TopTop
Begin typing your search above and press return to search.

കവികള്‍ മാവോയിസ്റ്റുകള്‍ ആണെന്നു വാദിക്കാനുള്ള പോയിന്‍റ് കിട്ടിയില്ല; 'മോഡിഫൈ ചെയ്യാത്ത കവിതകളി’ല്‍ നിന്നും ജനം ടിവി പിന്‍വാങ്ങി

കവികള്‍ മാവോയിസ്റ്റുകള്‍ ആണെന്നു വാദിക്കാനുള്ള പോയിന്‍റ് കിട്ടിയില്ല;
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'മോഡിഫൈ ചെയ്യപ്പെടാത്തത്' എന്ന പുസ്തകത്തിനെതിരെ ജനം ടിവിയും സംഘപരിവാറും വാളെടുത്തിരിക്കുകയാണ്. ജനുവരി 20നാണ് ഈ പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ പ്രതികരിക്കുന്ന നൂറ് കവികളുടെ കവിതകളാണ് ഇതിലുള്ളത്. അതില്‍ കെ സച്ചിദാനന്ദനുണ്ട്, കുരീപ്പുഴ ശ്രീകുമാറുണ്ട്, പ്രഭാവര്‍മ്മയുണ്ട്. ബീഫുമായി ബന്ധപ്പെട്ട ദേശീയതയും ഗൗരി ലങ്കേഷിന്റെ കൊലപാകതവുമായി ബന്ധപ്പെട്ടതും ദലിതര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും മനുസ്മൃതിയെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചുമെല്ലാമുള്ള വിഷയങ്ങള്‍ കവിതകളായും ചിത്രങ്ങളായും ഈ പുസ്തകത്തില്‍ ഉണ്ട്. സംഘപരിവാര്‍ ഇതിനെതിരെ വാളെടുത്തിരിക്കുകയാണ്. ഇതിന് കാരണം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട നദിയാണ് ഈ പുസ്തകം എഡിറ്റ് ചെയ്തത് എന്നാണ്. ഇതില്‍ എഴുതിയിരിക്കുന്ന നൂറ് കവികളും മാവോയിസ്റ്റുകളാണെന്നാണ് ഇന്നലെ ജനം ടിവി പുറത്തുവിട്ട വാര്‍ത്ത. ദേശവിരുദ്ധതയെ പ്രോത്സാഹിപ്പിച്ച് ഡിസി ബുക്‌സ് എന്നായിരുന്നു ജനം ചാനല്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ നദിയ്‌ക്കെതിരെ യുഎപിഎ കേസ് നിലനില്‍ക്കുന്നില്ലെന്നത് ഇവര്‍ തന്ത്രപൂര്‍വം മറക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ യുഎപിഎ ചുമത്തിയ നദിയാണ് പുസ്തകം എഡിറ്റ് ചെയ്തതെന്നാണ് ജനം ടിവി ഇപ്പോഴും പറയുന്നത്.

'ഞാന്‍ പാകിസ്ഥാനിലേക്ക് പോകാം' എന്ന അക്ബറിന്റെ കവിതയാണ് സംഘപരിവാറിനെ ഏറ്റവുമധികം ചൊടിപ്പിക്കുന്നതെന്ന് പുസ്തകത്തിന്റെ എഡിറ്റര്‍ നദി പറയുന്നു. ആ കവിത പറയുന്നതാകട്ടെ ഞാന്‍ പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാണ്. പക്ഷെ ഞാന്‍ നിലവില്‍ ജീവിക്കുന്ന മണ്ണും സമൂഹവും കൂടി എനിക്കൊപ്പം കൊണ്ടുപോകുമെന്നാണ് ആ കവിത ആവശ്യപ്പെടുന്നത്. ആര്‍എസ്എസുകാര്‍ പണ്ട് വിചാരധാരയില്‍ എഴുതിയത് മുസ്ലിങ്ങളും ദലിതരും കമ്മ്യൂണിസ്റ്റുകളുമാണ് തങ്ങളുടെ ശത്രുക്കളെന്നും അവര്‍ കൊന്നൊടുങ്ങുന്നത് വരെ തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കാനാകില്ലെന്നുമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എഴുത്തുകാരെ കൂടി തങ്ങളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും നദി അഴിമുഖത്തോട് പറഞ്ഞു. ജനാധിപത്യമെന്നത് വിമര്‍ശനത്തിനും വിയോജിപ്പിനും കൂടി സ്വാതന്ത്ര്യമുള്ള സംവിധാനമാണ്. എന്നാല്‍ സംഘപരിവാറിന് ഇതിനോട് യാതൊരു യോജിപ്പുമില്ല.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫാസിസത്തെക്കുറിച്ച് ഞാന്‍ എഡിറ്റ് ചെയ്ത പുസ്തകമാണ് മോഡിഫൈ ചെയ്യപ്പെടാത്തത്. നൂറ് കവികളുടെ ഇതില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുന്ന ഒരു പുസ്തകമാണ് ഇത്. എന്നാല്‍ ദേശദ്രോഹപരമായ പരാമര്‍ശങ്ങളാണ് ഈ പുസ്തകത്തിലുള്ളതെന്നാണ് ഇപ്പോള്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ഈ നൂറ് കവികളും മാവോയിസ്റ്റുകളാണെന്നും അതിന്റെ നേതാവാണ് താനെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. സച്ചിദാനന്ദന്‍ മാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പ്രഭാ വര്‍മ്മ, എം ആര്‍ രേണുകുമാര്‍, എംബി മനോജ് തുടങ്ങിയവരൊക്കെയാണോ ഇവര്‍ പറയുന്ന മാവോയിസ്റ്റുകളെന്നും നദി ചോദിക്കുന്നു. ഈ കവികളില്‍ കോളേജ് അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും എല്ലാമുണ്ട്.

ഫാസിസ്റ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതും തികഞ്ഞ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് ഈ പുസ്തകമെന്ന് നൂറു കവികളില്‍ ഉള്‍പ്പെട്ട ജയശങ്കര്‍ എ എസ് അറയ്ക്കല്‍ അഴിമുഖത്തോട് പറഞ്ഞു. ഫാസിസത്തിനെതിരെ ഇത്രയും കാലവും നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് താനെന്നും അതിനാല്‍ തന്നെയാണ് പുസ്തകത്തിന് വേണ്ടി കവിത കൊടുത്തതെന്നും ജയശങ്കര്‍ വ്യക്തമാക്കി. എഴുത്ത് എന്ന മാസികയില്‍ നവംബര്‍ ലക്കത്തില്‍ വന്ന പുഴുനഗരം അഥവ വെല്‍ക്കം ടു ദി ലാന്‍ഡ് ഓഫ് ബാര്‍ബേറിയന്‍സ് എന്ന എന്റെ കവിതയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അത് തന്നെ വേണം എന്ന് നദി ആവശ്യപ്പെട്ടതുകൊണ്ടാണ് അത് തന്നെ നല്‍കിയതും. ഈ പുസ്തകത്തില്‍ കവിത നല്‍കിയ നൂറ് കവികളും പട്ടാമ്പിയില്‍ നടന്ന കവിതാ കാമ്പില്‍ പങ്കെടുത്തവരാണ്. അതിനി മാവോയിസ്റ്റുകളുടെ മീറ്റിംഗ് ആണെന്ന് പറയുമോ ജനം ചാനലില്‍ ഈ വാര്‍ത്ത നല്‍കിയ ശ്രീകാന്ത്? ഇനി ജനാധിപത്യപരമായ ഒരു സംവിധാനത്തിന് കീഴില്‍ മാവോയിസ്റ്റുകള്‍ കവിതയെഴുതാന്‍ പാടില്ലെന്നാണോ ഇയാള്‍ പറഞ്ഞുവയ്ക്കുന്നത്? ഈ പുസ്തകത്തിലെ നൂറ് കവിതകളും കൃത്യമായ പ്രതിരോധത്തിന്റെ ഭാഗമായി എഴുതിയിരിക്കുന്നതാണ്. അതില്‍ ഒരു മൂന്ന് കവിതകളൊഴികെ ബാക്കിയെല്ലാം ഫാസിസ്റ്റ് വിരുദ്ധ കവിതകളുമാണ്.

ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളെടുക്കുന്ന മുഴുവന്‍ ആളുകളെയും ദേശവിരുദ്ധര്‍ അല്ലെങ്കില്‍ മാവോയിസ്റ്റുകള്‍ എന്ന് ചാപ്പ കുത്തുന്ന സ്വഭാവം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നമുക്ക് പ്രതിരോധിക്കാന്‍ വാക്കുകള്‍ മാത്രമാണുള്ളത്. എന്റെ കവിതയാണ് എന്റെ പ്രതിരോധ മാര്‍ഗ്ഗം. ഇനി ഈ പുസ്തകത്തിന്റെ പേരില്‍ ഈ നൂറ് പേര്‍ക്കെതിരെയും ഇവര്‍ യുഎപിഎ ചുമത്തുമോ? എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാനിന്ന് ജനം ടി വി കണ്ടത്. എതിര്‍ ശബ്ദങ്ങള്‍ എവിടെ ഉയരുന്നുവോ അവിടെ വാക്കുകൊണ്ടും നോക്കു കൊണ്ടും ആയുധം കൊണ്ടും രാഷ്ട്രീയം കൊണ്ടും നേരിടുകയെന്നത് എല്ലാക്കാലത്തും സംഘപരിവാറിന്റെ പതിവായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സന്തോഷ് കീഴാറ്റൂര്‍ കോഴിക്കോട് ഒരു നാടകം അവതരിപ്പിച്ച് തിരികെ വരുമ്പോള്‍ ഒരുസംഘം തെറിവിളിക്കുന്നുണ്ടായിരുന്നു. അലന്‍സിയറിന് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ എത്ര മോശമായിട്ടാണ് കേരളത്തിലെ ഒരു പ്രത്യേക വിഭാഗം ആളുകള്‍ പ്രതികരിച്ചത്. ഇവര്‍ രണ്ടുപേരും എന്താണ് ചെയ്തത്? സമൂഹത്തിനൊപ്പം നിലകൊണ്ട് തങ്ങളുടെ കലയിലൂടെ ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ത്തതാണോ ഇവരുടെ രണ്ടുപേരുടെയും തെറ്റ്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊന്നും ഒരിക്കലും സമൂഹത്തിന് വേണ്ടി സംസാരിക്കാനാകില്ല. ഇര്‍ഷാദിനെയും അലന്‍സിയറിനെയും സന്തോഷ് കീഴാറ്റൂരിനെയും പോലുള്ളവരാണ് ഈ പ്രതിഷേധം ഉയര്‍ത്തുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് മലയാളത്തില്‍ എന്റെ ഒരു കവിത അച്ചടിച്ച് വന്നിരുന്നു. അതിന്റെ പേരില്‍ എന്റെ കാല് വെട്ടുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയവരാണ് ഇവര്‍. മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് അമൃതാനന്ദമയിക്കും ഇവിടുത്തെ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ വാര്‍ത്തകള്‍ എഴുതിയതിന്റെ പേരിലും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ജനം ടിവിയില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ജനം ടിവിയില്‍ നിന്നുമൊരാള്‍ വിളിച്ചു ചോദിച്ചത് ചാനല്‍ പൂട്ടിച്ചുകളയാമെന്ന തോന്നലുണ്ടോ എന്നാണ്. ഒരിക്കലുമില്ല, കാരണം അവര്‍ക്ക് നിലനില്‍ക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ അടിത്തറയുണ്ട്. പക്ഷെ അതുകൊണ്ട് എന്തും വിളിച്ച് പറയാമെന്ന് അവര്‍ കരുതരുതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെ സുപ്രിംകോടതിയില്‍ പോയാല്‍ ഒരുപക്ഷെ ഈ ചാനലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. അത്തരമൊരു നീക്കം തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ജനം ചാനലില്‍ നിന്നും തന്നെയും വിളിച്ചതായി നദി വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല എന്നും വാര്‍ത്ത മാത്രം കൊടുക്കുകയാണ് നല്ലത് എന്നുമാണ് മാനേജ്‌മെന്റ് നിലപാടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇപ്പോഴാണ് പുസ്തകം മുഴുവന്‍ വായിച്ചതെന്നും ദേശവിരുദ്ധത തെളിയിക്കാനും കവികള്‍ മാവോയിസ്റ്റുകള്‍ ആണെന്നു വാദിക്കാനും മാത്രം പോയിന്റുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതായും നദി വ്യക്തമാക്കി.

Next Story

Related Stories