TopTop
Begin typing your search above and press return to search.

കേരളം പിടിക്കാന്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച 10 നുണകള്‍

കേരളം പിടിക്കാന്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച 10 നുണകള്‍
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും. ഇതിന്റെ ഭാഗമായി ശബരിമല സന്നിധാനം വരെ കലാപ കലുഷിതമാക്കുന്ന രീതിയില്‍ സംഘടിത നീക്കങ്ങളാണ് സംഘപരിവാര്‍ നടത്തിയത്. ശബരിമലയിൽ ചോര ചീന്തിയെങ്കിലും കുഴപ്പം ഉണ്ടാക്കാൻ പദ്ധതി തയ്യാറാക്കിയതായി സംഘപരിവാറിനോട് ചേർന്നുനിൽക്കുന്ന രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനുമായി നിരവധി നുണക്കഥകളാണ് ഉദ്പാദിപ്പിച്ച് വിട്ടത്. വ്യാജ പ്രചാരണങ്ങൾ കയ്യോടെ പിടിക്കപ്പെട്ടിട്ടും ഇപ്പോഴും അവയുടെ പ്രചാരണം നിർബാധം തുടരുകയാണ്. സൈബര്‍ ഇടങ്ങളിലും അല്ലാതെയുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച 10 വ്യാജ വാര്‍ത്തകള്‍.


  1. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞു ഹർജി നൽകിയത് മുസ്ലിം യുവാവ്


ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു നിമിഷങ്ങൾക്കകം പരന്ന അടിസ്ഥാനമില്ലാത്ത ഒരു ആരോപണം ആയിരുന്നു ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞു ഹർജി നൽകിയത് മുസ്ലിം യുവാവ് ആണെന്നത്. നൗഷാദ് അഹമ്മദ് ഖാൻ എന്ന ഒരു നാമവും നൽകി സംഘ്പരിവാറുകാർ ആ അജ്ഞാതനെ ആദരിച്ചു.

എന്തായിരുന്നു യാഥാര്‍ഥ്യം? 2006 ജൂലൈ 28 ന് ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഭക്തി പശ്രീജ സേത്തി ആണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. കൂടെ ഡോ. ലക്ഷ്യ ശാസ്ത്രി, പ്രേരണ കുമാരി, അൽക ശർമ്മ, സുധ പാൽ എന്നീ വനിതാ അഭിഭാഷകരും ഭക്തി പശ്രീജ അന്ന് യങ് ലോയേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആയിരുന്നു.

2. തന്ത്രിയെയോ മറ്റോ കേള്‍ക്കാതെ ആണ് കേരള സര്‍ക്കാര്‍ ശബരിമല കേസ് കോടതിയിൽ കൈകാര്യം ചെയ്തത്.

മറ്റൊരു പ്രചണ്ഡമായ വ്യാജ ആരോപണം ആയിരുന്നു തന്ത്രിയുടെയോ, ദേവസ്വം ബോര്‍ഡിന്റെയോ അഭിപ്രായം പരിഗണിക്കാതെയാണ് കേരള സർക്കാർ ഈ കേസ് കൈകാര്യം ചെയ്തതെന്ന്. എന്നാല്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമെല്ലാം കേസില്‍ കക്ഷികളായിരുന്നു. 1991 മുതലുള്ള ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്ങ്മൂലങ്ങള്‍ കോടതി പരിശോധിച്ചിട്ടുണ്ട്. 411 പേജ് വരുന്ന ഈ വിധിന്യായം വായിച്ച ആരെങ്കിലുമാണോ ഈ ബഹളം വെയ്ക്കുന്നത് എന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ അടക്കമുള്ളവർ ചോദിക്കുന്നു.

3. പന്തളം കുടുംബവും കവനന്റും 

ശബരിമല ക്ഷേത്രം പന്തളം രാജകുടുംബത്തിന്റേതാണെന്നും അവര്‍ എന്തോ കരാര്‍ എഴുതി ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നും ആ കരാർ ലംഘിക്കുകയാണെങ്കിൽ ക്ഷേത്രം കൊട്ടാരം ഏറ്റെടുത്തുകളയും എന്നുമാണ് വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്, ഫേസ്ബുക്കിലും മറ്റും തെളിവുകൾ നിരത്തി മറുപടി പറഞ്ഞപ്പോൾ സംഘപരിവാർ അണികൾ ചുവട് മാറ്റിയത് വാട്സാപ്പിലെക്കാണ്. ഈ കരാറിന് പറയുന്നത് ‘കവനന്‍റ് എന്നാണ്. അങ്ങനെയുള്ള കരാറില്‍ പറയുന്നത് മറ്റ് രണ്ട് ക്ഷേത്രങ്ങളാണ്. ഒന്ന് ശ്രീപദ്മനാഭ ക്ഷേത്രം തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേശ്വരി ക്ഷേത്രം. ഇനി ഏതെങ്കിലും കരാർ ഭരണഘടന നിലവില്‍ വരുന്നതുവരെ (1950 ) ഉണ്ടായിരുന്നെങ്കില്‍ ഭരണഘടന നിലവിൽ വന്നതോടുകൂടി അത് അസാധുവായിട്ടുണ്ട്.

4. രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിറ്ററി നാപ്കിൻ

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പുറത്തു വന്ന ശേഷം മലകയറി നടപ്പന്തല്‍ വരെ പൊലീസ് പ്രൊട്ടക്ഷനില്‍ എത്തിയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയും ആക്റ്റിവിസ്റ്റുമായ 'രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍' എന്ന തലക്കെട്ടില്‍ ഒരു വാർത്ത ബ്രേക്ക് ചെയ്തത് ജനം ടി വി ആണ്. നിമിഷങ്ങൾക്കകം ചില ഓൺലൈൻ മാധ്യമങ്ങളും സൈബർ ഇടത്തിലെ സംഘപരിവാര്‍ കേന്ദ്രങ്ങളും ഈ വാർത്ത പ്രചരിപ്പിച്ചു. മതവികാരം വ്രണപ്പെടുത്തിയതിനു കേസ് എടുക്കണം എന്നാവശ്യം മുതൽ കൊലപാതക ഭീഷണി വരെ രഹ്ന ഫാത്തിമ നേരിട്ടു.

ശബരിമലയിലേക്ക് വരും മുന്‍പ് മദ്യവും മാംസവും കഴിച്ച് രഹ്ന ഫാത്തിമ ഡേറ്റിംഗ് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നും ചിലര്‍ പ്രചരിപ്പിച്ചു. ഇതിനെല്ലാം മറുപടി നല്‍കി രഹ്ന രംഗത്ത് വന്നു. സാധാരണ ഇരുമുടിക്കെട്ടില്‍ ഉള്ള വസ്തുക്കളൊക്കെ തന്നെയാണ് തന്റെ ഇരുമുടിക്കെട്ടിലും ഉണ്ടായിരുന്നതെന്ന് രഹ്ന പറയുന്നു. സ്ത്രീകളെന്ന് പറയുമ്പോള്‍ നാപ്കിനും ആര്‍ത്തവവും സെക്‌സും മാത്രം ഓര്‍മ്മയിലെത്തുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നും രഹ്ന പറയുന്നു. ഇരുമുടിക്കെട്ടിലെ സാനിറ്ററി നാപ്കിൻ എന്നാരോപണത്തിന്റെ ലോജിക്കും, യാഥാർഥ്യവും നല്ലൊരു വിഭാഗവും അറിഞ്ഞെങ്കിലും ഇപ്പോഴും ഇത് പ്രചരിപ്പിക്കുന്നവർ ധാരാളം ഉണ്ട്.

5. 'ഭക്തയെ' തല്ലി ചതക്കുന്നു എന്ന പേരിൽ വ്യാജ ചിത്രം

ശബരിമലയിലെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് 2005 ല്‍ പകര്‍ത്തിയ ഫോട്ടോ സംഘപരിവാര്‍ അനുകൂല പേജുകളിലൂടെയും ആളുകളിലൂടെയും പ്രചരിപ്പിച്ചു. ഒരു യുവതിയെ പൊലീസ് തല്ലുന്ന ചിത്രമായിരുന്നു അത്. വിശ്വാസികളായ അമ്മമാരെ എന്തിന് പൊലീസ് ഇങ്ങനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ ഇൗ ചിത്രം പ്രചരിച്ചു. ഒറ്റ നോട്ടത്തിൽ വീണു പോയ ഒരുപാട് നിഷ്കളങ്കർ വരെ അതേറ്റു പിടിച്ചു.

യഥാര്‍ത്ഥത്തില്‍, എറണാകുളം കളക്ട്രേറ്റിന് സമീപം 2005 ജൂലൈ മൂന്നിന് എസ്എഫ്‌ഐ നടത്തിയ കൗണ്‍സിലിംഗ് ഉപരോധസമരത്തില്‍ ഇടത് വിദ്യാര്‍ഥി സംഘടനയുടെ മുന്‍ ജില്ലാ സെക്രട്ടറിയായ എം ബി ഷൈനിയെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രമാണ് ശബരിമല പ്രതിഷേധത്തിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്. സിപിഎം സംസ്ഥാന നേതാവായ പി. രാജീവ് ഇത് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഷൈനി ഇപ്പോള്‍ സിപിഎം വൈപ്പിന്‍ ഏരിയാ കമ്മിറ്റി അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

6. പോലീസുകാരൻ ഗുണ്ടയാകുന്ന വിധം

ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരെ സമൂഹ മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുവാനും ശബരിമലയിലെ സംഘർഷം സംഘപരിവാർ അനുകൂലികൾ ഉപയോഗിച്ചു. ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും സംഘപരിവാർ പ്രവർത്തകർ ദിവസങ്ങളോളം പ്രചരിപ്പിച്ചത് "ആര്യനാടുള്ള DYFI പ്രവർത്തകൻ വല്ലഭ ദാസ് പോലീസ് വേഷത്തിൽ ശബരിമലയിൽ ഭക്തരെ തല്ലിച്ചതക്കുന്നു" എന്ന വ്യാജ സന്ദേശം ആണ്. ഒടുവിൽ സംഭവത്തിന്റെ നിജസ്ഥിതി പോലീസ് തന്നെ വ്യക്തമാക്കി.

കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറായ ആഷിഖ് ആണ് തന്റെ ജോലിയുടെ ഭാഗമായി സന്നിധാന്നത്ത് കൃത്യനിവ്വഹണത്തിൽ ഏർപ്പെട്ടിരുന്നത് എന്നു പിന്നീട് തെളിഞ്ഞു.

7. ക്യാപ്റ്റൻ ലക്ഷ്മിയുടെ പേരിൽ വ്യാജ പ്രചാരണം

ആറ് വര്‍ഷം മുന്‍പ് അന്തരിച്ച വിപ്ലവകാരിയും സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയുടെ വനിതാ വിഭാഗമായ ഝാന്‍സി റാണി റെജിമെന്റിന്റെ നേതാവും സി പി എം പോളിറ്റ് ബ്യൂറോ അംഗമായ സുഭാഷിണി അലിയുടെ അമ്മയുമായ ക്യാപ്റ്റന്‍ ലക്ഷ്മിയെ പന്തളം രാജകുടുംബാക്കിമാറ്റിയാണ് പ്രചാരണം നടത്തിയത്.

ക്യാപ്റ്റന്‍ ലക്ഷ്മിയെ പന്തളം കൊട്ടാരത്തിലെ ലക്ഷ്മി തമ്പുരാട്ടിയാക്കി ‘ശാപം’ പേറുന്ന വാക്കുകള്‍ ചേര്‍ത്താണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു, ഈ ശാപം ഒരു ഉമിത്തീ പോലെ നിങ്ങളെ പൊള്ളിച്ചുകൊണ്ടേയിരിക്കും തീര്‍ച്ച, ലക്ഷ്മി തമ്പുരാട്ടീ… അമ്മേ കാത്തിരിക്കൂ…’ ഈ വാക്കുകള്‍ വെറുതെയാവില്ല എന്നു പറഞ്ഞാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിത്രം ഉള്‍പ്പെടുത്തി അവര്‍ പറഞ്ഞതെന്ന രീതിയില്‍ വ്യാജ പോസ്റ്റ് ഉണ്ടാക്കി ഷെയര്‍ ചെയര്‍ ചെയ്തു കൊണ്ടിരുന്നത്.

8. പന്തളം അമ്മയുടെ പുനർജ്ജന്മം 

2017-ൽ മരിച്ചുപോയ പന്തളം അമ്മയുടെ പേരിൽ ആയിരുന്നു അടുത്ത നുണ. മരിച്ചവർക്കും രക്ഷ ഇല്ലെന്നു മലയാളികൾ മനസ്സിലാക്കിയ ദിവസം. "എന്റെ മകന്‍ ഇരിക്കുന്ന പുണ്യപൂങ്കാവനം കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതിപിടിക്കാതെ പോട്ടേ..മനസാ വാചാ കര്‍മണാ ഇതില്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും ഗതി പിടിക്കില്ല.. സന്താന ലബ്ധിക്കായി അവര്‍ ഉഴലും. രോഗങ്ങളാല്‍ അവരുടെ കുടുംബങ്ങള്‍ നരകിക്കും.. ഇത് എന്റെ ഹൃദയം പൊട്ടിയുള്ള ശാപം” എന്നിങ്ങനെയാണ് പന്തളം അമ്മയുടെ വാക്കുകള്‍ എന്ന രൂപത്തിൽ പ്രചരിച്ചിരുന്നത്.

എന്നാല്‍, ഒരു വര്‍ഷം മുമ്പ് മരിച്ച പന്തളം രാജ കുടുംബാംഗത്തിന്‍റെ ചിത്രം ഉപയോഗിച്ചാണ് പ്രചാരണം നടന്നത്. പന്തളം കൊട്ടാരത്തിലെ അംബ തമ്പുരാട്ടി കഴിഞ്ഞ വര്‍ഷം നവംബറിലാണ് മരണപ്പെട്ടത്.

9. ലോട്ടറി കച്ചവടക്കാരനായ ശിവദാസനും ബിജെപി ഹർത്താലും 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ഇന്നലെ മുതൽ ആദ്യം സൈബർ ഇടങ്ങളിലും, ജനം ടി.വി യിലും വാർത്തകൾ പ്രചരിക്കുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും വാർത്ത ഏറ്റുപിടിക്കുന്നു. മണിക്കൂറുകൾക്കകം കൊലപാതകം പോലീസിന്റെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്നു.

പത്തനംതിട്ടയിൽ കാണാതായ ശിവദാസൻ എന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ശബരിമലയിലെ നിലയ്ക്കലിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബിജെപി മണിക്കൂറുകൾക്കകം പത്തനംതിട്ടയിൽ ഹർത്താൽ പ്രഖ്യാപിച്ചു. എന്നാൽ നിലയ്ക്കലിൽ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും പറയുന്നു.

ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതിയാണ് ശിവദാസന്‍ ശബരിമലയിലേക്ക് പോയത്. 19-ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ശബരിമലയിലെ പൊലീസ് നടപടി നടന്നത് 16നും 17നും മാത്രമാണ്. പത്തനംതിട്ട – നിലയ്ക്കല്‍ റൂട്ടില്‍ ളാഹയിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലയ്ക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലയ്ക്കലിലാണ്.

ബി ജെ പി നടത്തിയ ഹർത്താൽ എന്തിനു വേണ്ടി ആണെന്ന് ഇനിയും ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർക്കു പോലും ആയിട്ടില്ല.

10.അയ്യപ്പ വിഗ്രഹവും പോലീസും - ഫോട്ടോഷൂട് 

കാട്ടിൽ വെച്ച്‌ അയ്യപ്പ വിഗ്രഹം കൈയിൽ പിടിച്ച്‌ നിൽക്കുന്ന തലയിൽ ഇരുമുടിക്കെട്ടുള്ള ഭക്തനെ പൊലീസ്‌ ബൂട്ടിട്ട്‌ ചവിട്ടുന്ന ഒരു ഫോട്ടോ ഷൂട്ടിന്റെ സ്റ്റിൽസ്‌ ആണ് ഏറ്റവും പുതിയ സംഘപരിവാർ നുണയുടെ ട്രെയ്‌ലർ. നിർഭാഗ്യവശാൽ നുണ റിലീസ് ആകുന്നതിനു മുൻപ് ചിത്രം ലീക്ക് ആയി.https://www.azhimukham.com/trending-kerala-police-against-janam-tv-and-face-social-media-attack/

https://www.azhimukham.com/opinion-mysterious-death-of-ayyappa-devotee-pathanamthitta-turns-bjp-political-agenda-on-sabarimala-writes-gireesh/

https://www.azhimukham.com/trending-writer-sunil-p-ilayidom-speech-sabarimala-women-entry-based-on-renaissance-video/

https://www.azhimukham.com/facebook-post-fake-images-leaked-police-attacking-sabarimala-devotee-nilakkal-minesh-ramanunni-writes/

https://www.azhimukham.com/newswrap-sreedharanpilla-repeats-fake-propaganda-news-about-shivadasans-mysterious-death-near-sabarimala-writes-saju/

Next Story

Related Stories