TopTop
Begin typing your search above and press return to search.

പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ശ്രീലങ്കയിൽ അറസ്റ്റിൽ

പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ശ്രീലങ്കയിൽ അറസ്റ്റിൽ
മാധ്യമസ്വാതന്ത്ര്യ ദിനത്തിൽ റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ശ്രീലങ്കയിൽ അറസ്റ്റിൽ. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കുന്നിടയിലാണ് പുലിറ്റ്സർ പുരസ്‌കാര ജേതാവ് കൂടിയായ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദിഖ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് സൂചന. റിപ്പോർട്ട് തയ്യാറാക്കാനായി ഇദ്ദേഹം ശ്രീലങ്കയിലെ ഒരു സ്‌കൂളിൽ അതിക്രമിച്ച് കടന്നതിനാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഹഷ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ലോകപ്രശസ്ത വാർത്ത ഏജൻസി റോയിറ്റേഴ്സിനായി ന്യൂഡൽഹിയിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. ശ്രീലങ്കയിലെ നെഗോമ്പോ നഗരത്തിലെ ഒരു സ്‌കൂളിലാണ് ഇദ്ദേഹം അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതെന്നാണ് പോലീസ് ഭാഷ്യം. സ്‌കൂൾ കെട്ടിടത്തിൽ അതിക്രമിച്ചുകടന്നുവെന്ന വകുപ്പ് ചുമത്തിയാണ് ഡാനിഷിനെ അറസ്റ്റ് ചെയ്തത്. മെയ് 15 വരെ ഇദ്ദേഹം റിമാൻഡിലായിരിക്കും.

ശ്രീലങ്കയിലെ സെന്റ് സെബാസ്റ്റ്യൻ ക്രിസ്ത്യൻ പള്ളിയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയെ കുറിച്ചറിയാനാണ് ഡാനിഷ് ഈ വിദ്യാലയത്തിലെത്തിയതെന്നാണ് സൂചന. അതേസമയം സ്‌കൂൾ കടുത്ത സുരക്ഷാ നിരീക്ഷണത്തിലായിരുന്നുവെന്നും ഡാനിഷിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നതുമാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും നിരവധി ഹോട്ടലുകളിലുമായി നടന്ന സ്ഫോടന പരമ്പരയിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത്.

Next Story

Related Stories