UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: നാടെങ്ങും അക്രമം, കലാപാഹ്വാനം, ഹര്‍ത്താല്‍; അതീവ ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല പ്രതിഷേധമെന്ന് അയ്യപ്പ കര്‍മ്മ സമിതി ദേശീയ അധ്യക്ഷന്‍ എസ് ജെ ആര്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് വലിയ തോതില്‍ കലാപത്തിന് സാധ്യത. കലാപ സാധ്യത കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കനത്ത ജാഗ്രത പുലര്‍ത്താന്‍ ഇന്റലിജന്റ്‌സ് വിഭാഗം സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിനിടെ സംസ്ഥാനത്ത് ആകമാനം പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും തുടരുകയാണ്. യുവതീ പ്രവേശനം പരസ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് അയ്യപ്പകര്‍മ്മ സമിതി നേതാക്കള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ കൂട്ടം ചേര്‍ന്ന നാമജപ പ്രതിഷേധങ്ങളും അക്രമസമരങ്ങളും രൂപപ്പെട്ടു. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് അയ്യപ്പ കര്‍മ്മ സമിതി. എന്നാല്‍ ഹര്‍ത്താലിനപ്പുറം കേരളം മുഴുവന്‍ കലാപം സൃഷ്ടിക്കുവാന്‍ തന്നെയാണ് കര്‍മ്മ സമിതിയും മറ്റ് ഹൈന്ദവ സംഘടനകളും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് അറിവ്.

“ഇത് കറുത്ത ദിനമാണ്. ഞങ്ങള്‍ പ്രതികരിക്കും. എങ്ങനെയും പ്രതിഷേധിച്ചുകൊള്ളാന്‍ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്. ഇത്രയും കാലം നാമജപം മാത്രം നടത്തിയ ഞങ്ങളുടെ മറ്റൊരു മുഖമായിരിക്കും ഇനി കേരളം കാണുക”, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശൈലന്‍ പ്രഭാകരന്റെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നതാണ്. അയ്യപ്പ കര്‍മ്മ സമിതി നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ സംസ്ഥാനമൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കര്‍മ്മസമിതിയുടേയോ മറ്റ് സംഘടനകളുടേയോ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ബിജെപി പിന്തുണ നല്‍കുമെന്ന് ബിജെപി നേതാവ് എംടി രമേശ് രാവിലെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.

സംസ്ഥാനത്ത് പലയിടങ്ങളിലും ബിജെപി, യുവമോര്‍ച്ച, അയ്യപ്പകര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വിവിധയിടങ്ങളില്‍ റോഡ് ഉപരോധിച്ചും കടകളടപ്പിച്ചും അയ്യപ്പ കര്‍മ്മ സമിതിയുടെ പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്താനും ഒരു സംഘം പ്രവര്‍ത്തകര്‍ ശ്രമിച്ചു. എംസി റോഡില്‍ രണ്ടിടത്തും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിലും വാഹനങ്ങള്‍ തടുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപിയുടെ സമരപ്പന്തലിനടുത്ത് പ്രതിഷേധങ്ങള്‍ നടക്കുകയാണ്. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നെയ്യാറ്റിന്‍കരയിലും മലപ്പുറത്തും പാലക്കാട്ടും സംഘര്‍ഷാവസ്ഥ തുടരുകയാണ്. കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലം, കൊട്ടാരക്കര, വടക്കാഞ്ചേരി, ഗുരുവായൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ കടകള്‍ അടപ്പിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.

ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല പ്രതിഷേധമെന്ന് അയ്യപ്പ കര്‍മ്മ സമിതി ദേശീയ അധ്യക്ഷന്‍ എസ് ജെ ആര്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കമാണ് വരുംദിവസങ്ങളിലുണ്ടാവുകയെന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തില്‍ ബൃഹത്തായ പ്രക്ഷോഭത്തിനാണ് കര്‍മ്മ സമിതി ഒരുങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. വിശ്വാസ ലംഘനം നടത്തിയ മുഖ്യമന്ത്രിയും ചതി കാണിച്ച അദ്ദേഹത്തിന്റെ പാര്‍ട്ടിയും മറുപടി പറയുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും എസ്‌ജെആര്‍ കുമാര്‍ പറഞ്ഞു.

രണ്ട് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതിന് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയേണ്ടി വരുമെന്ന് അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും പറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം സംസ്ഥാനമൊന്നാകെ സ്തംഭിപ്പിക്കും വിധമുള്ള പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍