TopTop

അറവാതിലില്‍ തുളയുണ്ടാക്കി നോക്കുന്ന മനോവൈകൃതത്തിനപ്പുറം എന്താണ് സിവിക് പറയുന്നത്?

അറവാതിലില്‍ തുളയുണ്ടാക്കി നോക്കുന്ന മനോവൈകൃതത്തിനപ്പുറം എന്താണ് സിവിക് പറയുന്നത്?
വിപ്ലവത്തിന്റെ അവസാനകളി 'കേരളത്തില്‍ ഉണ്ടായിരുന്ന നക്‌സലൈറ്റുകള്‍ അക്കാലത്തെ ഏറ്റവും മികച്ച കവികളെക്കൊണ്ടും ചിത്രകാരന്മാരെക്കൊണ്ടും ചിന്തകന്മാരെക്കൊണ്ടും ദാര്‍ശനികരെക്കൊണ്ടും അവസാന കളി കളിച്ചിട്ടും തോറ്റുപോയവരാണ്.' എന്ന മഹാകാവ്യമെഴുതിയ സ്വയം പ്രഖ്യാപിത ദാര്‍ശനികന്‍ സിവിക് ചന്ദ്രന്‍ കൂടി കളത്തിലിറങ്ങിയതോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതങ്ങളുടെ ചരിത്രം മാത്രമല്ല, മാര്‍ക്‌സിന്റെ വേലക്കാരിയുടെ ജീവനാംശ കേസുകൂടി ജനസമക്ഷം അവതരിപ്പിക്കുന്നു. സിവിക് ചന്ദ്രന്‍ പാരഡിയുടെ ആളാണ്. ആളുകളെ ചിരിപ്പിക്കുക എന്നത് ഒരു മോശം കാര്യമല്ല. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്നദ്ദേഹം ചോദിച്ചത് വലിയ ഗൗരവത്തിലാണ്. വേറെയാരു ചോദിച്ചിരുന്നെങ്കിലും ചര്‍ച്ച ചെയ്യുമായിരുന്ന ഒരു ചോദ്യം അതോടെ സസന്തോഷം ആത്മഹത്യ ചെയ്തു.

നാട്ടില്‍ പെറാത്ത പെണ്ണുങ്ങളുടെ കുഞ്ഞിരാമന്‍മാരൊക്കെ ഇങ്ങനെ മച്ചിപ്പയ്യെന്ന് പുലഭ്യം പറഞ്ഞു ചിറിതുടച്ച് സന്ധ്യക്കിത്തിരി മോന്തി വീട്ടിലെത്തുന്ന മഹിതഭൂതകാലമാണ് സിവിക്കിന്റേത്. അവരുടെ നല്ലകാലത്തിന് കുഞ്ഞിരാമന്‍ ഇക്കാരണം പറഞ്ഞു ഉപേക്ഷിച്ച ചില ആര്‍ച്ചകളൊക്കെ പിന്നെ ചറുപിറാ പെറ്റതും സന്തോഷമായി കൂത്തുകാണാന്‍ പോയതും കഥയല്ലാത്ത നാട്ടുപുരാണമാണ്. ചിലപ്പോള്‍ 'വിശിഷ്ടവര്‍ഗം' അല്ലെങ്കില്‍ കേരളത്തിലെ വിപ്ലവാര്യന്‍സ് അവസാനകളി കളിച്ചിട്ടും പുതിയ സമൂഹം പേറ്റുമുറിയില്‍ നിന്നും ബലികുടീരങ്ങളും പാടി പിറക്കാഞ്ഞതിന് ഈ മച്ചികുഞ്ഞിരാമന്‍ സിന്‍ഡ്രോം ആയിരിയ്ക്കും കാരണം.

എന്തായാലും സിവിക്കിയന്‍ ദാര്‍ശനികത അങ്ങാടിയിലെ പുതിയ തിക്കിലും തിരക്കിലും വില്‍ക്കാനെത്തിയിട്ടുണ്ട്. എ കെ ജിയോ, ഹെയ്, രാമന്‍ ബാലന്‍, മൊത്തം കമ്മ്യൂണിസ്റ്റുകാരുടെയും ഒളിവുജീവിതത്തിന്റെ അവിശുദ്ധ കഥ ഞാന്‍ പറയാം എന്ന് അവസാന ദാര്‍ശനികരിലെ ഖരാക്ഷരക്ഷോഭം ചന്ദ്രന്‍ ചാടി വീഴുന്നു. അവിശുദ്ധ ബന്ധങ്ങളുടെ എന്തിന് പ്രകൃതി വിരുദ്ധം എന്നുപോലുമെന്ന് സിവിക് കണ്ണടിച്ചിളിക്കുന്ന ബന്ധങ്ങള്‍ ഏറെയത്രേ അക്കാലങ്ങളില്‍. ആണും പെണ്ണും പരസ്പരസമ്മത പ്രകാരം രതിയില്‍ ഏര്‍പ്പെടുന്നതിനെ അവിശുദ്ധം അസന്‍മാര്‍ഗികം എന്നൊക്കെ പറഞ്ഞു അറവാതിലില്‍ തുളയുണ്ടാക്കി നോക്കുന്ന മനോവൈകൃതത്തിനപ്പുറം എന്താണയാള്‍ പറയുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതത്തിലെ രതി എന്തു രാഷ്ട്രീയ പ്രശ്‌നത്തെയാണ് അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും മലയാളിയുടെ ഒളിവിലും തെളിവിലുമുള്ള രതിക്കു നാനാവിധമായ രാഷ്ട്രീയമാനങ്ങളുണ്ട്, പ്രശ്‌നങ്ങളുണ്ട്. പക്ഷേ അത് കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുകാല പരഭോഗങ്ങളോ, സ്വയംഭോഗങ്ങളോ ആയി ബന്ധപ്പെട്ടതല്ല. ഭോഗിക്കുന്നത് സാമ്രാജ്യത്വത്തെ തോല്‍പ്പിക്കാനാണെന്ന് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രവും വിപ്ലവരാഷ്ട്രീയവും ഒരു പാരഡിയായി ചിന്താപരമായ മലബന്ധം പോലെ വികൃതമായി കൊണ്ടുനടന്ന സിവിക്കിയന്‍ ദാര്‍ശനിക കാലങ്ങളില്‍ തോന്നിയിട്ടുണ്ടാകും. ക്ഷമിക്കണം, അതായിരുന്നില്ല വാസ്തവം.അതല്ല മാര്‍ക്‌സിസം, വേലക്കാരിയുടെ ജാരനോട് പൊറുക്കില്ലേ അവസാന ദാര്‍ശനികകുലത്തിലെ മഹാഗുരോ!

നക്‌സലൈറ്റാവാന്‍ പോയ എ കെ ജി പ്രേമലേഖനങ്ങള്‍ പുറത്താക്കുമെന്ന ഈ എം എസ് ഭീഷണിയില്‍ തിരിച്ചുപോന്നു എന്ന് പൂര്‍വ നക്‌സലൈറ്റ് ടോയന്‍ബീ. ആത്മഹത്യ ചെയ്യാന്‍ പോകുന്നവന്‍ നീര്‍ക്കോലിയെ കണ്ടു പേടിച്ച് എന്നൊക്കെ പറയുന്നപോലെ ഒരു സാധ്യത ആര്‍ക്കെങ്കിലും തോന്നിയാലോ! കണ്ണൂരിലെ വായനശാലയില്‍ ഒളിഞ്ഞുകിടക്കുന്ന ഈ അപൂര്‍വനിധി വായിച്ചെടുക്കാന്‍ സൈന്ധവലിപി വായിച്ചതിനുശേഷം ചരിത്രകാരന്‍മാര്‍ വരുമായിരിക്കും. സ്വകാര്യതയുടെ വിധി വരാന്‍ കാത്തിരുന്നത് തെറ്റായി സിവിക്.

എം കെ ഗാന്ധി മുതല്‍ (വെറും ഗാന്ധി, മഹാത്മാഗാന്ധി എന്നൊന്നും സിവിക് പറയില്ല, എം കെ ഗാന്ധിയെന്നെ പറയൂ, സാധാരണക്കാര്‍ ക്ഷമിക്കണം, അവസാന ദാര്‍ശനികകുലത്തിലെ മേളപ്രമാണിയാണ്, പാണ്ടിയാണ് പഞ്ചാരിയാണ്) ഉമ്മഞ്ചാണ്ടി വരെയുള്ളവര്‍ നേരിട്ട അപമാനത്തിന് പകരം ചോദിക്കാന്‍ എത്തിയ പുത്തൂരം തറവാട്ടിലെ ഇളമുറക്കാരനെ കണ്ട്, ദാര്‍ശനികന്‍ വിശുദ്ധ വിജൃംഭിതനാകുന്നു. നോക്കൂ, ഗാന്ധി മുതല്‍ ഉമ്മഞ്ചാണ്ടി വരെ എന്ന്!! ഏതാണ്ട് മാര്‍ക്‌സ് മുതല്‍ സിവിക് ചന്ദ്രന്‍ വരെ എന്നൊക്കെ പറയുമ്പോലെ ഒരശ്ലീലവഴുവഴുപ്പ്.

'കമ്മ്യൂണിസ്റ്റുകാരും ചിലപ്പോള്‍ മനുഷ്യര്‍, വെറും മനുഷ്യര്‍' എന്ന്, നാളെ സിവിക്കിയന്‍വിചാരധാരയുടെ 112ആം പുറത്തില്‍ വായിക്കാന്‍ പാകത്തില്‍ അരുളപ്പാടുണ്ട്. മഹാദാര്‍ശനിക, കമ്മ്യൂണിസ്റ്റുകാര്‍ ചിലപ്പോഴല്ല എല്ലായ്‌പ്പോഴും വെറും മനുഷ്യരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ചൂഷണം മനുഷ്യത്വവിരുദ്ധമായി തോന്നുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ആത്മാഭിമാനത്തിനുവേണ്ടി സമരം ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടാണവര്‍ സത്യസന്ധമായ ജീവിതമാണ് ധീരമായ ജീവിതം എന്ന് പറയുന്നത്. അതുകൊണ്ടാണവര്‍ക്ക് ഇന്നുമാത്രമല്ല, നാളെയുടെ കൂടിയാണ് ഭൂമിയുടെ രാഷ്ട്രീയം എന്ന് പറയുന്നത്. മനുഷ്യരെപ്പോലെ ജീവിക്കാന്‍ വേണ്ടി പോരാടുന്ന മനുഷ്യരാണവര്‍. എന്നീ ദുരിതവും അസമത്വവും ചൂഷണവും അവസാനിക്കുന്നുവോ, അന്നീ ആകുലതഭാരങ്ങളൊക്കെ അഴിച്ചുവെച്ച് ഒന്നു മയങ്ങാന്‍ കൊതിക്കുന്ന സാധാരണ മനുഷ്യര്‍.

അസാധാരണത്വത്തിന്റെ ജീര്‍ണവേഷങ്ങള്‍ സ്വയം കെട്ടിയ അവസാന ദാര്‍ശനിക കുലത്തിലെ ഗുരുവിന് സാധാരണ മനുഷ്യരെ മനസിലാകില്ല. അതുകൊണ്ടയാള്‍ ജന്മിത്വം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച മനുഷ്യന്റെ കാലിന്നിടയിലേക്ക് തുറിച്ചു നോക്കും. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ സഖാക്കളുടെ ശുക്ലപരിശോധന നടത്തും. ആ വീട്ടില്‍ സഖാവ് ഒളിവില്‍ക്കഴിഞ്ഞു എന്നുപറഞ്ഞാല്‍ ആ വീട്ടിലെ പെണ്ണുങ്ങളൊക്കെ അയാള്‍ക്കൊപ്പം കിടന്നു എന്ന് കേള്‍ക്കും. കിടന്നാല്‍ തനിക്കെന്താ എന്ന ചോദ്യം അയാള്‍ കേട്ടില്ലെന്ന് നടിക്കും. വിശുദ്ധരതിയുടെ നഷ്ടബോധത്തില്‍ ക്ഷുഭിതനാകും. നിത്യക്ഷുഭിതനായ അവസാന ദാര്‍ശനികാ, ലിംഗരാഷ്ട്രീയമെന്നാല്‍ 'അന്ന് പെയ്ത മഴയില്‍ ഒരൊളിവുകാല കൂരയില്‍' എന്ന ലിംഗോദ്ധാരണം ആട്ടക്കഥയല്ല.

ചരിത്രാഖ്യാനങ്ങള്‍ ഒരു രാഷ്ട്രീയസമരമാണ് എന്ന് വീണ്ടും നാം ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു!

(പ്രമോദ് പുഴങ്കര ഫെയ്‌സ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories