വായന/സംസ്കാരം

ഒരു പാട്ട പെട്രോൾ കിട്ടിയിരുന്നെങ്കിൽ ഞാൻ തലവഴി ഒഴിച്ച് കത്തിച്ചേനെ; കേസുമായി മുന്നോട്ട് -സതി അങ്കമാലി

Print Friendly, PDF & Email

കോടതിയിൽ എത്തുന്നതിന് മുമ്പ് തന്നെ തെളിവാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗാന്ധി മരിച്ചതിനും ഇനി ഇവർ തെളിവ് ചോദിക്കുമോ?

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

A A A

Print Friendly, PDF & Email

തീ കൊളുത്തി ചാകാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള അപമാനമാണ് യുവജന ക്ഷേമ ബോർഡിൽ നിന്ന് ഉണ്ടായതെന്ന് സതി അങ്കമാലി. യുവജനക്ഷേമ ബോർഡ് എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചതായി ദലിത് കവിയും സാമൂഹ്യപ്രവർത്തകയുമായ സതി അങ്കമാലി കഴിഞ്ഞ ദിവസം പരാതി ഉയർത്തിയിരുന്നു. പല തവണ ക്ഷണിച്ച് വരുത്തിയ സതിക്ക് വേദി നൽകാതിരിക്കുകയും അവസാനം ഇത് ചോദ്യം ചെയ്തപ്പോൾ അപമാനിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്തെന്നാണ് ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ അവർ വ്യക്തമാക്കിയിരുന്നത്. യുവജനക്ഷേമബോർഡ് സംഘടിപ്പിക്കുന്ന ‘അഭിപ്രായ, ആവിഷ്കാര സ്വാതന്ത്യം – ഒരു ജനതയുടെ കയ്യൊപ്പ്’ എന്ന പരിപാടിയിലാണ് സംഭവം.

കവിത ചൊല്ലാനൊന്നും സമയമില്ല, വേഗം എന്തെങ്കിലും പറയൂ എന്നതരത്തിൽ ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ കുറച്ച് കടുത്ത ഭാഷയിൽ സംസാരിക്കേണ്ടി വന്നെന്നും ഇതിന് സമാധാനം ഉണ്ടാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടപ്പോൾ ശാരീരികമായി ആക്രമിച്ചെന്നും സതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് പോലീസ് വന്ന് വിഷയത്തിൽ ഇടപെട്ടു. ഇതിനെ തുടർന്ന് നൽകിയ പരാതിയില്‍ ഇന്നലെ സതി അങ്കമാലിയിൽ നിന്ന് യുവജനക്ഷേമ ബോർഡും മൊഴിയെടുത്തു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരിപാടി കഴിഞ്ഞ് 15 നു വിളിപ്പിക്കാം എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പ്രതിഷേധങ്ങൾ കനത്തതോടെയാണ് ഇന്നലെ വിളിച്ച് മൊഴിയെടുത്തത്.

സതി പറയുന്നു; “എൻറെ കയ്യില്‍ പിടിച്ച് തിരിച്ച ആൾ ദളിതാണെന്ന് പറയുന്നു. എന്നാൽ ഞാൻ അപമാനിക്കപ്പെട്ടത് ആണുങ്ങളാലാണ്. അത് കൊണ്ട് സ്ത്രീകളെ അതിക്രമിച്ചതിനുള്ള വകുപ്പുകൾ ചാർത്തി കേസെടുക്കണം. യുവജനക്ഷേമ ബോർഡ് ഭാരവാഹിയെ വിളിച്ചപ്പോഴും തെളിവില്ലെന്നാണ് പറയുന്നത്. പോലീസുകാരും ഇതുതന്നെ പറയുന്നു. കോടതിയിൽ എത്തുന്നതിന് മുമ്പ് തന്നെ തെളിവാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗാന്ധി മരിച്ചതിനും ഇനി ഇവർ തെളിവ് ചോദിക്കുമോ? ജീവിച്ചിരിക്കുന്ന ഞാൻ പറയുകയാണ് എനിക്ക് നേരെ ഈ അതിക്രമങ്ങളൊക്കെ നടന്നു. എന്‍റെ വാക്കാണ് എനിക്ക് ഹാജരാക്കാനുള്ള ഏറ്റവും വലിയ തെളിവ്. ഇവിടെ സ്വഭാവിക നീതി എന്നൊന്നില്ലേ? ഞാനന്തായാലും കേസുമായി മുന്നോട്ടു പോകും. ഈ പരിപാടി തീരാറായ സമയത്താണ് ഈ വിഷയം ഉണ്ടാകുന്നത്. അതുവരെ ഞാനവിടെ ഇരിക്കുകയായിരുന്നു. എത്രയോ തീവ്രമായ അപമാനത്തിലൂടെയാണെന്നോ ആ സമയത്തും അതിന് ശേഷവും ഞാൻ കടന്നുപോയത്. ഒരു പാട്ട പെട്രോൾ കിട്ടിയിരുന്നെങ്കിൽ ഞാൻ തലവഴി ഒഴിച്ച് കത്തിച്ചേനെ. ആളുകൾ കണ്ടുനിന്ന് രസിക്കുകയാണ്. ഒരു പെണ്ണ് കരയാതെയും കാല് കൊണ്ട് കളം വരക്കാതെയും ചോദ്യം ചെയ്യുന്നതിന്‍റെ ദേഷ്യം അവരെന്നോട് ഇടപെട്ടതിലുണ്ടായിരുന്നു. വായിലെ നാക്ക് കൊണ്ട് മാത്രമാണ് ഞാൻ പിടിച്ച് നിന്നത്. പക്ഷേ അനുഭവിച്ച അപമാനവും സങ്കടവും ഭീകരമാണ്. ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ള ഒരു പെണ്ണ് അവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞ് പോയേനെ.”

“എനിക്ക് ക്ളാസ് എടുക്കലായിരുന്നു അവിടെ നടന്നത്. എങ്ങനെയായിരിക്കണം ഒരു കവി, ജാതി തോന്നലാണ്, എങ്ങനെയായിരിക്കണം ഒരു സാമൂഹ്യ പ്രവര്‍ത്തക എന്നൊക്കെ പഠിപ്പിക്കുക. അതോടെയാണ് നിങ്ങളെന്നോട് സംസാരിക്കണ്ട എന്ന് പറയേണ്ടി വന്നത്. പരിപാടി കഴിഞ്ഞ് പലരും പോകാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും. എന്നെ വിളിച്ചുകൊണ്ട് വന്ന അജിതനോട് പരിഹാരമുണ്ടാകാതെ പോകാനാകില്ല എന്ന് ഞാനാണ് പറഞ്ഞത്. അയാൾ വിളിച്ചിട്ട് യുവജനക്കമ്മീഷൻ അംഗം ഉൾപ്പെടെ വന്നു. അബദ്ധം പറ്റിയതാണെന്ന് പറച്ചിൽ അവർ ആവർത്തിച്ചു. എങ്കിൽ അത് എഴുതിത്തരണം എന്നായി ഞാൻ. എന്‍റെ സമയത്തിനും വ്യക്തിത്വത്തിനും ഒക്കെ വിലയുണ്ട്. അതിനോട് തമാശകളിച്ച് ഒരു മാപ്പ് പറച്ചിലിൽ ഒതുക്കാനാവില്ല. അഭിപ്രായ ആവിഷ്കാര ഘോഷയാത്ര നടത്തുന്ന ആളുകൾ എന്നോട് ചോദിച്ചത് നിനക്കെന്താ പ്രശ്നം എന്നാണ്. അത്രനേരം അപമാനിക്കപ്പെട്ടിരിക്കുന്ന ഒരു സ്ത്രീയെ വീണ്ടും ആക്ഷേപിക്കലായിരുന്നു അവിടം നടന്നത്. അത്രയും വേദന ഉണ്ടാക്കിയതുകൊണ്ട് തന്നെ ഏതറ്റം വരെ പോയിട്ടായാലും ഒരു ഒത്തുതീർപ്പിനും വഴങ്ങാതെ ഞാൻ കേസുമായി മുന്നോട്ട് പോകും.” സതി വ്യക്തമാക്കി.

യുവജനക്ഷേമ ബോര്‍ഡ് പരിപാടിക്ക് വിളിച്ച് അപമാനിച്ചു; ദലിത് കവി സതി അങ്കമാലിക്ക് നേരെ ശാരീരിക ആക്രമണവും (വീഡിയോ)

കവി സതി അങ്കമാലിയെ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല; കൈപിടിച്ച് തിരിച്ചു എന്നത് നുണ: യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍