TopTop
Begin typing your search above and press return to search.

സിപിഎമ്മിനെ കുഴപ്പത്തിലാക്കി 'ഷൊര്‍ണൂരിന്റെ തമ്പുരാന്‍'; തുടക്കം 'എന്ത് ഒലയ്ക്കാണ് പോലീസെ'ന്നാക്രോശിച്ച്

സിപിഎമ്മിനെ കുഴപ്പത്തിലാക്കി
സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെ തന്നെയും പ്രതിരോധത്തിലാക്കിക്കൊണ്ടാണ് പാര്‍ട്ടി അംഗത്തിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ജില്ലയിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച ആരോപണം പാര്‍ട്ടി ദേശീയ നേതൃത്വത്തിലും ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി സിപിഎം ദേശീയ നേതൃത്വത്തിന് ഉള്‍പ്പെടെ നല്‍കിയ പരാതി.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാരുമായി ബന്ധപ്പെട്ട് ആദ്യവിവാദത്തിന് തിരകൊളുത്തിയ വ്യക്തി കൂടിയാണ് പികെ ശശി. തന്റെ മണ്ഡലത്തിന്റെ ഭാഗമായ ചെര്‍പ്പളശ്ശേരിയിലെ നെല്ലായ മേഖലയില്‍ 2016-ല്‍ ഉണ്ടായ സിപിഎം- ബിജെപി സംഘര്‍ഷത്തിനിടെ പോലീസുകാര്‍ക്കെതിരേ കയര്‍ത്തു സംസാരിച്ചായിരുന്നു ശശി ആദ്യം വിവാദത്തില്‍ സ്ഥാനം പിടിച്ചത്. പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. പാര്‍ട്ടി പ്രവര്‍ത്തര സംരക്ഷിക്കാന്‍ കഴിയാത്ത പോലീസ് എന്തിനാണ്; ക്രമസമാധാനം പാലിക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് അറിയാമെന്നുമെന്നുമായിരുന്നു ശശിയുടെ പ്രതികരണം. ഷൊര്‍ണൂര്‍ സി ഐ, എസ്‌ഐ എന്നിവരോടായിരുന്നു പി കെ ശശി കയര്‍ത്ത് സംസാരിച്ചത്. 'എന്ത് ഒലയ്ക്കാണ് പോലീസ്, എന്തിനാണിവിടെ പോലീസ്' എന്നായിരുന്നു പരാമര്‍ശം.

ഇതിനിടെയാണ് പികെ ശശിക്ക് 'തമ്പുരാന്‍' എന്ന വിളിപ്പേര് കിട്ടുന്നത്. ഇടതുപക്ഷ സര്‍ക്കാരിലെ പ്രധാന ഘടക കക്ഷിയായ സിപിഐയുടെ പാലക്കാട് ജില്ലാ സെക്രട്ടറി എസ് സുരേഷ് രാജാണ് മണ്ണാര്‍ക്കാട്ടെ തമ്പ്രാന്‍ എന്ന് പികെ ശശിയെ വിശേഷിപ്പിച്ചത്. എംഎല്‍എയുടെ നിലപാടുകളെ പരിഹസിച്ച് പൊതുവേദിയിലായിരുന്നു സുരേഷ് രാജിന്റെ പ്രതികരണം. എന്നാല്‍ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെ 'ഷൊര്‍ണൂരിന്റെ തമ്പുരാന്‍' തന്നെ ശശി എന്ന് പറയുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ച് ഇത് ഏറ്റുപിടിക്കുകയായിരുന്നു. ശശിയെ പുകഴ്ത്തിക്കൊണ്ടുള്ള ഫ്‌ളക്‌സിലെ വാചകം ഇങ്ങനെയാണ്; "ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് അച്ചാരം വാങ്ങി പണിയെടുക്കുന്ന കപട കമ്മ്യൂണിസ്റ്റുകാരന്‍ കളിയാക്കി വിളിച്ചു... തമ്പുരാന്‍... അതേടാ... ഇതാ ഞങ്ങളുടെ തമ്പുരാന്‍''. എന്നാല്‍ എംഎല്‍എ ആയി രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ പി കെ ശശിക്ക് 'തമ്പുരാന്‍ നിലപാടുകള്‍' ഉണ്ടെന്ന് തന്നെയാണ് ഷൊര്‍ണൂരിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പറയാനുള്ളത്.

ഇതിന് മുന്‍പും പാര്‍ട്ടി നേതാക്കള്‍ക്കെതിരേ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ജന പ്രതിനിധിയായിരിക്കെ വഴിവിട്ട പെരുമാറ്റത്തിന് ആരോപണ വിധേയനാവുന്ന ആദ്യത്തെ വ്യക്തിയാണ് പി കെ ശശി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി, എറണണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ തുടങ്ങിവരാണ് ഇതിന് മുന്‍പ് സമാനമായ ആരോപണങ്ങള്‍ നേരിട്ട പാര്‍ട്ടി അംഗങ്ങള്‍. കണ്ണുരിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പി ശശിക്കെതിരായ ആരോപണം. അഭിഭാഷകയുമായി അവിഹിതബന്ധമുണ്ടെന്നും പാര്‍ട്ടിയുടെ എറണാകുളം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററിലെ മുറി ഇതിനായി ദുരുപയോഗിച്ചെന്നുമായിരുന്നു എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന ആരോപണം. ഇരുവരെയും സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കുന്നതടക്കമുള്ള നടപടിയും സിപിഎം കൈക്കൊണ്ടിരുന്നു.

അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ പിണറായി സര്‍ക്കാരില്‍ നിന്നും രാജിവയ്‌ക്കേണ്ടിവരികയും പിന്നീട് മന്ത്രിയായി തിരികെ പ്രവേശിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ കോവളം എംഎല്‍എ എം വിന്‍സെന്റിനെ സമാനമായ തരത്തിലുള്ള പരാതിയില്‍ കേസെടുക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. എംഎല്‍എ ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ സാഹചര്യത്തില്‍ പി കെ ശശിക്കെതിരായ ആരോപണത്തില്‍ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതവുമെന്നാണ് സൂചനകള്‍.

ആരോപണം ഉന്നയിച്ച വനിത പ്രവര്‍ത്തക ഇക്കാര്യം ആദ്യം അറിയിച്ചത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടാവാതെ വന്നതോടെ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ സമീപിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൃന്ദ കാരാട്ടിന് പരാതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത തുടരവേ യുവതി തന്റെ പരാതിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിച്ചു. ശശി പീഡിപ്പിക്കാന്‍ ശ്രമിച്ചതായ പരാതിയും ഫോണില്‍ കൂടി ഇത്തരത്തില്‍ സംസാരിച്ചതിന്റെ തെളിവുകളും അടക്കമാണ് യെച്ചൂരിക്ക് പരാതി ലഭിച്ചത് എന്നാണ് സൂചന.

സെപ്തംബര്‍ 3-ന് തനിക്ക് പരാതി ലഭിച്ചെന്നും ഇത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും അതനുസരിച്ചുള്ള നടപടി അവര്‍ ആരംഭിച്ചിട്ടുണ്ട് എന്നും യെച്ചൂരി തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി. അതേസമയം പരാതി ഓഗസ്റ്റ്-14നു തന്നെ നല്‍കിയിട്ടുണ്ടെന്നും വിഷയത്തില്‍ എന്നാല്‍ ഒരു പിബി അംഗം നടപടി സ്വീകരിച്ചില്ല എന്നും ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്കറിവില്ല എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.. എന്നാല്‍ ഇതിനു പിന്നാലെ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട് പ്രതികരിച്ചത് തനിക്ക് ഇങ്ങനെ ഒരു പരാതിയെ കുറിച്ച് അറിയില്ല എന്നായിരുന്നു. ഇതോടെ പോളിറ്റ് ബ്യൂറോയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരി വയ്ക്കുന്ന തരത്തില്‍ പിബി തന്നെ പ്രസ്താവനയും പുറത്തിറക്കി.

കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യം വാസ്തവവിരുദ്ധമാണ് എന്നുമായിരുന്നു പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു നടപടി ക്രമം ഉണ്ടെന്നും അതനുസരിച്ച് ഇത്തരമൊരു പരാതി ലഭിച്ചാല്‍ അതത് സംസ്ഥാന നേതൃത്വങ്ങളാകും അതില്‍ നടപടി സ്വീകരിക്കുക എന്നും വ്യക്തമാക്കിയതോടെ യെച്ചൂരി പറഞ്ഞ കാര്യത്തെ ഫലത്തില്‍ തള്ളിക്കളയുന്നത് പോലെയായി.

കോടിയേരി പറഞ്ഞത് ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാവും എന്നുമാണ്. പരാതി പോലീസിന് കൈമാറുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് ലഭിച്ച പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും പരാതിക്കാരിക്ക് വേണമെങ്കില്‍ പോലീസിനെ സമീപിക്കാം എന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. പി.കെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരുവിധ വിട്ടുവീഴ്ചകളും ചെയ്യാന്‍ പാടില്ലെന്നും സോഷ്യല്‍ മീഡിയയിലും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

https://www.azhimukham.com/offbeat-how-cpm-handle-sexual-allegation-case-against-pksasi-mla/

https://www.azhimukham.com/news-update-rape-allegations-conspiracy-pk-sasi-mla/

Next Story

Related Stories