ട്രെന്‍ഡിങ്ങ്

ഇനി കേരളത്തിനാണ് ശുദ്ധികര്‍മ്മങ്ങള്‍ വേണ്ടത്; അത് ചെയ്യും, നാളെ ഹര്‍ത്താല്‍; അതിശക്ത പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങി സംഘപരിവാര്‍

സംസ്ഥാനത്തൊട്ടാകെ വലിയ തോതില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് അയ്യപ്പ കര്‍മ്മ സമിതി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നല്‍കി സംഘപരിവാര്‍ സംഘടനകള്‍. സംസ്ഥാനത്തൊട്ടാകെ വലിയ തോതില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് അയ്യപ്പ കര്‍മ്മ സമിതി. ഇന്നും നാളെയുമായി നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും അയ്യപ്പ കര്‍മ്മ സമിതിയെ ബിജെപി പിന്തുണക്കും. ശബരിമലയില്‍ യുവതികള്‍ കയറിയത് സംബന്ധിച്ച് വിവിധ സംഘപരിവാര്‍ സംഘടനാ നേതാക്കളുടെ പ്രതികരണങ്ങള്‍.

ശബരിമലയില്‍ സ്ത്രീകള്‍ കയറിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വയ്പ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

കെ പി ശശികല- അയ്യപ്പ കര്‍മ്മ സമിതി

ശബരിമലയില്‍ നടയടച്ചു. ഞങ്ങളെല്ലാം ആവശ്യപ്പെട്ടത് അതായിരുന്നു. അതനുസരിച്ച് നടയടച്ച് ശുദ്ധി കര്‍മ്മങ്ങള്‍ ചെയ്തു. ഇനി കേരളത്തിനാണ് ചില ശുദ്ധികര്‍മ്മങ്ങള്‍ വേണ്ടത്. അത് ചെയ്യും. ഏത് തരത്തില്‍ അത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. രഹസ്യമാക്കി വച്ചല്ല പോലീസ് യുവതികളെ പ്രവേശിപ്പിക്കേണ്ടിയിരുന്നത്. അവര്‍ രഹസ്യം സൂക്ഷിക്കുന്ന സ്ഥിതിക്ക് ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് പരസ്യമാക്കാനും താത്പര്യമില്ല. മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളേയും പൊതുസമൂഹത്തേയും വഞ്ചിച്ചു. ബാക്കി ഭക്തര്‍ തീരുമാനിക്കും. എന്തായാലും കേരളത്തിനൊരു ശുദ്ധികലശം ഉണ്ടാവും.

സ്വാമി അയ്യപ്പദാസ്- അയ്യപ്പ സേവാ സമാജം

ആദ്യം ചെയ്യേണ്ടിയിരുന്നത് നടയടക്കലാണ്. അത് ചെയ്തു. ഇനി എന്ത് എന്നത് ഒറ്റയ്ക്കുളള തീരുമാനമല്ല. ലോകമെമ്പാടുമുള്ള ഭക്തജനങ്ങളെ ബാധിച്ച കാര്യമാണ്. തീര്‍ച്ചയായും വലിയ പ്രതികരണങ്ങള്‍ തന്നെയുണ്ടാവും. മുഖ്യമന്ത്രിയും പോലീസും മറുപടി പറയേണ്ടി വരും. അത്തരത്തിലുള്ള പ്രതിഷേധ പരിപാടികളുമായി ഭക്തര്‍ മുന്നോട്ട് പോവും. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഏകാധിപതിയാണ് കേരളത്തിലെ മുഖ്യമന്ത്രി. മന്ത്രിസഭയിലെ മറ്റാരും ഈ പ്രവര്‍ത്തിയോട് യോജിക്കുന്നവരല്ല. യുവതികളെ പ്രവേശിപ്പിക്കാന്‍ താത്പര്യമില്ലെന്് പോലും ചിലര്‍ പറഞ്ഞിട്ടുണ്ട്. തന്ത്രിയും കൊട്ടാരവും തീരുമാനിച്ചാണ് നടയടച്ച് ശുദ്ധികര്‍മ്മങ്ങള്‍ ചെയ്തത്. ഏത് തരം പ്രതിഷേധങ്ങളാണ് മുന്നോട്ടുണ്ടാവുക എന്ന് ഇപ്പോള്‍ പറയാനാവില്ല. എന്തായാലും ഏകാധിപതിയായ പിണറായി വിജയന്‍ ഇതിന് മറുപടി പറയുക തന്നെ വേണ്ടിവരും.

എം ടി രമേശ്- ബിജെപി

മുഖ്യമന്ത്രിയുടേയുംസിപിഎമ്മിന്റെയും അജണ്ടയായിരുന്നു യുവതീ പ്രവേശനവും ആചാരലംഘനവും. പൊതുസമൂഹത്തോട് കളവ് പറഞ്ഞ് നേരത്തെയുണ്ടായിരുന്ന അജണ്ട തന്നെ നടപ്പാക്കുകയായിരുന്നു സര്‍ക്കാര്‍. ഇതോടെ ബിജെപിയുടെ വാദം വസ്തുതാപരമായി എന്ന് തെളിഞ്ഞിരിക്കുകയാണ്. കോടിക്കണക്കിന് അയ്യപ്പ ഭക്തരെ സര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുന്നു. വഞ്ചനാപരമായ നടപടിക്ക് രാജ്യവ്യാപകമായ പ്രതിഷേധമുണ്ടാവും. ഇന്നും നാളെയും വലിയ തോതില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറും. അയ്യപ്പകര്‍മ്മ സമിതിയുള്‍പ്പെടെ നടത്തുന്ന പ്രതിഷേധപരിപാടികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടാവും. മുഖ്യമന്ത്രിയെക്കൊണ്ട് കണക്കുപറയിക്കുന്ന പ്രതിഷേധങ്ങളായിരിക്കും ുണ്ടാവുക. സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞിരിക്കുകയാണ്. കോടിക്കണക്കിന് വിശ്വാസികളോടുള്ള വെല്ലുവിളിയും യുദ്ധപ്രഖ്യാപനവുമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ആചാരലംഘനം നടന്നാല്‍ നടയടക്കുമെന്ന് തന്ത്രി നേരത്തെ പറഞ്ഞിരുന്നതാണ്. കോടതിവിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെങ്കില്‍ ആചാരം സംരക്ഷിക്കേണ്ടത് തന്ത്രിയുടെ ചുമതലയുമാണ്. സര്‍ക്കാര്‍ ഭീരുത്വമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. യുവതികളെ പ്രവേശിപ്പിക്കണമെങ്കില്‍ പകല്‍ വെളിച്ചത്തിലാണ് കൊണ്ടുപോവേണ്ടത്. ഇരുട്ടിന്റെ സന്തതികളാണ് സിപിഎമ്മുകാര്‍ എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍