TopTop
Begin typing your search above and press return to search.

ശബരിമല വിധി; പുനഃപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ എന്തെല്ലാം?

ശബരിമല  വിധി; പുനഃപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ എന്തെല്ലാം?

കാലം വൈകിപ്പോയി

കേവലമാചാരനൂലുകളെല്ലാം

പഴകിപ്പോയി

കെട്ടിനിര്‍ത്താന്‍ കഴിയാത്ത

ദുര്‍ബലപ്പെട്ട ചരടില്‍

ജനത നിൽപ്പൂ...

മാറ്റുവിന്‍ ചട്ടങ്ങളെ

സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍...

(കുമാരനാശാന്‍)

കവികള്‍ ലോകത്തിലെ അംഗീകരിക്കപ്പെടാത്ത നിയമ നിര്‍മ്മാതാക്കളാണ് എന്ന് പറഞ്ഞത് ആംഗലേയ കവി പി.ബി.ഷെല്ലിയാണ്. ഈ പ്രവചനത്തെ സാക്ഷാത്കരിക്കുന്നതാണ് കേരള നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ കുമാരനാശാന്‍ ദുരവസ്ഥ എന്ന കവിതയില്‍ എഴുതിയ വരികള്‍. ആചാര സംരക്ഷണത്തിന് വേണ്ടി ഭരണഘടന ഉറപ്പ് നല്‍കുന്ന 'വ്യക്തികള്‍ക്കുള്ള മാന്യത' യുടെ അവകാശത്തെ ലംഘിക്കാന്‍ കഴിയില്ല എന്ന ശബരമില കേസിലെ ബഹു സുപ്രീംകോടതിയുടെ കണ്ടെത്തല്‍ അലിഖിതമായ ആചാരങ്ങളുടെ ചട്ടങ്ങള്‍ മാറ്റുവാന്‍ ആഹ്വാനം ചെയ്ത കവിവാക്യത്തിന്റെ അനുരണനമാണ്.

ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ ആന്റ് അദേഴ്‌സ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ ബഹു: സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയ വിധി എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആചാരങ്ങളുടേയോ, അനുഷ്ഠാനങ്ങളുടേയോ പേരില്‍ ലിംഗ വിവചേനവും സാമൂഹ്യ ബഹിഷ്‌കരണവും അനുവദിക്കുന്നില്ല എന്നതാണ് വിധിയുടെ കാതലായ ഉള്ളടക്കം. സാമൂഹ്യ പുരോഗതിക്ക് മറ്റെന്തിനേക്കാളും ഊന്നല്‍ നല്‍കേണ്ടത്, ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ തത്വങ്ങള്‍ക്കാണെന്ന് ഈ വിധിന്യായത്തിലൂടെ കോടതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അഞ്ചംഗ ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാരുടെ ഭുരിപക്ഷ വിധിന്യായത്തിലൂടെ, പ്രത്യേക സമയങ്ങളില്‍, നിലനില്‍ക്കുന്ന ആചാരത്തിന്റെയോ കീഴ്‌വഴക്കങ്ങളുടെയോ ഭാഗമായി സ്ത്രീകള്‍ പൊതു ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. എന്ന് നിഷ്‌ക്കര്‍ഷിക്കുന്ന Kerala Hindu Places of Public Worship (authorisation of entry) Rule 1965 ന്റെ റൂള്‍ 3(b) അസാധുവാക്കപ്പെട്ടു. എല്ലാ ജനങ്ങല്‍ക്കും വിവേചനങ്ങള്‍ക്കിടയില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്ന Kerala Hindu Places of Public Worship (authorisation of entry) Act 1965 വകുപ്പ് 3ന്റേയും, യാതൊരു തരത്തിലുള്ള ഒഴിവാക്കലോ, വിവേചനമോ കൂടാതെ ആക്ടിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റിനെ ചുമതലപ്പെടുത്തുന്ന 4(1) വകുപ്പിന്റേയും അതോടൊപ്പം ഭരണഘടന ആര്‍ട്ടിക്കിള്‍ 25(1) ഉറപ്പ് നല്‍കുന്ന മതവിശ്വാസത്തിനുള്ള സ്വാതന്ത്രത്തിന്റേയും ആര്‍ട്ടിക്കിള്‍ 15(1) ന്റേയും ലംഘനമാണ് റൂള്‍ 3(ബി) എന്ന് സുപ്രീം കോടതിയുടെ തന്നെ Union of India and others V. Sreenivasan (20127SCC683) State of Tamil Nadu V.P. Krishna Moorthi & Others (2006) 4SCC 517). എന്നീ കേസുകളുടെ വിധിന്യായങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) ല്‍ പറയുന്ന ധാര്‍മ്മികത ഭരണഘടനയുടെ ആമുഖത്തില്‍ സൂചിപ്പിക്കുന്ന തത്വങ്ങളില്‍ നിന്ന് രൂപം കൊള്ളുന്ന ഭരണഘടനാ ധാര്‍മ്മികതയെയാണ് വിവക്ഷിക്കുന്നതെന്ന കോടതിയുടെ വിലയിരുത്തല്‍ ഭരണഘടനയില്‍ ഉള്‍ചേര്‍ന്നിട്ടുള്ള ധാര്‍മ്മികത മതവിശ്വാസങ്ങളുടേയും ധാര്‍മ്മികതക്ക് മുകളില്‍ ആണെന്നാണ് കോടതി സൂചിപ്പിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ ഒഴിവാക്കാനാവാത്ത ആചാര സവിശേഷതയായി ശബരമലയിലെ സ്ത്രീ വിലക്കിനെ കാണണമെന്ന വാദം S.P.Mittal V. Union of India (1893) ISCC51. Commissioner of Hindu Endowment, Madras V.Shri.Lakshmidra Thirth Swami of Shri. Shirurmuh (1954 SCR 1005) എന്നീ കേസുകളിലെ വിധിന്യായങ്ങളിലെ നിർദേശം ഒരു മത വിഭാഗത്തിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളായ, പൊതുവിശ്വാസം ഉണ്ടായിരിക്കുക, സംഘടിത രൂപം ഉണ്ടായിരിക്കുക, പൊതുവായ പേരുണ്ടായിരിക്കുക, എന്നിവ അയ്യപ്പ ഭക്തര്‍ എന്ന വിശ്വാസ സമൂഹത്തിന് ഇല്ല എന്ന് കണ്ടെത്തി കോടതി നിരാകരിച്ചു.

കേസില്‍ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങള്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഏത് മതഗ്രന്ഥത്തിന്റെ പിന്‍ബലത്തിലായാലും മതപരമായ ആരാധനകളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് സ്വാതന്ത്ര്യം, മാന്യത, തുല്യത എന്നീ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആര്‍ത്തവമെന്ന ശാരീരിക പ്രക്രിയയുടെ പിന്‍പറ്റി സ്ത്രീകളെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കുന്നത് ആര്‍ട്ടിക്കള്‍ 17 പ്രകാരം നിരോധിക്കുന്ന ''തൊട്ടുകൂടായ്മയുടെ'' ഒരു വകഭേദമാണെന്നും ഇത് ഭരണഘടനയുടെ അന്ത:സത്തക്ക് വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ വിധി ന്യായത്തില്‍ സൂചിപ്പിക്കുന്നു.

ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി S.Mahendran V. The Secretary Travancore Devasom Board (AIR 1993 Kerala 42) എന്ന കേസില്‍ ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടവും കഠിനവുമായത് കൊണ്ട് ശാരീരികമായ കാരണങ്ങള്‍ സ്ത്രീകള്‍ക്ക് യാത്ര പൂര്‍ത്തീകരിക്കുവാന്‍ കഴിയില്ല എന്ന കണ്ടെത്തലിനെ, ഭരണഘടന ഉറപ്പ് നല്‍കുന്ന മാന്യതയ്ക്കും സമത്വത്തിനും എതിരായ പുരുഷകേന്ദ്രീകൃത സമീപനമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വിശേഷിപ്പിച്ചത്. എല്ലാ വിശ്വാസപ്രമാണങ്ങളും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി താദാത്മ്യം പുലര്‍ത്തുന്നതാകണം എന്നാണ് വ്യക്തമാക്കുന്നത്.

കോടതിയുടെ പരിഗണനയില്‍ വരുന്ന എല്ലാ കേസുകളിലും കോടതിയെ സമീപിക്കുന്ന കക്ഷിക്ക് എന്ത് നീതിയാണ് വേണ്ടത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കേസുകളില്‍ തീര്‍പ്പുണ്ടാകുന്നത്. ശബരിമല കേസില്‍ യങ്ങ് ലോയേഴസ് അസോസിയേഷന്റെ ആവശ്യം സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുവാന്‍ കേരള സര്‍ക്കാറിനും, ദേവസ്വം ബോര്‍ഡിനും, തന്ത്രിക്കും, പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിനും നിര്‍ദ്ദേശം നല്‍കുക എന്നതായിരുന്നു. കോടതി വിധി നടപ്പാക്കാന്‍ ഇവര്‍ തയ്യാറാകാതിരുന്നത് കോടതിയലക്ഷ്യത്തിന്റെ (contempt of Court) നടപടി നേരിടാവുന്ന കുറ്റമാണ്.

ശബരിമല കേസിലെ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ട് 19 ഓളം ഹര്‍ജികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷനും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും ഹര്‍ജികളാണ് ഇതില്‍ പ്രധാനം. വിധി കോടതിയുടെ അധികാര പരിധിക്കു പുറത്തുള്ളതാണെന്നും വിശ്വാസത്തെ യുക്തികൊണ്ടും ശാസ്ത്രം കൊണ്ടും നിര്‍ണയിക്കാന്‍ കഴിയില്ല എന്നുമാണ്. അയ്യപ്പ ഡിവോട്ടീസിന്റെ ഹര്‍ജിയിലെ പ്രധാന വാദം. ശബരിമല ക്ഷേത്രത്തിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിഷ്ഠായാണെന്നും, 10 വയസ്സിനു താഴെയും 50 വയസ്സിനുമുകളിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമുള്ളതുകൊണ്ട് സ്ത്രീകളെ ഒഴിവാക്കുന്നു എന്ന നിരീക്ഷണം തെറ്റാണെന്നും ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കു വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 137 ന്റെ അടിസ്ഥാനത്തില്‍ സിവില്‍ നടപടി നിയമപ്രകാരവും സുപ്രീം കോര്‍ട്ട് റൂള്‍ 2013 ന്റെ ഓര്‍ഡര്‍ 47 പ്രകാരവുമാണ് സുപ്രീം കോടതി പുനഃപരിശോധന ഹര്‍ജികള്‍ കേള്‍ക്കുന്നത്. പഴയതും സാധുത ഇല്ലാത്തതുമായ വാദങ്ങള്‍ ആവര്‍ത്തിക്കുന്നത് തീര്‍പ്പ് കല്‍പ്പിച്ച ഒരു കേസ് പുന:പരിശോധിക്കാനുള്ള ഘടകമല്ല എന്ന് ജയിന്‍ സ്റ്റുഡിയോ ലിമിറ്റഡ് ഷിന്‍ സാറ്റലൈറ്റ് പബ്ലീക് കമ്പനി (2006) 5 SCC 501 എന്ന കേസില്‍ സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതിന് ശേഷം കമലേഷ് വര്‍മ്മ വി. മായാവതി (2013) 8 SCC 320 ) എന്ന കേസില്‍ ഏതൊക്കെ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം പുനഃപരിശോധന ഹര്‍ജി പരിഗണിക്കേണ്ടത് എന്നതിന് വ്യക്തതയോടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കുകയുണ്ടായി . വിധിയിലെ അപ്രധാനമായ ചെറിയ തെറ്റുകള്‍ പരിഹരിക്കുവാനോ, പുനഃപരിശോധന ഹരര്‍ജികളില്‍ പുതിയ തെളിവുകള്‍ ഹാജരാക്കാനോ കഴിയാത്തതാണ്. ഒരു കേസിന്റെ അപ്പീല്‍ പരിഗണിക്കുന്ന രീതിയിലോ സ്വഭാവത്തിലോ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നില്ല.

കേസില്‍ കോടതിയില്‍ പ്രധാനമായും അഭ്യര്‍ത്ഥിച്ച പരിഹാരം വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രതികൂലമായി തീര്‍പ്പുകല്‍പ്പിച്ചുവെങ്കില്‍ ആ കാരണങ്ങള്‍ പുനഃപരിശോധനക്ക് വിധേയമാകുകയില്ല. വിധിയുടെ വിശദാംങ്ങളിലേക്ക് കടക്കാതെ പെട്ടെന്ന് കണ്ടെത്താവുന്ന തെറ്റുകള്‍ കേസിനെ പുനഃപരിശോധനക്ക് അര്‍ഹമാക്കും.

ശബരിമല കേസില്‍ രണ്ടു ഭാഗങ്ങളും വിശദമായി വിലയിരുത്തിയ ശേഷം ചരിത്ര പ്രസിദ്ധമായ വിധിപ്രസ്താവം ആണ് സുപ്രീംകോടതി നടത്തിയത്. മുകളില്‍ സൂചിപ്പിച്ച പുനഃപരിശോധനക്ക് ആവശ്യമായ മതിയായ കാരണങ്ങള്‍ കേസില്‍ ഇല്ല എന്നു വേണം മനസ്സിലാക്കാന്‍.

https://www.azhimukham.com/trending-sabarimala-women-entry-attack-against-women-ssaradakutty-criticizing-facebook-post/

https://www.azhimukham.com/trending-activist-who-are-going-sabarimala-is-big-blunder-hareesh-vasudevan-writes/

https://www.azhimukham.com/trending-harish-vasudevan-facebook-live-sabarimala-women-entry-fake-propaganda/

https://www.azhimukham.com/newswrap-police-files-case-against-ps-sreedharanpilla-and-retired-civil-servants-demands-to-take-case-against-amith-sha-for-his-kannur-speech-on-sabarimala-women-entry-writes-saju/

https://www.azhimukham.com/newswrap-amitshahs-threat-to-pull-down-pinarayi-government-triggers-controversy-writes-saju/


Next Story

Related Stories