TopTop
Begin typing your search above and press return to search.

"നിങ്ങളുടെ ദൈവം അമിതാഭ് ബച്ചന്‍ നിലപാടുകളില്ലാത്ത മനുഷ്യനാണ്‌": റാണ അയ്യൂബ്

"നിങ്ങളുടെ ദൈവം അമിതാഭ് ബച്ചന്‍ നിലപാടുകളില്ലാത്ത മനുഷ്യനാണ്‌": റാണ അയ്യൂബ്
നടന്‍ അമിതാഭ് ബച്ചനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ വിഷയങ്ങളും പൊതുപ്രശ്‌നങ്ങളിലും പുലര്‍ത്തുന്ന സത്യസന്ധതയില്ലായ്മയും അവസരവാദപരമായ സമീപനവും ഉറച്ച നിലപാടില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് റാണ അയ്യൂബിന്റെ വിമര്‍ശനം. അമിതാഭ് ബച്ചനുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ പശ്ചാത്തലത്തിലാണ് റാണ അദ്ദേഹത്തെ വിലയിരുത്തുന്നത്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി ബന്ധങ്ങള്‍, ബോഫോഴ്‌സ് കേസിലെ ആരോപണം, ബാല്‍ താക്കറെ, നരേന്ദ്ര മോദി, ഗുജറാത്ത് വര്‍ഗീയ കലാപം തുടങ്ങിയ കാര്യങ്ങളിലെല്ലാം ബച്ചന്‍ പുലര്‍ത്തുന്നത് തികഞ്ഞ കാപട്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍
റാണ അയ്യൂബ് കുറ്റപ്പെടുത്തുന്നു.

1984 മുതല്‍ 89 വരെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയായിരുന്ന ബച്ചന്‍ പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും വിവിധ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അതേസമയം രാജ്യത്തെ ബാധിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ബച്ചന്‍ ഒരിക്കലും പ്രതികരിക്കാറില്ല. വര്‍ഗീയ കലാവും കടുത്ത മതസാമുദായിക ധ്രുവീകരണവും കലുഷിതമാക്കിയ ഗുജറാത്തിനെ ബ്രാന്‍ഡ് അംബാസഡറായി ബച്ചന്‍ പ്രൊമോട്ട് ചെയ്യുന്നതിലേയും പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട വിദേശത്തെ കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ബച്ചന്‍ ജി എസ് ടിയുടെ വക്താവാകുന്നതിന്റെയുമെല്ലാം പരിഹാസ്യത റാണ എടുത്തുകാട്ടുന്നു. തന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഹര്‍തോഷ് സിംഗ് ബാല്‍ ഒരിക്കല്‍ പറഞ്ഞത് പോലെ അമിതാഭ് ബച്ചന്‍ വ്യക്തമായ ബോദ്ധ്യങ്ങളോ ഉറച്ച നിലപാടുകളോ ഇല്ലാത്ത മനുഷ്യനാണെന്ന് റാണ ചൂണ്ടിക്കാട്ടുന്നു. ഏത് രാഷട്രീയ കക്ഷിയേയും ഏത് ഭരണ നേതൃത്വത്തേയും ഒരു മടിയുമില്ലാതെ പുകഴ്ത്തുന്നയാളാണ് അമിതാഭ് ബച്ചന്‍. പക്ഷെ, ആരാധകരെ, ബച്ചന്‍ നിങ്ങളുടെ ദൈവമാണല്ലോ, അദ്ദേഹത്തെ ചോദ്യം ചെയ്യരുത് - ഈ വ്യാജ ദൈവത്തെ ആരാധിക്കുന്നത് തുടരുക - റാണ പറഞ്ഞു.

റാണ അയ്യൂബിന്റെ ഫേസ്ബുക്ക് പോസ്റ്റ് - പൂര്‍ണ രൂപം:

അമിതാഭ് ബച്ചന്റെ ആരാധകര്‍ക്ക് ഈ പോസ്റ്റ് അവഗണിക്കാവുന്നതാണ്. ഞാനിട്ടിരിക്കുന്ന ഈ ഫോട്ടോ 2007ല്‍ ബച്ചന്‍ സാബ് എനിക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്നാണ്. സിനിമാ ഷൂട്ടിംഗ് സെറ്റില്‍ വച്ച് അര മണിക്കൂറാണ് അദ്ദേഹം എനിക്ക് അനുവദിച്ചത്. അതിന് മുമ്പ് ഞങ്ങള്‍ രണ്ട് അഭിമുഖങ്ങള്‍ ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും ദേശീയ പുരസ്‌കാരത്തെക്കുറിച്ചും മാത്രമെല്ലാം സംസാരിച്ചു. അതുകൊണ്ട് തന്നെ അദ്ദേത്തിന് എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല. ബച്ചന്‍ സാബിനോട് എനിക്ക് വലിയ ബഹുമാനമുണ്ടായിരുന്നു അതുവരെ. ഒരു നടനെന്ന നിലയ്ക്കും ഒരു വലിയ എഴുത്തുകാരന്റെ മകനെന്ന നിലയ്ക്കും നന്നായി സംസാരിക്കുന്നയാളെന്ന നിലയ്ക്കുമെല്ലാം. എന്നാല്‍ ആ ദിവസം മുതല്‍ ഇന്നുവരെ ബച്ചന്‍ എന്നെ സംബന്ധിച്ച് ഒരു വ്യാജ വിഗ്രഹമാണ്. 30 മിനുട്ടോളം നീണ്ട ആ അഭിമുഖ സംഭാഷണത്തിലെ അഞ്ച് മിനുട്ടും അദ്ദേഹത്തിന്റെ മൗനമായിരുന്നു.

എന്നെ ഒരു നല്ല മാധ്യമപ്രവര്‍ത്തകയായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. എന്നാല്‍ ബോഫോഴ്‌സ് അഴിമതി, ഗാന്ധി കുടുംബം, രാജ് താക്കറെ ബച്ചന്റെ കുടുംബത്തിന് നേരെ നടത്തിയ ആക്രമണം, നരേന്ദ്ര മോദി - ഇതേക്കുറിച്ചെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് തീര്‍ത്തും തണുത്ത പ്രതികരണമായിരുന്നു. ഒരു വാക്ക് പോലും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞില്ല. നിര്‍ത്താമെന്ന് അസിസ്റ്റന്റിനോട് അദ്ദേഹം ആംഗ്യം കാണിച്ചു. എന്നോട് ഒരു വാക്ക് പോലും പറയാതെ അദ്ദേഹം അഭിമുഖം നിര്‍ത്തിപ്പോയി. അത് തുറിച്ചുനോട്ടങ്ങളുടേയും നിശ്ബ്ദതകളുടേയും അഭിമുഖമായി മാറി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഹര്‍തോഷ് സിംഗ് ബാല്‍ ബച്ചനെക്കുറിച്ച് ഇങ്ങനെയെഴുതി 'Amitabh Bachchan, a man without convictions' (അമിതാഭ് ബച്ചന്‍ ബോദ്ധ്യങ്ങളില്ലാത്ത, ഉറച്ച നിലപാടുകളില്ലാത്ത മനുഷ്യന്‍). ഗാന്ധിമാരുമായും യാദവരുമായും അമര്‍ സിംഗ്, താക്കറെ തുടങ്ങിയവരുമായുമെല്ലാം ബച്ചന്‍ സൗഹൃദത്തിലേര്‍പ്പെടുകയും സുഖജീവിതം നയിക്കുകയും ചെയ്തു. പനാമ പേപ്പേഴ്‌സില്‍ പേരുള്ള ബച്ചനാണ് ഇപ്പോള്‍ ജി എസ് ടിയുടെ ഗുണങ്ങളെക്കുറിച്ച് നമ്മളോട് സംസാരിക്കുന്നത്. ഇതേ ബച്ചനാണ് സ്വച്ഛ് ഭാരതിന് വേണ്ടി നമ്മുടെ മുറ്റം വൃത്തിയാക്കാന്‍ ഇറങ്ങിയിരിക്കുന്നതും വര്‍ഗീയധ്രുവീകരണവും വെറുപ്പും നിറഞ്ഞുനില്‍ക്കുന്ന ഗുജറാത്തിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നതും.

അന്ന് ആ ഇന്റര്‍വ്യൂ എടുത്ത ദിവസം എനിക്ക് എന്റെ ഹീറോയെ നഷ്ടമായി. എന്റെ ഇതുവരെയുള്ള മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഇന്റര്‍വ്യൂ ആയിരുന്നു അത്. നിങ്ങള്‍ അമിതാഭ് ബച്ചനെ മഹത്വമുള്ളൊരു വ്യക്തിത്വമായി കാണുന്നുണ്ടെങ്കില്‍ ഇത്തരം ഹീറോകളേയും ഗവണ്‍മെന്റിനേയുമൊക്കെയാണ് നിങ്ങള്‍ അര്‍ഹിക്കുന്നത് എന്ന് മാത്രമേ പറയാന്‍ കഴിയൂ. ഒരു കാര്യം എനിക്കുറപ്പാണ് - ഗുജറാത്തിലോ, കേന്ദ്രത്തിലോ സര്‍ക്കാര്‍ മാറുകയാണെങ്കില്‍ ആ മാറി വരുന്ന ഗവണ്‍മെന്റുകളുടേയും അംബാസഡറാകാന്‍ അമിതാഭ് ബച്ചന് യാതൊരു മടിയും ഉണ്ടാകില്ല. ഏതായാലും അമിതാഭ് ബച്ചന്‍ വിഗ്രഹമല്ലേ അപ്പൊ പിന്നെ ചോദ്യം ചെയ്യണ്ട. ഈ വ്യാജ ദൈവത്തെ ആരാധിക്കുന്നത് തുടരുക.

Next Story

Related Stories