ഒരുമാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 16-ന് ശബരിമല ദര്‍ശനത്തിനെത്തുകയും ബിജെപിയുടെയും വിശ്വാസികളുടെയും പ്രതിഷേധം മൂലം മടങ്ങുകയും ചെയ്ത തൃപ്തി ദേശായി എവിടെ? മണ്ഡല മകരവിളക്ക് ഉത്സവം അവസാനിക്കുന്നതിന് മുമ്പ് മടങ്ങിയെത്തുമെന്ന് പറഞ്ഞാണ് അന്ന് അവര്‍ പോയത്. ഇനി ഒമ്പത് ദിവസം മാത്രമാണ് വൃശ്ചിക ഉത്സവം കഴിഞ്ഞ് ശബരിമല നടയടയ്ക്കാനുള്ളത്. അതു കഴിഞ്ഞാല്‍ മകരവിളക്കിനായാണ് നട തുറക്കുക. നവംബര്‍ പതിനാറിന് പുലര്‍ച്ചെ നാലരയ്ക്ക് എത്തിയ തൃപ്തിയ്ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. പതിനഞ്ചിലേറെ മണിക്കൂറുകള്‍ക്ക് ശേഷവും പ്രതിഷേധത്തില്‍ അയവു വരാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് അവര്‍ മടങ്ങുകയും ചെയ്തു. മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് തിരികെ വരുമെന്ന് പറഞ്ഞാണ് അവര്‍ അന്ന് പോയത്.
എന്നാല്‍ നടയടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവരിപ്പോള്‍ വരുമെന്നോ വരില്ലെന്നോ പറഞ്ഞിട്ടില്ല. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധി വന്നപ്പോള്‍ തന്നെ താന്‍ ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് തൃപ്തി. അതിന് ശേഷം രണ്ട് തവണ നട തുറന്നപ്പോഴും അവര്‍ അതിനുള്ള ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ മണ്ഡലകാലം ആരംഭിച്ചതോടെ തൃപ്തി കേരളത്തിലെത്തി. 2014ല്‍ മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും അവരുടെ സംഘടനയായ ഭൂമാതാ റന്‍രാഗിണി ബ്രിഗേഡും ദേശീയ ശ്രദ്ധ നേടിയത്. അവരുടെ നേതൃത്വത്തില്‍ 400 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഇല്ലാതായത്. അന്ന് തന്നെ താന്‍ ശബരിമലയിലും എത്തുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നതാണ്.
ശനി ക്ഷേത്രത്തില്‍ മുംബൈ ഹൈക്കോടതിയുടെ വിധിയാണ് അവര്‍ക്കൊപ്പമുണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആ വിധി അനുസരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. എന്നാല്‍ സാക്ഷാല്‍ സുപ്രിംകോടതി വിധിയുടെ പിന്‍ബലത്തോടെയാണ് അവര്‍ ശബരിമല ചവിട്ടാന്‍ അവര്‍ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടായിട്ടും അത് സാധിക്കാതെ മടങ്ങേണ്ടിയും വന്നു. ആചാര സംരക്ഷണത്തിന്റെ പേരില്‍ കൊച്ചി വിമാനത്താവളത്തിന് മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധം അവരെ പിന്തിരിപ്പിക്കുകയായിരുന്നു. തൃപ്തിക്ക് സംഘപരിവാറുമായി രഹസ്യബന്ധം ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ മലചവിട്ടാനെത്തിയതെന്നും ലക്ഷ്യം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ പാര്‍ട്ടി ശക്തിപ്പെടുത്തുകയാണെന്നുമായിരുന്നു ആരോപണം.
https://www.azhimukham.com/newswrap-trupti-desai-to-enter-sabarimala-is-not-rahna-fathima-rahul-easwar-writes-saju/
പൂനെ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു തൃപ്തിയുടെ ആദ്യ പോരാട്ടം. ക്ഷേത്ര ഭാരവാഹികള്‍ക്ക് ഇതിനോട് എതിര്‍പ്പുണ്ടായിരുന്നില്ലെങ്കിലും പൂജാരിമാര്‍ ഇവരെ തടഞ്ഞു. തൃപ്തിയെയും കൂട്ടരെയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു അവര്‍ ശനി ക്ഷേത്രത്തില്‍ ശ്രദ്ധ പതിപ്പിച്ചത്. 2015 ഡിസംബര്‍ 20ന് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ അവരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. എട്ട് ദിവസത്തിനകം പ്രവേശനം നല്‍കിയില്ലെങ്കില്‍ 400 പേരുമായി വന്ന് ക്ഷേത്രത്തില്‍ കയറുമെന്നായിരുന്നു അന്ന് തൃപ്തി പറഞ്ഞത്. ഏപ്രിലില്‍ തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. എന്നാല്‍ മുംബൈ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടി അവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ ചെയ്തു. നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.
മുംബൈയിലെ ഹാജി അലി ദര്‍ഗയായി അടുത്ത ലക്ഷ്യം. 2011ലാണ് ഇവിടുത്തെ ഖബറിടത്തില്‍ ദര്‍ഗ ട്രസ്റ്റ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. 2016 ഓഗസ്റ്റ് 26ന് ഹൈക്കോടതി ഉത്തരവ് നേടിയിട്ടും ട്രസ്റ്റ് ഇതിന് വഴങ്ങിയില്ല. ഒടുവില്‍ ഒക്ടോബര്‍ 24നാണ് ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ട്രസ്റ്റ് സമ്മതിച്ചത്. അതിന് മുമ്പ് തന്നെ തൃപ്തിയുടെ ശ്രദ്ധ ശബരിമലയില്‍ എത്തിയിരുന്നു. നവംബറില്‍ അവര്‍ കേരളത്തിലെത്തിയപ്പോഴുള്ള സാഹചര്യങ്ങള്‍ക്ക് ഇപ്പോള്‍ അയവു വന്നിട്ടുണ്ട്. എന്നിരുന്നാലും ഒരിക്കല്‍ കൂടി അവര്‍ ഇവിടെയെത്താന്‍ ശ്രമിച്ചാല്‍ ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്താന്‍ തന്നെയാണ് സാധ്യത. ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്ന ആവശ്യമുന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്നത്. എന്നാല്‍ അതുകൊണ്ട് യുവതീ പ്രവേശനത്തില്‍ നിന്നും അവരുടെ ശ്രദ്ധ മാറിയെന്ന് പറയാനാകില്ല. അതിനാല്‍ തന്നെ തൃപ്തിക്ക് പറഞ്ഞ സമയത്ത് തന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
https://www.azhimukham.com/opinion-what-history-taught-us-and-sabarimala-women-entry-writes-aisibi/
https://www.azhimukham.com/kerala-sabarimala-women-entry-dalith-adivasi-villuvandi-yathra-pinarayi-vijayan-sunny-m-kapikkadu/