TopTop
Begin typing your search above and press return to search.

രാജ്യം ഭരിക്കുന്നത് ആര്‍എസ്എസ്സുകാര്‍, ഗുജറാത്തും രാജസ്ഥാനും ആവര്‍ത്തിക്കും; മതനിന്ദയാരോപിച്ചുള്ള മര്‍ദ്ദനത്തെ ന്യായീകരിച്ച് ഹിന്ദുത്വവാദികള്‍

രാജ്യം ഭരിക്കുന്നത് ആര്‍എസ്എസ്സുകാര്‍, ഗുജറാത്തും രാജസ്ഥാനും ആവര്‍ത്തിക്കും; മതനിന്ദയാരോപിച്ചുള്ള മര്‍ദ്ദനത്തെ ന്യായീകരിച്ച് ഹിന്ദുത്വവാദികള്‍
ഹിന്ദു ദൈവമായ അയ്യപ്പനെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ട്രോള്‍ ഷെയര്‍ ചെയ്തുവെന്ന പേരില്‍ മര്‍ദ്ദനമേറ്റ ആര്‍എസ്എസ്സുകാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ലിയോണ്‍ പീറ്റര്‍ വര്‍ഗ്ഗീസിനെതിരെ വീണ്ടും കൊലവിളിയുമായി ഒരു വിഭാഗം. അവന്റെ രണ്ട് കയ്യും അടിച്ചൊടിക്കേണ്ടതായിരുന്നുവെന്നും, ലിയോണ്‍ ക്രിസ്തുവിനെ ട്രോളിയാല്‍ മതി അയ്യപ്പനെ ട്രോളാന്‍ നില്‍ക്കേണ്ടെന്നുമൊക്കെയാണ് തീവ്രഹിന്ദുത്വവാദികളുടെ പ്രകോപനം. 'അവന്റെ ഒരു ട്രോള്‍, അടിച്ചൊടിക്കൂ കൈ എന്നാണ്' ഈ വാര്‍ത്തയ്ക്കു താഴെയായി വരുന്ന ഒരു കമന്റ്. അതേസമയം ലിയോണിനു നേരെയുണ്ടായ അക്രമത്തെ അപലപിച്ച് മറ്റൊരു വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്. ഐഎസിന്റെ അതേമനസുള്ള ഭീകരര്‍ ഇവിടെയുമുണ്ടെന്നതിന് തെളിവാണ് ഈ ആക്രമണം എന്നവര്‍ പറയുന്നു.

ശബരിമലയിലെ ദര്‍ശന സമയം കൂട്ടിയതിനെതിരെയായിരുന്നു ട്രോള്‍. മീശമാധവന്‍ എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ കണ്ണില്‍ ഈര്‍ക്കിലി വച്ച് ഉറക്കമൊളിച്ചിരിക്കുന്ന ചിത്രമാണ് ട്രോളിനായി ഉപയോഗിച്ചിരിക്കുന്നത്. ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി കാത്തിരിക്കുന്ന അയ്യപ്പന്‍ എന്നതായിരുന്നു ട്രോള്‍. ട്രോള്‍ റിപ്പബ്ലിക് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ട്രോള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിനെതിരെ സൈബര്‍സെല്‍ കേസെടുത്തതോടെയാണ് ട്രോള്‍ വിവാദത്തിലായത്. അതിന് ശേഷമാണ് ലിയോണ്‍ ഈ ട്രോള്‍ ഷെയര്‍ ചെയ്തത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ ലിയോണിന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ കോളേജ് വിട്ട് വരുമ്പോള്‍ ലിയോണിനെ അമ്പലപ്പുഴ റെയില്‍വേ ക്രോസ് ജംഗ്ഷനില്‍വച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണ വാര്‍ത്തയ്ക്കു താഴെയാണ് ലിയോണിനെതിരേ കൂടുതല്‍ പ്രകോപനപരമായ കമന്റുകള്‍ ചെയ്തിരിക്കുന്നത്.

http://www.azhimukham.com/trending-rss-attacked-sfi-activist-sharing-troll-lord-ayyappa/

ലിയോണിനെതിരായ ആക്രമണത്തെ ഐഎസിന്റെ മനസുള്ള മതഭീകരര്‍ നമുക്ക് ഇടയില്‍ തന്നെയുണ്ടെന്നതിന് തെളിവാണ് മുകളിലെ കമന്റുകള്‍ എന്നൊരാള്‍ പറയുന്നു. നിങ്ങളുടേത് പോലെ കയ്യും കാലും ഒന്നും വെട്ടിയില്ലല്ലോ എന്ന് മറ്റൊരാള്‍ ന്യായീകരിക്കുന്നു. മലപ്പുറത്തെ ഫഌഷ് മോബും ഇതിനിടെ ന്യായീകരണത്തിനായി ഉപയോഗിക്കുന്നുണ്ട്. 'സംഘപുത്രന്‍മാരെ ആക്ഷേപിക്കാന്‍ കോഴിക്കോട്ടെ കോയാ പത്രങ്ങള്‍ നല്ലോണം മെനക്കെടുന്നുണ്ടല്ലോ. രാജ്യത്തിന്റെ പ്രധാന മന്ത്രിയും രാഷ്ട്രപതിയും ഗവര്‍ണ്ണറുമൊക്കെ ആര്‍എസ്എസുകാരാണ്. ഓര്‍ത്താല്‍ നന്ന്. ഇല്ലേല്‍ ഗുജറാത്തും രാജസ്ഥാനും ആവര്‍ത്തിക്കും' എന്നാണ് ഒരാളുടെ മുന്നറിയിപ്പ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഹിന്ദു എന്ന പേരില്‍ തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാനും ചിലര്‍ മറക്കുന്നില്ല.

പവിത്രന്‍ തീക്കുനി മലപ്പുറത്തെ  ഫ്ലാഷ്  മോബിനെ ന്യായീകരിച്ച് എഴുതിയ കവിത പിന്‍വലിച്ചതിനെയും ലിയോണിന്റെ വിഷയത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തീക്കുനിയെക്കൊണ്ട് കവിത പിന്‍വലിപ്പിച്ചവരാണ് അയ്യപ്പനെതിരായ ട്രോളിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഹിന്ദുക്കളെ അപമാനിക്കല്‍ തൊഴില്‍ ആയികൊണ്ടു നടക്കുന്നവന്റെ കൈയും കാലും തല്ലി ഓടിക്കുകയാണ് വേണ്ടതെന്ന് ലിയോണിനെ വീണ്ടും വെല്ലുവിളിക്കുന്നുണ്ട് ചിലര്‍. മറ്റ് മതക്കാരെ ട്രോളാന്‍ പോകാത്തതെന്താണെന്ന് ചോദിക്കുന്ന ചിലര്‍ ഈ കൊടുത്തത് പോരാ എന്നും പറയുന്നു. കേരളത്തിലെ ഹിന്ദുവിന് നട്ടെല്ലുണ്ടെന്ന് തെളിയിച്ചതിന് ആയിരം അഭിനന്ദനങ്ങള്‍, നന്നായി എല്ലാ ഭക്തന്മാരും കേള്‍ക്കാന്‍ കൊതിക്കുന്ന വാര്‍ത്ത തുടങ്ങിയ പ്രകോപനപരമായ കമന്റുകളും ചിലര്‍ ഇട്ടിട്ടുണ്ട്. 'കളിച്ചു കളിച്ചു അയ്യപ്പനെ വച്ചായോ കളി. ഇവനൊക്കെ എന്താ സ്വന്തം തന്തയുടെയും തള്ളയുടെയും ഫോട്ടോ വച്ചു ട്രോള്‍ ചെയ്യാതെ. അവന്റെ ഒരു ട്രോള്‍ അടിച്ചോടിക്കു കൈ'. എന്നാണ് മറ്റൊരാളുടെ കൊലവിളി.

ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നത് ശരിയല്ലെന്നും എന്നാല്‍ അതിന്റെ പേരില്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് ഭീകരത തന്നെയാണെന്നും നിഷ്പക്ഷവാദികളെന്നവകാശപ്പെടുന്ന ചിലര്‍ പറയുമ്പോഴും തീവ്ര ഹിന്ദുത്വ-ഇസ്ലാമിക ഭീകരതയുടെ വ്യാപനമാണ് ലിയോണിനെ പോലുള്ളവരുടെ നേരെ ഉണ്ടായിരിക്കുന്ന മര്‍ദ്ദനങ്ങള്‍ വ്യക്തമാക്കുന്നതെന്നാണ് പൊതു അഭിപ്രായം. മതത്തിന്റെ പേരില്‍ നടത്തുന്ന ഭീകരതയെ മതം കൊണ്ട് തന്നെ ന്യായീകരിക്കുന്നതും പിന്തുണ്ക്കുന്നതും കറുത്ത ദിനങ്ങളിലേക്ക് രാജ്യത്തെ കൊണ്ടുപോകുമെന്നും അതു തടയണമെന്നും ആവശ്യം ഉയരുന്നു.

http://www.azhimukham.com/trending-troll-against-sabarimala-ayyappan-and-case-against-troll-republic/


Next Story

Related Stories