UPDATES

ട്രെന്‍ഡിങ്ങ്

കോഴിക്കോട് നഗരത്തെ ഭീതിയിലാഴ്ത്തി രണ്ട് ദിവസമായി സംഘപരിവാര്‍ ആക്രമണങ്ങള്‍

സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവരും ആക്രമിക്കപ്പെട്ടു

ശ്രീഷ്മ

ശ്രീഷ്മ

ശബരിമല യുവതീപ്രവേശന വിഷയത്തെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ അക്രമമഴിച്ചുവിടുമ്പോള്‍, ഏറ്റവുമധികം സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് ജില്ലകളിലൊന്ന് കോഴിക്കോടാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് നിരവധി അക്രമസംഭവങ്ങളാണ് കോഴിക്കോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മിഠായിത്തെരുവില്‍ ഹര്‍ത്താലിനെ വെല്ലുവിളിച്ച് തുറന്ന കടകള്‍ തല്ലിത്തകര്‍ത്തും അടപ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് അക്രമികള്‍. യുവതീപ്രവേശനത്തിനു ശേഷം ഇന്നലെ മുതല്‍ കോഴിക്കോട് നഗരത്തില്‍ നടക്കുന്നതിതാണ്.

ഇന്നലെ ഉച്ചയോടെ ഗതാഗതം തടസ്സപ്പെടുത്തിയും റോഡില്‍ ടയറുകള്‍ കത്തിച്ചും രംഗത്തിറങ്ങിയ അക്രമിസംഘം, ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് വൈകിട്ട് നടന്ന പരിപാടിയില്‍ പങ്കെടുത്തവരെയും മര്‍ദ്ദിച്ചിരുന്നു. വില്ലുവണ്ടി യാത്രയുടെ പ്രവര്‍ത്തകരും നിസ സംഘടനയുടെ പ്രവര്‍ത്തകരുമടങ്ങുന്ന സംഘത്തിനാണ് ഇന്നലെ വൈകീട്ടോടെ മാനാഞ്ചിറ പരിസരത്തുവച്ച് മര്‍ദ്ദനമേറ്റത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഘം ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല.

ശബരിമലയില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് അന്‍പതോളം പേര്‍ പങ്കെടുത്ത പരിപാടി കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലാണ് നടന്നത്. സംസ്ഥാനത്തിന്റെ പലഭാഗത്തും സമാനമായ പരിപാടികള്‍ ഇന്നലെ നടക്കുകയും സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളെ നേരിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍, കോഴിക്കോട്ട് രംഗം കൂടുതല്‍ അക്രമാസക്തമാകുകയായിരുന്നു എന്ന് പരിക്കേറ്റവര്‍ പറയുന്നു.

വില്ലുവണ്ടി യാത്രയുടെ കോഴിക്കോട്ടെ സംഘാടകരടക്കം പങ്കെടുത്ത പരിപാടി നിസയുടെ അധ്യക്ഷയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി. സുഹ്റയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടി കഴിഞ്ഞ് ഭൂരിഭാഗം പേരും പിരിഞ്ഞുപോയതിനു ശേഷം സ്ഥലത്തുണ്ടായിരുന്ന പത്തോളം പേര്‍ക്കാണ് ഇരുന്നൂറിലധികം പേരടങ്ങുന്ന സംഘത്തിന്റെ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നത്. പലര്‍ക്കും തലയ്ക്കു പരിക്കേറ്റിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും കൈയില്‍ കിട്ടിയതെടുത്ത് ആക്രമിക്കുകയുമായിരുന്നെന്ന് പരിപാടിയില്‍ പങ്കെടുത്ത ശ്രീജിത്ത് പറയുന്നു.

‘കുറച്ചു പേര്‍ക്ക് എക്സ്റേ, സ്‌കാനിംഗ് എന്നിവ ബാക്കിയുള്ളതിനാല്‍ ആശുപത്രി വിട്ടിട്ടില്ല. സാരമായ പരിക്കുകളാണ് എല്ലാവര്‍ക്കും. പല്ല് ഇളകിപ്പോയവരും തലയ്ക്ക് പരിക്കേറ്റവരുമുണ്ട്. വലിയ വയലന്റ് മോബ് വരുന്നതു കണ്ട് പരിപാടികള്‍ പെട്ടന്ന് തീര്‍ക്കുകയായിരുന്നു. പരിപാടി തീര്‍ന്ന് പെട്ടന്ന് പിരിഞ്ഞുപോകാനുള്ള നീക്കമായിരുന്നു. നാല്‍പതോളം പേര്‍ പോകുകയും ചെയ്തിരുന്നു. കുറച്ചു പെണ്‍കുട്ടികളടക്കം ഞങ്ങള്‍ ചിലര്‍ അവിടെത്തന്നെ നിന്നു. വ്യക്തി സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവുമൊക്കെയുള്ളതല്ലേ. പൊലീസും സ്ഥലത്തുണ്ടായിരുന്നു. അവരുടെ സംരക്ഷണമുണ്ടാകുമെന്നും കണക്കുകൂട്ടി. മുതലക്കുളത്തുവച്ച് പൊലീസ് ഇവരെ തടയുകയും ചെയ്തതാണ്. ഇങ്ങോട്ട് അവരെത്തുമെന്നോ, ഇത്ര വയലന്റായ ആള്‍ക്കൂട്ടമായി മാറുമെന്നോ ആരും കരുതിയിരുന്നില്ല.

ഇവരുടെ സംഘങ്ങളുടെ പൊതു സ്വഭാവമറിയാവുന്നതിനാല്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ഇത്രയേറെ അതിക്രമം ആരും പ്രതീക്ഷിച്ചില്ല. മതഭ്രാന്തന്മാരെന്നും മോബ് വയലന്‍സെന്നുമൊക്കെ പറയില്ലേ. അത്രയേറെ ക്രൂരമായ അതിക്രമമായിരുന്നു അവരുടെ ഭാഗത്തുനിന്നുമുണ്ടായത്. വി.പി സുഹ്റയടക്കമുള്ള സ്ത്രീകളെയാണ് അവര്‍ ആക്രമിച്ചത്. സ്ത്രീകളെ ആക്രമിക്കരുത് എന്നു പറഞ്ഞ ഞങ്ങളെയും അവര്‍ അടിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞയുടനെത്തന്നെ രണ്ടുമൂന്നാളുകള്‍ വന്ന് അസഭ്യവര്‍ഷം തുടങ്ങിയിരുന്നു. ഞങ്ങള്‍ അതു കാര്യമാക്കാതെ മാറിനില്‍ക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അവര്‍ കൂട്ടമായി ഇരച്ചുകയറി വരികയാണ് ചെയ്തത്.’ വില്ലുവണ്ടി യാത്രയുടെ പ്രവര്‍ത്തകനായ ശ്രീജിത്ത് നിലവില്‍ ബീച്ചാശുപത്രിയില്‍ ചികിത്സയിലാണ്.

ഇത്രയധികം പേരടങ്ങുന്ന സംഘത്തെ നിയന്ത്രിക്കാന്‍ വേണ്ടത്ര പൊലീസുകാര്‍ സ്ഥലത്തില്ലാതിരുന്നതും കാര്യങ്ങള്‍ വഷളാക്കിയെന്ന് ഇവര്‍ പറയുന്നു. കടകളില്‍ നിന്നും പച്ചക്കറികളും കൈയില്‍ കിട്ടിയ മറ്റെല്ലാ വസ്തുക്കളുമുപയോഗിച്ച് പെണ്‍കുട്ടികളടക്കമുള്ളവരെ അടിക്കുകയായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരുടെ ഫോട്ടോകളും അക്രമികള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും മറ്റു രീതികളില്‍ ഉപദ്രവിക്കാനുള്ള പദ്ധതിയുണ്ടോ എന്ന് സംശയിക്കുന്നതായും പരിക്കേറ്റവര്‍ പറയുന്നു. ‘ഉത്തരേന്ത്യന്‍ രീതിയിലേക്ക് കേരളത്തിലെ സാഹചര്യത്തെ മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്നലത്തെ അക്രമത്തിനിടെ പരിക്കേറ്റിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തെത്താതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെടക്കം ആക്രമിക്കുക എന്ന രീതിയാണ് പിന്തുടരുന്നത്.’

പരിപാടിയില്‍ പങ്കെടുത്തവര്‍ യാതൊരു പ്രകോപനവും സൃഷ്ടിച്ചില്ലെന്ന് വി.പി സുഹ്റയും പറയുന്നു. വനിതാ കമ്മീഷനോട് സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഹ്റ കൂട്ടിച്ചേര്‍ക്കുന്നു. ‘നിസയുടെ കുട്ടികളും വില്ലുവണ്ടി പ്രവര്‍ത്തകരുമുണ്ട് അക്കൂട്ടത്തില്‍. തലയ്ക്കും വയറിനുമൊക്കെ പരിക്കാണ്. ഒരു ഗോഡൗണില്‍ കയറിയാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ഗുണ്ടകളാണ് ഇവരൊക്കെ. ധാരാളം ഗുണ്ടകളെ ഇറക്കിയിട്ടുണ്ടെന്ന് തോന്നുന്നു. ഇത്രയും വയസ്സിനിടയില്‍ കേള്‍ക്കാത്ത തെറികളാണ് വിളിച്ചു പറഞ്ഞത്. എനിക്ക് രണ്ട് ഉന്തും തള്ളുമേ സഹിക്കേണ്ടി വന്നുള്ളൂ. കുട്ടികളെ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ട്. കല്ലുകൊണ്ട് കുത്തി തലയ്ക്ക മുറിവേല്‍പ്പിക്കുകയൊക്കെ ചെയ്തു.’

പൊലീസ് ഒരു പരിധി വരെയെങ്കിലും നിഷ്‌ക്രിയത്വം പാലിച്ചതായാണ് വി.പി. സുഹ്റയുടെ ആരോപണം. സി.പി.ഐ.എം, ഡി.വൈ.എഫ.ഐ നേതാക്കള്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് വിവരമന്വേഷിച്ചുവെന്നും, സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമത്തിന്റെ ഗൗരവം കണക്കിലെടുത്ത് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി.പി സുഹ്റ കൂട്ടിച്ചേര്‍ത്തു.

ഷാഹിദ ഷാ, യമുന ചുങ്കപ്പള്ളി, റെനോയര്‍ പാണങ്ങാട്ട്, ഒ.പി രവീന്ദ്രന്‍, അമൃത എന്‍, ആദിത്യന്‍ സന്ധ്യ ഷാജി, ശ്രീകാന്ത് ഉഷ പ്രഭാകരന്‍, സി.പി. ജിഷാദ്, സനീഷ്, അഖില്‍ എന്നിവര്‍ക്കാണ് ശ്രീജിത്തിനെക്കൂടാതെ പരിക്കേറ്റിട്ടുള്ളത്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍