UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിധിയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ ഇല്ലെന്ന് പറഞ്ഞ് പൊലീസ് മടക്കി; നിരീക്ഷണ സമിതിയെ കാണാമെന്ന് പ്രതീക്ഷ

ശബരിമല ദര്‍ശനത്തിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജന്‍ഡറുകള്‍ നാളെ സമിതിയംഗങ്ങളെ കാണും

ശബരിമല നിരീക്ഷണ സമിതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ട്രാന്‍സ്ജന്‍ഡറുകള്‍. ശബരിമല വിധിയില്‍ ട്രാന്‍സ്ജന്‍ഡറുകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിഞ്ഞതോടെയാണ് ട്രാന്‍സ്ജന്‍ഡറുകള്‍ സമിതിയെ സമീപിക്കാനൊരുങ്ങുന്നത്. ശബരിമല ദര്‍ശനത്തിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജന്‍ഡറുകള്‍ നാളെ സമിതിയംഗങ്ങളെ കാണും. ഇന്ന് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാല് ട്രാന്‍സ്ജന്‍ഡറുകളെ എരുമേലി പോലീസ് തടഞ്ഞിരുന്നു. പിന്നീട് കോട്ടയം ജില്ലാ പോലീസ് ചീഫിനെ കണ്ട് സംരക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിയില്‍ സ്ത്രീകളേയും പുരുഷന്‍മാരെയും മാത്രമേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ എന്നും ട്രാന്‍സ്ജന്‍ഡറുകളുടെ കാര്യം അതിലില്ല എന്നും ജില്ലാ പോലീസ് മേധാവി തങ്ങളോട് പറഞ്ഞതായി ട്രാന്‍സ്ജന്‍ഡറുകള്‍ പറയുന്നു. സാരിയുടുത്ത് മലകയറാനെത്തിയ ട്രാന്‍സ്ജന്‍ഡറുകളോട് പുരുഷവേഷം ധരിച്ചാല്‍ ശബരിമലയില്‍ കയറാമെന്ന് പറഞ്ഞ് പോലീസ് ഇവരെ തടയുകയായിരുന്നു.

അനന്യ, തൃപ്തിഷെട്ടി, അവന്തിക, രഞ്ജു തുടങ്ങിയവരാണ് ഇന്നലെ രാത്രി ശബരിമലയിലേക്ക് പോവാന്‍ എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. ഇവര്‍ പോവുന്ന കാര്യം മുന്‍കൂട്ടി പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ എരുമേലിയെത്തിയപ്പോള്‍ സ്ത്രീകളുടെ വേഷം മാറ്റി പുരുഷവേഷം ധരിച്ചാലേ ശബരിമലയിലേക്ക് പോവാന്‍ കഴിയൂ എന്ന് പറഞ്ഞ് പോലീസ് തടയുകയായിരുന്നു.ഒടുവില്‍ പുരുഷ വേഷത്തിലായാലും ശബരിമലയില്‍ പോണമെന്ന് പറഞ്ഞപ്പോള്‍ പോലീസ് ആ ആവശ്യം നിരസിക്കുകയായിരുന്നു എന്നും ശബരിമലയ്ക്ക് പുറപ്പെട്ട ട്രാന്‍സ്ജന്‍ഡറുകള്‍ പറഞ്ഞു. എരുമേലിില്‍ നിന്ന് പോലീസ് സംരക്ഷണയിലാണ് നാലുപേരേയും കോട്ടയത്തെത്തിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയ ഇവര്‍ പിന്നീട് തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടു. അധിക്ഷേപിച്ച് സംസാരിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പ് നല്‍കി. എന്നാല്‍ ശബരിമല വിധിയില്‍ ട്രാന്‍സ്ജന്‍ജര്‍മാരെ പറഞ്ഞിട്ടില്ലാത്തതിനാല്‍ തനിക്ക് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞതായി ട്രാന്‍സ്ജന്‍ഡര്‍ അനന്യ പറഞ്ഞു.

എന്നാല്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രം അനുവദനീയമായ അവകാശം തങ്ങള്‍ക്കും ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് ട്രാന്‍സ്ജന്‍ഡര്‍മാരുടെ ആവശ്യം. അനന്യ പറയുന്നു ‘ ഇരുമുടിയുമായി വീട്ടില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്ക് തിരിച്ച് ഇരുമുടിയുമായി വീട്ടിലേക്ക് ചെല്ലാന്‍ കഴിയില്ല. ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതമായ ഒരു സ്ഥലത്താണ്. പക്ഷെ ശബരിമല ദര്‍ശനം ലഭിക്കുന്നത് വരെ, അത് തെരുവിലെങ്കില്‍ അങ്ങനെ, ഞങ്ങള്‍ കാത്തിരിക്കും. ഇക്വാളിറ്റി എന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മാത്രമല്ലല്ലോ? അത് ട്രാന്‍സ്ജന്‍ഡറുകള്‍ക്കും അവകാശപ്പെട്ടതല്ലേ?’

അവരെ കാര്യങ്ങള്‍ ‘പറഞ്ഞ് മനസിലാക്കി’ തിരിച്ചയച്ചു, ശബരിമലയ്ക്ക് പോയ ട്രാന്‍സ്ജെന്‍ഡര്‍മാരെ തടഞ്ഞ സംഭവത്തില്‍ പോലീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍