ട്രെന്‍ഡിങ്ങ്

നെഹ്രു ഇപ്പോഴും സംഘപരിവാറിനോട് കലഹിച്ചു കൊണ്ടിരിക്കുന്നു: 54-ാം ചരമദിനത്തില്‍ നെഹ്രുവിനെ വായിക്കുമ്പോള്‍

Print Friendly, PDF & Email

നെഹ്റുവില്‍ നിന്ന് മോദിയിലെത്തുമ്പോള്‍ രാജ്യം ഇന്ന് എത്തി നില്‍ക്കുന്നത് ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഒരു ഗവണ്മെന്റിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും നിരക്കാത്ത കാഴ്ചപ്പാടുകളുടേയും ആഗോളവത്ക്കരണത്തിന്റെ നയങ്ങള്‍ക്കു നിരക്കുന്ന ഭരണപരമായ പൊളിച്ചെഴുത്തിന്റെയും മുമ്പിലാണ്

ഗിരീഷ്‌ പി

A A A

Print Friendly, PDF & Email

‘എന്റെ അസ്ഥികള്‍ ഇന്ത്യയിലെ നദികളില്‍ ഗംഗയിലും യമുനയിലും ഒഴുക്കുക, മുകളില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് വിതറുക, അങ്ങിനെ ഈ മഹത്തായ മണ്ണിന്റെ ഒഴിച്ച് കൂടാനാകാത്ത ഒരു ഭാഗമാകാന്‍ എനിക്ക് കഴിയട്ടെ,’ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ വില്‍പത്രത്തിലെ പ്രസ്താവനയാണിത്. ഇന്ത്യന്‍ മണ്ണിനോടുള്ള നെഹ്രുവിന്റെ അഗാധമായ ബന്ധം വിളിച്ചോതാന്‍ ഇതില്‍ കൂടുതല്‍ ഒന്നും ആവശ്യം ഇല്ല. ജവാഹര്‍ലാല്‍ നെഹ്രു കഥാവശേഷനായിട്ട് അഞ്ചുപതിറ്റാണ്ടുകള്‍ കഴിഞ്ഞു. പക്ഷേ, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും രാഷ്ട്രനിര്‍മാണത്തിനും ദേശീയജീവിതത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള സംവാദങ്ങളും വിമര്‍ശനങ്ങളും ഇന്നും തുടരുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കു മുന്‍പുതന്നെ ഇന്ത്യയെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള തന്റെ സങ്കല്‍പം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി, ‘Our dreams are for India. But they are also for the world, since the world is now united.” വിശാലമായ ലോകപശ്ചാത്തലത്തിലാണു നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത്. അന്യൂനമായ ചരിത്രബോധം അദ്ദേഹത്തിനുണ്ടായിരുന്നു. നെഹ്‌റു ചരിത്രം പഠിക്കുക മാത്രമല്ല ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

നെഹ്റുവില്‍ നിന്ന് മോദിയിലെത്തുമ്പോള്‍ രാജ്യം ഇന്ന് എത്തി നില്‍ക്കുന്നത് ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഒരു ഗവണ്മെന്റിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും നിരക്കാത്ത കാഴ്ചപ്പാടുകളുടേയും ആഗോളവത്ക്കരണത്തിന്റെ നയങ്ങള്‍ക്കു നിരക്കുന്ന ഭരണപരമായ പൊളിച്ചെഴുത്തിന്റെയും മുമ്പിലാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത പ്രവണതകള്‍ക്കാണ് ജനത സാക്ഷ്യം വഹിക്കുന്നത്. ജുഡീഷ്യറിയില്‍, തെരഞ്ഞെടുപ്പ് കമ്മീഷനില്‍, സൈന്യത്തില്‍ എന്ന് വേണ്ട രാജ്യത്തിന്റെ സകല മെഷിനറികളിലും സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ശക്തമാണെന്ന് കാലം തെളിയിരിക്കുന്നു.

ഇവിടെയാണ് പ്രധാനമന്ത്രി നെഹ്റുവിനെ നാം വീണ്ടും സ്മരിക്കേണ്ടതിന്റെ ആവശ്യം വെളിവാകുന്നത്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ ഒരു ഹിന്ദു മതഭ്രാന്തനാണ് അതു ചെയ്തതെന്ന് പ്രതികരിച്ച നെഹ്റു തുടര്‍ന്ന് 1948 ഫെബ്രുവരി 5-ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച അതിരഹസ്യ കത്തില്‍ പറയുന്നത് ഇവിടെ പ്രസക്തമാണ്. 1948 ഫെബ്രുവരി 2-ന് ആര്‍.എസ്.എസ്സിനെ നിരോധിച്ചതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി പറഞ്ഞു: ”നമ്മളെ എതിരിടുന്നവര്‍ എന്തു ചെയ്യാനും മടിക്കാത്തവരാണ് എന്ന് ഓര്‍മ്മിക്കണം. ഒന്നു പറയുകയും മറ്റൊന്നു ചെയ്യുകയുമാണ് അവരുടെ രീതി.” ആര്‍.എസ്.എസിനെ നെഹ്റു തിരിച്ചറിഞ്ഞ പോലെ പിന്നീടേതെങ്കിലും ഒരു കോണ്‍ഗ്രസ്സ് നേതാവ് വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയം ആണ്!

പ്രധാനമന്ത്രി നെഹ്റുവില്‍നിന്നുള്ള അനുക്രമമായ ഒരു പിന്‍തുടര്‍ച്ചാക്രമമെന്ന നിലയ്ക്കല്ല രാജ്യം നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയില്‍ എത്തിനില്‍ക്കുന്നത്. ചരിത്രത്തെ ബോധപൂര്‍വ്വമായി അന്ധകാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന്റെ കുരുക്കില്‍ കെട്ടിവലിക്കപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഇപ്പോള്‍. വര്‍ഗീയതയുടെ അപായകരമായ വളര്‍ച്ച തടയേണ്ടതു മതനിരപേക്ഷതയെ കരുത്തുറ്റതാക്കുന്നതിലൂടെയാണെന്ന നെഹ്‌റുവിയന്‍ കാഴ്ചപ്പാട് സമകാലിക സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാണ്. നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും ബോധപൂര്‍വം തമസ്‌കരിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ ജനാധിപത്യത്തിന് ആപത്കരമായിരിക്കുമെന്നു നാം തിരിച്ചറിയണം.

ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 54-ാം ചരമദിനം ആണിന്. ഈ ദിനത്തില്‍ എങ്കിലും ചാച്ചാജി എന്ന വിളിപേരിലും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന പട്ടത്തിലും ഒതുക്കി നിര്‍ത്താതെ അദ്ദേഹം മുന്നോട്ടു വെച്ച സോഷ്യലിസ്റ്റ് മാതൃകയ്ക്ക്, ജനാധിപത്യ ബോധത്തിന് വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തി ഉണ്ട് എന്ന് തിരിച്ചറിയുകയും പുതിയൊരു ഇന്ത്യയെ കണ്ടെത്താന്‍ ആ തിരിച്ചറിവുകളെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍