ഓഫ് ബീറ്റ്

കോടതിയില്‍ നിന്നിറങ്ങാതെ ശബരിമല; ഭക്തരെ ബന്ധികളാക്കരുതെന്ന് ഹൈക്കോടതി, നിലപാട് മാറ്റാതെ സുപ്രീം കോടതി

നിയന്ത്രണത്തിന്റെ പേരില്‍ പോലീസ് അതിക്രമം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി. രൂക്ഷവിമര്‍ശനമാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ചത്.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി സംബന്ധിച്ച് ഇന്നലെ കോടതികള്‍ നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍. റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുമെന്ന അറിയിച്ചിട്ടുള്ള ജനുവരി 22 ന് മുന്‍പ് അടിയന്തിരമായി ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ആവശ്യം തിങ്കളാഴ്ചയും സുപ്രീം കോടതി തള്ളിയതാണ് ഇതില്‍ ഒന്ന്. അയ്യപ്പ ഭക്തന്മാരുടെ ദേശീയ കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. ശബരിമലയിലെ സംഘര്‍ഷങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മയ്ക്ക് വേണ്ടി അഡ്വ. മാത്യു നെടുമ്പാറയാണ് വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ വ്യക്തമാക്കിയത്. എന്നാല്‍ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തള്ളുകയായിരുന്നു.

അതിനിടെ ഭരണ ഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സാവകശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. സ്ത്രീ പ്രവേശനം പൂര്‍ണതോതില്‍ സാധ്യമാക്കണെമെങ്കില്‍ കുടുതല്‍ സൗകര്യങ്ങള്‍ സജ്ജമാക്കണം. ഇതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും വ്യക്തമാക്കിയാണ് ബോര്‍ഡ് നടപടി. ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ നടക്കുന്നത് തെമ്മാടിത്തവും കയ്യേറ്റവുമെന്ന് സാവകാശ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. അസാധാരണ സുരക്ഷ ഒരുക്കിയിട്ടും സ്ത്രീകളെ തടയുന്നു. ഇത് ഗുരുതരമായ അവസ്ഥയാണ്. വിധി നടപ്പാക്കാന്‍ കുടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയത്. ചിത്തിര ആട്ട സമയത്തും തുലാമാസ പൂജയ്ക്കും നടതുറന്ന സമയത്ത് ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടി വന്നുവെന്നും ബോര്‍ഡിന്റെ അപേക്ഷയില്‍ പറയുന്നു.

എന്നാല്‍ ശബരിമല വിഷയത്തില്‍ ശ്രദ്ധേയമായ നിരീക്ഷങ്ങളും വാദങ്ങളും ആരോപണങ്ങളും നടന്നത് കേരളാ ഹൈക്കോടതിയിലായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പൊലീസ് നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തി ഹൈക്കോടതി ഇന്നലെ വിശദീകരണം തേടി. ശബരിമലയില്‍ പല പാര്‍ട്ടികള്‍ക്കും അജന്‍ഡയുണ്ടാവാമെന്ന് നിരീക്ഷിച്ച കോടതി അക്കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നു പറഞ്ഞു. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടു മാത്രമാണ് കോടതി പരിശോധിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്നലെയുണ്ടായ അറസ്റ്റു പോലും കോടതിയുടെ പരിഗണനാ വിഷയമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ശബരിമലയിലെ അന്തരീക്ഷം കലുഷിതമാക്കുന്നതില്‍ മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന് കോടതി പറഞ്ഞു.

ശബരിമലയില്‍ നടപ്പാക്കിയ സമയ നിയന്ത്രണത്തെ അനുകൂലിച്ച ദേവസ്വം ബെഞ്ച് സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ, പ്രത്യേക ദര്‍ശനം എന്നീ മാര്‍ഗങ്ങള്‍ പരിശോധിക്കാവുന്നതാണെന്ന് വിലയിരുത്തി. എന്നാല്‍ തീര്‍ഥാടനത്തിന് ഭക്തര്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്ന് അറിയിച്ച അഡ്വക്കറ്റ് ജനറലിനോട് സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തരെ നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് ആരായുകയും ചെയ്തു.

നിയന്ത്രണത്തിന്റെ പേരില്‍ പോലീസ് അതിക്രമം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി രൂക്ഷവിമര്‍ശനമാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉന്നയിച്ചത്. വിധി നടപ്പാക്കുന്നതിന്റെ പേരില്‍ ഭക്തരെ ബന്ദിയാക്കുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ കോടതി ഭക്തര്‍ക്കു ശുചിമുറികളും കുടിവെള്ളവും ഉറപ്പാക്കണം. യഥാര്‍ഥ ഭക്തര്‍ക്ക് തീര്‍ഥാടനം സുഗമമാക്കാനാണ് നടപടി വേണ്ടതെന്നും പറഞ്ഞ കോടതി നടപ്പന്തല്‍ ഭക്തര്‍ക്കു വിശ്രമിക്കാനുള്ളതാണെന്നും പോലീസിന്റെ സ്ഥാനം ബാരക്കിലാണെന്നും പ്രതികരിച്ചു.

സന്നിധാനത്തേക്കു ഭക്തരെ നിയന്ത്രിക്കുന്നതിന് എന്തിനെന്ന് ചോദിച്ച കോടതി ഭക്തര്‍ വിരിവയ്ക്കാതിരിക്കാന്‍ നടപ്പന്തലില്‍ പൊലീസ് വെള്ളം തളിച്ചുവെന്ന ആരോപണത്തെ കുറിച്ചും ആരാഞ്ഞു. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്നും കോടതി എജിയോട് ചോദിച്ചു.

എന്നാല്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ആസൂത്രിത നീക്കം നടത്തുകയാണെന്ന് എജി കോടതിയെ അറിയിച്ചു. ഇതിന് തെളിവായി ശബരിമലയിലേക്ക് സംഘമായി എത്താന്‍ പ്രവര്‍ത്തകരോടു നിര്‍ദേശിക്കുന്ന ബിജെപി സര്‍ക്കുലറും എജി കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയില്‍ എന്താണ് നടക്കുന്നതെന്തെന്ന് അഡ്വക്കറ്റ് ജനറല്‍ നേരിട്ടു ഹാജരായി വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിന് പിറകെയായിരുന്നു എജിയുടെ മറുപടി.

ശശികലയോടാണ്,ആ എട്ടും പൊട്ടും തിരിയാത്ത കൈക്കുഞ്ഞിനെ ഹ്യൂമൻ ഷീൽഡാക്കി ഉപയോഗിക്കരുത്

“ഇപ്പോൾ പോകുന്നില്ല; അയ്യപ്പനെ കാണും വരെ മാല ഊരില്ല” -ശബരിമലയിൽ കയറാനെത്തിയ യുവതികൾ

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?

സാവകാശ ഹര്‍ജിയുടെ വിധി എന്താവും? യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്‍റേത് നിലപാട് മാറ്റാമോ?

സംഘപരിവാറിന്റെ കെണിയില്‍ പിണറായി കുടുങ്ങിയതെങ്ങനെ? ഇന്ത്യ ടുഡേ അന്വേഷിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍