UPDATES

ട്രെന്‍ഡിങ്ങ്

‘സുവര്‍ണ്ണാവസരം’ പിള്ളയെ മുരളീധരന്‍ പക്ഷം ‘വലിച്ചു താഴെ ഇടു’മോ?

ശബരിമലയിൽ സമരത്തിനില്ലെന്ന ബിജെപി പ്രസിഡന്റ‌് ശ്രീധരൻപിള്ളയുടെ നിലപാട‌് പാർടിയിൽ സൃഷ‌്ടിച്ചത‌് കൂട്ടക്കുഴപ്പം

Avatar

ഗിരീഷ്‌ പി

“നമ്മളെ സബന്ധിച്ച് ഇത് സുവര്‍ണ്ണാവസരമാണ്. ശബരിമല സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ആലോചിക്കണം. നമ്മുടെ കയ്യില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി ഒരു പ്ലാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ബിജെപിക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.” കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമെന്ന് പ്രസംഗിച്ച ശ്രീധരൻ പിള്ളയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.

കേരളത്തിൽ ഒരു കുതിച്ചുചാട്ടത്തിന് ശ്രമിക്കുന്ന എൻ ഡി എയെ സംബന്ധിച്ച് ഇവിടെ മാർഗം അല്ല ലക്‌ഷ്യം തന്നെ ആണ് പ്രധാനമെന്ന് നേരത്തെയും വ്യക്തമായതാണ്. അതുകൊണ്ട് എൻ ഡി എ യുടെ നട്ടെല്ലായ കേരളത്തിലെ ബി ജെ പിയിൽ നിന്നും ആരും വലിയ രാഷ്ട്രീയ ധാര്‍മ്മികതയൊന്നും പ്രതീക്ഷിക്കുന്നില്ല.

ഉത്തരേന്ത്യയിൽ വിജയകരമായി പരീക്ഷിച്ച ഇത്തരം തന്ത്രങ്ങൾ കേരളത്തിലും വർക്ക് ഔട്ട് ആകുമെന്ന ശ്രീധരൻ പിള്ളയുടെ ഓവർ കോൺഫിഡൻസിനു ഭാരതീയ ജനത പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണ് പകരം നൽകേണ്ടി വന്നിരിക്കുന്നതെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ അടിവരയിടുന്നു.

ശബരിമലയിൽ സമരത്തിനില്ലെന്ന ബിജെപി പ്രസിഡന്റ‌് ശ്രീധരൻപിള്ളയുടെ നിലപാട‌് പാർടിയിൽ സൃഷ‌്ടിച്ചത‌് കൂട്ടക്കുഴപ്പം ആണ്. ശബരിമല സമരസമയത്ത‌് പുകഞ്ഞുനിന്ന ഗ്രൂപ്പുവഴക്ക‌് ഇപ്പോൾ പരസ്യ കലാപത്തിന്റെ വക്കിലെത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉന്നയിച്ച‌് വി മുരളീധരൻ എംപിയും പി പി മുകുന്ദനും രംഗത്തെത്തി. ജയിലിലായ കെ സുരേന്ദ്രന‌് പാർടി നേതൃത്വം പിന്തുണ നൽകാത്തതാണ‌് മുരളീധരനെ പരസ്യ നിലപാടിലേക്ക‌് എത്തിച്ചത‌്. കെ സുരേന്ദ്രനെ പാർട്ടി കൈവിട്ടെന്ന് അണികൾക്കിടയിലും വിമർശനം ഉണ്ട്. അതിനിടെ, സംസ്ഥാനത്തെ പാർടിയുടെ അവസ്ഥ കാണിച്ച‌് കേന്ദ്ര നേതൃത്വത്തിന‌് ആർഎസ‌്എസ‌ും പരാതി നൽകിയിട്ടുണ്ട‌്.

ശബരിമലയിൽ എല്ലാ പ്രശ്നങ്ങൾക്കും ഹേതുവാകുന്നത് സുപ്രീം കോടതിയുടെ ചരിത്രപ്രാധാന്യം അർഹിക്കുന്ന വിധിയാണ്. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയപ്പോൾ കേരള സർക്കാർ അത് നടപ്പിലാക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഇവിടെ മുതലാണ് ബി ജെ പി സമരം ആരംഭിക്കുന്നത്.

സ്ത്രീകൾ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് മുതൽ ഭരണഘടനാ കത്തിക്കും എന്ന് വരെ സംഘപരിവാർ നേതാക്കൾ പ്രസംഗിച്ചു നടന്നു. ഒടുക്കം ശ്രീധരൻ പിള്ള വിദഗ്ദമായി പ്ളേറ്റ് ഒന്ന് മാറ്റി, സമരം സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരാണെന്ന് ! ഇവിടം മുതൽ ബി ജെ പിയുടെ കണ്ടകശനി തുടങ്ങി. സമരം കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരാണെങ്കിൽ എ കെ ജി സെന്ററിന് മുന്നിൽ പോയിരുന്നാൽ പോരെ എന്ന് അണികൾ വരെ പരസ്യമായി ചോദിച്ചു തുടങ്ങി.

ശബരിമല വിഷയത്തിലെ സെക്രട്ടറിയേറ്റ് സമരം ചർച്ച ചെയ്യുന്നതിനായി ഇന്ന് ബി ജെ പി സംസ്ഥാന നേതൃത്വം കോഴിക്കോട് വിളിച്ചു അടിയന്തര യോഗത്തിനു ശേഷം വന്ന മുതിർന്ന നേതാക്കളുടെ പ്രസ്താവനകൾ അടപടലം വൈരുധ്യങ്ങളാണ്.

ശബരിമലയിലെ യുവതി പ്രവേശമല്ല ഇപ്പോൾ നടക്കുന്ന ബിജെപിയുടെ സമരത്തിന്റെ വിഷയമെന്ന‌് ഒ രാജഗോപാൽ പറയുന്നു. റിവ്യൂ ഹർജി കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ‌്തിട്ട‌് എന്തുകാര്യമെന്നും മാതൃഭൂമി ന്യൂസിന‌് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിക്കുന്നു പൊലീസ‌് നടപടിയും ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ‌്നങ്ങളുമാണ‌് സമരത്തിന്റെ വിഷയമത്രെ. യുവതി പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചപ്പോഴാണോ ബി ജെ പിക്ക് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ബോധോദയം ഉണ്ടായത്? ഇനി ശബരിമലയിൽ പ്രതിഷേധിക്കാൻ മാത്രം എന്ത് പോലീസ് നടപടികൾ ആണുണ്ടായിട്ടുള്ളത്?!

ശബരിമല സമരം ഒത്തുതീർപ്പാക്കാൻ ആത്മാഭിമാനമുള്ള ബിജെപി പ്രവർത്തകൻ സമ്മതിക്കില്ലെന്ന‌് മുൻ സംസ്ഥാന പ്രസിഡന്റ‌് വി മുരളീധരൻ എം പി. സമരം പിൻവലിക്കുമെന്ന നിലപാട് എന്തുകൊണ്ടാണ് സ്വീകരിച്ചതെന്ന് സംസ്ഥാന പ്രസിഡന്റാണ് വ്യക്തമാക്കേണ്ടതെന്നും മുരളീധരൻ മാധ്യമങ്ങളോട‌് പറഞ്ഞു. അതായത് വി മുരളീധരൻ അടക്കമുള്ളവരോട് ആലോചിക്കാതെയാണോ ശ്രീധരൻ പിള്ള സമരത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനം എടുത്തത്?

ശബരിമലയിലെ സുപ്രീം കോടതി വിധിയിൽ ഒരു സുവർണാവസരം ഉണ്ടെന്ന് ആഹ്വാനം ചെയ്ത്, ശശികല മുതൽ വത്സൻ തില്ലങ്കേരി വരെയുള്ള സകല നേതാക്കളെയും നിലക്കലേക്കു കെട്ടി എടുത്തപ്പോ പിള്ള സാറിന്റെ ഓപ്പറേഷൻ ശബരിമലക്ക് നോട്ടു നിരോധനത്തിന്റെ അതെ പരിസമാപ്തി ആയിരിക്കുമെന്ന് ശത്രുക്കൾ പോലും നിരീച്ചു കാണില്ല. ഉള്ളത് പറയാലോ പ്ലാനിങ് ഒക്കെ അഭിനന്ദനാര്‍ഹംമാണ്, പക്ഷെ വാ തുറന്നാൽ വിഡ്ഢിത്തം മാത്രമേ ചെയ്യൂ, പ്രവർത്തിക്കു എന്ന് ശപഥം ചെയ്തവരേം കൊണ്ട് കേരളം പോലൊരു സ്ഥലത്ത് ട്രപ്പീസ് കളിക്കാനിറങ്ങുമ്പോ ഒന്നിൽ കൂടുതൽ തവണ ആലോചിക്കണം, സുവർണാവസരം ഒടുക്കത്തെ അവസരം ആയി മാറാൻ വലിയ കാലതാമസം ഒന്നും വേണ്ട.

രാഷ്ട്രീയത്തിൽ ‘നിലപാട്’ എന്ന വാക്കിന്റെ പ്രസക്തി എന്താണെന്ന് ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷനും, ഒരു നിയമവിദഗ്ദനും കൂടിയായ പി എസ് ശ്രീധരൻ പിള്ള തീർച്ചറിയണം. ‘ ശ്രീധരൻ പിള്ളയുടെ ഇന്നത്തെ നിലപാട്’ എന്ന പേരിൽ ഒരു ഫേസ്ബുക് പേജ് വരെ ശത്രുക്കൾ ട്രോളായി ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പറയുന്ന നിലപാട് അല്ല ശ്രീധരൻ പിള്ള നാളെ പറയുന്നത്, മിനിഞ്ഞാന്നത്തെ നിലപാട് ആണ് ഇന്ന് അദ്ദേഹം തിരുത്തുന്നത്. ഏറ്റവും മിനിമം ശബരിമല സമരം എന്തിന് ? ആർെക്കതിരെ? ലക്ഷ്യമെന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് സ്വന്തം അണികളെ ബോധ്യപ്പെടുത്താനുള്ള മറുപടികൾ നൽകാൻ എങ്കിലും ശ്രീധരൻ പിള്ളക്ക് കഴിയണം. അല്ലാത്തിടത്തോളം ഈ ക്രൈസിസിന് അന്ത്യമില്ല.

സംസ്ഥാന അധ്യക്ഷൻ സുവർണാവസരം എന്ന് പറഞ്ഞ് ഒരു ലോഡ് അണികളെ വിളിച്ചു കേറ്റിയത് ടൈറ്റാനിലേക്കാണ് എന്ന യാഥാർഥ്യം കേന്ദ്ര നേതൃത്വം അറിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. ഗവർണർ സ്ഥാനം പോലും തൽക്കാലം ഒഴിവില്ല. ശിഷ്ടകാലം പിള്ള സാർ വക്കീലാപ്പീസിൽ ചിലവഴിക്കേണ്ടി വരും. ബി ജെ പിയാകട്ടെ അടുത്ത സുവർണാവസരത്തിനായി പുതിയ കാത്തിരിപ്പിനു തുടക്കമിടേണ്ടിയും വരും.

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

ശബരിമല ഇടതുപക്ഷത്തിന്റെ വാട്ടര്‍ലൂ ആകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയോ? തദ്ദേശ ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍

പി.എസ് ശ്രീധരന്‍ പിള്ള ഇനി എന്തു ചെയ്യും? പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

അമിത് ഷായുടെ നാക്കുപിഴ, വി മുരളീധരന്റെ വലിയ പിഴ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍