TopTop
Begin typing your search above and press return to search.

ചെന്നിത്തല, സല്‍മാന്‍, ഷാരൂഖ്, ഇപ്പോള്‍ ലീന മരിയ പോളും; രവി പൂജാരിയുടെ ഭീഷണിവലയില്‍ കുരുങ്ങിയവര്‍ ആരൊക്കെ?

ചെന്നിത്തല, സല്‍മാന്‍, ഷാരൂഖ്, ഇപ്പോള്‍ ലീന മരിയ പോളും; രവി പൂജാരിയുടെ ഭീഷണിവലയില്‍ കുരുങ്ങിയവര്‍ ആരൊക്കെ?

കഴിഞ്ഞദിവസം കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറിന് നേരെ പട്ടാപ്പകല്‍ വെടിവയ്പ്പുണ്ടായപ്പോള്‍ കേരളം ഒന്നു ഞെട്ടി. മുംബൈയിലും ഡല്‍ഹിയിലും ബംഗളൂരുവിലുമെല്ലാം നടക്കുന്നുവെന്ന് കേട്ട് മാത്രം പരിചയമുള്ള വെടിവയ്പ്പ് നമ്മുടെ ഈ കൊച്ചുനാട്ടിലുമോയെന്നാണ് പലരും ആദ്യം ചോദിച്ചത്. കത്തിയുടെയും വടിവാളിന്റെയുമൊക്കെ കളി മതിയാക്കി കൊച്ചി തോക്കെടുത്ത് തുടങ്ങിയെന്നും അതിന് വ്യാഖ്യാനമുണ്ടായി. അതിന് പിന്നാലെയാണ് രവി പൂജാരിയെന്ന പേര് ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയത്. ബ്യൂട്ടി പാര്‍ലര്‍ ഉടമയും സിനിമാ താരവുമായ ലീന മരിയയ്ക്ക് പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങള്‍ അയച്ചത് രവി പൂജാരിയുടെ പേരിലാണെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. ഇതോടെ രവി പൂജാരിയെന്ന പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം ആരാണ് രവി പൂജാരിയെന്ന ചോദ്യവും.

മംഗളൂരുവില്‍ വേരുകളുള്ള അധോലോക കുറ്റവാളിയാണ് രവി പൂജാരി. ഇയാള്‍ക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്. ദാവൂദ് ഇബ്രാഹിമിനെ പോലെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്താണ് തുടക്കം. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ കഴിയുന്നതായാണ് സൂചന. ദാവൂദ് സംഘത്തെ ഒതുക്കാനും വിവരം ചോര്‍ത്താനും മുംബൈ പോലീസും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും രവി പൂജാരിയുടെ സംഘത്തെ ഉപയോഗിക്കാറുണ്ട്. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ഇയാള്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ പഠനമുപേക്ഷിച്ച് ഇയാള്‍ മുംബൈയിലെത്തി. അധോലോക രാജാക്കന്മാരുടെ കേന്ദ്രമായിരുന്ന അന്ധേരിയാണ് രവി പൂജാരിയിലെ കൊടുകുറ്റവാളിയെ വളര്‍ത്തിയത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ രവി പൂജാരിയെ ആര്‍ക്കും അറിയുമായിരുന്നില്ല. ഒരു ഹോട്ടലില്‍ തൊഴിലാളിയായിരുന്ന അയാള്‍ അന്നേ ചെറുകിട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അന്ധേരിയിലെ നൂറ് കണക്കിന് കുറ്റവാളികളില്‍ ഒരാള്‍ മാത്രമായിരുന്നു ഇയാള്‍. തന്റെ ശത്രുവായിരുന്ന ബാല സാല്‍ത്തെ എന്ന ഗുണ്ടയെ കൊലപ്പെടുത്തിയതോടെ രവി പൂജാരിയെ എല്ലാവരും അറിയാന്‍ തുടങ്ങി. അതോടെ മുംബൈയിലെ ക്രിമിനലുകളുടെ നേതാവായി ഇയാള്‍ മാറി.

ഛോട്ടാരാജന്റെ സംഘത്തിലേക്കുള്ള ക്ഷണം അതിലൂടെയാണ് ലഭിച്ചത്. രാജന് സമാനമായ കുറ്റവാളിയെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഛോട്ടാ രാജന്റെ വലംകൈയായി ഇയാള്‍ മാറുകയും ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഇയാള്‍ക്ക് രാജ്യം മുഴുവന്‍ ഗുണ്ടകളുണ്ട്. കേരളത്തിലും ഇയാള്‍ക്ക് ശക്തമായ വേരുകളുണ്ടെന്നാണ് മുംബൈ പോലീസ് പറയുന്നത്. തൊണ്ണൂറുകളുടെ മധ്യത്തില്‍ ദുബൈയിലെത്തിയ ഇയാള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലൂടെ അവിടെ കളംപിടിച്ചു. രാഷ്ട്രീയത്തിലും സിനിമ മേഖലയിലുമുള്ള പ്രമുഖരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയെന്നതായിരുന്നു ഇയാളുടെ രീതി. കെട്ടിട നിര്‍മ്മാതാക്കളും ഹോട്ടല്‍ ഉടമകളും ഇയാളുടെ ഇരകളായി. 2000ല്‍ ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ രാജനുമായി അകന്ന് ഛോട്ടാ ഷക്കീലുമായി അടുപ്പം സ്ഥാപിച്ചു. പിന്നീട് വീണ്ടും രാജനൊപ്പം ചേര്‍ന്നു. ഓസ്‌ട്രേലിയയിലേക്ക് മുങ്ങിയ ഇയാള്‍ അവിടെയിരുന്നും ഭീഷണിപ്പെടുത്തലും പണം തട്ടലും തുടരുന്നുണ്ട്. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമായുമൊക്കെ ബന്ധമുള്ളവരെയാണ് ഇയാള്‍ ലക്ഷ്യം വയ്ക്കാറ്.

നിഷാം കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന് രവി പൂജാരിയുടെ ഭീഷണിയുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതിയും നല്‍കി. ബോളീവുഡ് താരം കരിഷ്മ കപൂറിന്റെ ഭര്‍ത്താവ് സഞ്ജയ് കപൂറിനെതിരെയാണ് ഇയാള്‍ ആദ്യം ഭീഷണി മുഴക്കിയത്. 50 കോടിയാണ് അന്ന് ആവശ്യപ്പെട്ടത്. അന്ന് പൂജാരിയുടെ വലംകൈയായിരുന്ന രാജ്കുമാര്‍ വസിറാണിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്തപ്പോള്‍ എന്‍സിപി നേതാവും പ്രശസ്ത അഭിഭാഷകനുമായ മജീദ് മേമനെ വകവരുത്താനുള്ള ശ്രമം നടത്തിയത് രവി പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരം താനാണെന്ന് ഇയാള്‍ സമ്മതിച്ചു.

https://www.azhimukham.com/offbeat-kochi-beauty-parlor-shooting-actress-leena-maria-paul-controversial-life-and-connection-with-gangster-ravi-pujari/

ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമായി ബന്ധപ്പെട്ടവള്‍ ഇന്ത്യക്കെതിരാണെന്നും പാക് ചാരസംഘടനയുമായി ബന്ധമുള്ളവരാണെന്നും അവരെ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പിന്നീടൊരിക്കല്‍ ഒരു ടെലിവിഷന് നല്‍കിയ ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. മഹേഷ് ഭട്ട്, ബോളീവുഡ് നിര്‍മ്മാതാവ് വാഷു ഭാഗ്നാനി, സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍, ഷാരൂഖ് ഖാന്‍, കരിം മൊരാനി ഇങ്ങനെ പോകുന്നു ഇയാള്‍ ഭീഷണി ഉയര്‍ത്തിയ പ്രമുഖരുടെ പേരുകള്‍.

എന്നാല്‍ ലീന മരിയ പോളിനെതിരെയുള്ള ഇയാളുടെ ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ല. 2015ല്‍ മുംബൈയില്‍ അഞ്ഞൂറിലധികം നിക്ഷേപകരില്‍ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസില്‍ ലീനയെയും സുഹൃത്ത് സുകേഷ് ചന്ദ്രശേഖറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോരേഗാവിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലയണ്‍ ഓക്ക് ഇന്ത്യന്‍ എന്ന കമ്പനി രൂപീകരിച്ചായിരുന്നു തട്ടിപ്പ്. ആര്‍തര്‍ റോഡ് ജയിലിലും തലോജ ജയിലിലും കിടന്ന സുകേഷ് പിന്നീട് നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കാമെന്ന വ്യവസ്ഥയില്‍ പുറത്തിറങ്ങിയെങ്കിലും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. സുകേഷിനും ലീനയ്ക്കും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.


Next Story

Related Stories