് നടത്തിയിരുന്നത്. എന്നാല്‍ തൊഴിലാളികളെ ദിവസക്കൂലിയ്ക്ക് മാത്രം നിയമിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്‌ക്കെതിരെ രാകേഷ് സിംഗയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ശക്തമായി തന്നെ നിലകൊണ്ടു.

ഹിമാചല്‍ ഒരു കാര്‍ഷികാധിഷ്ഠിത സംസ്ഥാനമായതിനാല്‍ തന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങളും രൂക്ഷമാണ്. ആപ്പിളാണ് അവിടുത്തെ പ്രധാന കൃഷിയെങ്കിലും മറ്റ് കൃഷിമേഖലകളിലും പ്രശ്‌നങ്ങളുമുണ്ട്. അതുകഴിഞ്ഞാല്‍ തൊഴിലാളികള്‍ കൂടുതലുള്ളത് ഊര്‍ജ്ജ മേഖലയിലാണ്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ പ്രശ്‌നങ്ങളിലും ഇടപെട്ട വളരെയധികം ജനകീയനായ നേതാവാണ് രാകേഷ് സിംഗ. സിംഗയ്ക്ക് ഹിമാചല്‍ പ്രദേശിലുള്ള ജനകീയത രാഷ്ട്രീയത്തിനും അതീതമാണെന്ന് മനസിലാകുമ്പോള്‍ കേരളത്തില്‍ അദ്ദേഹത്തോട് ഉപമിക്കാനാകുന്ന നേതാവ് വിഎസ് അച്യുതാനന്ദനാണെന്ന് വരും. ഈ 61-ാം വയസ്സിലും ഹിമാചലിലെ എല്ലാ സ്ഥലങ്ങളിലും ഓടി നടന്ന് തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും തിയോഗില്‍ രാകേഷ് സിന്‍ഹ സ്ഥാനാര്‍ത്ഥിയായിരുന്നു. സ്വന്തം അമ്മായി(പിതാവിന്റെ സഹോദരി)യായ വിദ്യാ സ്‌റ്റോക്‌സ് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ വിദ്യയ്ക്കും ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് വെര്‍മ്മയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് സിംഗ എത്തിയതെങ്കിലും ഒരു ത്രികോണ മത്സരത്തിന്റെ കളമൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കോണ്‍ഗ്രസിന്റെ മുന്‍മന്ത്രി കൂടിയായിരുന്നു വിദ്യ. ഇക്കുറി മൂന്നാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തേക്ക് സിംഗ മുന്നേറിയപ്പോള്‍ രണ്ടാം സ്ഥാനത്ത് രാകേഷ് വെര്‍മ തന്നെയാണ്. 2131 വോട്ടിനാണ് ഇക്കുറി രാകേഷ് വെര്‍മയെ പിന്നിലാക്കിയിരിക്കുന്നത്.

ഹില്‍സ്റ്റേഷനായ ഷിംലയില്‍ നിന്നും ഹിന്ദുസ്ഥാന്‍-ടിബറ്റ് റോഡില്‍ 82 കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന കോട്ട്ഗര്‍ എന്ന ഗ്രാമത്തിലാണ് രാകേഷ് സിംഗ ജനിച്ചത്. ജ്യോതി പ്രസാദ് സിന്‍ഹ് ആണ് പിതാവ്. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തിയ സിംഗ 1979ല്‍ ഹിമാചല്‍ പ്രദേശ് സ്റ്റുഡന്റ്‌സ് സെന്‍ട്രല്‍ അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി. സിഐടിയു മുന്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. എംഎ, എല്‍എല്‍ബി ബിരുദധാരിയായ അദ്ദേഹത്തിന്റെ ഭാര്യ നീലം സിന്‍ഹയാണ് ഭാര്യ.

http://www.azhimukham.com/newsupdates-thanks-to-all-comrades-people-of-theog/

http://www.azhimukham.com/trending-video-rakeshsingha-cpim-victory-theog-procession/

Next Story

Related Stories