TopTop
Begin typing your search above and press return to search.

ഡോ ഷംനാദ് ബഷീര്‍, സാമൂഹ്യ നീതിയ്ക്ക് നിയമ വഴി തെരഞ്ഞെടുത്ത പോരാളി

ഡോ ഷംനാദ് ബഷീര്‍, സാമൂഹ്യ നീതിയ്ക്ക് നിയമ വഴി തെരഞ്ഞെടുത്ത പോരാളി

'നമ്മുടെ രാഷ്ട്ര നേതാക്കള്‍ ഗാന്ധിജിയും അംബദ്കറും അഭിഭാഷകരായിരുന്നു.. അഭിഭാഷകരെ സാഭിമാനം നോക്കിക്കണ്ട ഞാന്‍ തീരെ ചെറുപ്പത്തിലെ ഒരു അഭിഭാഷകനാകാന്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഒരു പൗരന്‍ ചെയ്യേണ്ടതു ചിലത് ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍, ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് സമകാലിക സാഹചര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.' നിയമപരമായ പ്രശ്നങ്ങള്‍ക്കും നിയമവിദ്യാഭ്യാസത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് 2014-ല്‍ മാനവികതയ്ക്കുള്ള ഇന്‍ഫോസിസ് പ്രൈസ് ലഭിച്ചതിനുശേഷം ഡോ.ഷംനാദ് ബഷീര്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് ഷംനാദിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യയിലെ കാൻസർ രോഗികളെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത പേരാണ് ഷംനാദിന്റേത്.

രക്താര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കാവശ്യമായ മരുന്ന് ഇന്ത്യയില്‍തന്നെ ഉത്പാദിപ്പിക്കാമെന്നും ഇതിന് ആഗോള പേറ്റന്റ് നിയമം ബാധകമല്ലെന്ന് വാദിക്കുകയും അതുവഴി കാന്‍സറിനുള്ള മരുന്ന് ചുരുങ്ങിയ ചെലവില്‍ രാജ്യത്ത് ഉത്പാദിപ്പിക്കാന്‍ കാരണക്കാരനാവുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ.ഷംനാദ് ബഷീര്‍. നിയമ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മാറ്റത്തിനുവേണ്ടി പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

രക്താര്‍ബുദത്തിനുള്ള മരുന്നിന് ഇന്ത്യയില്‍ പേറ്റന്റ് നേടാന്‍ സ്വിസ് ഔഷധക്കമ്പനിയായ നൊവാര്‍ട്ടിസ് നല്‍കിയ അപേക്ഷ ഇന്ത്യന്‍ പേറ്റന്റ് ഓഫിസ് തള്ളിയപ്പോള്‍ അതിനെതിരെ അവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത് ഷംനാദിനെയായിരുന്നു. പൊതുജനാരോഗ്യം രാജ്യാന്തര ഔഷധക്കുത്തകകളുടെ കച്ചവട താല്‍പര്യത്തിന് വിട്ടുകൊടുക്കരുതെന്ന് ഷംനാദ് ഉന്നയിച്ച വാദങ്ങള്‍ അന്ന് കോടതി അംഗീകരിക്കുകയും നൊവാര്‍ട്ടിസ് പരാജയപ്പെടുകയും ചെയ്തു. നൊവാര്‍ട്ടിസിന്റെ മരുന്നായ ഗ്‌ളീവെക്കിന് ഒരു മാസത്തെ ഡോസിന് 1.2 ലക്ഷം രൂപ വിലയുണ്ടായിരുന്നു, ഇതേ മരുന്ന് ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച് 8000 രൂപയ്ക്ക് ലഭ്യമാക്കുവാന്‍ ഇതോടെ കഴിഞ്ഞു.

2010ലാണ് ഇന്‍ക്രീസിങ് ഡൈവേഴ്സിറ്റി ബൈ ഇന്‍ക്രീസിങ് ആക്സസ് ടു ലീഗല്‍ എജ്യുക്കേഷന്‍ (ഐഡിഐഎ) ഷംനാദ് തുടങ്ങുന്നത്. ഐഡിഐഎ പ്രവര്‍ത്തകര്‍ നിയമപഠനത്തില്‍ താല്‍പര്യമുള്ള പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്നുതന്നെ കണ്ടെത്തുകയും പരിശീലിപ്പിച്ച് സര്‍വകലാശാല പരീക്ഷയ്ക്കു പ്രാപ്തരാക്കുകയും ചെയ്തു. പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെ നിയമത്തിലേയ്ക്ക് എത്തിക്കുന്നതിലൂടെ പിന്നോക്ക വിവിഭാഗക്കാരുടെ അവസ്ഥകള്‍ക്ക് മാറ്റംവരുക മാത്രമല്ല നീതിയില്‍ അധിഷ്ഠിതമായ സമൂഹം സൃഷ്ടിക്കാനും അതു സഹായിക്കുമെന്ന് ഡോ.ഷംനാദ് ബഷീര്‍ വിശ്വസിച്ചിരുന്നു.

ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ഓക്സ്ഫെഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.നീതിശാസ്ത്ര രംഗത്ത് കേരളത്തിന്റെ മറ്റൊരു മികച്ച സംഭാവനായിരുന്ന പ്രഫ. എന്‍.ആര്‍.മാധവമേനോന്റെ ശിഷ്യനായ ഷംനാദിന്, നിയമപരമായ പ്രശ്നങ്ങള്‍ക്കും നിയമവിദ്യാഭ്യാസത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ക്കും 2014-ല്‍ മാനവികതയ്ക്കുള്ള ഇന്‍ഫോസിസ് പ്രൈസ് ലഭിച്ചു.

നീതി ഉറപ്പാക്കാന്‍ നിയമലംഘനം മാത്രം പരിശോധിച്ചതുകൊണ്ടു കാര്യമില്ല, സാമൂഹികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് നിലപാടുകളുണ്ടാകണമെന്നായിരുന്നു ഷംനാദ് ഉടര്‍ത്തിപ്പിടിച്ച ആശയം.

ഡോ. ഷംനാദ് ബഷീറിനെ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വ്യാഴാഴിച കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹീറ്റര്‍ ഓണ്‍ ചെയ്തു കാറില്‍ ഉറങ്ങുന്നതിനിടെ അത് പൊട്ടിത്തെറിച്ചുണ്ടായ പുക ശ്വസിച്ച് മരണപ്പെട്ടു എന്നാണ് സംശയിക്കുന്നത്. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ എം.എ. ബഷീറിന്റെയും പരേതയായ സീനത്ത് ബീവിയുടെയും മകനാണ ഷംനാദ്.

ദുരന്ത മേഖലയായി മേപ്പാടി പുത്തുമല, 40 ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, നൂറോളം ഏക്കര്‍ പ്രദേശം മണ്ണിനടിയില്‍, മൂന്ന് മൃതദേഹം കണ്ടെത്തി


Next Story

Related Stories