UPDATES

വായന/സംസ്കാരം

ഒരേയൊരു കൊച്ചുണ്ണി, പല കഥകള്‍; വളച്ചൊടിക്കപ്പെട്ട കായംകുളം കൊച്ചുണ്ണിയുടെ ചരിത്രം

ഇത്തരത്തിലൊരു കഥ ചലച്ചിത്രഭാഷയിലാക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കുകയെന്ന തെറ്റ് ചെയ്യാതിരിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഓര്‍ക്കേണ്ടതുണ്ട്

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി മുഖ്യവേഷത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. കൊല്ലവര്‍ഷം 993ല്‍(ഇംഗ്ലീഷ് വര്‍ഷം 1818) ജനിച്ച കായംകുളം കൊച്ചുണ്ണിയുടെ കഥകള്‍ കേള്‍ക്കാത്ത മലയാളികള്‍ അപൂര്‍വമായിരിക്കും. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലൂടെയും മറ്റും വായനയുടെ ലോകത്തേക്ക് കടന്നുവന്നിട്ടുള്ള എല്ലാവരും തന്നെ കായംകുളം കൊച്ചുണ്ണിയുടെ സാഹസികതകളുടെ കഥകളും അറിഞ്ഞിട്ടുണ്ട്. ഇതില്‍ കൊച്ചുണ്ണി മരിച്ച് അമ്പത് വര്‍ഷത്തിന് ശേഷം 1909ല്‍ എഴുതിത്തുടങ്ങിയ ഐതീഹ്യമാലയിലേതാണ് കൊച്ചുണ്ണിയുടെ യഥാര്‍ത്ഥ കഥയെന്നാണ് വിശ്വസിക്കുന്നത്. കള്ളനും അക്രമിയും കൊലയാളിയുമെല്ലാമാണെങ്കിലും സത്യസന്ധനും മര്യാദക്കാരനുമായ ഒരു മാതൃകാ പുരുഷോത്തമനായാണ് കൊച്ചുണ്ണിയുടെ ജീവിത കഥ പ്രചരിച്ചിട്ടുള്ളത്.

അതേസമയം കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതീഹ്യമാലയില്‍ പറയുന്ന കായംകുളം കൊച്ചുണ്ണിയുടെ ജീവിത കഥയില്‍ നിന്നും ഏറെ വ്യത്യാസങ്ങള്‍ വരുത്തിയാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ സ്‌കോപ്പുകളില്‍ അത് സ്വാഭാവികം മാത്രവുമാണ്. എന്നിരുന്നാലും കൊച്ചുണ്ണിയുടെ ജീവിതവും ചിത്രവും തമ്മിലുണ്ടായിരിക്കുന്ന പ്രധാനപ്പെട്ട ചില അന്തരങ്ങള്‍ ഐതീഹ്യമാലയുടെ സഹായത്തോടെ തന്നെ ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. പ്രധാനമായും കൊച്ചുണ്ണിയുടെ വിവാഹവും കാമുകിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടുള്ളതാണ് അത്.

ജോലി ചെയ്തിരുന്ന വലിയവീട്ടില്‍ പീടികയില്‍ ശര്‍ക്കര തികയാതെ വന്നപ്പോള്‍ മുതലാളി തന്റെ വിശ്വസ്ഥനായ കൊച്ചുണ്ണിയെയാണ് വീട്ടിലേക്ക് അയച്ചത്. അവിടെ ചെന്നപ്പോള്‍ പടിപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ജോലിക്ക് ശേഷം കായംകുളത്ത് തങ്ങളുടെ അടുക്കല്‍ നിന്നും അഭ്യസിച്ച അഭ്യാസത്തിന്റെ പിന്‍ബലത്തില്‍ പിന്‍മറഞ്ഞ് മതില്‍ക്കെട്ടില്‍ കയറുകയും പിന്നീട് സാധനങ്ങളുമായി മുന്‍മറഞ്ഞ് പുറത്തിറങ്ങുകയുമാണ് കൊച്ചുണ്ണി ചെയ്തത്. മറ്റുള്ളവര്‍ പറഞ്ഞ് ഈ സംഭവം അറിഞ്ഞ മുതലാളി കൊച്ചുണ്ണിയെ ഇനി തന്റെ കൂടെ നിര്‍ത്താനാകില്ലെന്ന് കണ്ട് സൗഹൃദത്തോടെ തന്നെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. അതും സമ്മാനങ്ങള്‍ നല്‍കി.

ഇരുപതാം വയസ്സില്‍ വീട്ടില്‍ തിരികെയെത്തിയ ശേഷം വിവാഹം കഴിക്കുകയും അധികം വൈകാതെ മാതാപിതാക്കള്‍ മരിച്ചു പോകുകയും ചെയ്തു. അതോടെ ഭാര്യയുടെ അമ്മയെ സ്വന്തം വീട്ടില്‍ കൊണ്ടു വന്നാക്കി. കുടുംബമായതോടെ ദാരിദ്ര്യം കടുക്കുകയും കൂട്ടുകാര്‍ക്കൊപ്പം മോഷണവും പിടിച്ചുപറിയും അഭ്യാസങ്ങളും തുടരുകയും ചെയ്തു. ഇതിനിടയില്‍ സ്ത്രീവിഷയവും ദുര്‍ന്നടപ്പുമുണ്ടായിരുന്നു. ഇതില്‍ നാട്ടിലുള്ള ഒരു സ്ത്രീയുമായുള്ള ബന്ധം അമ്മായിയമ്മ അറിയുകയും അവര്‍ ഇക്കാര്യം ഭാര്യയെ അറിയിക്കുകയും ചെയ്തു. ഒരിക്കല്‍ ഇക്കാര്യം നേരിട്ട് തന്നെ ചോദിച്ച അമ്മായിയമ്മയെ കൊച്ചുണ്ണി ഒരു കുറുവടി കൊണ്ട് അടിക്കുകയും അവര്‍ മരിക്കുകയും ചെയ്തു. കാര്‍ത്തികപ്പിള്ളി തഹസീല്‍ദാര്‍ കൊച്ചുണ്ണിയെ പിടിച്ചുകെട്ടാന്‍ ഉത്തരവിട്ടെങ്കിലും കണ്‍കെട്ട്, ആള്‍മാറാട്ടം, ജാലവിദ്യ തുടങ്ങിയവ പോലും വശത്താക്കിയിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ഈ അഭ്യാസിയെ പിടികൂടുക അത്ര എളുപ്പമായിരുന്നില്ല. ഒളിവില്‍ കഴിയുമ്പേഴും കൊച്ചുണ്ണിയുടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന അവസ്ഥ വന്നതോടെ ഇയാളെ പിടികൂടിയില്ലെങ്കില്‍ തഹസീല്‍ദാരെ തല്‍സ്ഥാനത്ത് നിന്നും സ്ഥിരമായി നീക്കം ചെയ്യുമെന്ന് ദിവാന്‍ ഉത്തരവിട്ടു.

ഇതോടെ കൊച്ചുണ്ണിയുടെ കാമുകിയുമായി രഹസ്യബന്ധമുണ്ടായിരുന്ന മറ്റൊരു വ്യക്തിയെ സ്വാധീനിച്ച് തഹസീല്‍ദാര്‍ അവരെ വിളിച്ചുവരുത്തുകയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കള്ളനായ കൊച്ചുണ്ണിയ്‌ക്കൊപ്പം ജീവിക്കുന്നതിലും നല്ലത് തഹസീല്‍ദാറുടെ ഭാര്യയാകുന്നതാണെന്ന് മനസിലാക്കിയ അവര്‍ എന്ത് സഹായവും വാഗ്ദാനം ചെയ്തു. അന്ന് രാത്രി തഹസീല്‍ദാര്‍ കൊടുത്ത മരുന്നിട്ട പാലാണ് അവര്‍ കൊച്ചുണ്ണിക്ക് കൊടുത്തത്. അത് കുടിച്ചതോടെ ബോധരഹിതനായ കൊച്ചുണ്ണിയെ തഹസീല്‍ദാര്‍ ചട്ടം കെട്ടിയിരുന്ന പോലീസുകാര്‍ പിടിച്ചുകെട്ടി എടുത്തുകൊണ്ട് പോകുകയായിരുന്നു. 1015ലാണ് കൊച്ചുണ്ണിയെ ഭാര്യയുടെ അമ്മയെ കൊന്നതെന്നും എന്നാല്‍ 1025ല്‍ മാത്രമാണ് അദ്ദേഹത്തെ പിടിച്ചു കെട്ടാന്‍ അധികൃതര്‍ക്ക് സാധിച്ചതെന്നും ഐതീഹ്യമാലയില്‍ പറയുന്നു. പത്ത് വര്‍ഷക്കാലം അധികൃതരുടെ ഉറക്കം കെടുത്തിയ ശേഷമാണ് കൊച്ചുണ്ണി പിടിയിലായതെന്ന് ചുരുക്കം.

ബോധം വന്നപ്പോള്‍ തന്നെ അഭ്യാസം കാണിച്ച് രക്ഷപ്പെടുകയാണ് കൊച്ചുണ്ണി ചെയ്തതെന്നും അല്ലാ ജയില്‍ ജീവനക്കാരുടെ സഹായത്തോടെ രക്ഷപ്പെട്ടതാണെന്നും രണ്ട് കഥകളുണ്ടെന്ന് ഐതീഹ്യമാലയില്‍ തന്നെ പറയുന്നുണ്ട്. എന്തായാലും രക്ഷപ്പെട്ടയുടന്‍ കാമുകിയുടെ വീട്ടിലെത്തിയ കൊച്ചുണ്ണി അവരെയും അവരുടെ രഹസ്യകാമുകനെയും കൊലപ്പെടുത്തുകയുമാണ് ചെയ്തത്. കൊല്ലപ്പെട്ടത് ഇവരാണെന്ന് വ്യക്തമായതോടെ കൊലപാതകം നടത്തിയത് കൊച്ചുണ്ണിയാണെന്നും തഹസീല്‍ദാര്‍ ഉറപ്പിച്ചു. എന്നാല്‍ കൊച്ചുണ്ണിയുടെ സുഹൃത്തുക്കളാണ് ഈ കൊലപാതകം നടത്തിയതെന്ന കഥയും ഐതീഹ്യമാല തള്ളിപ്പറയുന്നില്ല. ജയില്‍ ചാടിയ ശേഷം സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ കൊച്ചുണ്ണി പിന്നീടൊരിക്കലും ഭാര്യയോട് വിശ്വാസ വഞ്ചന കാണിച്ചിട്ടില്ലെന്നും ഐതീഹ്യമാലയില്‍ പറയുന്നു.

1033 വരെ ഇത്തരത്തില്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞിരുന്ന കൊച്ചുണ്ണിയുടെ കഷ്ടകാലം ആരംഭിക്കുന്നത് മാധവരായര്‍ ദിവാനായതോടെയാണ്. കൊച്ചുണ്ണിയെ പിടിച്ചു കെട്ടുന്നതിനായാണ് പാപ്പാടിയില്‍ കുഞ്ഞുപണിക്കരെ കാര്‍ത്തികപ്പിള്ളി തഹസീല്‍ദാരായി അദ്ദേഹം നിയമിച്ചതു തന്നെ. കൊച്ചുണ്ണിയുടെ കൂട്ടുകാരില്‍ പാവങ്ങളെ ഉപദ്രവിക്കുകയും ഏത് ക്രൂരതയും കാട്ടാന്‍ മടിയില്ലാത്തവനുമായിരുന്ന കോപ്പാറപ്പറമ്പില്‍ മമ്മദിനെ അവര്‍ സംഘത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതില്‍ മമ്മദിന് കൊച്ചുണ്ണിയോട് ദേഷ്യവുമുണ്ടായിരുന്നു. അയാള്‍ വഴി കൊച്ചുണ്ണിയുടെ മറ്റ് കൂട്ടുകാരെയും സ്വാധീനിക്കുകയാണ് കുഞ്ഞുപണിക്കര്‍ ചെയ്തത്. ഈ സുഹൃത്തുക്കള്‍ അമിതലഹരിയുള്ള ദ്രാവകം നല്‍കിയാണ് ഒടുവില്‍ കൊച്ചുണ്ണിയെ തളച്ചതെന്ന് ഐതീഹ്യമാലയില്‍ പറയുന്നു. ഈ സുഹൃത്തുക്കള്‍ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങളും പ്രത്യേക പദവികളും നല്‍കി ആദരിച്ചെങ്കിലും പിന്നീട് ഇവരും പല കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപരത്തെ പന്തിരു ഠാണാവില്‍(സെന്‍ട്രല്‍ ജയില്‍) കൊച്ചുണ്ണിയുടെ അടുക്കലെത്തി.

ഒടുവില്‍ ഇംഗ്ലീഷ് വര്‍ഷം 1859ല്‍ അതായത് കൊല്ലവര്‍ഷം 1034ല്‍ തന്റെ 41-ാം വയസില്‍ കേസുകളുടെ വിചാരണ നടക്കുമ്പോള്‍ തന്നെ കൊച്ചുണ്ണി മരിച്ചുവെന്നതാണ് ചരിത്രം. അറസ്റ്റിലായി 91-ാം ദിവസമായിരുന്നു കൊച്ചുണ്ണിയുടെ മരണം. സിനിമയില്‍ നായകസങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി ഈ കഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാം. അതേസമയം ഇത്തരത്തിലൊരു കഥ ചലച്ചിത്രഭാഷയിലാക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കുകയെന്ന തെറ്റ് ചെയ്യാതിരിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഓര്‍ക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍