TopTop
Begin typing your search above and press return to search.

ലിബിക്ക് ശബരിമലയില്‍ കയറാനായില്ലെങ്കില്‍ പരാജയപ്പെടുന്നത് ഒരു മതനിരപേക്ഷ ജനതയാണ്‌

ലിബിക്ക് ശബരിമലയില്‍ കയറാനായില്ലെങ്കില്‍ പരാജയപ്പെടുന്നത് ഒരു മതനിരപേക്ഷ ജനതയാണ്‌
തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറക്കാനിരിക്കെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല വലിയ പ്രതിഷേധവേദിയായി ഒരു വിഭാഗം മാറ്റി കഴിഞ്ഞു. സ്ത്രീകളെ ഒരു കാരണവശാലും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കില്ലെന്ന നിലപാടോടെ ബിജെപി, കോണ്‍ഗ്രസ്, ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ ആള്‍ക്കൂട്ടം കടുത്ത പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്. കൂടുതല്‍ പൊലീസിനെ സന്നിധാനത്തും പമ്പയിലും വിന്യസിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. തന്ത്രി കുടുംബാംഗങ്ങളെ അടക്കം പ്രതിഷേധത്തിന് എത്തിയ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ഇവരെ പമ്പ പൊലീസ് സ്റ്റേഷിനേക്ക് മാറ്റുകയാണെന്നാണ് വിവരം.

സ്ത്രീ പ്രവേശനത്തിനെതിരേ നാമജപ പ്രതിഷേധം മാത്രമായിരിക്കും നടത്തുകയെന്നായിരുന്നു കോടതി വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ ആദ്യം പറഞ്ഞിരുന്നത്. ഗാന്ധിമാര്‍ഗത്തിലുള്ള സമരമായിരിക്കും തങ്ങള്‍ നടത്തുകയെന്നാണ് രാഹുല്‍ ഈശ്വറിനെ പോലുള്ളവരും അറിയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ ബലമായി തന്നെ തടയുന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നത്.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിവിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിൻറെ വിധിയുടെപിന്തുണയോടെ ആണ് ലിബി സിഎസ് ശബരിമലക്ക് പുറപ്പെടുന്നത്. ചേർത്തല സ്വദേശിയാണ്‌ ഡോ ഹരികുമാറിൻറെ ഭാര്യയായ ലിബി അദ്ധ്യാപികയും ന്യൂസ്‌ഗിലിന്റെ എഡിറ്ററുമാണ്.

ശബരിമലയില്‍ എത്തുന്ന സ്ത്രീ ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് സര്‍ക്കാരും ആവര്‍ത്തിച്ചു പറയുന്നുണ്ട്.എന്നാൽ ശബരിമലയിൽ പ്രവേശിക്കാനെത്തിയ ലിബി സി എസിനെ പ്രതിഷേധക്കാര്‍ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കയാണ്.

ലിബി ശബരിമലക്ക് പുറപ്പെടും മുൻപ് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക

"ശബരിമലയിൽ പോകാൻ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിൻറെ ചരിത്രത്തിൽപോലും ഇതുവരെ ഉണ്ടാകാത്തതരത്തിൽ രണ്ട് കുടുംബങ്ങളുടെ താത്‌പര്യ സംരക്ഷണാർത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വർഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡിൽ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും, മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളിൽ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങൾ നടത്തുകയും ശബരിമലക്ക് പോകാൻ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടിൽ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരുരാഷ്ട്രീയപ്പാർട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയിൽ പൊതുവേദിയിൽ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും.രാഹുൽ ഈശ്വരൻ കുറെഗുണ്ടകളുമായി ശബരിമലയിൽ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുക്കുകയും ചെയ്യുമ്പോൾ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല ശബരിമല യാത്രക്ക് തയാറെടുത്തത്."


ശബരിമലയിൽ ദർശനം നടത്താനായി പത്തനംതിട്ടയിൽ എത്തിയ ലിബിയുടെ അവകാശം സംരക്ഷിക്കേണ്ടത് അധികാരികളുടെ ചുമതലയാണ്. ലിബിയോട് ഐക്യദാർഢ്യപ്പെടേണ്ടത് ഒരു മതനിരപേക്ഷ പുരോഗമന സമൂഹത്തിന്റെ ബാധ്യതയുമാണ്.

ആചാരങ്ങൾ ലംഘിക്കപ്പെടാൻ കൂടിയുള്ളതാണെന്നാണു ശ്രീനാരായണഗുരുവിനെയും, അയ്യങ്കാളിയെയും പോലെയുള്ള നവോത്ഥാന നായകർ കേരളത്തെ പഠിപ്പിച്ചതെന്ന് കേരളത്തെ ഓര്‍മ്മപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്ത്രീ സ്വാതന്ത്രം ഉയർത്തി പിടിച്ചു കൊണ്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നത് കേവലം സർക്കാരിന്റെ മാത്രം ബാധ്യത ആയി മാറി നിൽക്കാൻ പൊതു സമൂഹത്തിനാകില്ല.

കാലാകാലങ്ങളായി നില നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ ആചാരങ്ങൾ ഇത്തരത്തിൽ നിരോധിക്കുമ്പോൾ സ്വാഭാവികമായും പ്രതിഷേധം ഉണ്ടാകും. എന്നാൽ നമുക്കുമുന്നില്‍ എളുപ്പ വഴികൾ ഒന്നുമില്ല , നേരെനിന്ന് എതിരിടുക എന്നതല്ലാതെ. അതു സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തവുമല്ല. ചെറുതും വലുതുമായ സംഘടനകളും, വ്യക്തികളും , സംഘങ്ങളും അതില്‍ പങ്കുചെരെണ്ടതുണ്ട്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട നാം ഒരുമിച്ചാണ് ആ മഹാമേരിയെ നേരിട്ടത്. ലിബിയുടെ ശബരിമല പ്രവേശനം ഒരു പൗരയുടെ അവകാശമാണ്, അതിനായി അവർക്ക് അവസരം ഒരുക്കേണ്ടത് നവോത്ഥാന കേരളത്തിന്റെ ചുമതലയുമാണ്. വിശ്വാസികൾക്കും ഇവിടെ വലിയ പങ്കാണ് വഹിക്കാനുള്ളത്, തെറി വിളിയും, ആഭാസവും ആയി തെരുവിൽ ഇറങ്ങിയിരിക്കുന്നത് വിശ്വാസ സംരക്ഷകരോ, അയ്യപ്പ ഭക്തരോ അല്ല അവർ ആക്രമത്തിന്റെയും, അശാന്തിയുടെയും, സ്വ രാഷ്ട്രീയ താല്പര്യങ്ങളുടെയും വക്താക്കൾ ആണ്. അവരെ നേരിടാൻ നമുക്ക് കഴിയും.

ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ സമ്മർദ്ദത്തെ അതിജീവിച്ചു ശബരിമലയിൽ പ്രവേശിക്കാൻ തയ്യാറാകുന്ന ലിബിയെ പോലുള്ള മുഴുവൻ  ഭക്തകൾക്കും സംരക്ഷണം ഒരുക്കേണ്ടത് നമ്മോടു ചരിത്രം ആവശ്യപ്പെട്ടുന്ന ദൗത്യമാണ്.

ഒരുപക്ഷെ ലിബിക്ക് സുപ്രീം കോടതി വിധി പ്രകാരം അനുവദിച്ചു കിട്ടിയ അവകാശം സംരക്ഷിക്കാൻ ആയില്ലെങ്കിൽ അതൊരു വ്യക്തിയുടെയോ, പ്രസ്ഥാനത്തിന്റെയോ അല്ല മറിച് പുരോഗമന സമൂഹത്തിന്റെ ആകെ പരാജയമാണ്. ഒരാവകാശവും താലത്തിൽ വിളമ്പി തന്ന ചരിത്രമില്ല, എല്ലാം കല്ലും, മുള്ളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചും, ജീവൻ കൊടുത്തും നേടിയെടുത്തതാണ്.

https://www.azhimukham.com/opinion-pinarayi-vijayan-speech-sabarimala-women-entry-analysis-ribin/

https://www.azhimukham.com/kerala-nilakkal-sabarimala-ayyappan-and-tribal-malampandaram-relation-and-women-entry-controversy-report-krishna/

https://www.azhimukham.com/live-sabarimala-women-entry-protest/

Next Story

Related Stories