ട്രെന്‍ഡിങ്ങ്

ശബരിമലയ്ക്കു വേണ്ടിയുള്ള സമരം ഭക്തര്‍ക്ക് എതിരാകുന്നുവോ! ബിജെപി കേരള ഘടകത്തിന് ചുവടു പിഴയ്ക്കുന്നുവെന്നാക്ഷേപം

ശബരിമലയിലേക്ക് ദേശീയ നേതാക്കള്‍ എത്താന്‍ പോകുന്നുവെന്ന വാര്‍ത്ത അണികള്‍ക്കിടയില്‍ ആവേശം ഉണ്ടാക്കുന്നുണ്ടെങ്കിലും നേതാക്കള്‍ക്ക് അതത്ര അനുകൂലമായ വാര്‍ത്തയല്ല

ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി കേരളത്തില്‍ വിവിധയിടങ്ങളില്‍ സമരം നടത്തുകയാണ്. എന്തിനാണ് ബിജെപിയുടെ സമരങ്ങളെന്ന ചോദ്യവും മറുവശത്ത് ശക്തമാണ്. സമരങ്ങള്‍ കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് ചോദ്യം.

ശനിയാഴ്ച പുലര്‍ച്ചെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതമായ ഹര്ത്താല്‍ മൂലം ഏറെ വലഞ്ഞത് ശബരിമല തീര്‍ത്ഥാടകരായിരുന്നു. ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബിജെപി ഏറ്റെടുത്തതോടെയാണ് ഹര്‍ത്താലിന്റെ സ്വഭാവം മാറിയത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നതാണ് ജനത്തെ വലച്ചത്. പെട്ടെന്ന് പ്രഖ്യാപിച്ചതിനാല്‍ വളരെ വൈകിയാണ് യാത്രാ സൗകര്യങ്ങളും കുടിവെള്ളം പോലും ലഭ്യമല്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും ഹര്‍ത്താല്‍ ഒരുപോലെ ഭാഗികമായിരുന്നു.ശശികലയുടെ അറസ്റ്റും ഹര്‍ത്താലും തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്താമെന്നതായിരുന്നു കണക്കുകൂട്ടലെങ്കിലും തീര്‍ത്ഥാടകര്‍ പോലും തടയപ്പെട്ടതോടെ ഹര്‍ത്താല്‍ ബിജെപിക്ക് തിരിച്ചടിയായി.

ഹിന്ദു ഐക്യവേദി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് ഹര്‍ത്താല്‍ നടത്തിയ ബിജെപിക്ക് സ്വന്തം നേതാവ് സുരേന്ദ്രന്റെ കാര്യത്തില്‍ എന്ത് സംഭവിച്ചുവെന്നതാണ് മറ്റൊരു ചോദ്യം. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക മാത്രമല്ല, 14 ദിവസത്തേക്ക് റിമാന്‍ഡില്‍ അയക്കുകയും ചെയ്തു. ശശികലയ്ക്ക് വേണ്ടി നടത്തിയ ഹര്‍ത്താല്‍ എന്തുകൊണ്ട് സുരേന്ദ്രന് വേണ്ടി നടത്തുന്നില്ലെന്ന ചോദ്യം ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നു. ശബരിമല സമരത്തില്‍ മുന്‍പന്തിയിലുള്ള ബിജെപി നേതാവ് കൂടിയാണ് സുരേന്ദ്രന്‍. ശശികലയ്ക്ക് പ്രത്യക്ഷത്തില്‍ ബിജെപിയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ സുരേന്ദ്രന്‍ ഈ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. എന്നിട്ടും ഒരു ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ തയ്യാറാവാതിരുന്നതിനു പിന്നില്‍ ജനവികാരം തിരിച്ചടിയാകുമെന്ന ഭയത്തിലാണെന്നാണ് സംസാരം.

ശബരിമലയില്‍ ദേശീയ പാത ഉപരോധിക്കലാണ് ബിജെപിയുടെ യുദ്ധ തന്ത്രം. എന്നാല്‍ ദേശീയ പാത ഉപരോധിക്കുന്നത് കൊണ്ട് അയ്യപ്പ ഭക്തന്മാര്‍ക്ക് തന്നെയാണ് ഏറ്റവുമധികം ബുദ്ധിമുട്ടുകളുണ്ടാകുന്നത്. അയ്യപ്പ ഭക്തന്മാര്‍ പലയിടങ്ങളിലും തടയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ത്താലിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ഹര്‍ത്താല്‍ എന്തിനാണെന്ന ചോദ്യമാണ് ഉന്നയിച്ചത്. കൃത്യമായ മറുപടി പറയാന്‍ ബിജെപിക്ക് കഴിഞ്ഞുമില്ല.

ശബരിമലയിലേക്ക് ദേശീയ നേതാക്കള്‍ എത്താന്‍ പോകുന്നുവെന്നാണ് പുതിയ വാര്‍ത്ത. അണികള്‍ക്കിടയില്‍ ഈ വാര്‍ത്ത ആവേശം ഉണ്ടാക്കുന്നുണ്ടെങ്കിലും നേതാക്കള്‍ക്ക് അതത്ര അനുകൂലമായ വാര്‍ത്തയല്ല. കേരള നേതാക്കളുടെ പിടിപ്പുകേടുകൊണ്ടാണ് ദേശീയ നേതാക്കള്‍ വരുന്നതെന്ന സംസരമാണ് ഈ നിരാശയുടെ കാരണവും. ശബരിമലയെ ഒരു അയോധ്യയാക്കി മാറ്റി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കാത്തിരിക്കുന്നവരാണ് ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ നേതാക്കളെക്കൊണ്ട് അതെത്രമാത്രം വിജയിപ്പിക്കാമെന്നതില്‍ ഷായ്ക്കുള്ള സംശയമാണ് ദേശീയ തലത്തില്‍ നിന്നും നേതാക്കളെ എത്തിക്കുന്നതിനു പിന്നിലെന്നാണ് വിവരം. എന്നാല്‍ ഉത്തരേന്ത്യയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ വിശ്വസിച്ച് ശബരിമലയില്‍ ലക്ഷ്യം വയ്ക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അയ്യപ്പ ഭക്തര്‍ തുടങ്ങിവച്ച നാമജപ ഘോഷയാത്രയില്‍ കയറിക്കൂടിയതോടെയാണ് ശബരിമല ബിജെപി രാഷ്ട്രീയ സാധ്യതകള്‍ തുറന്നെടുത്തത്. ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ച് ശബരിമല സമരത്തിന്റെ നിയന്ത്രണം പാര്‍ട്ടി ഏറ്റെടുത്തുവെങ്കിലും സമീപദിവസങ്ങളിലെ അവരുടെ പ്രകടനങ്ങള്‍ ശബരിമല ബിജെപിക്ക് ഒരു നഷ്ടക്കച്ചവടമാകുമോയെന്ന ചോദ്യമാണ് നിലനിര്‍ത്തുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍